(Sathish Thottassery)
അലാറത്തിന്റെ കണിശം എന്നാൽ അതിലും വലിയ കണിശമില്ലെന്നാണല്ലോ വയ്പ്. പെലച്ച നാലേകാലിനു തന്നെ കണിശക്കാരൻ കോഴി കൂവി വിളിച്ചുണർത്തി. ഒരു അഞ്ചു മിനിട്ടു കൂടി ഉറക്കമാറാൻ കാശു കൊടുക്കാതെ ഫ്രീ ആയി കിടക്കാമെന്നു വെച്ചപ്പോഴാണ് പതിവുപോലെ വാമഭാഗം വിപ്ലവകാഹളം മുഴക്കിയത്.
കുടുംബപരമായി കണിശക്കാരായതുകൊണ്ടു കുറ്റം പറയാൻ പാങ്ങില്ലല്ലോ. ഒരു യാത്രക്ക് പോകുമ്പോൾ ഒരു മണിക്കൂർ മുൻപെങ്കിലും തീവണ്ടിയാപ്പീസിലെത്തണമെന്നാണ് അലിഖിത നിയമം. ഒരുമണിക്കൂർ അവിടെത്തെ നരക നാറ്റം സഹിച്ചാലും വേണ്ടില്ലാന്നു സാരം. അതുകൊണ്ടു സാഹസത്തിനു മുതിരാതെ കിടക്ക വിട്ടു നിലം തൊട്ടു. നേരത്തെ എണീറ്റാൽ ശോധനാ ദാരിദ്ര്യം രണ്ടര തരം. എന്തായാലും പ്രഭാതകൃത്യങ്ങൾ ഒഴിവാക്കാൻ ജോൺ അബ്രാഹമല്ലല്ലോ. പല്ലു തേച്ചു. തീവ്ര ശ്രമങ്ങൾക്കൊടുവിൽ രണ്ടു മൂന്ന് പിഷ്‌ക്ക ബഹിർഗമിച്ചു. കഴിഞ്ഞ ജന്മത്തിൽ ആടായിരുന്നോ ആവൊ.
ക്ഷൗര സ്നാനാദികൾ കെ ബാദ് കളസത്തിൽ കാലുകളിറക്കി ചായക്കുപ്പായവുമിട്ടു (t-shirt) മുഖത്തു പൊടിയും പൂശി പുറപ്പാടായി.
"കാപ്പിടെ ഉണ്ടോ" ന്നുള്ള ചോദ്യം മുപ്പതു വർഷമായി കാലത്തു വായ്ത്താരി ആയി മുടങ്ങാതെ വരും. കാപ്പി മേശപ്പുറത്തുണ്ടാകുമെങ്കിലും. അന്നും പതിവ് തെറ്റിയില്ല. ഓല കിട്ടിയില്ലെങ്കിൽ ഓട്ടോ കിട്ടുന്നതുവരെ എത്തിക്കാൻ ഒറക്കകുമാരൻ സത്പുത്രനോട് പറഞ്ഞത് ഓല കിട്ടിയ കാരണം തിരിച്ചെടുത്തു. ഓട്ടോയിൽ കയറി തീവണ്ടി ടിക്കറ്റ് ഇന്നേക്ക് തന്നെയല്ലേന്നു ഉറപ്പ് വരുത്തി. അല്ലെങ്കിൽ അളിയന് പറ്റിയ പോലെ ആകരുതല്ലോ. കണിശക്കാരനായ അദ്ദേഹം ഒരിക്കൽ വണ്ടികേറി സീറ്റിൽ ഇരുന്നപ്പോൾ അതിനു വേറെ അവകാശി. ടിക്കറ്റ് പുനഃപരിശോധനയിൽ സഞ്ചാരം നാളെ ക്കാണെന്നു കണ്ടെത്തി വീട് പൂകേണ്ടി വന്നു. പിന്നെ ഒരു തവണ സഞ്ചാരം ഇന്നാണെങ്കിൽ ടിക്കറ്റ് ഇന്നലെക്കായിരുന്നത്രെ. "അമിത കണിശം അബദ്ധ നിവാരിണി" എന്നാലും വരേണ്ടത് വഴിയിൽ വെറുതെ നിക്കില്ലല്ലോ.
ഓട്ടോ നീങ്ങിത്തുടങ്ങിയപ്പോൾ എന്നോടുള്ള ആരാധന കൊണ്ട് ദിവസവും ചിരിച്ചു കാണിക്കുന്ന പേരറിയാ സുന്ദരി പിന്നാലെ കൂടി. കുറെ ദൂരം ഓടി പിന്തുടർന്നപ്പോൾ തന്റെ ടെറിട്ടറിയുടെ അതിർത്തി ലംഘിച്ച സുന്ദരിക്കോതയെ എഫ് 16 പോലെ ഫോർമേഷനിൽ പറന്നു വന്ന അവിടത്തെ സാരമേയപ്പട വന്ന വഴിയേതുരത്തുന്ന കണ്ടു.
സഹപഠിയ സമ്മേളനത്തിന് തൃശൂർക്ക് വണ്ടികയറി ഇത്രയും എഴുതി ക്കഴിഞ്ഞു. ഇനി കഥയെന്ത് എന്ന് മനസ്സ് വിശന്നു. വണ്ടി അടുത്ത സ്റ്റേഷനിൽ നിന്നപ്പോൾ ഒരു പാലക്കാടൻ സ്ലാങ്.
"നോക്കിക്കേറിൻ ഏട്ടെ " ന്ന് .
ക്ഷണം കഥക്കുള്ള സ്കൂപ് മണത്തു. പഴയകാല നോക്കിയ ഹാൻഡ്സെറ്റ് മോഡലിലുള്ള ദമ്പതിമാർ. കൂട്ടത്തിൽ ഒരു ന്യൂജെൻ ചെക്കനും. നാടൻ ശുനകി കറങ്ങി കറങ്ങി ചാരമടയിൽ സൈഡ് ആകുന്നപോലെ സംഘം അടുത്ത സീറ്റിൽ ഫിറ്റായി. ചെക്കൻ കുന്തറാണ്ടം ചെവിയിൽ തിരുകി മൊബൈലിൽ കുമ്പിട്ടു നോക്കി പന്നിയായി. കെട്ടിയോൻ എന്തോ കുരുത്തക്കേട് കുശുകുശുത്തപ്പോൾ തള്ള ഒരു ബഷീറിയൻ ചുട്ട നോട്ടം. ഏട്ട ആവിയായി ചൊറി പിടിച്ച വണ്ടി ജനൽ ചട്ടം വഴി ഔട്ട്. പിന്നെ അരവിന്ദന്റെ സിനിമ പോലെ ദീർഘ മൗനം. അപ്പോഴാണ് തള്ളയുടെ കയ്യിലെ പഴയ അൽകാടെൽ മോഡൽ കുത്തുഫോണിൽ കാൾ വന്നത്. തള്ള പാലക്കാടൻ സ്ലാങ്ങിൽ വണ്ടിയിൽ എല്ലാരും കേൾക്കാൻ പാകത്തിൽ ഡയലോഗ്
"ഓ.. ചിന്നമ്മു ചേച്ചീണ്. ആവൂ ഒന്നും പറയണ്ടടി അമ്മ. രാത്രി എട്ടുമണിക്കണ് വിവരം കിട്ട്യേത്. ഏട്ടക്കു അങ്ങനെ കടയൊന്നും ഇട്ടെറിഞ്ഞു വരാൻ പറ്റില്യ. ദിവസം പത്തുനൂറ് ഉർപ്യടെ കച്ചോടം മൊടക്കാൻ പറ്റില്ലപ്പാ..... അദന്നെ. അടുത്താഴ്ച പൂവാന് ടിക്കറ്റ് എടുത്തിട്ടുണ്ടമ്മ. ആ കെളവന് ഇപ്പൊ തന്നെ ചാകണോ... പിന്നെ രാത്രിക്കു രാത്രി കടയിലെ ചെക്കനെ വിളിച്ചു താക്കോല് കൊടുത്തിട്ടണ് കാലത്തു പൊറപ്പെട്ടതു്"
.........
"ഇല്യാമ്മ..നേരെ കൊടുവായൂര്ക്കന്നെ."
(ചരിത്രകാരന്റെ ആത്മഗതം) "ന്നാലും ആയമ്മടെ പറച്ചില് കേട്ടാ തോന്നും ചത്ത കെളവൻ കാലനെ കയറും കൊടുത്തു പോത്തും പുറത്തു കേറ്റി കൊണ്ട് വന്നതാണെന്ന്. ഹല്ല പിന്നെ."
ഇനിയും ഇവിടെ ഇരുന്നാൽ ചിലപ്പോൾ തല പൊട്ടിത്തെറിക്കുമെന്നായപ്പോൾ പതുക്കെ എണീറ്റു. മ്മടെ ദ്രോണാചാര്യൻ ഗുരുവിനെ കൊസ്റ്റിൻ ചെയ്ത നടൻ മൂത്തു പഴുത്ത ഹാൾ മാർക്ക് കമ്മ്യൂണിസ്റ്റ് സ: ചന്ദ്രേട്ടൻ ഈ വണ്ടിയിൽ എവിടെയോ ഉണ്ട്. ഒന്ന് തപ്പി നോക്കട്ടെ. ഭാര്യാ സമേതനായി ഗുരുവായൂർക്കാണത്രെ യാത്ര. കല്യാണ രക്തസാക്ഷിത്വത്തിന്റെ അൻപതാം വാർഷികത്തിന് ഗുരുവായൂരപ്പന് ഒരു രക്തഹാരം നേർന്നിട്ടുണ്ടത്രെ. ലാൽ സ്ലാം.