അവളുടെ കവിതപുസ്തകം
ഇന്നെനിക്ക് കിട്ടി
പഴയ പെട്ടിയിൽ കുറെ മഞ്ചാടിമണികൾക്കൊപ്പം
അവളത് ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു
ആദ്യത്തെ കുറച്ചു കവിതകൾ
മഴയെ കുറിച്ചും
പകലിനെയും പക്ഷികളെയും
പാവകളെയും
കുറിച്ചുള്ള കവിതകളാണ്
നല്ല വരികളും വാക്കുകളും...
പിന്നെയുള്ള കവിതകളിൽ
നോവും നൊമ്പരവും
പ്രണയവുമൊക്കെയാണ്..
ഒപ്പമൊരു മയിൽപിലിയും...
പെറ്റുപെരുകാൻ വച്ചതാവും
മണ്ടി തന്നെ
പിന്നെ പിന്നെ
വരികൾ കുറഞ്ഞു കുറഞ്ഞു
കവിതകൾ മെലിഞ്ഞുണങ്ങിയവയായി..
കടലാസുകൾ കരിപ്പിടിച്ചവയും
പുകമണക്കുന്നവയും...
പാചകക്കുറിപ്പുകൾ പോലെയുള്ള
വരികളും...
എഴുതിയത് അവളല്ലാത്തതുപോലെ...
അവസാനമെഴുതിയ കവിതകളിൽ
മരണത്തെയും അതിന്റെ വേദനയെയും വർണ്ണിച്ചിരിക്കുന്നത്
എത്ര മനോഹരമാണ്...
എത്ര നല്ല ഭാഷ...
പിന്നെയും എഴുതിതീരാത്ത കുറെ കടലാസുകൾ ബാക്കിയുണ്ട്...
എന്നാലും അവളിങ്ങനെ
എഴുതുമെന്ന്
ഞാൻ അറിയാതിരുന്നതെന്തേ??...
അല്ലെങ്കിലും അവളങ്ങനെയാ
എന്നോടൊന്നും പറയില്ലലോ