mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

രാവിലെ മുതൽ ബോറടിയാണ്. അല്ലേൽ തന്നെ എത്ര നേരമെന്നും പറഞ്ഞാണ് ചുമ്മായിരിക്കുന്നത്. ആലിൻ ചോട്ടിലിരുന്ന് വേരിറങ്ങാതെ എണിറ്റ് പോടെ എന്ന ഭാവത്തോടെ ഒരു കാക്ക ചിറകടിച്ച് പറന്നകന്നു.

ങ്ങാ,,,, ഒന്ന് നടക്കാം..

രമേശൻ റോഡിലേക്കിറങ്ങി.. ബിവറേജ് സിന്റെ മുന്നിലേക്കുള്ള ഒത്തൊരുമയുള്ള കൂട്ടത്തെ കണ്ടപ്പോൾ അതിൽ കയറിപ്പറ്റാൻ മനസു പിടച്ചു.. കീശയുടെ കനം നോക്കിയപ്പോ പിടപ്പൊക്കെ പമ്പയും എരുമേലിയും കടന്ന് സന്നിദാനം വരെയെത്തി. എന്നാൽ പിന്നെ ഒരു സോഡാ നാരങ്ങാവെള്ളം ആയാലോ... മനസ് വിടുന്ന മട്ടില്ല..

ഊരുതെണ്ടിയുടെ ഓട്ടക്കീശയിലെന്തുണ്ട്...

ദർബാർ രാഗത്തിൽ ലാലേട്ടന്റെ മാസ്സ് ഡയലോഗും പറഞ്ഞ് നടക്കുമ്പോഴതാ വരുന്നു...

കടുത്ത നിരീശ്വരവാദിയും വലതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രവർത്തകനുമായ നമ്മുടെ കഥാനായകൻ..

സ്ഥിരം നമ്പറൊന്ന് കാച്ചിയാലോ...

രമേശൻ നമ്മുടെ കഥാനായകന്റെ അടുക്കലേക്ക് നടക്കാൻ തുടങ്ങി..

ഹലോ... ഭാവി... ഭൂതം... വർത്തമാനം... എല്ലാം പറയും...  ഹാ ഒന്നു നിക്കൂന്നേ..
രണ്ട് വർത്തമാനം പറഞ്ഞിട്ട് പോവാം.

"ചേട്ടനൊന്ന് മാറിയേ... എനിക്കിതിലൊന്നും വിശ്വാസമില്ല" കഥാനായകൻ അടുക്കുന്ന മട്ടില്ല..

ഹാ പൈസ വേണ്ട അനിയ.... ഞാൻ പറയുന്നത് കേട്ടിട്ട് ഉള്ളതാണേൽ ഇഷ്ടമുണ്ടേൽ തന്നാ മത...

"ആ അതു കൊള്ളാലോ... അപ്പോ ഫ്രീയാന്നല്ലേ... എങ്കിൽ ഒന്ന് നോക്കി കളയാം"

ഹാവൂ... രക്ഷപെട്ടു...  കഥാനായകൻ വീണെന്ന് തോന്നുന്നു...

എന്താ അനിയന്റെ പേര്... ?

"രാമു തെക്കേവീട്ടിൽ"

ഉം... രാമു... രാമൻ...  വിഷ്ണുവിന്റെ അവതാരം... കാര്യങ്ങൾ പറയാനുണ്ട്....  ആ കൈയൊന്ന് നീട്ടു...

കേട്ടതും രാമു തെക്കേവീട്ടിൽ ഇടത് കൈ രമേശനെന്ന ജ്യോതിഷ തസ്കരന്റെ മുന്നിൽ മലർക്കെ തുറന്ന് പിടിച്ചു...

അനിയാ ഇടതല്ല, വലതു വേണം...

"ഇടതായാലും വലത്തായാലും കൈ തന്നല്ലേ? താനിത് നോക്കിയാ മതി... "

രാമു തെക്കേവീട്ടിലിന്റെ വാക്കുകൾ കേട്ട് രമേശന്റെ വാ പിളർന്നു.

എന്തേലുമാവട്ടെ .'.- ഇടതെങ്കിൽ ഇടത്.

പ്രശ്നമാണ്... മൊത്തം ഇടത്തോട്ടാണ് കാണുന്നത്... ആയുസിന് വരെ പ്രശ്നം കാണുന്നുണ്ടല്ലോ അനിയ.

"നിങ്ങളൊന്ന് പോയേ ചുമ്മാ മനുഷ്യനെ മക്കാറാക്കാൻ "

അനിയാ ഞാൻ പറയണത് സത്യാണ്. ഇതാ ഇതാണ് ആയുർരേഖ, ഇത് മുറിഞ്ഞ് കിടക്കുവാണ്. ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ച് കേൾക്കണം...

കടിച്ചാൽ പൊട്ടാത്ത നാല് ശ്ശോകവും അതിന്റെ വ്യാഖ്യാനവും രമേശൻ നിരത്താതിരുന്നില്ല..

താങ്കൾക്ക് കുറച്ച് കാലമായ് മോശം സമയമാണ്.. എന്ത് ചെയ്താലും അത് മുന്നോട്ട് പോവില്ല.  അതിന്റെയെല്ലാം മൂലകാരണം മുട്ടയിൽ ചെയ്ത ആ കടുത്ത കൂടോത്രമാണ്..

രാമു തെക്കേവീട്ടിലിന്റെ ഉള്ളൊന്ന് കിടുങ്ങി. താൻ തട്ടിപ്പോവുമെന്നാണോ ഈ ഭ്രാന്തൻ നട്ടുച്ച വെയിലത്ത് വന്ന് നിന്ന് പറയുന്നത്...

"ഇതൊക്കെ ഉള്ളതാണോ?"

കടൽ പോലെ സത്യം. രമേശൻ കല്യാണരാമനിലെ ഇന്നസെന്റിനെപ്പോലെ മീശയും പിരിച്ചങ്ങനെ നിന്നു.

"ഇനിയിപ്പോ എന്താ ചെയ്യുക"

ഒറ്റ വഴിയേയുള്ളു, ദേവീ കോവിലിൽ മറികൊത്തുക, ശത്രുസംഹാര പൂജ ചെയ്യുക. 

"ഞാനോ.. പൂജയോ? കൊള്ളാം... ഇതിലും ഭേദം തട്ടി പോവുന്നതാ..."
രാമു തെക്കേവീട്ടിലിന്റെ നിരീശ്വരവാദം സടകുടഞ്ഞെഴുന്നേറ്റു.

"താനിതിന് വേണ്ടിയല്ലെ ഇത്രേം നേരം ഈ നട്ടപ്പിരാന്ത് പറഞ്ഞത്അ. മ്പലത്തിലൊന്നും പോവാൻ രാമു തെക്കേവീട്ടിലിനെ കിട്ടില്ല. ചേട്ടൻ ആളെ വിട്ട് പിടി... "

പോക്കറ്റിൽ നിന്ന് ഒരു നൂറ് രൂപ രമേശന്റെ കൈയ്യിൽ വച്ച് കൊടുക്കുമ്പോൾ പുന്നെല്ല് കണ്ട എലിയുടെ രൂപമാണ് രാമു തെക്കേവീട്ടിലിന് തോന്നിയത്..

കൂട്ടുകാരോട് സംസാരിക്കുമ്പോഴും ചരിത്രത്തിലെ ചരിത്രകാരെ വരെ കീറി മുറിച്ച് അലക്കുമ്പോഴും വൈകിട്ട് വീട്ടിലെത്തി മൃഷ്ടാനം ഭോജിക്കുമ്പോഴും വർഷം പത്ത് കഴിഞ്ഞിട്ടും നിറഗർഭിണിയായ് ഇന്നും പെറാതെ സീരിയലിൽ തകർത്താടുന്ന കഥാനായികയെ കണ്ടപ്പോഴുമെല്ലാം രാമു തെക്കേവീട്ടിലിന്റെ മനസിൽ രമേശൻ എന്ന ജ്യോതിഷൻ പറഞ്ഞ വാക്കുകൾ തികട്ടി വന്നു കൊണ്ടേയിരുന്നു.

നിരീശ്വരവാദത്തിന്റെ കടിഞ്ഞാൺ ആരോ ഉള്ളിലിരുന്ന് പൊട്ടിക്കണപോലെ..

ഈശ്വരനില്ലെങ്കിൽ തേങ്ങയിലാര് വെള്ളം നിറക്കും..

സീരിയലിനിടയിൽ മര്യാദയില്ലാതെ ചാടിക്കേറിയ ചന്ദനത്തിരിയുടെ പരസ്യം രാമു തെക്കേവീട്ടിലിനെ വീണ്ടും വീണ്ടും ആശയക്കുഴപ്പത്തിലാക്കി..

അവസാനം ആ ശക്തമായ തീരുമാനമെടുത്തു കൊണ്ടാണ് രാമു തെക്കേവീട്ടിൽ ഉറങ്ങാൻ കിടന്നത്.

അതിരാവിലെ ദേവീ ക്ഷേത്രത്തിന്റെ മുന്നിലെത്തിയ രാമു തെക്കേവീട്ടിൽ ഒരു ശത്രുസംഹാര പൂജക്കും മറികൊത്താനും ചീട്ട് മുറിച്ചു...

''ഇതൊക്കെ എങ്ങനാണോ... എന്തോ... ആ... ജീവൻ പോണ കാര്യമായോണ്ട...അല്ലേൽ കാണാരുന്നു.. "

ആ പിന്നേ നട തുറക്കാൻ ആയില്ല. ഉള്ളിൽ കയറുമ്പോൾ ഷർട്ട് ഊരണം. അല്ല ഈ വഴിക്കൊക്കെ ആദ്യമായിട്ടല്ലേ.... പറഞ്ഞന്നേയുള്ളു... -
ചീട്ട് മുറിച്ച കിളവി തള്ളവരെ ട്രോളി തുടങ്ങി...

"ഇതൊക്കെയൊന്ന് കഴിഞ്ഞോട്ടെ എന്നിട്ട് ഞാനീ തള്ളയെ കാണുന്നുണ്ട്."
രാമു തെക്കേവീട്ടിൽ ഷർട്ട് ഊരുന്നതിനിടയിൽ ആത്മഗതം പറഞ്ഞു..

കയ്യിൽ കരുതിയ ടവ്വൽ കൊണ്ട് മുഖം മറച്ച് ക്ഷേത്രനട കയറുമ്പോൾ തനിക്കിട്ട് മുട്ടൻ പണി തന്ന രമേശൻ എന്ന ജ്യോതിഷ പണ്ഡിതൻ പുറകിൽ നിൽക്കുന്നത് രാമു തെക്കേ വീട്ടിൽ കണ്ടില്ല..

തന്റെ ജീവന്റെ പ്രശ്നം പരിഹരിക്കണമെന്ന ആവിശ്യവുമായ് രാമു തെക്കേവീട്ടിലും. വാ കീറിയ ദൈവമേ ഇന്നും ഇരക്ക് ബുന്ധിമുട്ടുണ്ടാക്കരുതേ എന്ന ആവശ്യവുമായ് രമേശനും ദേവിയുടെ തിരുദർശനത്തിനായ് കാത്തിരുന്നു...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ