നിങ്ങൾ പല കോഴികളെ കുറിച്ചും നേരത്തെ കേട്ടിട്ടുണ്ടാകും എന്ന് എനിക്കറിയാം. പക്ഷേ ഈ കഥയിലെ കോഴി വേറെ ലെവലാണ് .അവൻ ആ പേരിന് അർഹനാകുന്നത് തന്നെ മലയാളത്തിലെ വ്യാകരണ നിയമപ്രകാരമാണ്. കോഴ വാങ്ങുന്നവൻ ആരോ അവൻ കോഴി.
അപ്രകാരം ബഹുവ്രീഹി സമാസനാണ് നമ്മുടെ കോഴി. കോഴ വാങ്ങുക എന്നത് ജന്മലക്ഷ്യം ആകയാൽ ലക്ഷ്യം നിറവേറാൻ ആയി സെയിൽസ് ടാക്സ് വകുപ്പിൽ കയറിക്കൂടി. ഇപ്പോൾ കോഴയുടെ അക്ഷയഖനിയായ ചെക്ക്പോസ്റ്റിൽ നിയമനം കൊത്തി എടുത്തിരിക്കുന്നു. ഈ കൊത്ത് കൊത്ത്താൻതുടങ്ങിയിട്ട് കാലം കുറെയായി എങ്കിലും ഇപ്പോഴേ കൊക്കിലൊതുങ്ങിള്ളൂ.
ഈ സുവർണ്ണവസരം ആറുമാസത്തേക്കേ ഉള്ളൂ. അതിനിടയിൽ ഒന്ന് കൊഴുത്തു തടിക്കണം. രാഷ്ട്രീയ കോഴികൾക്ക് കാഴ്ചവച്ചതിൻ്റെ നാലിരട്ടിയെങ്കിലും ആറുമാസംകൊണ്ട് വാങ്ങിയെടുക്കണം. കോഴി അങ്കത്തിന് തയ്യാറായി കഴിഞ്ഞു .
വാഹനങ്ങൾ മാത്രമല്ല പട്ടിയും പൂച്ചയും പോലും ചെക്ക്പോസ്റ്റിലൂടെ കടന്നുപോയാൽ കോഴക്ക് വകുപ്പുണ്ടോ എന്ന കോഴി അറഞ്ചം പൊറഞ്ചം പരിശോധിച്ചു. കിട്ടുന്നത് ചില്ലി കാശ് ആണെങ്കിലും വെറും ചില്ലി ആണെങ്കിലും അതൊക്കെ വാങ്ങി എടുത്തു. സ്ഥിരം വാഹനങ്ങളുടെ പടി വാങ്ങി ഏൽപ്പിക്കാൻ അടുത്തുള്ള തട്ടുകടക്കാരനെ ഏർപ്പാടാക്കി. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഷർട്ടിനടിയിൽ ബനിയൻ പോക്കറ്റ് വച്ചുപിടിപ്പിച്ചു. വിജിലൻസിനെ പറ്റിക്കാൻ അങ്ങനെ എന്തെല്ലാം ഏർപ്പാടുകൾ!
ഇപ്രകാരം കോഴി അമരവിള ചെക്ക്പോസ്റ്റിൽ സസുഖം വാണു വരവേയാണ് ഉപനായകനായ അന്തപ്പൻ്റെ വരവ്. വരവ് മാത്രമല്ല പോക്കും ഉണ്ട്. ഒരു പഴയ സൈക്കിളിലാണ് അന്തപ്പൻ്റെ യാത്ര. മിക്കവാറും ദിവസങ്ങളിൽ ഉച്ചയ്ക്ക് മുമ്പ് അയാൾ ചെക്ക്പോസ്റ്റ് കടന്ന് അങ്ങോട്ട് പോകും. ഉച്ചകഴിയുമ്പോൾ തിരിച്ചുവരുകയും ചെയ്യും. റിട്ടേൺ ട്രിപ്പിൽ കാരിയറിൽ ഒരു വലിയ കെട്ട് പുല്ല്, വൈക്കോല്, പ്ലാവിൻ കൊണ്ട, ഇവയിൽ ഏതെങ്കിലും ഉണ്ടാകും.
കോഴി ആദ്യം അയാളെ തടഞ്ഞപ്പോൾ തന്നെ അന്തപ്പൻ വിനയം വാരിവിതറി സ്വയം പരിചയപ്പെടുത്തി .
"സാറ് പുതിയ ആള് ആയതുകൊണ്ടാ അറിയാത്തത്. മുമ്പിരുന്ന സാറമ്മാർക്കൊക്കെ എന്ന് അറിയാമായിരുന്നു. ഞാനൊരു സാധുവാ സാറേ -
ആടുമാടുവളർത്തിയാണ് കുടുംബം കഴിയുന്നെ. ഒരു പശു രണ്ട് ആട് ,പിന്നെ എരുമ. ചെക്പോസ്റ്റിനപ്പുറം കുറച്ച് പുരയിടം ഉണ്ട്. അവിടന്ന് എന്നും മാട്ടിനൊള്ള തീറ്റ കൊണ്ടരും. അത്രേയുള്ളൂ. സാറിന് സംശയമുണ്ടെങ്കി ഈ കെട്ടൊക്കെ അഴിച്ചു കാണിക്കാം .കാണിക്കണോ സാറേ"
"വേണ്ട."
കോഴി വടികൊണ്ട് പുല്ലും വയ്ക്കോലും ഒക്കെ കുത്തി നോക്കുമായിരുന്നു. പക്ഷേ കുത്തു കൂലിയായി ഒന്നും തടയാത്ത തിനാൽ പിന്നെപ്പിന്നെ പരിശോധനയില്ലാതെ തന്നെ അന്തപ്പൻ സൈക്കിൾ സവാരി തുടർന്നു. എങ്കിലും നോക്കുകൂലി പോലെ ഇടയ്ക്ക് അന്തപ്പൻ കട്ടിത്തൈരും നെയ്യും ഒക്കെ കുപ്പിയിലാക്കി കോഴിക്ക് കൊണ്ട് കൊടുക്കുമായിരുന്നു.
"വീട്ടിൽ ഉണ്ടാക്കുന്നതാ സാറേ. മായമില്ല. സാറ് പിള്ളേർക്ക് കൊണ്ടുകൊടുക്ക്."
ആ കുപ്പികൾ കിട്ടിത്തുടങ്ങിയതോടെ കോഴി ഏതാണ്ട് കുപ്പിയിലായി എന്നു പറയാം.
ഇനിയാണ് കഥയിലെ ട്വിസ്റ്റ്. ഒരു ദിനം കോഴി ഒരു ബന്ധുവിൻ്റെ മരണത്തിനു പോയതാണ്, കളിയിക്കാവിളയിൽ. ജംഗ്ഷനിൽ നിന്നപ്പോൾ അതാ ഒരു കടയിൽ നിന്ന് അന്തപ്പൻ കവർ പാലും വാങ്ങി പോകുന്നു. സംശയംതോന്നിയ കോഴി സാവധാനം കടയിലേക്ക് നീങ്ങി .
ആദ്യം ഒരു നാരങ്ങാവെള്ളം പറഞ്ഞു .പിന്നെ വിഷയത്തിലേക്ക് കടന്നു .
"ഇപ്പോൾ പാലും വാങ്ങി പോയത് അന്തപ്പനല്ലേ ?"
"ങാ -അന്തപ്പൻ തന്നെ ."
"ആ പേര് ഇവിടെ എല്ലാർക്കും അറിയില്ല ."
"അയാൾക്ക് വേറെ പേരുണ്ടോ ?"
"ഊളൻ എന്നാണ് അയാളുടെ ഇരട്ടപ്പേര്. സാറിന് അയാളെ അറിയാമോ ?"
"ങാ -ചെറിയ പരിചയമുണ്ട്. വലിയ അടുപ്പമില്ല ."
"അടുക്കാതിക്കുന്നതാണ് നല്ലത്. എനിക്കെതിരെ പോലീസിൽ കള്ള പരാതി കൊടുത്തവനാണ്. അസ്സൽ ഊളൻ്റെ സ്വഭാവം തന്നെ."
"അയാൾക്ക് ആടുമാടുവളർത്തൽ ഒക്കെ ആയിരുന്നില്ലേ ?"
"ഏയ് അങ്ങനെയൊന്നുമില്ല. അതുകൊണ്ടല്ലേ കവർ പാലു വാങ്ങാൻ വരുന്നത്."
"പിന്നെ എന്താ ജോലി ?"
"ആളുകൾ പലതും ഒക്കെ പറയുന്നുണ്ട്. പക്ഷേ നമ്മള് കണ്ണുകൊണ്ട് കാണാത്ത കാര്യങ്ങളൊന്നും ഞാൻ പറയാറില്ല ."
"ആളുകൾ എന്താ പറയുന്നത്?"
അയാൾ ചുറ്റും നോക്കിയശേഷം ശബ്ദംതാഴ്ത്തി.
"അവന് സൈക്കിൾ കടത്താണ് ജോലിയെന്നാണ്ചിലരൊക്കെ പറയുന്നത്. അങ്ങോട്ട് പോകുന്ന സൈക്കിൾ അല്ല തിരിച്ചു വരുന്നത്. സൈക്കിളിൽ ചില ഭാഗങ്ങളൊക്കെ സ്വർണ്ണവും വെള്ളിയും ഒക്കെ ആകും എന്നാ കേൾക്കുന്നത്. അടുത്തകാലത്ത് തമിഴ്നാട്ടിൽ റബ്ബർ എസ്റ്റേറ്റ് വാങ്ങി എന്നും ചിലര് പറയുന്നു ."
കടക്കാരൻ പറഞ്ഞത് കേട്ട് കോഴിയുടെ ഉള്ളിൽ ഒരു ഏങ്ങൽ ഉയർന്നുപൊങ്ങി. ഷർട്ടിനുള്ളിൽ ബനിയൻ പോക്കറ്റിൻ്റെ ഭാഗത്തുനിന്നായിരുന്നു ആ ഏങ്ങലിൻ്റെ ഉത്ഭവം. മേൽപ്പടി എങ്ങലിനെ അടക്കിനിർത്താനായി കോഴി രണ്ടു പഴവും ഒരു നാരങ്ങാവെള്ളവും വേഗം അകത്താക്കി.തുടർന്ന് പഴത്തൊലി കഴിക്കാനെത്തിയ തെരുവു കാളയെ സാക്ഷിനിർത്തി കോഴി മൂന്നു നാൾക്കകം ഊളനെ പിടിക്കുമെന്ന് പ്രതിജ്ഞയെടുത്തു .ഇതു കേട്ടിട്ടെന്നോണം ഊളൻ തൻ്റെ വീട്ടിലിരുന്ന് നിർത്താതെ തുമ്മാൻ തുടങ്ങി .
(ഒരു പഴയ ഫലിതത്തിനോട് കടപ്പാട് )