(Madhavan K)
അച്ഛനൊരു മഴപ്പെയ്ത്താണ്,
ആ പെയ്ത്തിലാകെ വിയർപ്പാണ്,
ആ വിയർപ്പിലെൻ്റെ അന്നമാണ്.
അച്ഛനൊരു പരുക്കനാണ്,
ആ പരുക്കനെൻ്റെ കരുത്താണ്,
ആ കരുത്തെൻ്റെ ധൈര്യമാണ്.
അച്ഛനൊരു കാർക്കശ്യമാണ്,
ആ കാർക്കശ്യമന്നു ഭയമാണ്,
ആ ഭയമിന്നെൻ്റെ സ്നേഹമാണ്.
അച്ഛനൊരു സ്വരമാണ്,
ആ സ്വരമന്നൊരു ശാസനയാണ്,
ആ ശാസനയിന്നു വഴികാട്ടിയാണ്.
അച്ഛനൊരു പുഴയാണ്,
ആ പുഴയൊരൊഴുക്കാണ്,
ആ ഒഴുക്കിന്നന്ത്യം കടലാണ്.
അച്ഛനൊരു തുഴയാണ്,
ആ തുഴയെൻ്റെ ശക്തിയാണ്,
ആ ശക്തിയിന്നു വഴികാട്ടലാണ്.
അച്ഛനൊരു മണമാണ്,
ആ മണം നിറയെ വിരഹമാണ്,
ആ വിരഹമെൻ്റെ കണ്ണീരാണ്.
അച്ഛനൊരു ചിരിയാണ്,
ആ ചിരി നിറയെ സ്പർശമാണ്,
ആ സ്പർശമെൻ്റെ നെറ്റിയിലാണ്.