mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

"പള്ളീ അന്നത്തെ വീഴ്ച്ചയിൽ വല്ലതും കാര്യമായിട്ട് പറ്റിയാരുന്നോടാ നിനക്ക്?"
"എന്റെ ലോനച്ചാ, ഇതിൽ കൂടുതൽ ഇനി എന്നാ പറ്റാനാ. പാതിരാത്രി പാറക്കല്ലിന്റെ മുകളിൽ അറഞ്ഞു തല്ലി വീണാൽ പിന്നെ മെത്തേൽ വീഴുന്ന സുഖം കിട്ടുമോടാ. എന്റെ കുല ദൈവങ്ങളുടെ അനുഗ്രഹം കൊണ്ട് ജീവൻ തിരിച്ചു കിട്ടി. 

പട്ടിയെ കൊല്ലാൻ പോയി വരിക്ക പ്ലാവിൽ നിന്ന് പാതിരാത്രി പള്ളയടിച്ചു വീണ നടുക്കുന്ന ഓർമ്മകൾ അയവിറക്കിക്കൊണ്ട് പള്ളിവേട്ട സുഗു പറഞ്ഞു.

കീരിക്കാട് പഞ്ചായത്തിലെ പട്ടി ശല്യത്തെപ്പറ്റി ചർച്ചകൾ നടത്തി ഏത് വിധേനയും പട്ടികളെ തുരത്താനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന പരിപാടിയിൽ ഊർജവും ഉന്മേഷവും പകർന്നു നൽകാനായി ഒരു ലിറ്റർ ജവാനും അടിച്ചു കൊണ്ട് പോസ്റ്റർ പൊന്നച്ചനും, പ്രാക്കുളം ലോനച്ചനും, ഇരുമ്പ് ദേവസ്യയും പള്ളിവേട്ട സുഗുവും തങ്ങളുടെ പട്ടി അനുഭവങ്ങൾ എടുത്തു പുറത്തിട്ടുകൊണ്ടിരുന്നു.
" പോസ്റ്ററെ പുതിയ പ്ലാൻ വല്ലോം ഉണ്ടോ, ചുമ്മാ ആപ്പ ഊപ്പ പരിപാടികൾ കൊണ്ടൊന്നും ഈ പണ്ടാരങ്ങൾ ചാകില്ല, എലിവെഷം കൊടുത്തു നോക്കി, കുരുടാൻ കൊടുത്തു നോക്കി, രാത്രി ഉറങ്ങുമ്പോൾ പാറക്കല്ല് ഇട്ട് കൊല്ലാൻ നോക്കി,കാഞ്ഞിരം ഇറച്ചിയിൽ ഇട്ട് കൊടുത്തു നോക്കി.. എല്ലാം പന്നിപ്പടക്കം പൊട്ടുന്നപോലെയാ പൊട്ടിയെ. ഇരുമ്പ് കുണ്ഠിതത്തോടെ പറഞ്ഞു. ഈ സമയമാണ് പട്ടാളം പരമുപിള്ള മാർച്ചുപാസ് അടിച്ചുകൊണ്ട് രംഗപ്രവേശനം ചെയ്തത്.

"എന്തോന്നാടാ എല്ലാം കൂടെ വല്ല വാറ്റ് വല്ലോം കീറുവാണോ " പരമുപിള്ള ഒരു സംശയം എടുത്തു പുറത്തിട്ടു
" എന്റെ പിള്ളേച്ചാ ഈ പണ്ടാരം അടങ്ങിയ പട്ടികളെ ഒന്ന് തട്ടാനുള്ള ആലോചനയാണ് " ലോനച്ചൻ പറഞ്ഞു
" ഈ പരമുപിള്ള ഇവിടെ ഹിമാലയം പോലെ വിരിഞ്ഞു നിൽക്കുമ്പോഴാണോടാ പ്ലാനിനു പഞ്ഞം. ഡാ പൊന്നച്ചാ നീ അംബുഷ് എന്ന് കേട്ടിട്ടുണ്ടോ "
" ജോർജ് ബുഷിന്റെ ആരേലും ആണോ പിള്ളേച്ചാ "
" ഹോ എന്റെ പൊന്നെടാ ഉവ്വേ ജോർജ് ബുഷും ട്രമ്പും ഒന്നുമല്ല. ദൈവമേ ഇവന്മാരെ കൊണ്ട് ഞാൻ തോറ്റു. എടാ ഇത് ശത്രുക്കൾ വരുന്ന വഴിയിൽ

മറഞ്ഞിരുന്നുകൊണ്ട് അവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന, ഞങ്ങൾ പട്ടാളക്കാരുടെ ഒരു രീതിയാണ് അംബുഷ്. പണ്ട് ഞങ്ങൾ ഗുജറാത്തിലെ ഗീർവനങ്ങളിൽ ആയിരുന്നപ്പോൾ ഡേയ്ലി ക്യാമ്പിൽ കേറി കാളം കൂളം ചപ്പാത്തി കഴിച്ചിട്ട് പോകുന്ന ഒരു സിംഹം ഉണ്ടായിരുന്നു " പരമുപിള്ള എല്ലാവരെയും ഒന്ന് ഉഴിഞ്ഞു നോക്കി.

"ചപ്പാത്തി കഴിക്കുന്ന സിങ്കവോ" പള്ളിവേട്ട സുഗുവിന്റെ കണ്ണു തള്ളി
"പിന്നല്ലാതെ താടീം മുടീം പോലും വെട്ടാതെ എന്നും ക്യാമ്പിലെത്തി ഞങ്ങളെ വിരട്ടിയോടിച്ച് ചപ്പാത്തി അടിച്ചോണ്ട് പോകുന്ന അവനെ ഒരു ദിവസം അംബുഷ് ഇട്ട് ഞങ്ങൾ കാച്ചിയില്ലേ. ഹോ പുല്ലിനെ കൊല്ലാൻ പെട്ട പാട്. ഊപ്പാട് വന്നു പോയി " പരമുപിള്ള ആഞ്ഞൊന്ന് തള്ളിയിട്ട് വിരിഞ്ഞു നിന്നു.
"അല്ല പിള്ളേച്ചാ സിങ്കത്തിനെ എല്ലാരും കൂടി വെടി വെച്ചോ " പോസ്റ്ററിന് സംശയം
"വെടിയോ ഏയ്‌ ഞങ്ങൾ എല്ലാം കൂടെ വളഞ്ഞിട്ട് അടിച്ചു പപ്പടം ആക്കി കൊല്ലുവാല്ലാരുന്നോ " വീണ്ടും പരമുപിള്ള ആഞ്ഞു തള്ളി
"അടിച്ചു പപ്പടം ആക്കിയെന്നോ അതും സിംഹത്തെ " ലോനച്ചന്റെ കണ്ണു തള്ളി
"എടാ പിള്ളേച്ചൻ പറഞ്ഞാൽ പറഞ്ഞതാ. പണ്ട് ലാഡാക്കിൽ അനാക്കോണ്ടയെ വരെ തോക്കിൻ പാത്തിക്കു വെച്ചു കീറിയ പിള്ളേച്ചനോടാ കളി, അല്ലപിന്നെ. ഇല്ലേ പിള്ളേച്ചാ" പള്ളിവേട്ട സുഗു പിള്ളേച്ചനെ വാണത്തിൽ കയറ്റി അങ്ങനെ പരമുപിള്ളയുടെ പട്ടാളം പ്ലാനായ അംബുഷ്നെ പറ്റി പരമുപിള്ള വമ്പൻ ഒരു സ്റ്റഡിക്ലാസ്സ്‌ തന്നെ എടുത്തു കളഞ്ഞു.

അന്ന് രാത്രി പട്ടാളം പരമുപിള്ളയുടെ അതി ശക്തമായ നേതൃത്വത്തിൽ പോസ്റ്റർ പൊന്നച്ചനും ഇരുമ്പ് ദേവസ്യയും പള്ളിവേട്ട സുഗുവും പ്രാക്കുളം ലോനച്ചനും പട്ടാള മോഡൽ അംബുഷ് ഇട്ട് പട്ടികളെ പിടിക്കാനുള്ള അതിഭീകരമായ പദ്ധതിയുമായി കയ്യിൽ എടുത്താൽ പൊങ്ങാത്ത വടികളുമായി രായപ്പണ്ണന്റെ റബ്ബറും തോട്ടത്തിൽ ഇരിപ്പ് ഉറപ്പിച്ചു.

ഈ സമയം മറ്റൊരിടത്ത്
"ഭാസി അണ്ണാ ശോഭന കുളിക്കുമമോ അണ്ണാ "
"പിന്നല്ലാതെ,നീ നെഗറ്റീവ് അടിക്കാതെ വലിഞ്ഞു നടക്കെടാ പള്ളത്തീ. വെട്ടിപ്പുറം ശോഭന കുളിക്കും, അതും ചന്ദ്രിക സോപ്പ് തേച്ചു തന്നെ കുളിക്കും "
"എന്റെ അണ്ണാ ഹോ രോമാഞ്ചം വരുന്നു "
ഓസോൺ പള്ളത്തി കോൾമയിർ കൊണ്ടു
കീരിക്കാട് പഞ്ചായത്തിലെ മുന്തിയ സൗന്ദര്യ ആരാധകരായ അമ്പലക്കുളം ഭാസിയും ഓസോൺ പള്ളത്തി എന്നറിയപ്പെടുന്ന സുമേഷ് P P യും വെട്ടിപ്പുറം ശോഭനയുടെ രാത്രി പത്തുമണിക്കുള്ള പള്ളിനീരാട്ട് കണ്ട് ആത്മ സംതൃപ്തി അടയാനുള്ള മാസ്റ്റർ പ്ലാനും തയ്യാറാക്കി ഇരുട്ടിന്റെ മറവിൽ മുങ്ങിയും പൊങ്ങിയും വരുകയാണ്

"പള്ളത്തി നമുക്ക് രായപ്പണ്ണന്റെ റബറും തോട്ടം വഴി പോകാം. അതാകുമ്പോൾ ശോഭനയുടെ വീടിന്റെ പുറകിൽ തന്നെ എത്തും "
"അണ്ണൻ പറഞ്ഞാൽ ഇല്ലാത്ത വഴി വെട്ടി ഉണ്ടാക്കി വേണേൽ ഞാൻ പോകും. അല്ലപിന്നെ " വെട്ടിപ്പുറം ശോഭന മുത്തുക്കുടയും ചൂടി തന്റെ മനസ്സിൽ കുടിയിരിക്കുന്നതായി ഓർത്തുകൊണ്ട് പള്ളത്തി പറഞ്ഞു.

അങ്ങനെ ഭാസിയും പള്ളത്തിയും രായപ്പണ്ണന്റെ റബ്ബറും തോട്ടത്തിലേക്ക് കയ്യാല വഴി വലിഞ്ഞു കയറി.
ഈ സമയമാണ് കീരിക്കാട്ടിലെ പ്രധാന കട്ടകളായ വാലുമുറിയൻ നായയും വാലുമുറിയന്റെ കുഞ്ഞമ്മേടെ മക്കളായ മൂന്നു പീക്കിരികളും വീടുകളിൽനിന്നും ശേഖരിച്ച രണ്ടു പ്ലാസ്റ്റിക് മഗ് ഒരു ജോഡി ചെരുപ്പ് ഇത്യാദികളുമായി സ്ഥിരം സങ്കേതമായ റബ്ബറും തോട്ടത്തിലേക്ക് കുതിച്ചെത്തിയത്...

പൊന്നച്ചാ, ഇരുമ്പേ, പള്ളീ, പട്ടികൾ വന്നു നമ്മുടെ അംബുഷിൽ ചാടിയാൽ മുന്നും പിന്നും നോക്കാതെ കേറി മെഴുകിക്കോണം കേട്ടല്ലോ.
പരമുപിള്ള എല്ലാരോടുമായി രഹസ്യമായി പറഞ്ഞു.
"വളഞ്ഞിട്ട് അടിച്ചിരിക്കും " പള്ളിവേട്ട സുഗു ആവേശം മൂത്തു പറഞ്ഞു.
ഈ സമയം വെട്ടിപ്പുറം ശോഭനയുടെ പള്ളിനീരാട്ട് കാണാൻ വന്ന ഭാസിയും പള്ളത്തിയും,
"പള്ളത്തി ഇതുവഴി അള്ളിപ്പിടിച്ചു അങ്ങോട്ട് കയ്യാല വഴി റബ്ബറും തോട്ടത്തിലേക്ക് നമുക്ക് കേറാം " അമ്പലക്കുളം ഭാസി തൊട്ടു മുകളിൽ കണ്ട ഒരു വള്ളിയിലേക്ക് കൈ വെച്ചുകൊണ്ട് ഓസോൺ പള്ളത്തിയോട് തന്റെ മാസ്റ്റർ പ്ലാൻ പതുക്കെ പറഞ്ഞു
"ഡാ പിള്ളേരെ പട്ടികൾ വരുന്നത് നോക്കിക്കോണം. ഞാനൊന്ന് മുള്ളിയേച്ചും വരാം. ഷുഗറാ ഷുഗർ ഷുഗർ. പെടുത്തു പെടുത്തെന്റെ ഊപ്പാട് വരുവാ. എന്റെ പൊന്നോ " എന്നു പറഞ്ഞു കൊണ്ട് വടിയും പിടിച്ചു കൊണ്ട് പരമുപിള്ള കയ്യാലയുടെ മുകളിലേക്ക് നടന്നു നിന്ന് തന്റെ ഹെവി മോട്ടർ ഓണാക്കി പൊന്തക്കാട്ടിലേക്ക് മൂത്രം ഒഴിച്ചു കൊൾമയിർ കൊണ്ടു നിന്നു.
ഓസോൺ പള്ളത്തി മുകളിലേക്ക് നോക്കി നിന്നപ്പോഴാണ് പരമുപിള്ളയുടെ പുണ്യാഹം കിറു കൃത്യമായി പള്ളത്തിയുടെ തിരുനെറ്റിയിൽ പോയി ലാൻഡ് ചെയ്തത്
"ഭാസി അണ്ണാ ഇവിടെ നീരുറവ ഏതാണ്ട് ഉണ്ടെന്നു തോന്നുന്നു ദേ വെള്ളം വീഴുന്നു. നമുക്കൊന്ന് മുഖം കഴുകിയാലോ " പള്ളത്തി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു.
"എടാ പള്ളത്തി നീ ഇവിടെ കുളിക്കാൻ നിന്നാൽ ശോഭന അവിടെ കുളീം കഴിഞ്ഞു പോകും " എന്ന് പറഞ്ഞിട്ട് ഭാസി മുൻപിൽ കണ്ട വള്ളിയിൽ അള്ളിപ്പിടിച്ചുകൊണ്ട് ഹിമാലയ പർവതം കയറുന്ന ബുദ്ധിമുട്ടോടെ മുകളിലേക്ക് കേറി.
അപ്പോഴാണ് വാലുമുറിയനും പിള്ളേരും പൂണ്ടു വിളയാടാനായി റബ്ബറും തോട്ടത്തിലേക്ക് മാസ്സ് എൻട്രി ചെയ്തു വന്നത്.
അടുത്തു കണ്ട ഒരു റബ്ബറിന്റെ മൂട്ടിലേക്ക് ത്രികോണെ എന്ന മോഡലിൽ കാലു പൊക്കി രണ്ടു തുള്ളി ഇറ്റിച്ചിട്ട് റബ്ബറിന്റെ സൈഡിലെ കയ്യാലയിലേക്ക് നീണ്ടു നിവർന്നു കിടന്നു.
"പള്ളീ പട്ടികൾ വന്നിട്ടുണ്ട് ഇപ്പോൾ മിക്കവാറും നമുക്കിടയിൽ ഇട്ടേക്കുന്ന മീനിന്റെ മണം പിടിച്ച് എല്ലാംകൂടി വരും " അപ്പോൾ എല്ലാം പറഞ്ഞത് പോലെ. പരമുപിള്ള എല്ലാവർക്കും വാർണിങ് കൊടുത്തു

കയ്യാല കേറി വിയർത്തു കുളിച്ച ഭാസിയും പള്ളത്തിയും പട്ടിയെപ്പോലെ അണച്ചുകൊണ്ട് തോട്ടത്തിലേക്ക് ഇറങ്ങി.
" പള്ളത്തി നമ്മൾ നേരെ നിവർന്നു നടന്നു പോയാൽ ആരെങ്കിലും കാണും. അതോണ്ട് കുനിഞ്ഞു തറയിലൂടെ പോയാൽ മതി " ഭാസി പള്ളത്തിയോട് പറഞ്ഞിട്ട് തറയിലേക്ക് കുത്തിയിരുന്ന് പതുക്കെ മുന്നോട്ട് നീങ്ങി.

കയ്യാലയുടെ സൈഡിൽ വിടർന്നു കിടന്ന വാലുമുറിയൻ റബ്ബറും തോട്ടത്തിലൂടെ ഇഴഞ്ഞു വരുന്ന രണ്ടു രൂപങ്ങൾ കണ്ട് അകവാള് വെട്ടി ചാടിയെഴുനേറ്റ് കുഞ്ഞമ്മേടെ മക്കൾക്ക് ഓൺ ദി സ്പോട്ടിൽ അപായ സിഗ്നൽ നൽകി. ഭയന്നു പോയ പിള്ളേർ നിന്ന നിൽപ്പിൽ തന്നെ കാലുപോലും പൊക്കാതെ ശിർർ.. ന്ന് കാലിലൂടെ മുള്ളിക്കളഞ്ഞു.

"മനുഷ്യരോ മൃഗങ്ങളോ ആയിരുന്നു എങ്കിൽ അരക്കൈ നോക്കാരുന്നു. ഇതിപ്പോൾ " വാലുമുറിയന്റെ ഹൃദയം ഠപ്പേ ഠപ്പേ എന്നിടിച്ചു. മരപ്പട്ടിയാണോ അല്ല പന്നിയാണോ അല്ല പൂച്ചയും ആടും ആനമയിൽ ഒട്ടകവും ഒന്നുമല്ല ." ഇത്രയും ആലോചിച്ചു കിളിപോയ വാലുമുറിയൻ മുന്നും പിന്നും നോക്കാതെ വെസ്റ്റേൺ മ്യൂസിക് പോലെയൊരു ശബ്ദം ഇട്ടുകൊണ്ട് പാഞ്ഞു. കൂടെ പിള്ളേരും അഞ്ഞൂറിൽ പാഞ്ഞു.
"വന്നെടാ കീറിക്കോ " എന്നലറിക്കൊണ്ട് പരമുപിള്ള വടിയെടുത്ത് വീശി. കൂടെ സ്വിച്ചിട്ടപോലെ ചാടിയെഴുന്നേറ്റ പൊന്നച്ചനും സംഘവും ഇടം വലം നോക്കാതെ ഇരുട്ടിൽ അടി തുടങ്ങി. അപകടം മണത്ത വാലുമുറിയൻ തിരിഞ്ഞോടി.
"നിന്നെയിന്നു ഞാൻ, പൊന്നച്ചാ അടിയെടാ " എന്നലറിക്കൊണ്ട് ഇരുമ്പു മുന്നോട്ടുചാടി.
ഡബ്ലിയു മോഡലിൽ തറയിലൂടെ വന്ന ഭാസിയും പള്ളത്തിയും ബഹളം കേട്ട് സ്റ്റക്കായി നിന്നു
"അണ്ണാ ശോഭനയുടെ കെട്ടിയോൻ മുത്തുക്കുട സോമൻ നമ്മളെ അടിക്കാൻ കൊട്ടേഷൻ കൊടുത്തേക്കുവാണെന്ന് തോന്നുന്നു " പള്ളത്തി കരയാറായ മുഖത്തോടെ പറഞ്ഞു
"ചുമ്മാ പറഞ്ഞു പേടിപ്പിക്കാതെടാ. നമുക്ക് മുന്നേ ആരോ സീൻ കാണാൻ പോയി അടി വാങ്ങുവാണെന്നു തോന്നുന്നു " ഉൾ ഭയത്തോടെ ഭാസി പറഞ്ഞു.
"പള്ളിവേട്ട സുഗുവും പൊന്നച്ചനും ഇരുമ്പും ലോനച്ചനും തലങ്ങും വിലങ്ങും അടി നടത്തി വിയർത്തു കുളിച്ചു. റബറും തോട്ടത്തിൽ കൂട്ടയടി തന്നെ നടന്നു.

ഇടക്ക് കയ്യാലപ്പുറത്തു കേറി നിന്ന പരമുപിള്ളയുടെ അടുത്തേക്ക് പാഞ്ഞു ചെന്ന വലുമുറിയനെ പിള്ളേച്ചൻ വീശിയടിച്ചു . പൂടയിൽ പോലും അടികൊണ്ടില്ല തന്നേമല്ല അടിയുടെ ശക്തിയിൽ നിയന്ത്രണം വിട്ട പിള്ളേച്ചൻ "ദേവിയേ " എന്ന് നിലവിളിച്ചോണ്ട് അറഞ്ഞുതല്ലി കുറ്റിക്കാടുകൾക്ക് ഇടയിലൂടെ താഴേക്ക് വീണു.

പ്രാണരക്ഷാർദ്ധം ഓടിയ വാലുമുറിയനും പിള്ളേരും അമ്പലക്കുളം ഭാസിയുടെയും ഓസോൺ പള്ളത്തിയുടെയും മുന്നിൽ ചെന്നു ചാടി. പട്ടിയെ കണ്ട ഭാസിയുടെ അകവാള് വെട്ടി. ഇതിനിടയിൽ പാഞ്ഞു വന്ന പള്ളിവേട്ട സുഗുവും ഇരുമ്പും പാമ്പിനെ അടിക്കുന്നത് പോലെ പൊങ്ങിചാടി അടിച്ചു
ഇരുട്ടിൽ ഒന്നും വ്യക്തമായില്ല എങ്കിലും ഒട്ടകം കരയുന്ന പോലെ രണ്ടു കരച്ചിൽ കേട്ടു.
വലുമുറിയനും പിള്ളേരും ഒരു പോറൽ പോലും ഏൽക്കാതെ അടുത്ത പഞ്ചായത്തിൽ എത്തി
പൊന്നച്ചനും പാർട്ടിയും ഒത്തുകൂടി.

തലയിൽ വിത്തുകാളയുടെ മുതുകുപോലുള്ള മുഴയുമായി അടികൊണ്ട് കിടക്കുന്ന ഭാസിയെയും പള്ളത്തിയെയും കണ്ട് "ശ്ശെടാ ഇവന്മാർ ഇതെങ്ങനെ" എന്ന ചിന്തയുമായി എല്ലാവരും പരസ്പരം നോക്കി

അന്ന് രാത്രി കീരിക്കാട് സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ആയവർ മൂന്നുപേരായിരിന്നു
കയ്യാലപ്പുറത്ത് നിന്ന് കുറ്റിക്കാട്ടിൽ വീണ് പള്ള കീറിയ, അംബുഷിന്റെ ഉപഞ്ജാതാവ് ശ്രീമാൻ പട്ടാളം പരമുപിള്ളയും, സൗന്ദര്യ ആരാധകരായ അമ്പലക്കുളം ഭാസിയും ഓസോൺ പള്ളത്തിയും.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ