(V. SURESAN)
ഞാൻ വീണ്ടും നാട്ടുഭാഷാ വൈദ്യനെ കാണാൻ പോയി. നാട്ടുഭാഷയിൽ എന്തെങ്കിലും സംശയം തോന്നുമ്പോഴാണ് ഞാനദ്ദേഹത്തെ കാണുന്നത് .ചില നേതാക്കൾ പറഞ്ഞ നാടൻ മൊഴികൾ മാധ്യമ ചർച്ചകളിൽ വ്യത്യസ്തരീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അവയുടെ ശരിയായ വഴക്കം അറിയണമെന്നുണ്ടെങ്കിൽ നാട്ടുഭാഷാ വൈദ്യനോട് തന്നെ ചോദിക്കണം.
ഇപ്പോൾ സന്ദേഹം വന്ന പദങ്ങൾ ഓരോന്നായി ഞാൻ അദ്ദേഹത്തിനു മുമ്പിൽ നിരത്തി:
"ഒരു ഉയർന്ന ഉദ്യോഗസ്ഥനെ പരാമർശിച്ച് അയാളെ ഊളമ്പാറ യിലേക്ക് അയക്കണമെന്ന് ഒരു പ്രസ്താവന കേട്ടല്ലോ. ആ പ്രയോഗത്തിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?"
വൈദ്യൻ വിശദമായിത്തന്നെ ഉത്തരം നൽകി.
"ആനപ്പാറ, പുലിപ്പാറ, എന്നൊക്കെ കേട്ടിട്ടില്ലേ? അത്തരമൊരു പാറ തന്നെയാണ് ഊളമ്പാറയും. ഒരാളെ ഊളമ്പാറയിലേക്ക് അയക്കണം എന്നു പറഞ്ഞാൽ അയാൾ ധൈര്യശാലിയും നിശ്ചയദാർഢ്യമുള്ള ആളുമാണ് എന്നാണ് അതിൻറെ അർത്ഥം. ആ പാറയിൽ നിന്ന് ശല്യക്കാരായ ഊളൻമാരെ ഒഴിപ്പിക്കാൻ ഈ ഗുണം ഉള്ളവർക്കേ കഴിയൂ."
"അപ്പോൾ കോന്തൻ എന്ന് വിളിച്ചാലോ? അതൊരു ആക്ഷേപം അല്ലേ?"
"അല്ല. കാലുകൾക്ക് നീളമുള്ളയാളാണ് കോന്തൻ. എവിടെയും നടന്നുകയറാൻ ശക്തിയുള്ളയാൾ. മാത്രമല്ല ഗോവിന്ദൻ എന്നതിൻറെ നാടൻ രൂപവുമാണ്. അങ്ങനെ നോക്കുമ്പോൾ ദൈവത്തിൻറെ തന്നെ ഒരു പര്യായമാണ് അത്."
അതു കേട്ടപ്പോൾ എനിക്കു വീണ്ടും സംശയം :
"ഒരാളെ കോന്താ എന്ന് വിളിക്കുന്നത്- ദൈവമേ എന്ന് വിളിക്കുന്നതിന് തുല്യമാണെന്നാണോ?"
"തീർച്ചയായും ."
"ദൈവത്തിന് ഇങ്ങനെയൊരു പര്യായം ഉള്ള കാര്യം ദൈവത്തിനറിയാമോ?"
" അത് - അറിയാൻ വഴിയില്ല."
"എന്നാൽ ഇക്കാര്യം ദൈവത്തെ കൂടി അറിയിക്കേണ്ടതല്ലേ? അല്ലെങ്കിൽ ദൈവം പോലും തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. "
"കാര്യം ശരിയാണ് .പക്ഷേ എങ്ങനെ അറിയിക്കും? ദൈവങ്ങൾക്ക് പട്ടയം കിട്ടിയിട്ടില്ല എന്നല്ലേ മന്ത്രി പ്രസ്താവിച്ചിരിക്കുന്നത്? അതു കഴിഞ്ഞാലല്ലേ നിയമപരമായി അറിയിക്കാൻ പറ്റൂ? "
ആ വിഷയം വിട്ട് ഞാൻ അടുത്ത സംശയത്തിലേക്ക് കടന്നു:
"ഈ ചപ്പാത്തിച്ചോല എന്ന് പറഞ്ഞാൽ എന്താണ്?"
"അതു നാട്ടുഭാഷയൊന്നുമല്ല. രാഷ്ട്രീയക്കാർ എല്ലാം പരത്തി പറയുന്നവരാണ്. പാപ്പാത്തിച്ചോല കുറച്ചുകൂടി പരത്തിപ്പറയുമ്പോൾ ചപ്പാത്തി ആകുന്നു എന്നേയുള്ളൂ.. മനസിലായില്ലേ?..ഇനിയെന്താണ് ?"
"പെണ്ണുമ്പിള്ള എരുമ - "
"അതൊക്കെ നിങ്ങളുടെ കുടുംബകാര്യം. ഞാനതിൽ ഇടപെടുന്നില്ല."
" അതല്ല, ഒരു നേതാവ് പെമ്പിള എരുമ -എന്ന ഒരു സംഘടനയെ പറ്റി പറഞ്ഞു. "
"ആർക്കും പുതിയ സംഘടനകൾ ഉണ്ടാക്കാമല്ലോ. അദ്ദേഹം പെമ്പിള എരുമ - ഉണ്ടാക്കിയെങ്കിൽ മറ്റൊരാൾക്ക് ആമ്പിള പോത്ത് - ഉണ്ടാക്കാം .അതൊക്കെ ഓരോരുത്തരുടെ സംഘടനാ സ്വാതന്ത്ര്യം അല്ലേ?.. ഇനി എന്താണ് ചോദിക്കാനുള്ളത്?
" ഈ മറ്റേപണി എന്നു പറഞ്ഞാൽ - "
"അതറിയില്ലേ? നമ്മളൊക്കെ ഒന്നിലധികം ജോലി ചെയ്യുന്നവരല്ലേ? നിങ്ങൾ ഒരു കല്യാണത്തിൽ പങ്കെടുക്കുകയാണെന്ന് വിചാരിക്കുക. അപ്പോൾ ഒരു പരിചയക്കാരൻ ചോദിക്കുന്നു - ഇന്ന് മറ്റേ പണിക്കു പോയില്ലേ എന്ന്. എന്നുവച്ചാൽ ഇന്ന് ഓഫീസിൽ പോയില്ലേ എന്നാണ് ഉദ്ദേശിക്കുന്നത്. ഒരു മന്ത്രി ഉദ്ഘാടനം ചെയ്യാൻ എത്തുമ്പോൾ ഒരാൾ ചോദിക്കുന്നു - സാർ ഇന്ന് മറ്റേ പണിക്കു പോയില്ലേ? അതിൻറെയർത്ഥം അദ്ദേഹം ഇന്ന് സെക്രട്ടറിയേറ്റിൽ പോയില്ലേ എന്നാണ്. ഇപ്പോൾ ക്ലിയർ ആയില്ലേ?"
വൈദ്യൻ എണീറ്റ് ഷർട്ട് ധരിച്ചു.
" ഒരു സംശയം കൂടി ഉണ്ടായിരുന്നു."
"ബാക്കി പിന്നെ പറയാം. എനിക്ക് മറ്റേ പണിക്കു പോകാൻ സമയമായി."