(Bindu Dinesh)
നഷ്ടപെട്ടിട്ടില്ലിതുവരെ
കാണാതാവുകയാണ്, ഓരോ സുഹൃത്തും
കാട്ടിലേക്കാണ്
ഏറ്റവും പ്രിയപ്പെട്ടൊരാൾ
കയറിപ്പോയത്...
കരിയിലകളിൽ, കാട്ടുപൂക്കളിൽ
മനസ്സിൽ
എവിടെയും കാൽപാടുകളവശേഷിച്ചിരുന്നു..
എന്നിട്ടും കണ്ടെത്താനായില്ല
തിരഞ്ഞു പോയവർക്കാർക്കും..!!
മറ്റൊരാൾ ജലത്തിലേക്ക്..
അടഞ്ഞ ഒരു പാളിയിലുടക്കിയിരുന്നു
സ്പർശങ്ങൾ, നിശ്വാസങ്ങൾ
എങ്കിലും പൊങ്ങിയില്ല
ഒരു ചെറുകുമിള പോലും..!!
ഒരാൾ ദൂരെയ്ക്കെവിടെയോ ചിറകടിച്ച്
മറ്റൊരാൾ ലോകംമുഴുവൻ തകർത്തെറിഞ്ഞ്
തൊട്ടടുത്തുള്ളൊരാൾ
ഒട്ടകപ്പക്ഷിയെപ്പോലെ മുഖംമറച്ച്...!!
നഷ്ടപ്പെടില്ല
കാണാതാകും , ഒരിയ്ക്കലെന്നെയും........