

(Sarath Ravikarakkadan)
മരിച്ചാൽ ചിലർക്ക് കുര്യാല കിട്ടും
ഒരു ചെരാത് വെട്ടം കൂട്ടിനും
ആവതില്ലാഞ്ഞിട്ടും അഞ്ചു പെറ്റോൾ !!
അങ്ങാടിയിൽ നവകുന്തിയെന്നു പേരുള്ളോൾ,
അഗതിയെപ്പോൽ ഒരു-
നാൽക്കാലിയിൽ നാള് നീക്കിക്കിടപ്പാണ്
ജനാലക്കലേക്ക് നീക്കിയിട്ട ആ കട്ടിലാണവളുടെ
വാസസ്ഥലം
അതിൻ കാലുകൾ നാലും ഇടക്കിടെ അന്തമില്ലാ-
പണി ഭാരത്തിൽ പല്ലു ഞറുമ്മും.
പരശ്ശതം പരാതികളുണ്ട് മനസ്സിൽ
പണ്ട് പറഞ്ഞിരുന്നത് പല പല ദൈവങ്ങളോടാണ്-
ഇന്നവരോട് കൂട്ടില്ല
വെറുതെ പിറുപിറുക്കുന്നു തന്നോട് തന്നെ...
പൊട്ടി വീഴുമ്പോ തന്നെ വന്നിരുന്ന്,
കഥകൾ പറഞ്ഞു തുടങ്ങുന്ന കതിരോൻ രേണുക്കൾ,
ഉച്ചക്ക് ഉച്ചിയിലേക്ക് നടക്കും മുൻപ് ആ -
നെറ്റിക്കൊരു മുത്തം കൊടുക്കും.
ചില നാൾ ചാന്ദ്രവെട്ടം കട്ടിലിന്നോരത്ത് വന്നിരിക്കും
കൂട്ടിരിപ്പുകാരൻറെ ജോലിയേറ്റെടുക്കും.
ഇരുട്ട് ഈത്താ ഒലിപ്പിച്ചു വരുന്ന നാൾകളിൽ
അവർ ഒറ്റപ്പെടും
പരദേശങ്ങളിൽ പലയിടങ്ങളിലിരുന്നു മക്കൾ
നാട്ടിലേൽപ്പിച്ച മരണനാളിലെ ഉടമ്പടിക്കാരൻ
തന്നെക്കാൾ തൻ്റെ മുക്തി കൊതിപ്പോൻ,
മാസത്തിലൊന്നു കാണാൻ വരും.
പിന്നെ,
മുക്കുത്തിയിൽ ശുണ്ഠി ഒളിപ്പിച്ച ആ
തമിഴത്തിപെണ്ണ്
വെറുപ്പും മരവിപ്പും കലർന്ന ഭാഷയിൽ
ശാപം പൊഴിക്കും
എന്നിട്ട് കുതിർന്ന വറ്റ് വാരിത്തരും
തെറ്റില്ല, എത്ര നാളായി ഒന്ന് വെളിയിൽ ഇറങ്ങാതവൾ
കാവൽ കിടക്കുന്നു.
മരിച്ചിരുന്നെങ്കിൽ ഏറെ നാളായി കാത്തിരിക്കുന്ന
ആ കുര്യാല കിട്ടും
ഒരു ചെരാത് വെട്ടം കൂട്ടിനും.
അതോ???

