mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(V. Suresan)

നമ്മുടെ നായകൻ പരിക്ഷീണനാണ്. പരീക്ഷകൾ എഴുതിയും പരീക്ഷ കണ്ടു പേടിച്ചുമൊക്കെയാണ് അവൻ ഇങ്ങനെയായത് എന്നതിനാൽ പരിക്ഷീണനെന്നോ പരീക്ഷണനെന്നോ പറയാം. ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായി അവനെ തൽക്കാലം  "ക്ഷീണൻ" എന്നു മാത്രം വിളിക്കുന്നതാവും ഉചിതം.

പ്രായം 22 വയസേ ഉള്ളൂവെങ്കിലും ഇക്കാലയളവിൽ തന്നെ അവൻ പല "വാചാ - എഴുത്ത് - കേൾവി "പരീക്ഷണങ്ങളിലൂടെ കടന്നു പോയി പരാജയം ഏറ്റുവാങ്ങിക്കഴിഞ്ഞു. ഇക്കാര്യത്തിൽ മാതാപിതാക്കൾ അവനെ കുറ്റം പറയുക എന്ന കടമ കൃത്യമായി നിറവേറ്റിയിരുന്നുവെങ്കിലും എവിടെയാണ് കുഴപ്പം എന്ന് അവനു മനസ്സിലായിരുന്നില്ല. അതിനാൽ അവൻ തൻ്റെ പ്രായത്തിനനുസരിച്ചുള്ള യുവ കേളികളിൽ ഏർപ്പെട്ട് തൻ്റെ നിരാശ മറക്കാൻ ശ്രമിച്ചുവന്നു.

അങ്ങനെയിരിക്കെയാണ് അവൻ ആ ടേണിങ് പോയിൻ്റിൽ എത്തുന്നത്. ഒരു മോട്ടിവേഷൻ ക്ലാസായിരുന്നു അത്. ആ ക്ലാസിൽ നിന്നാണ് തൻ്റെ പരാജയത്തിൻ്റെ കാരണങ്ങൾ അവനു മനസ്സിലായത്.

ക്ലാസ്സു കഴിഞ്ഞ് തൻ്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടിയ സന്തോഷത്തിൽ അവൻ വീട്ടിലെത്തി.അവനെ കണ്ടപാടെ അമ്മ അവനോട് പറഞ്ഞു: 

"എടാ നീ എഴുതിയ പി എസ് സി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വന്നെന്നു കേട്ടല്ലോടാ - "

"ഓ അത് വന്നിട്ട് എന്ത് കാര്യം? എൻറെ പഠിത്തത്തിലും ഭാവിയിലും ഒന്നും നിങ്ങൾക്കൊരു ശ്രദ്ധയും ഇല്ലല്ലോ "

"എന്താ നീ അങ്ങനെ പറഞ്ഞത്? ശ്രദ്ധ ഇല്ലാത്തതുകൊണ്ടാണോ 

നിന്ടെ പുറകെ നടന്ന് ഓരോന്ന് ചെയ്യാൻ പറയ്നത് " 

"നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ വെറുതെ പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ " 

"എന്ത് ചെയ്തില്ലെന്നാണ് നീ പറയുന്നത്?" 

"ആദ്യം മുതലേ ഒന്നും ചെയ്തിട്ടില്ല" 

"ആദ്യം മുതലോ?"

"അമ്മ എന്നെ ഗർഭം ധരിച്ചിരുന്ന പ്പോൾ മഹാൻമാരുടെ ജീവിതചരിത്രം വായിച്ചോ?ഏതെങ്കിലും മോട്ടിവേഷണൽ ബുക്ക് വായിച്ചോ?  അതെല്ലാം പോട്ടെ, അറ്റ്ലീസ്റ്റ് പിഎസ്സിയുടെ ഒരു ഗൈഡ് എങ്കിലും വായിച്ചോ? " 

"ഗർഭവും ഈ വായനയും തമ്മിൽ എന്തു ബന്ധം?" 

"ബന്ധമുണ്ട്. ഇന്ന് ഞാനൊരു മോട്ടിവേഷണൽ ക്ലാസിനു പോയിരുന്നു. അദ്ദേഹം പറഞ്ഞപ്പോഴാണ്ഇക്കാര്യങ്ങളൊക്കെ ഞാനും അറിയുന്നത്. " 

"എന്ത് കാര്യങ്ങൾ?" 

"ഗർഭിണിയായിരിക്കുമ്പോൾ അമ്മ മനസ്സിരുത്തി വായിക്കുന്ന കാര്യങ്ങൾ പലതും വയറ്റിലുള്ള കുഞ്ഞിനും പകർന്നു കിട്ടും. അമ്മ അന്ന് കുറെ ജനറൽ നോളെജ് ഒക്കെ വായിച്ചിരുന്നെങ്കി ആ അറിവ് എനിക്കും കിട്ടുമായിരുന്നു. അതിനുപകരം അപ്പോ - അച്ഛൻ കുറെ വഴക്കും അമ്മ കുറ്റം പറച്ചിലും ആയിരുന്നില്ലേ?" 

"അതൊക്കെ നീ കേട്ടോടാ മോനേ?" 

"പിന്നെ കേൾക്കാതെ." 

അമ്മ വരാന്തയിലിരുന്ന അച്ഛനെ വിളിച്ചു. 

"ദേ ഇതു വല്ലതും നിങ്ങള് കേക്കുന്നുണ്ടോ ?"

അച്ഛൻ അകത്തേക്ക് വന്നു 

"എന്താ?" 

"ഇവൻ പറയുന്ന കേട്ടോ. ഇവനെ ഗർഭം ധരിച്ചിരുന്നപ്പോ നമ്മൾ വഴക്ക് കൂടിയതും കുറ്റം പറഞ്ഞതുമൊക്കെ ഇവൻ കേട്ടെന്ന് "

"അത് - ഇപ്പഴും കേട്ടോണ്ടിരിക്കയല്ലേ?" 

"അതുകൊണ്ടാണ് അവന് പഠിത്തത്തിൽ മുമ്പിൽ എത്താൻ പറ്റാത്തത് എന്നാണവൻ പറയുന്നത് " 

"അതൊക്കെ അവൻ്റെ ഒരോ അടവല്ലേ _ പഠിക്കാതിരിക്കാൻ:" 

''ഒരു മോട്ടുമോശം സാറ് പറഞ്ഞു കൊടുത്തതാണെന്ന്." 

അപ്പോൾ മകൻ തുടർന്നു: 

''അതുമാത്രമല്ല എന്നെ സിസേറിയൻ ചെയ്തല്ലേ പുറത്തെടുത്തത്? സിസേറിയൻ ചെയ്ത്പുറത്തുവരുന്ന കുട്ടികൾ  അക്രമവാസന ഉള്ളവരാകും."

"അതെന്താ അങ്ങനെ?" 

"അവർ പുറത്തു വരുമ്പോൾ ആദ്യം കാണുന്നത് ഡോക്ടറുടെ കയ്യിലിരിക്കുന്ന കത്തിയാണ് " 

 "ങാ - ഹാ. അന്ന് ആ മറിയാമ്മാ ഡോക്ടറാണ് അവിടെ നിന്നത്. അവര് നിന്നെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയോടാ? അത് ഞങ്ങളാരും അറിഞ്ഞില്ലല്ലോ." 

"ഭീഷണിപ്പെടുത്തിയതല്ല. പക്ഷേ ഡോക്ടർ കത്തിയും വച്ചുകൊണ്ട് അല്ലേ നിൽക്കുന്നത്? അതുകൊണ്ടാണ്. " 

"അതിന് - നോർമൽ ഡെലിവറി ആണെങ്കി ഹാരവും ബൊക്കെയുമായിട്ടാണോ ഡോക്റ് നിക്കണത്? ആശുപത്രി ആകുമ്പോ ഇങ്ങനെയൊക്കെ തന്നെ. അല്ലാതെ പുറത്തു വരുന്ന കുഞ്ഞിന് കണികാണാൻ ആരും കണി ഒരുക്കിവെച്ച് നിൽക്കാറില്ലല്ലോ " 

"ഇതു തന്നെയാണ് പ്രശ്നം. കാര്യങ്ങൾ അറിയുകയുമില്ല,  വിവരമുള്ളവർ പറഞ്ഞാലതൊട്ടു വിശ്വസിക്കുകയുമില്ല." 

"വിവരമുള്ളവര് ആരും ഇങ്ങനെ പറയില്ല."

"വിശ്വാസമില്ലെങ്കിൽ നിങ്ങളും കൂടി വാ - ആ മോട്ടിവേഷൻ സാറിനെ കാണാം." 

അങ്ങനെ അടുത്ത ദിവസം തന്നെ  ക്ഷീണൻ മാതാപിതാക്കളുമായി മോട്ടിവേഷൻ സാറിൻറെ മുമ്പിലെത്തി. ക്ഷീണൻ തന്നെയാണ് തുടങ്ങിയത്.

"സാറേ ഞാൻ ഇന്നലെ സാറിൻറെ ഒരു ക്ലാസ് അറ്റൻഡ് ചെയ്തിരുന്നു. ആ കാര്യങ്ങൾ അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ ഇവർക്കു ചില സംശയങ്ങൾ. അതുകൊണ്ട് സാർ തന്നെ നേരിട്ട് അവർക്ക് പറഞ്ഞു കൊടുക്കണം" 

"അതിന് ഇവർക്ക് എന്നെ വിശ്വാസം ഉണ്ടോ ?"

"സാർ പറഞ്ഞാൽ വിശ്വാസമാവും"

"ശരി വിശ്വാസം ഉണ്ടോ എന്ന് ഞാൻ ഒന്നു ടെസ്റ്റ് ചെയ്യാം " 

സാറ് ഒരു ഗ്രന്ഥം മുമ്പിലേക്കു നീക്കി വച്ചിട്ട് പറഞ്ഞു:

"അച്ഛൻ നൂറിന് താഴെയുള്ള ഏതെങ്കിലും ഒരു അക്കം പറയൂ; 

അച്ഛൻ 30 എന്ന അക്കം പറഞ്ഞു.  സാറ് മുമ്പിലിരുന്ന ഗ്രന്ഥം മറിച്ച് മുപ്പതാമത്തെ പേജ് എടുത്തു. അതിലെ ആദ്യ വാക്ക് വായിച്ചു. 

"കാളി. ഈ പേരിന് താങ്കളുടെ പേരുമായി സാമ്യമുണ്ടെങ്കിൽ  താങ്കൾക്ക് എന്നെ വിശ്വാസമുണ്ട്."

"അയ്യോ യാതൊരു സാമ്യവുമില്ല .എൻറെ പേര് ഗോപാലൻ എന്നാണ്."

സാറ് ഒന്നാലോചിച്ചിട്ട് പറഞ്ഞു.

 "കാളി -ഗോപാലൻ .  സാമ്യം ഉണ്ടല്ലോ." 

"അതെങ്ങനെ?" 

"കാളി - കാളയുടെ സ്ത്രീലിംഗമാണ്. കാളയുടെ സ്ത്രീലിംഗത്തെ പശുവെന്നും പറയാം. പശുവെന്നാൽ ഗോവ്. ഗോവ് എന്നത് ഗോപാലൻ്റെ പകുതിയായി " 

"അപ്പോൾ ബാക്കി പകുതിയോ?" 

"പകുതി ശരിയാവാൻ ഉണ്ട്. " 

"എന്നുവച്ചാൽ?"

ക്ഷീണൻ പറഞ്ഞു കൊടുത്തു: "അച്ഛന് മനസ്സിലായില്ലേ? അച്ഛൻ ഇനിയും പാതി ശരിയാവാൻ ഉണ്ടെന്ന് " 

"ഇനി അമ്മ ഒരു അക്കം പറയൂ " 

അമ്മ 85 എന്ന അക്കം പറഞ്ഞു. സാറ് ഗ്രന്ഥം മറിച്ച് എൺപത്തിയഞ്ചാം പേജെടുത്ത് ആദ്യ വാക്ക് വായിച്ചു.

"നന്നഞ്ച്. ഈ വാക്കിന് അമ്മയുടെ പേരുമായി ബന്ധം ഉണ്ടോ ?"

 അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു: "ഒരു ബന്ധവുമില്ല. എൻറെ പേര് സുഭാഷിണി എന്നാണ്. "

"നന്നഞ്ച് -സുഭാഷിണി. ബന്ധം ഉണ്ടല്ലോ. നന്നഞ്ച് എന്നാൽ നല്ല നഞ്ച്. നല്ലത് എന്നാൽ സു..നഞ്ച് എന്നാൽ പാഷാണം. അപ്പോൾ നന്നഞ്ച്, സു -പാഷാണം. സ്ത്രീലിംഗമാവുമ്പോൾ സു-പാഷാണി എന്നു പറയും "

"അതിന് എൻറെ പേര് സു- പാഷാണി അല്ലല്ലോ. സുഭാഷിണിയല്ലേ?

"അത് - പാഷാണം കുറച്ചാ മതി. ഭാഷിണി ആയിക്കൊള്ളും." 

"എന്നുവച്ചാ- " ക്ഷീണൻ വിശദമാക്കി:

"അമ്മയ്ക്ക് മനസ്സിലായില്ലേ? കുറ്റം പറച്ചിലു നിർത്തി നല്ല കാര്യങ്ങള് പറഞ്ഞാ മതി, ശരിയായിക്കോളും എന്നാണ് സാറ് പറഞ്ഞത്. " 

പിന്നെ, സാറ് ഗൗരവം പൂണ്ടു.  

"ഓക്കെ. ഇനി കാര്യത്തിലേക്കു വരാം. എന്താണ് നിങ്ങൾക്ക് അറിയേണ്ടത് ?"

"ഇവൻ മൂന്നുതവണ എഴുതിയാണ് പ്ലസ് ടു പാസായത്.പിന്നീട് ഒന്നും പഠിക്കാൻ പോയതുമില്ല. ഞങ്ങളുടെ നിർബന്ധം കൊണ്ട് പി എസ് സി ടെസ്റ്റ് എഴുതുന്നുണ്ട്. പക്ഷേ റാങ്ക് ലിസ്റ്റിൽ ഒന്നും വരുന്നില്ല. ഇപ്പോ അവൻ പറയുന്നത് അതെല്ലാം ഞങ്ങളുടെ കുറ്റം കൊണ്ടാണെന്നാണ് " 

"അവൻ പറയുന്നതിൽ കുറെയൊക്കെ കാര്യമുണ്ട്. കുട്ടികൾക്ക് പഠിക്കാനും മാർക്ക് വാങ്ങാനും ഉള്ള സാഹചര്യം ഒരുക്കി കൊടുക്കേണ്ടത് മാതാപിതാക്കളാണ്." 

"ഞങ്ങള് ആവശ്യത്തിനുള്ള കാര്യങ്ങളൊക്കെ ചെയ്യാറുണ്ട് " 

"അതുമാത്രം പോരാ. കുട്ടിക്കാലം മുതൽ ശ്രദ്ധിക്കണം.കുഞ്ഞുങ്ങളെ എടുക്കുമ്പോൾ അമ്മമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവർ പച്ച സാരി, മഞ്ഞ സാരി, ചുവപ്പ് സാരി, ഇതിലേതെങ്കിലും ധരിച്ചു വേണം കുഞ്ഞുങ്ങളെ എടുക്കാൻ. "

 

അപ്പോൾ അമ്മയ്ക്കു സംശയം:

 

"ബാക്കി നാല് ദിവസം ഏതു സാരി ഉടുക്കും സർ? " 

 

"ഇതുതന്നെ മാറിമാറി ഉടുത്താൽ മതി. 

 

"ബ്ലൗസോ?"

 

"ഈ നിറങ്ങൾക്ക് മാച്ച് ആവുന്ന ബ്ലൗസുകൾ തന്നെ ധരിക്കണം." 

 

"കണ്ടോ - അമ്മ തോന്നുംപോലെ സാരി ഉടുത്തതു കൊണ്ടാണ് എൻറെ പഠിത്തമൊക്കെ പോയത്. ഇപ്പം മനസിലായോ?" ക്ഷീണൻ പരിതപിച്ചു.

അപ്പോൾ അച്ഛൻ ഇടപെട്ടു.

"എടാ പണ്ടു കഴിഞ്ഞ കാര്യം ഇനി പറഞ്ഞിട്ടു എന്തു ചെയ്യാൻ ? ഇനിയങ്ങോട്ട് പച്ചേം മഞ്ഞേം ചുവപ്പും സാരിയുടുത്തോണ്ട് നിന്നെയെടുത്തു പൊക്കണമെങ്കി പറ.ഞങ്ങളു രണ്ടു പേരും കൂടെ അതു ചെയ്യാം."

അപ്പോൾ സാറ് പറഞ്ഞു: "എന്നാൽ ഇനി ചെയ്യേണ്ട കാര്യങ്ങൾ പറയാം. മകന് രണ്ടാമത്തെ നിലയിൽ ഒരു മുറി ഒരുക്കിക്കൊടുക്കണം."

"അയ്യോ ഞങ്ങടെ വീട് ഒറ്റ നിലയിലാണ് സാറേ " 

"എന്നാൽ വീടിൻ്റ ടെറസിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി കൊടുത്താൽ മതി." 

"അതിൻറെ ഗുണം എന്താണ് സാർ ?"

"വീടിൻറെ മുകളിലത്തെ നിലയിലാണ് കൂടുതൽ ഓക്സിജൻ കിട്ടുന്നത്. താഴത്തെ നിലയിൽ കൂടുതൽ കാർബൺഡയോക്സൈഡ് ആണ്" 

അപ്പോൾ ക്ഷീണൻ പരാതി പറഞ്ഞു: "ഞാൻ ടെറസിൽ പോയിരുന്നു പഠിച്ചാൽ അച്ഛൻ നിർബന്ധിച്ച് താഴെയിറക്കും സാറേ - "

അച്ഛൻ അതിൻ്റെ കാരണം വെളിപ്പെടുത്തി: "അത് -അടുത്ത വീട്ടിൽ ഒരു കാർബൺഡയോക്സൈഡ് ഒണ്ട് സാറേ - "

"കാർബൺ ഡ ഓക്സൈഡോ ?"

"ങാ -താഴത്തെ നിലയിൽ. ഈ ഓക്സിജനും ആ കാർബൺഡയോക്സൈഡും തമ്മിൽ ചില കെമിക്കൽ റിയാക്ഷനൊക്കെയൊണ്ട്. അതുകൊണ്ടാ ഇവനെ താഴെയിറക്കിയത്." 

"പക്ഷേ ഓക്ലിജൻ ലഭ്യത ഉറപ്പു വരുത്തിയേ തീരൂ."

" വാങ്ങാൻ കിട്ടുമെങ്കിൽ ഒരു സിലിണ്ടർ വാങ്ങാം സാർ."

"അതു കൊണ്ടു കാര്യമില്ല..നാച്ചുറൽ ഓക്ലിജൻ പഠനത്തെ സഹായിക്കും. കാർബൺ ഡ ഓക്സൈഡ് തടസമുണ്ടാക്കും."

"ഓ - അങ്ങനെയാണോ?"

"ഓക്സിജൻ -O യും കാർബൺഡയോക്സൈഡ് CO യും ആണ്.അതായത് ഓ-യും കോ-യും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ഒരു കാര്യം ചോദിച്ചാൽ ഓ-എന്നു പറയുന്നത് അനുസരണയാണ്. കോ- എന്ന് പറയുന്നത് നിഷേധമാണ്. " 

"ഓക്സിജനെ വരുത്താൻ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ സാർ ?"

"വീട്ടിൽ ആൽമരം ഉണ്ടോ?" 

"ഒരു തൈ പൊടിച്ചു വന്നത് ഞാൻ പിഴുതു കളഞ്ഞു "

'അതെന്തിന് ?"

"അത് -നാണംകെട്ടവൻറെ ആസനത്തിൽ മുളയ്ക്കുന്ന മരമാണെന്ന് എവിടെയോ വായിച്ചു. " 

"അതൊരു പഴഞ്ചൊല്ലാണ്. നാണം കെട്ടവൻ്റ ആസനത്തിൽ ആല് മുളച്ചാൽ അതും ഒരു തണല് എന്നാണ്. " 

"ഓ അയാൾക്ക് ഗുണമുള്ള കാര്യമാണോ? ഞാൻ തെറ്റിദ്ധരിച്ചു. " 

"കുട്ടികളെ സംബന്ധിച്ച് ആൽ മരത്തിൻ്റെ പരിസരത്ത് ഇരുന്നു പഠിച്ചാൽ കൂടുതൽ ഓക്ലിജൻ കിട്ടും."

അപ്പോൾ മോൻ ഒരു പരിഭവം പറഞ്ഞു: "സാർ ഞാൻ പുസ്തകവുമായി അമ്പലക്കുളത്തിലെ ആൽമരച്ചുവട്ടിൽ പോയി ഇരിക്കുമായിരുന്നു. പക്ഷേ അച്ഛൻ അതും സമ്മതിക്കുന്നില്ല.

"അതെന്താ സമ്മതിക്കാത്തത്? മാർക്ക് കിട്ടാൻ വേണ്ടിയല്ലേ?" 

"മാർക്ക് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല സാർ. പക്ഷേ കുളിക്കാൻ വരുന്ന പെണ്ണുങ്ങളുടെ അടി കിട്ടിയാൽ അത് നാണക്കേടല്ലേ?'

''സ്ത്രീകളോട് പുരുഷന്മാർക്ക് ആകർഷണം ഉണ്ടാകുന്നത് സ്ത്രീകൾ നീല നിറത്തിലും പച്ചനിറത്തിലുമുള്ള വസ്ത്രം ധരിച്ചു വരുമ്പോഴാണ്. ". 

"കുളിക്കാനും നനയ്ക്കാനും വരുന്നവരോട് നീലേം പച്ചേം ഉടുത്തോണ്ടു വരരുതെന്ന് പറയാൻ പറ്റുവോ? അതിനെക്കാൾ നല്ലത് അടി കൊള്ളാതിരിക്കാൻ ഏതു നിറമാണ് നല്ലത് എന്ന് ഇവന് പറഞ്ഞു കൊടുക്കുന്നതായിരിക്കും."

"ചുവപ്പാണ് വികർഷണത്തിനു നല്ലത്. പക്ഷേ അടിക്കു നിറമില്ലാത്തതിനാൽ എപ്പോഴും വികർഷിക്കണമെന്നില്ല."

"അതു കൊണ്ടാണ് അമ്പലക്കുളം ഒഴിവാക്കാൻ ഞാൻ പറഞ്ഞത്. "

"ഓക്കെ. വേപ്പു മരമായാലും മതി."

"അത് ചെയ്യാം സാർ. പത്തോ ഇരുപതോ വേപ്പിൻ തൈ നാളെത്തന്നെ വാങ്ങാം. പത്തിരുപത് വേപ്പ് സോപ്പും വാങ്ങാം. അതിനിടയിൽ ഇരുന്ന് ഇവൻ പഠിക്കട്ടെ " 

"മകൻ ഏതു ദിശയിൽ തിരിഞ്ഞിരുന്നാണ് പഠിക്കുന്നത് ?"

"കിഴക്ക് ദിശ ഒഴിച്ച് വേറെ ഏതു ദിശയിൽ വേണമെങ്കിലും തിരിഞ്ഞിരിക്കാം "

"കിഴക്കിന് എന്താ കുഴപ്പം?" 

"കിഴക്കു വശത്താണ് അടുത്ത വീടിൻറെ ബാത്ത് റൂം വരുന്നത്. അങ്ങോട്ടു നോക്കിയിരുന്നാൽ അവൻറെ മാർക്കു കുറയുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് അങ്ങോട്ട് നോക്കരുതെന്ന് ഞാൻ പറഞ്ഞത്." 

"ഒരു പ്രധാന കാര്യം ഞാൻ പറയാം.ഹാർവാർഡ് യൂണിവേഴ്സിറ്റി ഒരു പഠനം നടത്തി. അവർ വൃത്താകൃതിയിൽ ഒരു കെട്ടിടം നിർമ്മിച്ചു. എന്നിട്ട് ഓരോ കുട്ടിയോടും ഓരോ ദിശയിൽ തിരിഞ്ഞിരുന്ന് പഠിക്കാൻ പറഞ്ഞു. തെക്കുവശത്ത് തിരിഞ്ഞിരുന്നു പഠിച്ച കുട്ടിക്ക് മാർക്ക് വളരെ കുറയുകയും കിഴക്കു ദിശയിലേക്ക് നോക്കിയിരുന്നു പഠിച്ച കുട്ടിക്ക് മാർക്ക് വളരെ കൂടുകയും ചെയ്തു. ഈ രഹസ്യം മനസ്സിലാക്കിയ യൂണിവേഴ്സിറ്റി അധികാരികൾ ആ കെട്ടിടം ഇടിച്ചുനിരത്തി ."

"അതെന്തിന് സാറേ?"

" കുട്ടികൾക്ക് കൂടുതൽ മാർക്ക് കിട്ടാൻ വേണ്ടി."

 

"അതിന്    പിള്ളേരുടെ കസേരകൾ ഒക്കെ കിഴക്ക് ദിശയിലേക്ക് തിരിച്ചു ഇട്ടാൽ പോരേ?"

 

"പോരാ .കെട്ടിടം തന്നെ കിഴക്ക് ദിശയിലേക്ക് നോക്കിയിരുന്നാൽ അതിനുള്ളിലിരിക്കുന്ന എല്ലാവർക്കും കൂടുതൽ മാർക്കു കിട്ടുമല്ലോ."

"സായിപ്പിൻ്റെ ബുദ്ധി അപാരം തന്നെ. വേണ്ടിവന്നാൽ അവര് അമേരിക്കയെ തന്നെ കിഴക്കോട്ട് തിരിച്ചു വയ്ക്കും അല്ലേ സാർ?"

"ഞാനൊരു എക്സാമ്പിൾ പറഞ്ഞെന്നേയുള്ളൂ."

"എന്തായാലും ഇവന് കിഴക്ക് നോക്കി പഠിക്കാനുള്ള സൗകര്യം മറ്റൊരു മുറിയിൽ ചെയ്തുകൊടുക്കാം സാർ." 

"പിന്നെ, പഠിക്കുന്ന മുറിയിൽ പ്രകൃതിമനോഹരമായ ദൃശ്യങ്ങൾ ഒട്ടിക്കണം."

വീണ്ടും മോൻ്റെ പരിഭവം:

"സാർ ഞാൻ മുറിയിൽ ഒരു കടലിൻ്റെ ചിത്രം ഒട്ടിച്ചിരുന്നത് അമ്മ വലിച്ച് കീറി കളഞ്ഞു " 

"കടല് മാത്രമല്ല അതിൻറെ തീരത്ത് മദാമ്മമാരും ഉണ്ടായിരുന്നു. അതുകൊണ്ടാണ് കീറിയത്." 

"പിന്നെ, ട്യൂബ് ലൈറ്റിനു കീഴിൽ ഇരുന്ന് വേണം പഠിക്കാൻ. പകലായാലും ലൈറ്റിട്ട് പഠിക്കണം."

"ആവശ്യമുള്ള ലൈറ്റൊക്കെ വാങ്ങിക്കൊടുക്കാം സാർ. രാത്രിയിലിടാൻ ഒരു ട്യൂബ് ലൈറ്റ്. പകലിടാൻ മറ്റൊന്ന്. ഇനി നടന്നു പഠിക്കണമെന്നുണ്ടെങ്കിൽ രണ്ട് ടോർച്ചും വാങ്ങിക്കൊടുക്കാം "

"പിന്നെ, ഇരുമ്പു കസേരയിൽ ഇരുന്നു പഠിക്കരുത്. വേഗം ചാർജ് തീരും."

" പുതിയ ചാർജർ വാങ്ങണോ സാർ? "

 "തടി കസേരയിൽ ഇരുന്നു  പഠിച്ചാ മതി. കാലുകൾ തറയിൽ തൊടരുത്." 

"ഇല്ല സാർ, മേശപ്പുറത്തു കയറ്റി വയ്ക്കാൻ പറയാം." .

"അതുവേണ്ട. ഒരു പലകയിൽ ചവിട്ടി ഇരുന്നാൽ മതി." 

" ങാ -പഴയ പലക വീട്ടിലൊണ്ട്. ഇനി, പരീക്ഷയ്ക്ക് പോവുമ്പോ  തറയിൽ ചവിട്ടാതെ പോകണമെന്നുണ്ടെങ്കിഒരു മെതിയടി വേണമെങ്കിലും ചെയ്യിക്കാം." 

"പഠിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഐസ്ക്രീം കൊടുക്കണം." 

"ഏത് ഫ്ളേവറാണ് സാർ കൂടുതൽ മാർക്ക് കിട്ടുന്നത് ?"

''എല്ലാം ഒരു പോലെ തന്നെ. പിന്നെ  പരീക്ഷ എഴുതാൻ പോകുമ്പോൾ മാർക്ക്  കൂടുതൽ കിട്ടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 
ഒന്ന് -ഒരു സ്പൂൺ തേൻ കഴിച്ചിട്ട് പോകാൻ പറയണം. പത്തു മാർക്ക് കൂടുതൽ കിട്ടും. 
രണ്ട് -ഒരു ഗ്ലാസ് പാലും വെള്ളവും കഴിപ്പിക്കണം. പത്തു മാർക്ക് കൂടുതൽ കിട്ടും. 
മൂന്ന് - രണ്ടു മത്തിച്ചാള അകത്താക്കണം"  

"വിഴുങ്ങണോ സാർ? " 

"വേണ്ട. കറിവച്ചു കൊടുത്താൽ മതി. പത്തു മാർക്ക് കൂടുതൽ കിട്ടും.
നാലാമതായി രണ്ട് ചോക്ലേറ്റ് കഴിപ്പിക്കണം. പത്തു മാർക്ക് കൂടുതൽ കിട്ടും.

വീണ്ടും ക്ഷീണൻ്റെ സങ്കടം: "സ്കൂളിപ്പഠിക്കുമ്പോ പല്ലിൽ പുഴു വരും എന്നു പറഞ്ഞ് ഇവരെന്നെ ചോക്ളേറ്റ് തിന്നാൽ സമ്മതിക്കൂലായിരുന്നു. അങ്ങനെയാണ് എൻ്റെ മാർക്ക് എല്ലാം പോയത്."

"ചോക്ളേറ്റീന്ന് പുഴു മാത്രമല്ല മാർക്കും വരും എന്ന് ഞങ്ങക്ക് അറിഞ്ഞൂടായിരുന്നു. അതു കൊണ്ടാ- " അച്ഛൻ ക്ഷീണനെ സമാധാനിപ്പിച്ചു.

സാറ് അടുത്ത നമ്പറിലേക്കു കടന്നു.

"അഞ്ചാമതായി ഒരു മുട്ട, ഓംലെറ്റ് അടിച്ചു കൊടുക്കണം. സിംഗിൾ മതി. പത്തുമാർക്ക് കിട്ടും " 

"ഡബിള് തന്നെ കൊടുക്കാം സാർ. മാർക്ക് ഇരുപത് കിട്ടിക്കോട്ടെ " 

"ആളിന് തടി കൂടുതലാണെങ്കിൽ മുട്ട പൊരിച്ചു കൊടുക്കരുത്.  പുഴുങ്ങി കൊടുക്കണം. എന്നാൽ മുട്ട ദഹിക്കുന്ന കൂട്ടത്തിൽ ആളിൻറെ തടിയും ദഹിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം വടക്ക് ദിശയിൽ നിന്നാകണം മുട്ട പുഴുങ്ങേണ്ടത്. " 

"സാറേ, മുട്ടയിടുന്നതിന് പ്രത്യേക ദിശയുണ്ടോ?"

"മുട്ടയിടുന്നത് താഴേക്ക് തന്നെയല്ലേ?" 

"അതല്ല. കോഴിക്കൂടിൻറെ ദിശയാണ് ചോദിച്ചത്." 

"അതിവിടെ ബാധകമല്ല. കുക്കുട ശാസ്ത്രം വേറെയാണ്." 

" ആറാമതായി പരീക്ഷയ്ക്ക് പോകുന്നതിനു മുമ്പ് ഒരു സ്പൂൺ മുലപ്പാൽ കുടിപ്പിക്കണം. "

"22 വയസ്സായ ഇവനോ? "

"എന്നാൽ 10 മാർക്ക് കൂടുതൽ കിട്ടും. "

"പക്ഷേ മുലപ്പാൽ എവിടുന്നു കിട്ടും?" 

"മുലയൂട്ടുന്നവരോട് ചോദിച്ചാൽ മതി, പി എസ് സി പരീക്ഷയുടെ ആവശ്യത്തിനാണ് എന്ന് പറഞ്ഞാൽ ആരും തരും. 

ഏഴാമതായി രണ്ടു സ്പൂൺ ചെറുപയർ കഴിപ്പിക്കണം." 

"ചെറുതാകണ്ട. വൻപയർ തന്നെ കൊടുക്കാം. വലിയ ചോദ്യങ്ങൾ വരുന്നെങ്കിലോ - "

"എട്ടാമതായി - പരീക്ഷാ ഹാളിലേക്ക് സഞ്ചരിക്കുമ്പോൾ തല കിഴക്ക് ദിശയിൽ ആയാൽ നന്ന്."

"അപ്പോൾ കിടത്തി കൊണ്ടു പോകണോ സാർ ?"

"അത് വാഹനസൗകര്യം പോലെ ചെയ്താ മതി."

"ഒമ്പതാമതായി ചെയ്യേണ്ടത് - "

"മതി സാർ. ഇപ്പോത്തന്നെ സാറു പറഞ്ഞതനുസരിച്ച് മാർക്ക് 100 കഴിഞ്ഞെന്നാണു തോന്നുന്നത്. ഇനി പറ്റുമെങ്കിൽ അവൻ കുറച്ചു പഠിച്ചിട്ടു കൂടി പോകട്ടെ. അങ്ങനെയും 10 മാർക്ക് കിട്ടണമല്ലോ"

"ഞാൻ പറയാനുള്ളതു പറഞ്ഞു. ബാക്കിയെല്ലാം നിങ്ങടെ ഇഷ്ടം."

അപ്പോൾ മോൻ മറ്റൊരു പ്രശ്നം അവതരിപ്പിച്ചു.

"സാറേ, അതുപോലെ അച്ഛനും അമ്മയും ദിവസവും വഴക്കാണ്. അതിനെന്താ ഒരു പരിഹാരം?" 

"ഭക്ഷണത്തിൽ ഇഞ്ചിയും മുളകും പോലെ എരിവുള്ളത് ഒന്നും കൊടുക്കാതിരിക്കുക. എന്നാൽ ദേഷ്യവും വാശിയും കുറയും. പകരം കപ്പയും ഉരുളകിഴങ്ങും പോലെയുള്ള കിഴങ്ങുവർഗ്ഗങ്ങൾ കൂടുതലായി കൊടുക്കുക. അപ്പോൾ അവർ തമ്മിൽ അകലം പാലിക്കും. കൂടാതെ ഓർമ്മശക്തി കുറയും." 

"ഓർമ്മശക്തി പണ്ടേയില്ല" 

"ഈ ഭക്ഷണ ക്രമം പാലിച്ചാൽ അവർ ഒന്നും ഓർക്കാതെ മിണ്ടാതെ കിടന്ന് ഉറങ്ങിക്കോളും."

അച്ഛൻ വീണ്ടും പഴയ വിഷയത്തിലേക്കു വന്നു.

"സാറേ, അതല്ല.. ഇവൻ്റെ കാര്യമാണ പ്രധാനം."

"ചെയ്യേണ്ട കാര്യങ്ങൾ ഞാൻ പറഞ്ഞല്ലോ."

"ങാ - സാറ് പറഞ്ഞതുപോലെ യൊക്കെ ചെയ്തു നോക്കാം. അടുത്ത പരീക്ഷയിൽ അവൻ റാങ്ക് ലിസ്റ്റിൽ വന്നാൽ ഭാഗ്യം."

അപ്പോൾ മോൻ ഉറപ്പിച്ചു പറഞ്ഞു: 

"ഈ സാറ് പറഞ്ഞാൽ പറഞ്ഞതാ. ആത്മാവിനെ കൊണ്ട് കേസുകൾ തെളിയിക്കുന്ന ആളാണ് '" 

"ഓ അങ്ങനെയാണോ? ആ ആത്മാവിനെ ഒന്ന് കാണാൻ പറ്റുമോ സാർ? 

"ഇന്നിവിടെ ഇല്ല." 

"എവിടെപ്പോയി?" 

"ഒരു ഓട്ടം പോയിരിക്കയാണ്. 

കൊല്ലത്ത് ഒരു കേസ് തെളിയിക്കാൻ. തിരിച്ചെത്താൻ വൈകുന്നേരമാകും." 

"ഞങ്ങൾക്ക് ഒരു ദിവസത്തേക്ക് കിട്ടിയാൽ ഉപകാരമായിരുന്നു. വാടക കൊടുക്കാം " 

"എന്തു കാര്യത്തിന്?" 

"പി എസ് സി പരീക്ഷയുടെ അന്ന് ആ ആത്മാവിനെ ഇവൻറെ കൂടെ വിട്ടാൽ റാങ്ക് ഉറപ്പാക്കാമല്ലോ." 

"ങാ -നോക്കട്ടെ, ഒഴിവുണ്ടെങ്കിൽ വിടാം ."

പോകാനായി എഴുന്നേറ്റുകൊണ്ട്  ക്ഷീണൻ സാറിന് നന്ദി പറഞ്ഞു: "ഇവിടെ വന്നതുകൊണ്ട് ഞങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം  കിട്ടി."

സാറ് അവിടം കൊണ്ട് നിർത്തിയില്ല. 

"ഉത്തരം ഫലിക്കണമെങ്കിൽ ഉത്തരവും ദക്ഷിണവും നേർരേഖയൽ വരണം."

"അതിനെന്തു ചെയ്യണം സാർ?"

"ഉത്തര ദിശയിൽ തിരിഞ്ഞു നിന്ന് ഈ ഗ്രന്ഥത്തിനകത്ത് ദക്ഷിണ വച്ചോളൂ. മൂന്നക്കമോ നാലക്കമോ ആകാം."

അച്ഛൻ ഒന്നു പരുങ്ങി: "ക്ഷമിക്കണം. മൂന്നക്കമേ കൈയിലുളളൂ."

"സാരമില്ല. അക്കങ്ങളുടെ എണ്ണം കൂടുമ്പോൾ ഫലപ്രാപ്തിയും കൂടും എന്നതാണ്  ശാസ്ത്രം."

സാറ് പറഞ്ഞ രീതിയിൽ അച്ഛൻ അഞ്ഞൂറിൻ്റെ ഒരു നോട്ട് ഗ്രന്ഥത്തിനുള്ളിലേക്ക് തള്ളിവച്ചു.

അപ്പോഴേക്കും ഉന്മേഷവാനായിക്കഴിഞ്ഞിരുന്ന ക്ഷീണൻ പൂർണ്ണ ഫലപ്രാപ്തിക്കായി നാലക്കവുമായി വീണ്ടും വരും എന്ന് ഉറപ്പു പറഞ്ഞിട്ടാണ് അവിടെ നിന്നും ഇറങ്ങിയത്.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ