mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 maveli and thief

V Suresan

ഓണക്കാലമാണ്. പാതാളത്തിൽ നിന്ന് മഹാബലി ഭൂമിയിലെത്തി. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം  വെളുപ്പിന് രണ്ടു മണിക്കാണ് അദ്ദേഹത്തിൻറെ ലാൻഡിംഗ്.

തെരുവും വഴികളും വിജനം. അതാ -ഒരു ആൽത്തറ കാണുന്നു. അദ്ദേഹം നടന്നു ആൽത്തറയിൽ പോയി ഇരുന്നു.ആ സമയത്താണ് കള്ളൻ വലിയുണ്ണി അതുവഴി വരുന്നത് .

തൻ്റെ ജോലിസംബന്ധമായ  യാത്രയാണ്. ഉണ്ണി എന്നാണ് പേര്. അവന് കലശലായ വലിവിൻറെ അസുഖം ഉണ്ട് .അതുകൊണ്ടാണ് വലിവുണ്ണി, വലിയുണ്ണി, വല്യുണ്ണി എന്നൊക്കെ ആളുകൾ സൗകര്യപൂർവ്വം വിളിക്കുന്നത്. മോഷണത്തിനു പോയപ്പോൾ അവിടെവച്ച് വലിവുവന്ന്പിടിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട് .

ആൽത്തറയിൽ ആരോ ഇരിക്കുന്നത് കണ്ട് വലിയുണ്ണി സംശയിച്ചു നിന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ ഈ നാട്ടുകാരനല്ലെന്ന് മനസ്സിലായി. വേഷഭൂഷാദികളുടെ പ്രത്യേകത കണ്ടപ്പോൾ വിലപിടിപ്പുള്ള എന്തെങ്കിലും തടഞ്ഞാലോ എന്നുകരുതി അയാൾ ആ രൂപത്തിന് സമീപമെത്തി.

മഹാബലി വലിയുണ്ണിയെ നോക്കി പുഞ്ചിരിച്ചു. ആ പരിചയഭാവം കണ്ട് വലിയുണ്ണി ചോദിച്ചു :

“ആരാ? മനസ്സിലായില്ല “

“നോം മഹാബലി “

ആഭരണങ്ങളിൽ സൂക്ഷിച്ചു നോക്കിക്കൊണ്ട് വലിയുണ്ണി ചോദിച്ചു :

“ഒറിജിനലോ? അതോ വേഷം കെട്ടിയതോ?“

“സംശയിക്കേണ്ട, നോം യഥാർത്ഥ മഹാബലി തന്നെ “

“ഓണത്തിന് മഹാബലി വരും എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ഇതുവരെ കണ്ടിട്ടില്ല “

“നമ്മെ കണ്ടിട്ട് വിശ്വാസമായില്ല എന്നു തോന്നുന്നു. എന്നാൽ നാം വിശ്വസിപ്പിക്കാം.ഇതാ കണ്ടോളൂ” 

 മഹാബലി തൻറെ സമീപത്ത് തറയിൽ കിടന്ന ഒരു കൊച്ചു കല്ലിൽ ചൂണ്ടുവിരൽ കൊണ്ട് സ്പർശിച്ചു .അതിശയം! പെട്ടെന്ന് ആ കല്ല് സ്വർണ്ണക്കല്ലായി മാറി. അതു കണ്ട് വലിയുണ്ണിയുടെ കണ്ണുതള്ളിപ്പോയി. 

"ഇത് എൻറെ സമ്മാനമായി വച്ചോളൂ "

മഹാബലി ആ കല്ലെടുത്ത് അയാൾക്കു നേരെ എറിഞ്ഞു കൊടുത്തു. വലിയുണ്ണി അത് ചാടി പ്പിടിച്ചു .അതിനെ കൈവെള്ളയിലിട്ട് തിരിച്ചും മറിച്ചും നോക്കി. ശരിക്കും സ്വർണം തന്നെ. 

“തമ്പുരാനേ -എനിക്കിപ്പോൾ അങ്ങയെ വിശ്വാസമായി… പക്ഷേ ഒരു സങ്കടം പറയാനുണ്ട്..  ഈ വലിവും അസുഖങ്ങളും ഒക്കെയായി പഴയതുപോലെ തൊഴിലെടുത്തു ജീവിക്കാൻ വയ്യെന്നായിരിക്കുന്നു. എന്നാൽ എന്നെ ആശ്രയിച്ച് ഒരു വലിയ കുടുംബം നോക്കി ഇരിക്കുന്നുമുണ്ട്. അതിനാൽ ഈ കൊച്ചു കല്ലുകൊണ്ട് എത്രകാലം ജീവിക്കാൻ കഴിയും? അതിനാൽ എനിക്ക് കുറെക്കൂടി വലിയ ഒരു കല്ലു തരാൻ ദയവുണ്ടാകണം” 

“ഓ അത്യാഗ്രഹി ആണല്ലേ?.. ങാ - പോട്ടെ, ഒന്നുകൂടി തരാം “

മഹാബലി അരികിൽ കിടന്ന കുറച്ചുകൂടി വലിയ ഒരു കല്ലിൽ തൻറെ ചൂണ്ടുവിരൽ കൊണ്ട് സ്പർശിച്ചു. സ്വർണ്ണക്കല്ലായി മാറിയ അതിനെയും എടുത്ത് വലിയുണ്ണിയുടെ നേരെ എറിഞ്ഞുകൊടുത്തു. അയാൾ അതും വാങ്ങി മഹാബലിയെ തൊഴുത് മുന്നോട്ടു നടന്നു. 

കുറച്ചു ദൂരം നടന്നതേയുള്ളൂ,പിന്നെ എന്തോ ആലോചിച്ചു നിന്നു. 

അപ്പോൾ അയാളുടെ ചിന്ത മഹാബലിയുടെ ചൂണ്ടുവിരലിനെക്കുറിച്ച് ആയിരുന്നു. ആ വിരൽകൊണ്ട് എന്തിനെ തൊട്ടാലും സ്വർണ്ണം ആയി മാറും എന്നുണ്ടെങ്കിൽ ആ വിരൽ കിട്ടിയാൽ എനിക്ക് ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികൻ ആയി മാറാമല്ലോ.

ആ ചിന്തയോടെ അയാൾ ഇരുളിൽ മറഞ്ഞു. പിന്നെ, പതുങ്ങിപ്പതുങ്ങി ആൽത്തറയുടെ മറുഭാഗത്ത് എത്തി .തോളിൽ കിടന്ന തോർത്ത് അയാൾ കയ്യിൽ പിടിച്ചിട്ടുണ്ട്. പുറകിലൂടെ വന്ന് മഹാബലിയുടെ കഴുത്തിൽ കുരുക്കിടുക എന്നതായിരുന്നു അയാളുടെ ഉദ്ദേശം. 

അതിനായി ശബ്ദമുണ്ടാക്കാതെ അയാൾ മാഹാബലിയുടെ പിന്നിലെത്തി. അയാളുടെ കൈ അദ്ദേഹത്തിൻ്റെ കഴുത്തിലേക്ക് നീണ്ടപ്പോൾ അദ്ദേഹം പെട്ടെന്ന് തൻറെ കൈകൊണ്ട് തടഞ്ഞു. മാഹാബലിയുടെ ചൂണ്ടുവിരൽ വലിയുണ്ണിയുടെ ശരീരത്തിൽ സ്പർശിച്ചതും മറ്റൊരു അത്ഭുതം സംഭവിച്ചു .

വല്യുണ്ണി ഒരു സ്വർണ്ണ പ്രതിമയായി മാറി .കൈകളിൽ പൊന്നാട പിടിച്ചു നിൽക്കുന്ന ഒരു സ്വർണ്ണ പ്രതിമ.

"ഈ ആർത്തിപ്പണ്ടാരം പ്രതിമയായിത്തന്നെ നിൽക്കട്ടെ" എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് മഹാബലി എണീറ്റ് നടന്നു.

പിറ്റേന്ന് രാവിലെ പാൽക്കാരൻ മോഹനൻ പറഞ്ഞാണ്  പ്രതിമയുടെ കാര്യം മറ്റുള്ളവർ അറിഞ്ഞത്. നേരം വെളുത്തപ്പോൾ തന്നെ ആൽത്തറയിൽ ആളുകൂടി.

പ്രതിമയ്ക്ക് വലിയുണ്ണിയുടെ മുഖച്ഛായ കണ്ട് ചിലർ വലിയുണ്ണിയുടെ വീട്ടിലേക്ക് പോയി .

ഇന്നലെ രാത്രി വീട്ടിൽ നിന്ന് പോയ വല്യുണ്ണി ഇതുവരെ തിരികെ വന്നിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ഭാര്യ മാലതി ഓടി ആൽത്തറയിൽ എത്തി.

പ്രതിമ തൻറെ ഭർത്താവ് തന്നെയാണെന്ന് അടയാള സഹിതം തിരിച്ചറിഞ്ഞ മാലതി അലമുറയിടാൻ തുടങ്ങി. പിന്നെ,പ്രതിമ സ്വർണമാണെന്ന് തിരിച്ചറിഞ്ഞതോടെ നിലവിളി നിർത്തി ഭർത്താവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ നിർബന്ധം പിടിച്ചു. 

പക്ഷേ മറ്റുള്ളവർ അതിനനുവദിച്ചില്ല. നാട്ടിലെ പ്രമുഖർ എത്തട്ടെ. അതിനു ശേഷം മതി തീരുമാനം.


ഇപ്പോൾ വർഷം മൂന്ന് കഴിഞ്ഞിരിക്കുന്നു. ആൽത്തറയ്ക്കു സമീപം പുതിയൊരു ആരാധനാലയം ഉയർന്നുകഴിഞ്ഞു. 

വില്യുണ്ണിയുടെ ആ സ്വർണ്ണ പ്രതിമയാണ് പ്രതിഷ്ഠ. എല്ലാ മതസ്ഥർക്കും പ്രവേശനമുണ്ട്. ഭക്തജനങ്ങൾ ആ മൂർത്തിയെ ആദരപൂർവ്വം വല്യുണ്ണിയപ്പൻ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങി. വല്യുണ്ണിയുടെ ഭാര്യ, മാലതിക്കും ഗുണമുണ്ടായി. വല്യുണ്ണിയപ്പൻ ട്രസ്റ്റ് തന്നെ മാലതിക്ക് പുതിയ വീടുവച്ചു നൽകുകയും ആരാധനാലയത്തിൽ സ്ഥിരം ജോലി നൽകുകയും ചെയ്തു. അതുമാത്രമല്ല വെള്ളിയാഴ്ച ദിവസങ്ങളിൽ വല്യുണ്ണിയപ്പൻ മാലതിയുടെ ശരീരത്തിൽ പ്രവേശിച്ചു സംസാരിക്കാറുണ്ട് എന്നും കേൾക്കുന്നു.

ഇപ്പോൾ വല്യുണ്ണിയപ്പനെ കുറിച്ചു ചോദിച്ചാൽ നാട്ടുകാർ വാചാലരാകും. പാൽക്കാരൻ മോഹനൻ പറയുന്നത് കേൾക്കാം: 

“മുമ്പ് അതിരാവിലെയും വൈകുന്നേരങ്ങളിലും  ഞാൻ വല്യുണ്ണിയെ ആൽത്തറയിൽ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹം കണ്ണുകളടച്ച് കിടക്കുകയോ അകലെ ദൃഷ്ടികൾ ഊന്നി ഇരിക്കുകയോ ആണ് ചെയ്യാറ്. അപ്പോഴേ എനിക്ക് ആ മുഖത്ത് ധ്യാനനിരതമായ ശാന്തി വായിച്ചെടുക്കാൻ കഴിയുമായിരുന്നു. അതിനാൽ അദ്ദേഹം വല്യുണ്ണിയപ്പനായതിൽ എനിക്ക് യാതൊരു അത്ഭുതവും തോന്നുന്നില്ല.” 

ജോത്സ്യൻ പ്രഭാകരൻ പറയുന്നത് ഇങ്ങനെയാണ്: 

“ഞാൻ അദ്ദേഹത്തിൻറെ ജാതകം ഒന്നുകൂടി പരിശോധിച്ചു. അദ്ദേഹം ലോകത്തിന് വഴികാട്ടി ആകുമെന്നും പല അത്ഭുതങ്ങൾക്കും കാരണമാകുമെന്നും ചില സൂചനകൾ അതിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. അതുതന്നെയാണ് ഈ സംഭവിച്ചുകൊണ്ടിരിക്കുന്നത്. "

സ്ഥലത്തെ നിയമപാലകൻ്റെ വാക്കുകൾ ഇങ്ങനെയാണ്:

“വല്യുണ്ണിയദ്ദേത്തെ പല മോഷണക്കേസുകളിലും  ഞാൻ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേത്തിൻറെ ഭക്തിമാർഗ്ഗം എനിക്ക് ബോധ്യപ്പെട്ട ഒരു സംഭവം പറയാം. പതിവില്ലാതെ ഒരു വിഗ്രഹമോഷണക്കേസിൽ അദ്ദേത്തെ ചോദ്യം ചെയ്യേണ്ടി വന്നു.

നീ സാധാരണ, ദൈവങ്ങളെ കൈ വയ്ക്കുന്ന ആളല്ലല്ലോ. ഇപ്പോൾ എന്തുപറ്റി?എന്ന് ഞാൻ ചോദിച്ചപ്പോൾ വയസ്സും പ്രായവും ഒക്കെ കൂടി വരികയല്ലേ യേമാനേ. ഇനിയൽപ്പം ഭക്തിയൊക്കെ ആകാം എന്ന് കരുതി എന്നാണ് അദ്ദേം മറുപടി പറഞ്ഞത്. അപ്പോഴേ ദൈവത്തിങ്കൽ ലയിക്കാനുള്ള ഒരു ത്വര ആ വാക്കുകളിൽ അന്തർലീനമായി കിടപ്പുണ്ടായിരുന്നു."

ഗ്രാമമുഖ്യൻ്റ വാക്കുകൾ ഇങ്ങനെയാണ് :

“ഈ രീതിയിൽ ജനകീയമായ ഒരു പ്രതിഷ്ഠ ലോകത്ത് തന്നെ ആദ്യമാണ്. ഭക്തജനങ്ങളെ സ്വീകരിക്കാനായി പൊന്നാടയും ആയി നിൽക്കുന്ന ദൈവ രൂപം. സമൂഹത്തിലെ എല്ലാ മനുഷ്യരെയും അദ്ദേഹം തുല്യതയോടെ ആണ് ദർശിക്കുന്നത്. അങ്ങനെ എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന ഈ ആരാധനാലയം ലോകത്തിനുതന്നെ മാതൃകയാണ്“

വല്യുണ്ണിയുടെ സഹപ്രവർത്തകനും ഉറ്റമിത്രവുമായിരുന്ന കള്ളൻ കായാമ്പുവിൻറെ വാക്കുകൾ ശ്രദ്ധിക്കാം :

“വല്യുണ്ണി പോയതോടെ എൻറെ വലം കയ്യാണ് നഷ്ടമായത്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല, ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. അവൻറെ നിയോഗം ഇതാണ്. കായംകുളം കൊച്ചുണ്ണിക്ക് പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ ഒരു ആരാധനാലയം പണിതിട്ടുണ്ട്. അതിനുശേഷം മറ്റൊരു കള്ളന് കിട്ടുന്ന ബഹുമതിയാണ് ഈ ആരാധനാലയം. എന്നെപ്പോലുള്ള സാദാ കള്ളന്മാർക്ക് ഇനിയുള്ള കാലം ജീവിക്കാൻ ഈ അഭിമാനവും സന്തോഷവും മതി."

ട്രസ്റ്റിലെ ഒരു പുതു തലമുറക്കാരൻ എടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ലോകത്താകമാനമുള്ള ഭക്തജനങ്ങൾ വല്യുണ്ണിയപ്പൻറ്റെ പ്രത്യേകതകൾ അറിയുകയും ചെയ്തു കഴിഞ്ഞു.

ഈ പരസ്യത്തെ തുടർന്നുണ്ടാകുന്ന ഭക്തജനത്തിരക്ക് എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് ട്രസ്റ്റ് ഗൗരവമായി ആലോചിക്കുകയാണ്. 

ക്യാമറ, കള്ളൻ  കായാമ്പൂവിൻറെ വീട്ടിലേക്ക് തിരിച്ച് ഈ കഥ അവസാനിപ്പിക്കാം.

കള്ളൻ കായാമ്പു, വീടിൻ്റെ വരാന്തയിൽ ബീഡി വലിച്ചു കൊണ്ടിരിക്കുന്നു. അകത്തുനിന്ന് അവൻ്റെ ഭാര്യയുടെ ശകാരം:

''ഇവിടെ വലിച്ചോണ്ടിരുന്നോ. കൂടെ വലിച്ചു വലിച്ചു നടന്ന കള്ളന്മാരൊക്കെ രക്ഷപ്പെടുന്നത് കണ്ടില്ലേ? ആ മാലതിയുടെ ഒരു ഭാഗ്യം നോക്കണേ. ഒരു ഓണം ഇരുട്ടിവെളുത്തപ്പം അവക്ക് ബമ്പർ ലോട്ടറിയല്ലേ അടിച്ചത്.. ഇവിടെയും  കള്ളനെന്നും പറഞ്ഞൊരാളുണ്ട്. ബുദ്ധിയും ഇല്ല ശക്തിയും ഇല്ല ഭക്തിയും ഇല്ല. എൻ്റെ തലയിലെഴുത്ത്, അല്ലാതെന്തു പറയാൻ."

അവളുടെ അസൂയയും കുശുമ്പും അറിയാവുന്ന കായാമ്പു മറുപടിയൊന്നും പറഞ്ഞില്ല. പകരം തൻറെ ഉറ്റമിത്രത്തിൻറെ ഉയർച്ചയിൽ കായാമ്പുവിൻ്റെ അന്തരംഗം അഭിമാനം കൊണ്ടു നിറയുകയായിരുന്നു. അയാൾ അത് പുകയായി അന്തരീക്ഷത്തിലേക്ക് ഊതി വിട്ടു. 

അകത്ത് ഭാര്യ ശകാരം  തുടർന്നപ്പോൾ കായാമ്പൂ ഇത്രയും മാത്രം പറഞ്ഞു :

"എടി വിവരമില്ലാത്തവളേ,അത്യാഗ്രഹം പാടില്ല, അത് ആപത്താണ് എന്ന് പണ്ടേ വിവരമുള്ളവർ പറഞ്ഞിട്ടുണ്ട്. "

അതുകേട്ട് പാതാളത്തിൽ മഹാബലി മൂന്നുവട്ടം തുമ്മി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ