mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

നാട്ടുപ്രമാണിയായ വീരനായകത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ആഘോഷമാണ് വിഷു..മേടമാസം ഒന്നാം തീയതി പുലർച്ചെയുള്ള ആദ്യകാഴ്ചയായ വിഷുക്കണികാണൽ,അതായിരിക്കും ഒരു വർഷത്തെ മുഴുവൻ ഐശ്വര്യങ്ങളെയും നിർണയിക്കുക.

അതിനാൽ ഒരു വിഭവവും കുറവു വരാതെ മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ  വെള്ളിപ്പണം, ചക്ക, മാങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും ഗ്രന്ഥവും,  കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും എല്ലാം ശ്രീകൃഷ്ണന്റെ വിഗ്രഹത്തിൻ്റെ മുമ്പിൽ വച്ച് സമ്പൂർണ്ണവിഷുക്കണി ഒരുക്കാൻ മൂത്തമ്മാളിനോട് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന ഐശ്വര്യസമ്പൂർണ്ണമായ വിഷുക്കണി കൊണ്ടു മാത്രം പ്രമാണി തൃപ്തനായിരുന്നില്ല. .മാളികയ്ക്കുള്ളിലെ ഈ കണി കണ്ട് പുറത്തിറങ്ങുമ്പോൾ അവിടെയും കാണാൻ ശുഭകരമായ ഒരു കണി വേണം. അതിനായി വിഷുക്കണിക്ക് ഉത്തമമായ ഒരു ദേവദാസിയെ രാവിലെ മാളികയുടെ മുൻകവാടത്തിൽ എത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു.

മേടം ഒന്നിന് നേരം പുലരുന്നതിനു മുൻപ്  വീരനായകം എണീറ്റ് മൂത്തമ്മാൾ മാളികയിൽ ഒരുക്കിയിരുന്ന വിഷുക്കണി കണ്ണു നിറയെ കണ്ടു. പിന്നെ കുളിച്ച് ശുദ്ധിയോടെ ശ്രീകൃഷ്ണ വിഗ്രഹത്തെ ഒന്നുകൂടി തൊഴുതു.  

ഇനിയാണ് കഥയിലെ വില്ലൻ്റെ വരവ്. വില്ലൻ എന്നു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ വരുന്ന രൂപമോ പ്രകൃതമോ ഈ വില്ലനില്ല. ഇയാൾ മാളികയിലെ പാവം ഒരു തൂപ്പുകാരനാണ്. പേര് കറുപ്പൻ. 

അയാൾ രണ്ടാഴ്ചയായി ദീനം പിടിച്ച് കിടപ്പിലായിരുന്നു. ഇനിയും ജോലിക്കു പോകാതിരുന്നാൽ തൻറെ ജോലി പോകുമോ എന്ന ഭയത്താൽ അന്നുരാവിലെ ഓടിപ്പിടച്ച് ജോലിക്ക് വന്നതാണ്. 

അകത്തെ കണി  കഴിഞ്ഞ് പുറത്തെ കണി കാണാനായി വീരനായകം പുറത്തേക്കു വരുന്നു. ദേവദാസി ആ സമയം മുൻവശത്തെ കവാടത്തിൽ തയ്യാറായി നിന്നിരുന്നു. 

പക്ഷേ എല്ലാ തയ്യാറെടുപ്പുകളെയും തകിടം മറിച്ചു കൊണ്ടാണ് കറുപ്പൻറെ വരവ്. അന്നു വിഷു ആണെന്നോ താൻ കണി കാണാൻ കൊള്ളാത്ത ആൾ ആണെന്നോ ഒന്നും അയാൾ അപ്പോൾ ഓർത്തില്ല. 

പതിവുപോലെ അയാൾ മാളികയുടെ പിൻഭാഗത്തെ കവാടത്തിലൂടെ അകത്തു പ്രവേശിച്ച് ചൂലും എടുത്ത് മുറ്റം അടിക്കാനായി മുൻവശത്തേക്ക് വന്നതായിരുന്നു. 

 അപ്പോഴാണ് വീരനായകം കണികാണാനായ് പുറത്തിറങ്ങുന്നത്.  നിർഭാഗ്യത്തിന് കണിയായി മുന്നിൽ പെട്ടത് ചൂലുമായി നിൽക്കുന്ന കറുപ്പനെയാണ്.അതുകണ്ട് വീരനായകം ദേഷ്യത്താൽ അലറിവിളിച്ചു.  ആ വിളി കേട്ട് പണിപ്പുരയിൽ നിന്ന് വാല്ല്യക്കാർ ഓടിയെത്തി. 

 അവരോടു കറുപ്പനെ പിടിച്ചുകെട്ടാൻ നായകം ആജ്ഞാപിച്ചു. അവർ മുറ്റത്തുനിന്ന വേപ്പു മരത്തിൽ കറുപ്പനെ പിടിച്ചുകെട്ടി. വീരനായകത്തിൻറെ കണിമുടക്കി ഒരു വർഷം കുട്ടിച്ചോറാക്കിയ കറുപ്പന് അമ്പത്തൊന്ന് അടി ശിക്ഷയായി കിട്ടി.

വിഷുപ്പിറ്റേന്നത്തെ "സാധുമിത്രം "ദിനപ്പത്രത്തിൽ ഈ വാർത്തയുണ്ടായിരുന്നു. എന്നാൽ ആ വാർത്ത വായിച്ച് വീരനായകം വാ പൊളിച്ചിരുന്നു പോയി.

തൻറെ വിഷുക്കണി അലങ്കോലമായതിൽ നിരാശനായിരുന്ന നായകത്തിന് കൂനിന്മേൽ കുരു എന്നതുപോലെയായി ആ വാർത്ത. 

‘’നാട്ടുപ്രമാണിയെ കണികണ്ട തൂപ്പുകാരന് കഷ്ടകാലം .

മേടം ഒന്നിന് രാവിലെ, നാട്ടുപ്രമാണിയായ വീരനായകത്തിനെ കണി കണ്ട അവിടത്തെ  തൂപ്പുകാരനായ കറുപ്പന്  അടുത്ത നിമിഷം മുതൽ കഷ്ടകാലം തുടങ്ങി. 

51 അടി കൊള്ളേണ്ടി വന്ന ആ ദുര്യോഗം ഈ ഒരു വർഷക്കാലം തുടരും എന്നതാണ് കറുപ്പൻ്റെ പേടി. തൻറെ മുമ്പിൽ കണിയായി വീരനായകം എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് കറുപ്പൻ പറഞ്ഞു. 

വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ എന്നതു മാത്രമാണ് കറുപ്പൻറ്റെ ഇപ്പോഴത്തെ സമാധാനം. ‘’

വീരനായകം ഉടൻതന്നെ" സാധുമിത്രം " പത്രത്തിൻറെ പത്രാധിപരായ കുമരേശനെ വിളിച്ചുവരുത്തി. ആ വാർത്ത തനിക്ക്  അപമാനം ഉണ്ടാക്കുന്നതായതിനാൽ  അടുത്തദിവസം തിരുത്ത് കൊടുക്കണമെന്ന് നിർദ്ദേശിച്ചു. 

എന്നാൽ പ്രസ്തുത വാർത്ത സത്യസന്ധമാണെന്ന് ബോദ്ധ്യം ഉള്ളതുകൊണ്ടാണ് പത്രത്തിൽ കൊടുത്തതെന്നും അതിൽ എന്തെങ്കിലും അസത്യം ഉണ്ടെങ്കിൽ മാത്രമേ തിരുത്ത് കൊടുക്കാൻ കഴിയൂ എന്നും കുമരേശൻ നിലപാട് വ്യക്തമാക്കി.

എന്തായാലും ആ വാർത്ത തനിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും അതിൻറ്റെ പ്രതിവിധി പത്രാധിപർ തന്നെ ചെയ്യണമെന്നും  വീരനായകം നിർബന്ധം പിടിച്ചു. പ്രതിഫലമായി പത്രത്തിന് തൻറെ കൊപ്രയാട്ടു മില്ലിൻ്റെ പരസ്യം നൽകാമെന്നും നായകം കൂട്ടിച്ചേർത്തു.

പരസ്യവും പരസ്യകൂലിയും നൽകിയാൽ ആ പരസ്യം പ്രസിദ്ധീകരിക്കാമെന്നും അതും വാർത്തയുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നുമായിരുന്നു കുമരേശൻ്റെ മറുപടി. 

കുമരേശൻറ്റെ കടുംപിടുത്തത്തിനു മുമ്പിൽ വീരനായകം അയഞ്ഞു തുടങ്ങി. 

"നിങ്ങൾ തന്നെ പറയൂ,എൻറെ ഈ പേരുദോഷം മാറ്റാൻ എന്താ ഒരു മാർഗ്ഗം?" 

"അതിന് ഒരു മാർഗ്ഗമേയുള്ളൂ. താങ്കളുടെ തൂപ്പുകാരനായ കറുപ്പന് നല്ലകാലം വന്നു തുടങ്ങുകയാണെങ്കിൽ അത് താങ്കളെ കണി കണ്ടതിൻറെ ഗുണഫലം ആണെന്ന് റിപ്പോർട്ട് ചെയ്യാം." 

"അയാൾക്ക് നല്ലകാലം വരാൻ എനിക്ക് എന്ത് ചെയ്യാൻ പറ്റും?" 

"താങ്കൾക്ക് പറ്റും. അയാളെ ശിക്ഷിക്കാൻ ആജ്ഞാപിച്ച താങ്കൾക്ക് അയാളെ വിലപിടിപ്പുള്ള വിഷുക്കൈനീട്ടം നൽകി സന്തോഷിപ്പിക്കുകയും ചെയ്യാമല്ലോ. 

പിന്നെ വേണമെങ്കിൽ അയാളുടെ ജോലിയിൽ സ്ഥാനക്കയറ്റവും നൽകാവുന്നതേയുള്ളൂ. അങ്ങനെയൊക്കെയല്ലേ ഒരാൾക്ക് നല്ല കാലം വരുന്നത്. മാത്രമല്ല താങ്കളുടെ ആശ്രിതന് നല്ലതു വരുന്നത് താങ്കൾക്കും അഭിമാനമല്ലേ..."

വീരനായകം മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ പിന്നീടുള്ള ആലോചനയിലും മറ്റൊരു മാർഗ്ഗവും തെളിഞ്ഞു കണ്ടില്ല. അതിനാൽ തൻ്റെ  സൽപേര് നിലനിർത്താനായി മനസ്സില്ലാമനസ്സോടെ ആണെങ്കിലും അയാൾ, പത്രാധിപർ പറഞ്ഞ പരിഹാരക്രിയകളിലേക്ക് അടിയന്തിരമായി പ്രവേശിച്ചു.

അടുത്ത ദിവസത്തെ പത്രത്തിൽ തുടർവാർത്ത വന്നു. 

"നാട്ടുപ്രമാണിയെ കണികണ്ട തൂപ്പുകാരന് നല്ലകാലം വന്നു തുടങ്ങി. 

നാട്ടുപ്രമാണിയായ വീരനായകത്തെ കണികണ്ട അവിടത്തെ തൂപ്പുകാരനായ കറുപ്പന് ഈ വർഷം നല്ല കാലം ആയിരിക്കുമെന്ന സൂചനകൾ കണ്ടു തുടങ്ങി. നാട്ടുപ്രമാണിയിൽ നിന്ന് വിഷുക്കൈനീട്ടമായി പട്ടും വളയും ലഭിച്ചതും തൂപ്പുകാരൻ ആയിരുന്ന തനിക്ക് കാര്യക്കാരനായി സ്ഥാനക്കയറ്റം ലഭിച്ചതും താൻ കണ്ട കണിയുടെ ഐശ്വര്യവും മഹത്വവും ആയാണ് കറുപ്പൻ കണക്കാക്കുന്നത്. അടുത്ത വർഷവും തൻറെ അന്നദാദാവായ വീരനായകത്തെ തന്നെ വിഷുക്കണി കാണണം എന്നാണ് തൻറെ ആഗ്രഹമെന്നും കറുപ്പൻ കൂട്ടിച്ചേർത്തു." 

കാര്യക്കാരനായി മാറിയ കറുപ്പൻ ആ ദിനപ്പത്രം വീരനായകത്തിനു മുന്നിൽ വച്ച് തൊഴുതു മാറി നിന്നു. വീരനായകം  ആ വാർത്ത വായിച്ചു കഴിഞ്ഞ് കറുപ്പനെ ഒന്നു നോക്കി. അയാൾ ഓടി വന്ന് നായകത്തിൻ്റെ കാലു തൊട്ടു വണങ്ങി നന്ദി പ്രകടിപ്പിച്ചു.

ഇപ്പോൾ വീരനായകം, മുറ്റത്ത് പൂത്തു നിൽക്കുന്ന കൊന്നമരത്തിലേയ്ക്കു നിർവികാരനായി നോക്കിയിരിക്കുകയാണ്. ആരെയും ഉപദ്രവിക്കാതെ കണ്ണിനു പൊൻകണി സമ്മാനിക്കുന്ന നിന്നെ വിളിക്കുന്നതോ - കൊന്ന - മരമെന്ന്. .അങ്ങനെയെങ്കിൽ നിന്നെ കണികാണുന്നവർക്ക് അവമതിപ്പുണ്ടായാൽ കുറ്റം പറയാനാവുമോ? ഇങ്ങനെ വീരനായകത്തിൻ്റെ ചിന്തകൾ കാടുകയറുന്നതിനിടയിൽ കറുപ്പൻ, പത്രത്തിലെ ജ്യോതിഷി പറഞ്ഞിരിക്കുന്ന "വിഷുഫല" മെടുത്ത് നായകത്തിൻ്റെ മുമ്പിൽ വച്ചു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ