മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(ഷൈലാ ബാബു)

പുകയൂതിയെരിയുന്ന

കൺ തടം, തന്നുടെ

നരവീണ ചേല തൻ

തുമ്പിനാൽ തുടച്ചവൾ;

 

വത്സരം പെറ്റിട്ട 

മാസ ദിവസങ്ങ-

ളൊച്ചു പോലിഴയും

നിമിഷനേരങ്ങളും!

 

അന്യഗൃഹത്തി-

ന്നടുക്കളച്ചുമരുകൾ,

അവകാശമാക്കിയ

മണിത്താലിബന്ധനം!

 

ശുഷ്കിച്ച കവിളിലൂ-

ടൊഴുകുന്ന നീർമണി,

ചെന്നു പതിക്കുന്ന-

താരുടെ ശിരസ്സിലോ?

 

കനവിന്റെ ഗോപുര

വാതിലടയ്ക്കവേ,

അടിയറ വച്ചു, ത-

ന്നസ്തിത്വ വേരുകൾ!

 

നീറ്റും നിനവുകൾ

കരടായടിയവേ,

പീഡന രാവിലെ

രതിയിൽ മടുത്തവൾ;

 

വരമ്പത്തുകുത്തി-

നിർത്തിടാൻ പാകത്തി-

ലൊരു കോലമാ-

യിന്നീ, യവസ്ഥയിൽ!

 

കാലാന്തരത്തി-

നുള്ളിലെവിടെയോ;

കളഞ്ഞുപോയ്

പാവന പത്നിവേഷം!

 

നീച കൃത്യങ്ങളിൽ

നേർക്കുനേർ പടവെട്ടി

നേടിയെടുത്തതോ

നിസ്സംഗ ഭാവം?

 

വാടിത്തളർന്നൊരീ

പുൽനാമ്പിൻ രോദനം,

മണ്ണിൽ ലയിച്ചിടും

നിമിഷങ്ങളകലെയോ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ