

സന്ധ്യയിതെന്തേയകന്നു നിൽപ്പൂ
ചന്ദ്രനുദിക്കാത്ത ദുഃഖമാണോ?
പൂനിലാവിന്നും പൊഴിയുകില്ലെങ്കിൽ,
പൂതങ്ങളെന്നെയുറക്കീടുമോ?
പൂവാലിപ്പശുവിൻ രോദനമെവിടെ,
പൂമുറ്റമിന്നും നിറയുന്നുവോർമ്മയിൽ.
പുത്തരിപ്പാടം തെളിയുന്നുവുള്ളിൽ,
കൊത്തിച്ചികയുന്ന പൂങ്കോഴിയും.
പുന്നെല്ലുകണ്ട കാലംമറന്നുപോയ്,
പുത്തരിയുണ്ണാൻ കൊതിയേറിടുന്നു.
മുറ്റത്തെ തൈത്തെങ്ങു കായ്ച്ചുകാണും
മുന്തിരിവല്ലിയും പൂത്തിരിക്കും.
തൊടിയിലെ തേന്മാവു പൂവണിഞ്ഞുവോ,
കണ്ണിമാങ്ങക്കായ് കൊതി തോന്നിടുന്നു.
മോഹങ്ങളെല്ലാം നേടിയെടുത്തപ്പോൾ,
നഷ്ടപ്പെടുത്തിയാ സന്തോഷമെല്ലാം.
കാലഹരണപ്പെട്ട കാര്യങ്ങളോർത്തിനി,
കണ്ണീരൊലിപ്പിച്ചിട്ടെന്തുകാര്യം.