mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sathish Thottassery)

കൊട്ടാരത്തിൽ ആസ്ഥാന ചാത്തൻ  കോഴി രണ്ടുകാലിൽ പരമാവധി നിവർന്നു നിന്ന് ചിറകടിച്ചു കഴുത്തു നീട്ടി ഉച്ചത്തിൽ കൂവി. തമ്പുരാൻ, ച്ചാൽ സാക്ഷാൽ ശക്തൻ സപ്രമഞ്ച കട്ടിലിൽ എഴുന്നേറ്റിരുന്നു മൂരിനിവർന്നു. കുത്തഴിഞ്ഞ ഉടുമുണ്ട് അരയിൽ ഉറപ്പിച്ചു. 

ദന്തചൂർണ്ണമെടുത്തു .  അന്നത്തെ ടു ഡു കലൻഡർ മനസ്സിൽ ഓർത്തു പല്ലു തേച്ചു. കത്തി കല്ലിൽ തേച്ചു ക്ഷൗരം കഴിച്ചു. കുളിയും തേവാരവും കഴിച്ചു. ഈറനുടുത്തു. പൂജാമുറിയിൽ കയറി. വിളക്ക് കൊളുത്തി. രണ്ടു  ചന്ദനത്തിരി മേമ്പൊടിക്കും കത്തിച്ചു കാട്ടി. രാമായണം തുറന്നു. അയോദ്ധ്യാകാണ്ഠം അരമണിക്കൂർ വായിച്ചു. പുറത്തു വന്നപ്പോൾ കരി വീട്ടിയിൽ ആനക്കൊമ്പു പതിച്ച തീന്മേശയിൽ അകത്തുള്ളയാൾ കൂർഗ് കാപ്പിയിട്ട പാല് കൊണ്ടു വച്ചു. അതും മൊത്തി കൊണ്ട് അച്ചടി മഷി മണം പോകാത്ത ഹിന്ദു നിവർത്തി. ഒരു രാത്രി കൊണ്ട്  ലോകത്തിന് ഒരു ചുക്കും സംഭവിച്ചിട്ടില്ലാത്തതിൽ ആശ്വാസം തോന്നി. നേരം പരപരാ വെളുത്തുതുടങ്ങി. തമ്പുരാൻ അംഗ വസ്ത്രവും ഉത്തരീയവും ധരിച്ചു. തലപ്പാവ് വെച്ചു. ഷെഡിൽ നിന്നും വെള്ള കുതിരയെ പൂട്ടിയ വണ്ടി പുറത്തെടുക്കുവാൻ സാരഥി കിട്ടുണ്ണിയാരോട് കല്പിച്ചു. നായര് വണ്ടി ഇറക്കി. നേരെ തേക്കിൻകാട്ടിലേക്കു വിടാൻ തമ്പുരാൻ.  ശകടം പൊടി തുപ്പി മുന്നോട്ട്‌. 

വഴിയിൽ വണ്ടി നിർത്തിച്ചു. മൂപ്പിൽ നായരുടെ വീട്ടിൽക്കയറി. നായർച്ചി ചിന്നമ്മു ഓടിവന്നു സൽക്കരിച്ചു. കിണ്ടിവെള്ളത്തിൽ കാൽ കഴുകി ചാരുകസേരയിൽ സെറ്റിൽ ചെയ്തു ഫിറ്റ് ആയി. അപ്പോഴേക്കും ഉമ്മിണിത്തങ്ക ആവി പാറുന്ന കരിപ്പെട്ടി  കാപ്പിയുമായെത്തി. വാതിൽ പാതിയിൽ മറഞ്ഞു മുഖവും മുലയും കാട്ടി ഒന്നും രണ്ടും പറഞ്ഞു നിന്നപ്പോൾ നായർ വന്നു പഞ്ച പുച്ചമടക്കി ഓച്ഛാനിച്ചു നിന്നു. 

"ഗോവിന്നായര് ഒരു നൂറു നായന്മാരുമായി ക്ഷണം തന്നെ തേക്കിൻ കാട്ടിലെത്തി ഫാളിനാകുക. നായരൊന്നു വെച്ച് ഓരോ മഴുവും വേണം". തമ്പുരാൻ കല്പിച്ചു. 

"റാൻ" നായർ കല്പന ശിരസ്സാ വഹിച്ചു. ശകടം നായ്ക്കനാൽ ജംഗ്ഷനിൽ ബ്രെയ്ക്കിട്ടു നിർത്തി. തമ്പുരാനും കാത്തുനിന്ന ഭൂതഗണങ്ങളും തേക്കിൻ കാടു കയറി വടക്കുന്നാഥനെ താണ് തൊഴുതു. "എല്ലാം നോം ശരിയാക്കുന്നുണ്ട്  ഏറിയാൽ ഒരാഴ്ച" എന്ന് ആത്‌മഗതം ചെയ്തു. കാടിറങ്ങിയപ്പോൾ നായർ പട യുദ്ധ സന്നാഹത്തോടെ മഴുവേന്തി നിരന്നു നിന്നു.  തമ്പുരാൻ കല്പിച്ചരുളി.
"നേരം മോന്ത്യാവും മുമ്പ് ഇക്കണ്ട തേക്കായ തേക്കൊക്കെ വെട്ടി നെരപ്പാക്കുക. അത് കഴിഞ്ഞു മതി കഞ്ഞി കുടിയും ബീഡി വലിയും."
തെക്കോട്ടുള്ള മരങ്ങൾ ആദ്യം തെക്കോട്ടെടുക്കാൻ ഉത്തരവായി. നായമ്മാർ വെട്ടോടു വെട്ട്. തേക്കിൻ കാടു വെട്ടി തെളിയിക്കുന്ന വാർത്ത കേട്ടു പുരുഷാരം തടിച്ചു കൂടി. അപ്പോഴേക്കും പാറമേക്കാവിൽ തുള്ളിക്കൊണ്ടിരുന്ന വെളിച്ചപ്പാട്  ഉണ്ണി നായര് കിതച്ചെത്തി. തുള്ളലിന്റെ ബാക്കി തമ്പുരാന്റെ മുമ്പിലാക്കി. ഉഗ്രൻ ഉറഞ്ഞാടി കൂക്കി

"ഹൂ..യി. ഹൂ ..യി. ഹെന്താപ്പോത്.. പെരുമാളിന്റെ ജട...കാട്...വെട്ടാൻ ഞാൻ സമ്മതിക്കില്ല.. ദൈവ കോപംനിശ്ശ്യം..മാറിപ്പോ ..മാറിപ്പോ ."

ആറാട്ട് പുഴ പൂരത്തിന് പേമാരി കാരണം തമ്പുരാന്റെ ദേശപ്പൂരങ്ങൾ എത്താൻ വൈകിയപ്പോ മടക്കി അയക്കാൻ കണ്ണ് കാട്ടിയ ഉണ്ണിനായര് വെളിച്ചപ്പാടിന് തമ്പുരാൻ അന്നേ വെച്ചിട്ടുള്ളതാണ്. നീചൻ. ശാസ്ത്രത്തിന്റെ ശത്രു. ദേശക്കാരെ അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും പുറകോട്ടു വലിക്കുന്നവൻ. ക്ഷിപ്ര കോപിയും ദുർവ്വാസാവുമായിരുന്ന തമ്പുരാൻ ജ്വലിച്ചു. കണ്ണുകളിൽ നിന്നും തീ പാറി. കൈകൾ ഉറയിലിട്ട വാൾ പിടിയിൽ ഞെരി പിരി കൊണ്ടു.വെളിച്ചപ്പാട് വായ്ത്താരി റിപീറ്റ് ചെയ്തു 

"ഹൂ..യി. ഹൂ ..യി

വാളും ചിലമ്പും കുലുക്കി. തമ്പുരാൻ ഞൊടിയിട   കൊണ്ട് അരയിൽ തൂക്കിയിരുന്ന ഉറയിലെ വാൾ കയ്യിലെടുത്തു ആഞ്ഞൊരു വീശ്. ഉണ്ണിനായരുടെ തല വേറെ ഉടല് വേറെ. അങ്ങിനെയാണത്രെ സാക്ഷാൽ ശക്തൻ തമ്പുരാൻ ശിങ്കം തേക്കിൻ കാടു വെട്ടി തൃശൂർ പൂരം  തുടങ്ങി വെച്ചത്. ഉണ്ണിനായർ  ബലിയാടും പൂരത്തിന്റെ രക്ത സാക്ഷിയും ആയി. ഇപ്പോഴും പാറമേക്കാവുകാർ പൂരപ്പുറപ്പാടിന് മുൻപ് നായരുടെ സ്മരണയ്ക്ക് മുമ്പിൽ രക്ത പുഷ്പങ്ങൾ അർപ്പിക്കാറുണ്ടത്രെ.
 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ