(Shaila Babu)
സ്വന്തം കണ്ണിലെ കോലിൻ കഷണം
കണ്ടില്ലെന്നു നടിച്ചിട്ടൊരുവൻ;
ചെറുതായുള്ളൊരു കരടിൻ ധൂളികൾ
അന്യർ മിഴികളിൽ കണ്ടെത്തുന്നു!
രാഷ്ട്രീയത്തിൽ കോൽകളിയത്രേ,
രാജാവാകാൻ ചതുരംഗക്കളി!
പകയുടെ വിത്തുകൾ ഹൃത്തിൽ മുളച്ചി-
ട്ടന്യോന്യം ശരമെയ്തു മടുത്തു.
വർഷപ്പെയ്ത്തിൽ നനഞ്ഞു കുളിച്ചു,
ജാള്യതയോടെ നയനമടച്ചു.
തിന്മക്കതിരുകൾ മുത്തുകളാക്കും
അന്യായത്തിൻ കുപ്പായങ്ങൾ!
വിലപിച്ചീടും ദേവത തന്നുടെ
നീതിക്കൈകൾ വിറച്ചീടുന്നു.
കാപട്യത്തിൻ മുഖമുദ്രകളാൽ
കമനീയതകൾ മറയുന്നിവിടെ!
മാരിവിതറും തീപ്പൊരിയായി
കണ്ണിനു കാണാ, കുഞ്ഞൻ മാത്രകൾ!
മുറവിളി കൂട്ടും സാധു ജനങ്ങൾ
തെരുവിൻ തേങ്ങൽ ചിലമ്പൊലിയായി!
നമ്പീടാത്തൊരു കണ്ണടയെന്തിനു
തിമിരക്കാഴ്ചകൾ മൂടാനായി..!