(V. SURESAN)
ഡിപ്ലോമാറ്റിക് ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്തിനെപ്പറ്റിയുള്ള വാർത്തകൾ വന്നതിനുശേഷമാണ് സാധാരണക്കാർ അതുമായി ബന്ധപ്പെട്ട ചില പിടികിട്ടാപ്പേരുകൾ പ്രാധാന്യത്തോടെ നോക്കാൻ തുടങ്ങിയത്.
കോർപ്പറേഷനും കൗൺസിലറും മാത്രം പരിചയമുണ്ടായിരുന്നവർ കോൺസുലേറ്റ്, കൗൺസൽ ജനറൽ എന്നീ പേരുകളിലേക്ക് ചുഴിഞ്ഞു നോക്കി.
സത്യത്തിൽ നയതന്ത്ര പരിരക്ഷ ചിലർക്ക് രക്ഷപ്പെടാനുള്ള പഴുതാണോ എന്നും ചിലർ സന്ദേഹിച്ചു. ജനം അറ്റാഷെക്കു മുമ്പിൽ അറ്റൻഷനായി നിൽക്കാതെ ആ പദവിക്കു ചുറ്റും നടന്നു നിരീക്ഷിച്ചു. സാദാബാഗും ഡിപ്ലോമയും പലതു കണ്ടിട്ടുണ്ടെങ്കിലും ഡിപ്ളോമാറ്റിക് ബാഗേജ് ആദ്യമായാണ് സാദാ ജനം തുറന്നു കണ്ടത്. അകത്ത്പലരും പലതാണ് കണ്ടത്.
എന്നാൽ കസ്റ്റംസുകാർക്കും അവരുടെ ബന്ധുക്കൾക്കും ഈ പേരുകളിൽ വലിയ പുതുമയൊന്നും തോന്നേണ്ട കാര്യമില്ല. കസ്റ്റംസ് ഇൻസ്പെക്ടറായ പെരുമാളിൻറെ കാര്യവും അങ്ങനെതന്നെ.
കസ്റ്റംസും സ്റ്റേറ്റ് പോലീസും പോലെ പെരുമാളും ഭാര്യ സുലുമോളും തമ്മിൽ അത്ര ചേർച്ചയിലല്ല. പെരുമാളിന് പേരിൽ മാളുണ്ടെങ്കിലും മാളുകളോട് പണ്ടേ അലർജിയാണ്. എന്നാൽ ഭാര്യയുടെ കാര്യം അങ്ങനെയല്ല. സുലു മോൾക്ക് ലുലു മാളിൽ താമസമാക്കണം എന്നാണ് ആഗ്രഹം. അതിനാൽ രണ്ടു പേരും വാ തുറന്നാൽ വഴക്കാണ്. ഇപ്പോൾ അത്യാവശ്യ ആശയ വിനിമയത്തിനായി ഇടയിൽ മകൻ ജിനുവിനെ നിർത്തിയിരിക്കുന്നതിനാൽ മാളും മോളും തമ്മിൽ ഏറ്റുമുട്ടൽ ഒഴിവാകുന്നുണ്ട്.ഒരു ദ്വിഭാഷിയെപ്പോലെയുള്ള ഈ പണി ജിനുവിന് അത്ര താല്ലര്യമുള്ള കാര്യമല്ല. പക്ഷേ - മുതിർന്നവർ കാണിക്കുന്ന വിവരക്കേടുകൾ കുട്ടികളല്ലേ തിരുത്തേണ്ടത് - എന്നൊരു വരട്ടു തത്വം അവൻ്റെ അപ്പുപ്പൻ അവനെ പറഞ്ഞു പഠിപ്പിച്ചതിനാൽ അവൻ അനുസരിക്കുന്നു എന്നേയുള്ളൂ. എങ്കിലും എട്ടാം ക്ലാസിൽ പഠിക്കുന്ന അവൻ സൗകര്യം കിട്ടുമ്പോഴൊക്കെ എട്ടിൻ്റെ പണി മാൾക്കും മോൾക്കും ഇട്ടു കൊടുക്കാറുണ്ട്. അത് അപ്പുപ്പൻ അറിഞ്ഞാൽ -പണിയെടുത്തും പണി കിട്ടിയും ആളുകൾ നന്നാവാറുണ്ട് - എന്നൊരു വരട്ടു തത്വം അവൻ കാച്ചുകയും ചെയ്യും.
അന്ന് പെരുമാൾ ഡ്യൂട്ടി കഴിഞ്ഞ് ഒരു ബാഗും ആയാണ് വീട്ടിൽ വന്നത്. ബാഗ് അലമാരയുടെ മുകളിൽ വയ്ക്കുന്നതിനിടയിൽ അയാൾ മോനോടു പറഞ്ഞു:
"എടാ - ജിനൂ , ഇത് ഡിപ്ലോമാറ്റിക് ബാഗേജ് ആണ്. അതായത് നയതന്ത്ര പരിരക്ഷയുള്ള ബാഗേജ്. അതിനാൽ ആരും ഇതു തുറക്കരുത്, കേട്ടോ."
"ഞാൻ സ്കൂൾ ബാഗ് തന്നെ തുറന്നിട്ട് ദിവസങ്ങളായി പിന്നെയല്ലേ വേറെ ആരുടെയെങ്കിലും ബാഗ്.."
അവൻ പിറുപിറുത്തു.
"എന്താടാ?"
"ഞാൻ ഒന്നും തുറക്കുന്നില്ല എന്ന് പറഞ്ഞതാണ്."
"അവളോടും കൂടെ പറഞ്ഞേക്ക്.
"ഓ -"
പിന്നെ,അടുത്ത ദിവസം രാത്രിയാണ് പെരുമാൾ ആ ബാഗ് എടുക്കുന്നത്.ബാഗ് ആരോ തുറന്നിരിക്കുന്നു. അകത്തുണ്ടായിരുന്ന സാധനങ്ങളും കാണുന്നില്ല. അയാൾ മോനെ വിളിച്ചു:
"എടാ - ഈ നയതന്ത്ര ബാഗേജ് തുറക്കാൻ പാടില്ലെന്ന് പറഞ്ഞതല്ലേ?"
"ഞാനല്ല, അമ്മയാണ് തുറന്നത്. "
"എന്തിന്?"
"ഇവിടുത്തെ അറ്റാഷെ അമ്മയാണ്, അതുകൊണ്ട് അമ്മയ്ക്ക് തുറക്കാം എന്ന് പറഞ്ഞു തുറക്കുന്ന കണ്ടു."
"ഇതിനകത്തിരുന്ന ഡിപ്ലോമാറ്റിക് ഐറ്റംസ് എവിടെ?"
"ഡിപ്ലോമാറ്റ് വിസ്കി അല്ലേ? അതും അറ്റാഷെ എടുത്തുകൊണ്ടുപോയി."
"ആഹാ - അവൾ അറ്റാഷെ ആണെങ്കിൽ ഞാൻ കൗൺസൽ ജനറൽ ആണ്. ഞാൻ കാണിച്ചു കൊടുക്കാം." പെരുമാൾ അടുക്കളയിലേക്ക് പോയി.
അവിടെ വഴക്കു തുടങ്ങിയപ്പോൾ പ്രശ്നം പരിഹരിക്കാൻ എന്തുവേണമെന്ന് ജിനു ഒരു നിമിഷം ആലോചിച്ചു. നയതന്ത്ര പ്രശ്നമായതിനാൽ അംബാസഡറെ തന്നെ വിളിക്കാം. അവൻ ഫോണെടുത്ത് അപ്പൂപ്പനെ വിളിച്ചു.
"അപ്പുപ്പാ- ഇവിടെ അറ്റാഷെയും ജനറലും തമ്മിൽ അടി തുടങ്ങി. അപ്പൂപ്പൻ വേഗം വാ. അല്ലെങ്കിൽ കോൺസുലേറ്റ് അടയ്ക്കേണ്ടി വരും."
കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി അംബാസഡർ വന്ന് വളരെ പണിപ്പെട്ട്അന്നത്തെ പ്രശ്നം പരിഹരിച്ചു. അടുത്തദിവസം ക്രിക്കറ്റ് കളി കഴിഞ്ഞ് മോൻ വീട്ടിലെത്തിയപ്പോൾ പെരുമാൾ ഒരു കവറും കയ്യിൽ പിടിച്ചു നിൽക്കുകയാണ്.
"എടാ -നീ മൂന്ന് സബ്ജക്റ്റിനു തോറ്റു അല്ലേ?"
"ആരു പറഞ്ഞു?"
"ഇതാ നിൻറെ മാർക്ക് ലിസ്റ്റ് തപാലിൽ വന്നതാണ്. എല്ലാത്തിനും ജയിച്ചു എന്നല്ലേ നീ നേരത്തെ പറഞ്ഞിരുന്നത്. "
"എൻറെ പേരിൽ വന്ന കവർ പൊട്ടിക്കാൻ ആരുപറഞ്ഞു? വിദ്യാർഥികൾക്ക് ഇവിടെ നയതന്ത്രപരിരക്ഷ ഒന്നുമില്ലേ?"
അവൻ അച്ഛൻ്റെ കൈയിൽ നിന്നും സ്വന്തം കവർ പിടിച്ചെടുത്തു. ദേഷ്യത്തിൽ സ്വന്തം മുറിയിലേക്ക് പോകുന്നതിനിടയിൽ മകൻ ഇത്രയും കൂടി പറഞ്ഞു:
"അവരവർക്ക് നയതന്ത്ര പരിരക്ഷ വേണമെന്ന് പറയുന്നവർ അത് മറ്റുള്ളവർക്കും കൊടുക്കണം. അതാണ് നിയമം."
മുറിയുടെ വാതിൽ അവൻ വലിച്ചടച്ചു. വീട്ടിലെ നയതന്ത്ര പരിരക്ഷ പാളിപ്പോകുന്നതറിഞ്ഞ് പെരുമാൾ മിണ്ടാട്ടമില്ലാതെ നിന്നു.