ഞാൻ നിന്റെ സന്ദേശവാഹക!
നിൻ നീല വെളിച്ചങ്ങൾക്കെണ്ണ പകരുന്നവൾ
രക്ത സിന്ദൂരമണിഞ്ഞ നിൻ തൂലികത്തുമ്പിലെ അക്ഷരപ്പെയ്ത്തിൻ
നിറം പകരുന്നവൾ...
നീ നട്ട ആകാശം, നീ കൊയ്ത പുലരിയും
നീ നിറച്ചുണ്ടൊരെൻ ചിന്തകൾ വേരുകൾ!
നീ കോറി വരച്ചസ്വസ്ഥമാക്കിയ ഹൃത്തിന്നാഴങ്ങൾ...
അന്തമില്ലാത്ത ഓർമ്മപടലങ്ങളിൽ നീ
മിഴി ചുവപ്പിച്ചു പോയ കത്തുന്ന സൂര്യനും!
ഒരു മഴ ചാറ്റലിൽ നാം നിറഞ്ഞൊരു ഇലക്കുമ്പിളിൽ ബാഷ്പ വിലാപവും.
വിദൂരതയിലെങ്ങോ പ്രതിധ്വനികൊള്ളുമൊരു സ്നേഹജതികളുടെ മൃദുല വികാരവും.....
നിർമ്മല മതിദീപ്തമെന്നോമൽ കാഴ്ചകൾ സഖേ......
പൗർണമി പോലും മുഖംകുനിച്ചെന്നോ?
നിന്നോർമ്മകൾ ചാരമാക്കാൻ വൃഥാ പരാജയമേറ്റുവാങ്ങിയോരവളുടെ ആത്മഗതം
"ഇനി നീ ഭുജിക്കുക...
ഇനി നീ ഭുജിക്കുക ആവോളം!!!"