(Satheesh Kumar)
ഗോപാലപിള്ളയുടെ ചായക്കടയുടെ പുറകിൽ സാമൂഹ്യ അകലം പാലിച്ചുകൊണ്ട്, പൊറോട്ട അടിയിൽ ബിരുദാനന്തര ബിരുദം കയ്യാളുന്ന കുരുവി പാപ്പച്ചൻ ചോര നീരാക്കി വിയർപ്പിന്റെ വിലയറിഞ്ഞ് അടിച്ച ലോക്ക്ഡൌൺ സ്‌പെഷ്യൽ പൊറോട്ട നിൽപ്പനായി സാമ്പാറും ഒഴിച്ചു ഒരു പിടുത്തം പിടിച്ചോണ്ട് നിന്നപ്പോഴാണ് വെരുക് വേലായുധനെ അവറാച്ചൻ മൊതലാളി കൂപ്പിടുന്നത്.
"വെരുകേ നീ വീട് വരെ ഒന്നു വരണം"
"എന്താ മൊതലാളീ വല്ല കരിന്തേക്കും മൂടോടെ മുറിക്കാനുണ്ടോ"
"അതൊക്കെയുണ്ട് നീ ഒന്ന് ഇവിടെ വരെ വാ വെരുകേ, ഒക്കെ നേരിട്ട് പറയാം"
അവറാച്ചൻ ഫോൺ കട്ടാക്കി.
മരം മുറിക്കൽ, ശിഖരങ്ങൾ കോതൽ, വിറക് വെട്ടൽ, വിറക് കീറൽ, കാട് വെട്ടൽ എന്നിങ്ങനെ വൃക്ഷങ്ങളെ സ്നേഹിക്കുന്ന സുന്ദർ ലാൽ ബഹുഗുണ കണ്ടാൽ മുന്നും പിന്നും നോക്കാതെ ചെവിക്കരണം അടിച്ചു പൊട്ടിക്കുന്ന പരിപാടികളാണ് വേലായുധന്റെ കുലത്തൊഴിൽ.
ദിവസവും മരം മുറിക്കാൻ കൊതിയുള്ള വേലായുധൻ പണിയില്ലാത്ത ദിവസങ്ങളിൽ കൈത്തരിപ്പ് തീർക്കാനായി കൈ വച്ചു കൈ വച്ച്, വീടിന്റെ ചുറ്റുപാടും സഹാറ മരുഭൂമി പോലെയായി. എന്തിനേറെ പറയുന്നു, വീട്ടിലെ കപ്പ ചെടികൾ പോലും മുകളിൽ ഒരു കുഞ്ഞനില വെച്ച് അഡ്ജസ്റ്റ് ചെയ്തു ജീവിക്കുകയാണ്.
ഒരു നാൾ പള്ളിപ്പറമ്പിൽ ടവർ പോലെ നിന്ന മഹാഗണി മരം ആർത്തിയോടെ മുറിച്ചുകൊണ്ടിരുന്ന സമയം, മരം മുറി അതിന്റെ ക്ലൈമാക്സ് ലേക്ക് അടുത്തപ്പോൾ തന്റെ മുന്നിലൂടെ കുന്തളിച്ചു ചാടിപ്പോയ കാട്ടു വെരുകിനെ പിടിക്കാൻ കൂടെ കുറ്റിക്കാട്ടിലേക്ക് ഉഗ്രൻ ഒരു ഹൈജമ്പ് ചാടി, കുറ്റിക്കാട്ടിനുള്ളിൽവെച്ച് നക്ഷത്രം എണ്ണി അനന്ത വിശാലതയിലേക്ക് നിർവാണ നിഷ്ക്കാലിതനായി നിന്ന വെരുകിനെ പിടിച്ചു തിരിച്ചു വന്നപ്പോൾ മന്ദമാരുതനേറ്റ് തളർന്ന് അവശനായി ഊപ്പാട് വന്ന മഹാഗണി ഇടതു പക്ഷത്തോ വലതു പക്ഷത്തോ പോകാതെ തികച്ചും സ്വതന്ത്രനായി പള്ളിമേടയിൽ ബോധരഹിതനായി നിലം പതിച്ചു. അന്ന് തലമണ്ടക്ക് വീണ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായി പോകാതെയിരിക്കാൻ മുൾ മുനക്ക് മരണ വെപ്രാളപ്പെട്ട് ഓടി, നൂറു മീറ്റർ ദൂരം വെറും നാലു സെക്കന്റുകൊണ്ടോടി ദേശീയ റിക്കോർഡ് ഇട്ട് രക്ഷപെട്ട ഇടവക അച്ഛനും കപ്യാരും
"അല്ല വേലായുധാ ഇതെന്നാ @%###%% പണിയാണ് നീയീ കാണിച്ചത്" എന്ന് ചോദിച്ചപ്പോൾ
"അച്ചോ വെട്ടിനിടയിൽ ഒരു വെരുക്" എന്ന് പറഞ്ഞു പ്ലാഞ്ചിയ ഒരു ചിരിയുമായി അന്ന് പള്ളിപ്പറമ്പിൽ നിന്ന് വെരുകിനെയും കൊണ്ട് പോയതിന് ശേഷമാണ് വേലായുധന് ഈ പേര് കിട്ടുന്നത്.
അവറാച്ചൻ മൊതലാളിയുടെ വിളിയിൽ ആവേശം പൂണ്ട് നിർദാക്ഷിണ്യം പൊറോട്ടയുടെ കഥ കഴിച്ച വെരുക്, തന്റെ കട്ട അസിസ്റ്റന്റ് പോസ്റ്റ് പൊറിഞ്ചുവിനെ വിളിച്ചു. മരം വെട്ടലിന്റെ ഏത് ടെൻഡർ കിട്ടിയാലും വെരുകിന്റെ കൂടെ കട്ടക്ക് നിൽക്കുന്ന വലം കൈയാണ് പൊറിഞ്ചു. സ്വതവേ സംസാരത്തിൽ അല്പം കൊത്തയുള്ള പൊറിഞ്ചു, പണ്ട് കോന്നി കൂപ്പിൽ തടി കയറ്റാൻ വന്ന പാണ്ടിലോറിക്ക് ബാക്ക് സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടയിൽ, പുറകിൽ വിരിഞ്ഞു നിൽക്കുന്ന വൈദ്യുതി പോസ്റ്റ് കണ്ടുകൊണ്ട് "പോത്തേ പോത്തേ പോത്തേ" എന്ന് അലറി വിളിക്കുകയും. ഡ്രൈവർ മയിൽ ദുരയ് അണ്ണൻ അത് "പോട്ടെ പോട്ടെ പോട്ടെ" എന്ന് കേൾക്കുകയും ചെയ്തു. പൊറിഞ്ചുവിന്റെ വാക്കുകളിൽ അമിത വിശ്വാസം കാണിച്ച മയിൽ ദുരയ് വണ്ടി പുറകോട്ട് എടുക്കുകയും KSEB യുടെ KN456 നമ്പർ വൈദ്യുതി പോസ്റ്റ് യാതൊരു മയവുമില്ലാതെ ഇടിച്ചിളക്കുകയും ചെയ്തു.
"അട പാപീ എന്നാടാ നീ ശൊല്ലിയത് നീ പോട്ടെ പോട്ടെ എന്നു താൻ പറഞ്ഞത്" എന്ന് വലിയ വായിൽ നിലവിളിച്ച മിസ്റ്റർ മയിലിനോട്,
"അണ്ണാ അവന് വന്നിട്ട്, സംസാരിക്കുമ്പോൾ കൊത്തയാണ്, അവൻ പോസ്റ്റേ പോസ്റ്റേ എന്നാണ് ശൊല്ലിയത് പക്ഷേ അണ്ണൻ കേട്ടപ്പോൾ അത് പോട്ടെ പോട്ടെ എന്ന് തോന്നിയതാ" എന്നു പറഞ്ഞ ക്ലീനർ കുഞ്ഞപ്പനെ ദയനീയമായി നോക്കിക്കളഞ്ഞു മയിൽ ദുരയ്.
അങ്ങനെയാണ് പൊറിഞ്ചു പോസ്റ്റാകുന്നത്. തന്റെ അഡ്മിന്റെ ഫോൺ വന്നതും പണി ആയുധങ്ങളുമായി ചാടിത്തുള്ളി പൊറിഞ്ചു അവറാന്റെ വീട്ടിലേക്ക് തിരിച്ചു. ലോക്ക് ഡൌൺ ആയതിനാൽ ഒന്ന് വളഞ്ഞു ചുറ്റി തോടും കണ്ടവും പാത്തിയും ചാടി രണ്ടാളും അവറാച്ചൻ മൊതലാളിയുടെ വീട്ടിൽ എത്തി.
"പറ മൊതലാളീ എന്താ കാര്യം"
ചന മൂത്തു പ്രസവിക്കാറായ നാടൻ പശുവിനെപ്പോലെ അക്ഷമാനായി നിൽക്കുന്ന അവറാച്ചനെ കണ്ട വെരുക് ചോദിച്ചു.
"വാ" എന്ന് പറഞ്ഞുകൊണ്ട് അവറാൻ വീടിന്റെ പുറകിലേക്ക് നടന്നു. വാഴത്തോപ്പും കഴിഞ്ഞു പുരയിടത്തിന്റെ മൂലക്ക് പറപ്പൻ ഒരു തേക്കിന്റെ മുന്നിൽ അവറാൻ നിന്നു. തേക്ക് കണ്ടതും വെരുകിന്റെ ഉള്ള് സേലം മാങ്ങാ കണ്ട ഗർഭിണിയെപ്പോലെ തുടിച്ചു. കുടുംബത്തിൽ പിറന്ന ഒരു തേക്ക് വെട്ടി കയ്യുടെ തരിപ്പൊന്നു മാറ്റിയിട്ട് മാസങ്ങളായി. "ഇന്ന് ഞാൻ പൊളിക്കും" വെരുക് മനസ്സിൽ കണക്കുകൂട്ടലുകൾക്ക് തിരി കൊളുത്തി. കൂടെ കട്ടക്ക് സഹായിക്കാൻ പൊറിഞ്ചുവിന്റെ മനസ്സ് വ്യഗ്രത പൂണ്ടു. വ്യഗ്രത കൂടിക്കൂടി വിമ്മിഷ്ടം അനുഭവപ്പെട്ട പൊറിഞ്ചു ഒരു ദിനേശ് ബീഡി എടുത്തു കത്തിച്ചു പുകയൂതി ക്കളിച്ച് ആത്മനിർവൃതി അടഞ്ഞു.
"വെരുകെ ദേ അപ്പുറത്തെ പ്രാക്കുളം ലോനച്ചന്റെ പറമ്പിലേക്ക് ചാഞ്ഞു നിൽക്കുന്ന മൊത്തം കൊമ്പുകളും മുറിച്ചു മാറ്റണം. അവന്റെ ഇത്തിരിപോന്ന ഒരു കോഴിക്കൂട് താഴെ ഉണ്ട്. അതിലാണെങ്കിൽ മുട്ടയിടീലിന്റെ ABCD അറിയാത്ത രണ്ട് ഊളക്കോഴികളും. അതിന്റെ മുകളിൽ കൊമ്പ് ഒടിഞ്ഞു വീഴും എന്നങ്ങു പരാതിയാണ് എന്നും. ഇന്നാണെങ്കിൽ ലോനച്ചൻ സ്ഥലത്തുമില്ല. നീയാ കോഴിക്കൂട് തകർക്കാതെ ആ കമ്പൊക്കെ ഒന്ന് മുറിച്ചു മാറ്റണം."
ഒറ്റ അക്കത്തിനു ഓണം ബമ്പർ നഷ്ടപ്പെട്ടവന്റെ മുഖം പോലെയായി വെരുകിന്റെ മുഖം. " മുതലാളി ഒരു ചെറ്റ ആണെന്നും, ഇമ്മാതിരി ചീളു കേസാരുന്നോ എന്നൊക്കെ പറയാൻ തോന്നിയെങ്കിലും വെരുക് കടിച്ചു പിടിച്ചു നിന്നു.
"നമുക്കൊരു ഉഗ്രൻ പന്തലങ്ങ് ഇട്ടാലോ മൊതലാളീ കോഴിക്കൂടിന്റെ മുകളിൽ " വെരുക് തന്റെ അതിനൂതനമായ ഒരു ഐഡിയ എടുത്തു പുറത്തിട്ടു.
"നീയെന്തു തേങ്ങയാടാ ഈ പറയുന്നത്. ഇവിടെന്താ കല്യാണമോ മറ്റോ ആണൊ പന്തൽ ഇടാൻ." എന്ന് ചോദിച്ചുകൊണ്ട് അവറാൻ വെരുകിനെ ഒന്ന് മേൽകീഴ് നോക്കി.
"ദേ മനുഷ്യനെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, നിങ്ങൾ എന്നാ വേണേലും വെട്ടിക്കോ എനിക്കൊരു കുഴപ്പവുമില്ല പക്ഷേ തേക്കിന്റെ താഴെ നിൽക്കുന്ന എന്റെ നാഗാ മിർച്ചിയുടെ തൈകൾ കളയരുത്."
മൂവരും ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി. പേപ്പട്ടി, പാമ്പ്, പഴുതാര ഇതു മൂന്നും കഴിഞ്ഞാൽ
അവറാച്ചൻ മൊതലാളിയുടെ ഉള്ളിൽ ഭയപ്പാട് ഉണ്ടാക്കാൻ കഴിവുള്ള ലോകത്തിലെ ഒരേയൊരാൾ. സ്വന്തം ഭാര്യ കല്ലുവെട്ടാം കുഴിയിൽ കൊച്ചമ്മിണി.
പച്ചമുളക്, പിരിയൻ മുളക്, പാണ്ടി മുളക്, കാന്താരി മുളക്, ഉണ്ട മുളക് തുടങ്ങി എല്ലാത്തരം മുളകുകളോടും അഗാധ പ്രേമം വെച്ചുപുലർത്തുന്ന കൊച്ചമ്മിണി.
"ആ കേട്ടല്ലോ ദേ താഴെ നിൽക്കുന്ന മുളക് തൈകൾക്ക് കുഴപ്പം ഉണ്ടാക്കാതെ വേണം വെട്ടാൻ. "അവറാച്ചൻ കൊച്ചമ്മിണിയെ നോക്കി ഒരു ഊളച്ചിരി പാസാക്കിക്കൊണ്ട് പറഞ്ഞു.
"വീട്ടിലേക്ക് ഒന്ന് വന്നേ മനുഷ്യനേ കഴിഞ്ഞ ദിവസം വെച്ച കാന്താരി കൊല്ലക്ക് ഒരു വാട്ടം നിങ്ങളൊന്നു നോക്കിക്കേ" എന്നും പറഞ്ഞു കൊച്ചമ്മിണി അവറാനേയും കൂട്ടിക്കൊണ്ട് വീട്ടിലേക്ക് പോയി.
"അപ്പുറത്ത് കോഴിക്കൂട്, ഇപ്പുറത്ത് മുളക് തൈകൾ. പരീക്ഷണം ആണല്ലോ രാവിലെ തന്നെ എന്റെ പാൽക്കുളങ്ങര ഭഗവതീ" എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് വെരുക് വേലായുധൻ പോസ്റ്റിനോട് കയർ എടുക്കാൻ പറഞ്ഞു.
"പൊറിഞ്ചു ഇനി ഒന്നും നോക്കേണ്ട തേക്കിൽ കേറി വടം മുകളിൽ കെട്ടി മറ്റേ അറ്റം മുറിക്കേണ്ട കൊമ്പിൽ കെട്ടിക്കോ. ഞാനൊന്ന് മുള്ളിയേച്ചും വരാം. രാവിലെ മുതൽ ഒരു ശങ്ക." എന്നു പറഞ്ഞു തൊട്ടപ്പുറത്തെ പൊന്തക്കാട്ടിൽ പോയി മോട്ടർ ഓണാക്കി ചേമ്പിലകൾക്ക് മുകളിൽ മൂത്രം ഒഴിച്ചു കോൾമയിർ കൊണ്ടു നിന്നു വെരുക് വേലായുധൻ.
കേൾക്കേണ്ട താമസം പൊറിഞ്ചു കയറുമായി തേക്കിൽ കയറി. ഈ സമയം SI മിന്നൽ സോമനും CPO പൂങ്കുളം പുഷ്പനും, സ്രാമ്പിക്കൽ സുമേഷും ലോക്ക്ഡൌൺ തെറ്റിച്ചു കറങ്ങിനടക്കുന്നവരെ പിടിക്കാൻ എന്ന പേരിൽ വാറ്റുകാരെ പിടിക്കാനായി ഡ്രോൺ പറത്തിക്കളിക്കുകയായിരിന്നു.
"സാറെ ഓടിവായോ ദേ ഒരുത്തൻ തൂങ്ങിച്ചാവാനായി കയറുമായി മരത്തിൽ കയറുന്നു" പൂങ്കുളം പുഷ്പൻ അലറി.
"എവിടെ, എന്റെ സ്റ്റേഷൻ അതിർത്തിക്കുള്ളിൽ ഈ മിന്നൽ ഇങ്ങനെ മിന്നിക്കൊണ്ട് ഹിമാലയ പർവതം പോലെ നിൽക്കുമ്പോൾ ഒരു തൂങ്ങി മരണം... ഇല്ല മിന്നൽ ഇത് അനുവദിക്കില്ല, പുഷ്പാ ലൊക്കേഷൻ പറ." മിന്നൽ സോമൻ അലറി.
"നമ്മുടെ അവറാച്ചൻ മൊതലാളിയുടെ വീടിനടുത്താണ്" പുഷ്പൻ പറഞ്ഞു.
"ഓക്കേ വേഗം വണ്ടി എടുത്തോ... പറപ്പിച്ചേരെ സുമേഷേ." എന്നലറിക്കൊണ്ട് മിന്നലും സംഘവും ജീപ്പിൽ അവറാച്ചന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.
ഈ സമയം പോസ്റ്റ് പൊറിഞ്ചു കയറിന്റെ ഒരറ്റം തേക്കിന്റെ മുകളിലെ കൊമ്പിൽ കെട്ടിയിട്ട് അഴിയാറായ ഉടുമുണ്ട് ഒന്ന് ഉടുക്കാൻ ശ്രെമിക്കുമ്പോഴാണ് ഉഗ്രൻ ഒരു അലർച്ച കേൾക്കുന്നത്.
"നോ... ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. വേണ്ട... വേണ്ട വേണ്ട. ഇറങ്ങെടാ താഴെ.
SI മിന്നൽ സോമനും പൂങ്കുളം പുഷ്പനും സുമേഷും സംഘം ചേർന്ന് അലറി. ആ പഞ്ചായത്ത് മൊത്തം കിടുങ്ങി.
ബാലൻസ് ചെയ്തു നിന്നുകൊണ്ട് മുൾമുനയിൽ ഉടുമുണ്ട് ഉടുക്കുകയായിരുന്ന പോസ്റ്റ് പൊറിഞ്ചു അലർച്ച കേട്ട് താഴേക്ക് ഒന്നേ നോക്കിയുള്ളൂ.
താഴെ മിന്നലും പരിവാരങ്ങളും. ഭയന്നുപോയ പൊറിഞ്ചു കൈലിയും കളഞ്ഞ് അണ്ടർ വിയറും ഇട്ടുകൊണ്ട് " എന്റെ കത്താവേ എന്ന് കൂവിക്കൊണ്ട് "താഴേക്ക് ഉഗ്രൻ ഒരു ചാട്ടം ചാടി. ഈ ബഹളം എല്ലാം കേട്ട് പകുതി വെച്ച് ഓഫായി പോയ മോട്ടറുമായി വെരുക് വേലായുധൻ അലറിക്കൊണ്ട് പാഞ്ഞു വന്നു. അണ്ടർ വിയറിൽ താഴേക്ക് ലാൻഡ് ചെയ്ത പൊറിഞ്ചു കൊച്ചമ്മിണിയുടെ അരുമകളായ നാഗാ മിർച് മുളക് തൈകളുടെ അത്യുന്നതങ്ങളിലാണ് വന്ന് വീണു വിശ്രമിച്ചത്.
"ങേ സംഘം ചേർന്ന് ആത്മഹത്യ ചെയ്യാൻ വന്നതാണോടാ @#####₹₹." മിന്നൽ അലറി.
"സാറെ പണി ഒന്ന് സ്വല്പം പാളിയെന്നു തോന്നുന്നു ദേ ഇവന്മാരുടെ പണി സാധനങ്ങൾ ഒക്കെ ഇവിടെ ഇരിക്കുന്നു. മരം വെട്ട് ആയിരുന്നു എന്ന് തോന്നുന്നു. സാർ ആ ട്യൂൺ ഒന്ന് മാറ്റിപ്പിടി. ലോക്ക്ഡൌൺ ലംഘനം ആക്കി മാറ്റ്. "CPO സുമേഷ് മിന്നലിനോട് ചേർന്നു നിന്നുകൊണ്ട് രഹസ്യമായി പറഞ്ഞു.
സിംല മിർച് തൈകൾക്ക് മുകളിൽ രാജകലയോടെ വിശ്രമിക്കുന്ന പൊറിഞ്ചുവിനെ വേലായുധൻ പിടിച്ചെഴുനേൽപ്പിച്ചു.
ബഹളം കേട്ട് അവറാച്ചൻ മുതലാളിയും കൊച്ചമ്മിണിയും പാഞ്ഞെത്തി.
"യ്യോ എന്റെ കർത്താവ് ഈശോ മിശിഹായെ എന്റെ അമ്മാച്ചന്റെ മോൻ സ്ലീവാചൻ നാഗാലാൻഡിൽ നിന്നു കൊണ്ടുവന്ന നാഗാ മിർച്ചി ആരുന്നേ. കാലമാടാ എന്തോ കാണിച്ചതാടാ." കൊച്ചമ്മിണി കരഞ്ഞു കൂവി
"ലോക്ക് ഡൌൺ ലംഘനം. അതും മിന്നലിന്റെ സ്റ്റേഷൻ അതിർത്തിക്കുള്ളിൽ" വീടിനു പുറത്തിറങ്ങരുത് എന്നു പറഞ്ഞിട്ട് ദേ എല്ലാം കൂടെ മാസ്ക് പോലുമില്ലാതെ ഇവിടെ എന്താ പരിപാടി. അവറാച്ചൻ മൊതലാളീ നിങ്ങളെപ്പോലെ സമൂഹത്തിൽ..." എന്ന് മിന്നൽ പറയുന്നതിനിടയിൽ
"സാറെ കൂടുതൽ ഇനി വിളമ്പിയാൽ പണി പാളും. ഇവന്മാരെ ഒന്ന് വിരട്ടിയിട്ട് വേഗം സ്ഥലം വിടാം. ദേ ആ അൻഡ്രയാറിൽ പൂന്തു വിളയാടി നിൽക്കുന്നവൻ വല്ലതും പറഞ്ഞാൽ നമ്മള് നാറും. വാ പോകാം " CPO സുമേഷ് മിന്നലിനോട് പറഞ്ഞു.
"ആ വേഗം വീട്ടിൽ പൊക്കോണം എല്ലാരും. അവറാച്ചൻ മൊതലാളി, ന്നാ പിന്നെ ഞങ്ങൾ അങ്ങോട്ട്. എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ വിളിക്കണം. ഇവന്മാരെ ഒക്കെ വേഗം പറഞ്ഞു വിടാൻ നോക്ക്." എന്നു പറഞ്ഞു കൊണ്ട് മിന്നലും പരിവാരങ്ങളും ജീപ്പിൽ കയറിപ്പോയി.
"ഇവിടെ ഇപ്പോൾ എന്താ സംഭവിച്ചത്" എന്നോർത്ത് അവറാച്ചൻ മൊതലാളി കിളിപോയപോലെ നിന്നു
"അല്ല നീയെന്തിനാ മരത്തിൽ നിന്ന് ചാടിയത്?" കൊച്ചമ്മിണി ചോദിച്ചു.
"നാൻ മതത്തിൽ കേതി കതർ കെത്താൻ" പൊറിഞ്ചു പറയാൻ തുടങ്ങിയതും വേലായുധൻ ചാടിക്കേറി പറഞ്ഞു.
"എന്റെ പൊന്ന് കൊച്ചമ്മേ ഇവൻ ദേ മരത്തിൽ കയറി കയർ കെട്ടുവാരുന്നു. അന്നേരമല്ലേ എല്ലാം കൂടെ അലറിക്കൊണ്ട് ചാടി വന്നത്. അങ്ങനത്തെ ഒരു അവസ്ഥയിൽ സാക്ഷാൽ ഹനുമാൻ സ്വാമി ആണേലും ഹൈജമ്പ് ചാടിക്കളയും. ഞാൻ പോലും പകുതി വെച്ചു നിർത്തിക്കളഞ്ഞു."
അപ്പോഴേക്കും പ്രാക്കുളം ലോനച്ചനും കുടുംബവും എത്തിച്ചേർന്നു.
"ഇതെന്താ മൊതലാളീ മരത്തിൽ ഒരു കൈലി കെട്ടി തൂക്കി ഇട്ടേക്കുന്നത് " ലോനച്ചൻ ചോദിച്ചു
അപ്പോഴാണ് പൊറിഞ്ചു താൻ അണ്ടർ വിയറിൽ ആണല്ലോ വിരിഞ്ഞു നിൽക്കുന്നത് എന്നുള്ള സത്യം ഓർക്കുന്നത്. ഒറ്റ ചാട്ടത്തിന് താഴേക്ക് ഊർന്നു കിടന്ന കൈലി എടുത്തുടുത്തു.
"എടാ സ്ലീവാചാ നിന്റെ കോഴിക്കൂടിന്റെ മുകളിലേക്കുള്ള കൊമ്പ് മുറിക്കാൻ വന്നതാ ഇവന്മാർ." അവറാച്ചൻ പറഞ്ഞു.
"അതിനെന്തിനാ കയറും വടവും ഒക്കെ?"
"അല്ലെടാ അത് കോഴിക്കൂടിന്റെ മുകളിൽ വീഴാതെ താഴെ കയർ കെട്ടി ഇറക്കേണ്ടേ "
"എന്റെ പൊന്നു മുതലാളീ ഇത്രേം ബുദ്ധി ഇല്ലാത്ത കുറച്ചു മരം വെട്ടുകാരെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അതെങ്ങനെയാ മഹാഗണി വീഴാൻ നേരം വെരുകിനെ പിടിക്കാൻ പോയ ടീമല്ലേ ഇതൊക്കെ.
വെരുകെ ഡാ പൊറിഞ്ചു രണ്ടും കൂടി ഇങ്ങോട്ട് വന്നേ നമുക്കാ കോഴിക്കൂട് അങ്ങോട്ട് എടുത്തു മാറ്റി ദൂരേക്ക് വെക്കാം പിന്നെ നിങ്ങളീ തേക്ക് മരം മൊത്തം വെട്ടി ഇട്ടാലും കുഴപ്പമില്ല." പ്രാക്കുളം ലോനച്ചൻ പറഞ്ഞു.
ആഹാ അതൊരു നല്ല ഐഡിയ ആണല്ലോ എന്നോർത്ത് എല്ലാവരും കൂടി കോഴിക്കൂട് പൊക്കാൻ പോയി.
അപ്പോഴും തന്റെ അരുമകളായ സിംല മിർച്ചി തൈകളുടെ കറന്റ് കണ്ടീഷൻ കണ്ട് വിഷാദ മൂകയായി അനന്തതയിൽ നോക്കി വികാരങ്ങളുടെ തള്ളിക്കയറ്റലിൽ സങ്കടം കടിച്ചമർത്താൻ പെടാപ്പാട് പെടുകയായിരിന്നു കല്ലുവെട്ടാം കുഴിയിൽ കൊച്ചമ്മിണി.