(ഷബ്‌ന അബൂബക്കർ )
ഞാൻ മരിച്ചെന്നു കേൾക്കുന്ന മാത്രയിൽ
ഓടിയെത്തുന്നവരാരും
അലമുറയിട്ടുണർത്തരുതെന്നെ,
നിദ്രയില്ലാത്ത രാത്രികളെ മടുത്തിട്ടൊടുക്കം
നിത്യ നിദ്രയിൽ അഭയം തേടിയതാണ്.
മരവിച്ചു കിടക്കുന്ന എന്നെ
ചേർത്തു പിടിച്ചു വിങ്ങിപ്പൊട്ടരുത്,
തളർന്നു പോയ നേരം താങ്ങിനായി
ഒരു വിരൽത്തുമ്പു പോലുമില്ലാതെ
വീണു പോയവളാണ്.
സ്നേഹത്തിൻ മുഖമൂടിയണിഞ്ഞു
വഞ്ചനയുടെ ശരങ്ങളെയ്തവരാരും
ഒരു നോക്കമ്പിനാൽ പോലും
വേദനിപ്പിച്ചേക്കരുത്,
നിസ്വാർത്ഥ സ്നേഹം ലഭിക്കാതെ
മുറിഞ്ഞു പോയ ഹൃദയമുണ്ടുള്ളിൽ...
എന്റെ മുഖത്തു ബാക്കി നിൽക്കുന്ന
നേർത്ത പുഞ്ചിരിയിലെൻ ഭാഗ്യമെഴുതരുത്,
നിർഭാഗ്യയായ ഒരുവളുടെ നോവ് ചേർത്തു
തുന്നിയതാണത്...
അടഞ്ഞ മിഴികളിൽ നോക്കി കണ്ണു
നിറയ്ക്കരുത്,
തുറന്നിരുന്ന കാലമത്രയും ഒരു മിഴിനീർ കടലായിരുന്നത്.
അലകളടങ്ങി ശാന്തമെങ്കിലും
ഇപ്പോഴുമതിൽ ഉപ്പുരുചിയുണ്ടാവും...
ചലനമറ്റ കൈകാലുകളെ നോക്കി
എത്ര ആരോഗ്യത്തോടെ
ഓടിച്ചാടി നടന്നവളെന്ന്
നെടുവീർപ്പുതിർക്കരുത്,
അടക്കവും ഒതുക്കവുമില്ലാത്തവളെന്നു
പറഞ്ഞാക്ഷേപിച്ചവർക്ക് വേണ്ടി
എന്നെന്നേക്കുമായി അടക്കി വെച്ചതാണവ...
എന്നെ ആവരണം ചെയ്ത നീണ്ട
മൗനത്തെ നോക്കി
വാ അടക്കാതെ സംസാരിച്ച
വായാടിയായിരുന്നെന്ന് വിലപിക്കരുത്,
അഹങ്കാരിയെന്ന് പേരു ചാർത്തിയവരോടുള്ള
പ്രതിഷേധമാണത്...
പാപിയാണെന്നു ക്രൂരമായി വിളിച്ചവരാരും,
പാവമായിരുന്നെന്ന് നിസ്സാരമായി കള്ളം
പറയരുത്...
ദേഹം കുളിപ്പിക്കാൻ എടുക്കുന്നത്
കാണുമ്പോൾ നാണം വിചാരിക്കരുത്,
സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചവർക്കും
പരസഹായം ആവിശ്യമില്ലെന്നു
വീമ്പു കാണിച്ചവർക്കുമുള്ള മുന്നറിയിപ്പാണത്...
ശരീരം മുഴുവൻ മറഞ്ഞിരിക്കുന്ന
എന്റെ തൂവെള്ള വസ്ത്രം കാണേ
ഇരുണ്ട് പോവരുത് ഒരു മുഖം പോലും,
വസ്ത്ര സ്വാതന്ത്ര്യം നിഷേധിച്ചതിനുള്ള
മൗന സമരമാണത്...
എന്റെ സ്വത്തിനെ ചൊല്ലി തർക്കത്തിൽ
ഏർപ്പെടരുത്,
കുന്നോളം സ്വപ്നങ്ങളും കടലോളം
സങ്കടങ്ങളും അതിനിടയിൽ
എള്ളോളം സന്തോഷവും
മാത്രമേ സ്വന്തമായുള്ളൂ...
എനിക്കു വേണ്ടി നിസ്വാർത്ഥമായി
പ്രവർത്തിക്കുന്നവരരേയും
എന്നെയോർത്തു ആത്മാർത്ഥമായി
നീറുന്നവരെയും നോക്കി
അത്ഭുതപ്പെടേണ്ടതില്ല,
പച്ചയായ എന്നെ അറിഞ്ഞവരാണവർ...
മരിച്ചവരൊക്കെ രണ്ടാം നാൾ
മറവിയിലാവുമെന്ന് ആശങ്കപ്പെടേണ്ടതില്ല,
വാത്സല്യമേകിയ കൂടപ്പിറപ്പുകളാലും
നിസ്വാർത്ഥ സൗഹൃദങ്ങളാലും
സമ്പന്നയായിരുന്നവളാണ്...
ദേഹമെടുക്കാൻ വൈകുന്നതോർത്ത്
ആരും അസ്വസ്ഥപ്പെടരുത്,
ദേഹത്തു നിന്നു കിട്ടിയ വിലപ്പിടിച്ചവയിൽ
അവകാശം കയ്യടക്കുന്നതിന്റെ
തിരക്കിനാൽ താമസം നേരിടുന്നതാണ്...
നിശ്ചലമായി കിടക്കുന്ന എന്നിലേക്ക്
എന്റെ തിന്മകളെടുത്തെറിയരുത്,
കുറച്ചു മാത്രമുള്ള എന്റെ നന്മകളെ
കൂടെ അശുദ്ധമാക്കുമത്...
എന്നെ വെക്കും മുമ്പെന്റെ ഖബറിന്റെ
ഉള്ളമൊന്നു കണ്ടു വെച്ചേക്കണം,
മണിമാളികയിൽ കഴിയുന്നവനും
ഇരുട്ടിനെ ഭയക്കുന്നവർക്ക് പോലും
അവസാനം തലചായ്ക്കാൻ ദാനമായി
കിട്ടുന്ന ഭൂമിയുടെ നേർ ചിത്രമാണത്...
ആറടി മണ്ണിലടക്കം ചെയ്ത്
മണ്ണിട്ടു മൂടുന്നതിനു മുമ്പ്
ഒരിക്കൽ കൂടെ എന്നിലേക്കൊന്നു
ചൂഴ്ന്നു നോക്കണം,
മരണമെത്ര ശൂന്യതയാണ്
പടപ്പിൽ നിറച്ചു വെക്കുന്നതെന്നറിയാൻ
വേണ്ടി മാത്രം!!!