കോവിഡിൻ്റെ രണ്ടാം തരംഗനിസരിയിൽ തൻ്റെ കൂലിവേല തടസ്സപ്പെട്ടതിനാൽ രായപ്പൻ വീട്ടിലിരിപ്പാണ്.
"നിങ്ങള് കുറച്ചു പച്ചക്കറി കിട്ടുമോന്ന് നോക്ക് .എന്തെങ്കിലും കറി വയ്ക്കണ്ടേ."
ഭാര്യ എറിഞ്ഞുകൊടുത്ത സഞ്ചിയുമെടുത്ത് രായപ്പൻ പുറത്തിറങ്ങി. റോഡിലൂടെ നടന്നപ്പോൾ ഇടയ്ക്ക് പോലീസ് ചെക്കിങ്... വാഹനങ്ങൾ മാത്രമേ പരിശോധിക്കുന്നുള്ളൂ. തനിക്ക് പോകാം. രായപ്പൻ വേഗം കൂട്ടിയപ്പോൾ വശത്തുനിന്ന് ഒരു വിളി:
"രായപ്പൻ മാമാ - " ചന്ദ്രൻ്റെ മോൻ അഖിലാണ്. അവൻ ബൈക്കുമെടുത്ത് ഇറങ്ങിയതാണ്.
"നീയെന്താടാ ഇവിടെ?"
രായപ്പൻ അവൻ്റെ അടുത്തു ചെന്നു.
"പോലീസ് പിടിച്ചു നിർത്തിയതാണ്."
"എന്തിന്?"
"എവിടെ പോണെന്ന് ചോദിച്ചു. ഞാമ്പറഞ്ഞു ആശൂത്രിയിൽ പോണെന്ന്. എന്തസുഖം എന്ന് ചോദിച്ചു. മുട്ടുവേദന എന്നു പറഞ്ഞു. അപ്പോൾ കയ്യിൽ ഡിക്ലറേഷൻ ഇല്ലേ എന്ന് ഇങ്ങോട്ട് ചോദിച്ചു. ഞാമ്പറഞ്ഞു അതൊക്കെ തേച്ചു നോക്കി, മാറുന്നില്ലാന്ന്. ഞാൻ വേറെയൊന്നും പറഞ്ഞില്ല. മാമൻ ആ പോലീസിനോട് ഒന്നു പറഞ്ഞു നോക്കുവോ?"
"ഞാനോ? .. ങാ -നോക്കാം."
വാഹനങ്ങൾ പരിശോധിക്കുന്ന തിരക്കിലാണ് പോലീസ്.
രായപ്പൻ മടിച്ചുമടിച്ച് അടുത്തുചെന്നു.
"സാറേ - "
"എന്താ ?"
"ആ നിൽക്കുന്നത് എനിക്ക് പരിചയമുള്ള പയ്യനാണ്. "
"അതുകൊണ്ട് - "
"അവൻ പറഞ്ഞത് സത്യമാണ്. പല മരുന്നുകളും കുഴമ്പും ഒക്കെ തേച്ചു നോക്കിയതാണ്. എന്നിട്ടും മുട്ടുവേദന മാറിയില്ല.’”
"താൻ എവിടെ പോകുന്നു?"
"പച്ചക്കറി വാങ്ങാൻ ."
"ഡിക്ലറേഷൻ ഉണ്ടോ?"
"എനിക്കെന്തിനാ?"
"എടോ പത്രമൊന്നും വായിച്ചില്ലേ? വീടിനു പുറത്തിറങ്ങുന്നവർ എവിടെനിന്നു വരുന്നുവെന്നും എവിടെ പോകുന്നുവെന്നും എന്തിനു പോകുന്നുവെന്നും എഴുതി ഒപ്പിട്ട പേപ്പർ കയ്യിൽ കരുതണം."
"അറിഞ്ഞൂടായിരുന്നു സാറേ."
"താനും പോയി ആ പയ്യൻ്റെ അടുത്ത് നിൽക്ക്."
അവനെ രക്ഷിക്കാൻ പോയി താനും കുടുങ്ങിയ കാര്യം രായപ്പൻ അഖിലിനോട് പറഞ്ഞു. ഇനിയെന്താ മാർഗമെന്ന് ആലോചിച്ച് രായപ്പൻ അഖിലിനോട് ചോദിച്ചു :
"നിൻ്റെ കയ്യിൽ വെള്ളപേപ്പർ ഉണ്ടോ?"
"ഇല്ല."
"ഫോൺ ഉണ്ടോ?"
"ങാ -ഉണ്ട് ."
"എന്നാ എൻ്റെ വീട്ടിൽ വിളിച്ച് ജയനോട് ഡിക്ലറേഷൻ റെഡിയാക്കി കൊണ്ടുവരാൻ പറ."
അഖിൽ ഫോണിൽ രണ്ട് ഡിക്ലറേഷൻ്റെ കാര്യം പറഞ്ഞപ്പോൾ രായപ്പൻ തിരുത്തി:
"രണ്ടല്ല ,മൂന്ന്.അവനും വേണ്ടേ? അല്ലെങ്കിൽ ജയനെ പിടിച്ചു നിർത്തൂലേ ?"
വൈകാതെ ജയൻ മൂന്നു ഡിക്ലറേഷനുമായി വന്നു. രായപ്പൻ അവ മൂന്നും പോലീസിനെ കാണിച്ചു. മൂന്നാം ഡിക്ലറേഷൻ വായിച്ച് പോലീസ് തന്നെ ചിരിച്ചു പോയി.
"ഡിക്ലറേഷൻ ഇല്ലാത്തവർക്ക് ഡിക്ലറേഷൻ എത്തിക്കാൻ വേണ്ടി പോകുന്നു."