(Sathish Thottassery)
അന്ന് സ്വച്ഛ ഭാരതം പിറവിയെടുത്തിരുന്നില്ല. ആയതിനാൽ ചാമിയാരുടെ തോട്ടത്തിൽ പൊറത്തേക്കിരുന്നു വരുമ്പോഴാണ് കഥാപുരുഷനെ കാലൻ തടഞ്ഞത്. വാട്ടർവർക്സിലെ വേപ്പിൻ തടിയിൽ പോത്തിനെ കെട്ടിയിട്ട് ഒരു ബീഡിക്കു തീ പറ്റിച്ചു നിൽക്കുകയായിരുന്നു കാലൻ. തോട്ടത്തിൽ നിന്നും മതില് ചാടി വന്ന കഥാപുരുഷനോട് കാലൻ ആ കാലത്തു നിലവിലിരുന്ന ഒരു കോളിനോസ് പുഞ്ചിരി ചുണ്ടിൽ
ഫിറ്റ് ചെയ്തു ചോദിച്ചു.
"ന്നാ പിന്നെ പൂവാല്ലേ"
കഥാ പുരുഷൻ ലുങ്കി ഒന്നും കൂടെ മാടി കുത്തി ചോദിച്ചു
"നീ ആരണ് ? ന്താ കാര്യം"
കാലൻ പൊറാട്ട് കളിയിലെ ഡയലോഗ് പോലെ വാണാക്കു പറഞ്ഞു.
"തലയിലെ കിരീടം പാത്താ തെരിയാതാ... ?"
ക.പു: തെരിയാ...ത്
കാ : "കയ്യിലെ കയറു പാത്താ തെരിയാ...താ..."
ക.പു: തെരിയാ...ത്..
കാ: "വേപ്പിലെ കെട്ടിന
പോത്തെ പാത്താ തെരിയാ...താ.."
ക.പു:"തെരിയാ...ത്.."
കാ: "എന്നടാ വെളയാടർദാ..
കാലൻ ഡാ"
ക.പു: "ഹൈ ഇങ്ങനൊരു പൊറാട്ട് ദു വരെ കണ്ടിട്ടില്ലല്ലോ"
പിന്നെ കാലൻ മടി ശീല തുറന്ന് ഐ.ഡി. കാർഡ് കാണിച്ചപ്പോഴാണ് കഥാപുരുഷൻ ശരിക്കും ഞെട്ടിയത്. പേടിച്ചു വിറച്ച കഥാപുരുഷന് ഒന്നും കൂടി ചാമിയാരുടെ തോട്ടത്തിൽ പോകാൻ തോന്നി. ഒന്നിനും രണ്ടിനും ഒരുമിച്ചു മുട്ടിയ മുഖത്തോടെ പിടിച്ചു നിൽക്കാനുള്ള നമ്പറുകൾ എടുത്തു.
"അതേയ് കാലൻചേട്ടാ, എനിക്ക് മേപ്പട്ട് പൂവാൻ ഇനിയും സമയൂണ്ട്. എമ്പതു തെകയുംബളെ ചീട്ടു കീറുള്ളൂ" ന്ന് ഗോപാലഷ്ണ പണിക്കര് പറഞ്ഞിണ്ട്.
കാലൻ ഒരുമാതിരി ആക്കിയ ചിരി ചിരിച്ചു പറഞ്ഞു.
"അതക്കെ മ്മടെ ബോസ് ചിത്രഗുപ്തൻ സാറ് തീരുമാനിക്കും ആരെ എപ്പൊ പൊക്കണംന്ന്. നീ തമാശ പറയാണ്ട് വരാന്നോക്കു് "
കഥാ പുരുഷൻ ബാബുനായ കടിക്കാൻ വരുമ്പോൾ ബപ്പിനായ വാല് നാട്ടെ തിരുകി പല്ലിളിച്ചു ചിരിക്കുന്ന പോലെ അടവ് മാറ്റി.
"അളിയാ ഭാര്യേം കുട്ട്യോളും അനാഥരാകും. അളിയൻ ദയവായി വീട് വരെ ഒന്ന് വാ. നമ്മക്കൊരു കട്ടനൊക്കെ അടിച്ച് സമാധാനായിട്ടു സംസാരിക്കാം."
കാലൻ കട്ടനിൽ വീണപോലെ തോന്നി. പോത്തിനെ മരത്തിൽ നിന്നഴിച്ച് കഥാപുരുഷനെ പിൻതുടർന്നു.
പോണ പോക്കിൽ കഥാപുരുഷൻ തനിക്കു പകരം കുഴിയിലേക്ക് കാല് നീട്ടിയിരിക്കുന്ന കുറെ അയിലൂർക്കാരെ റെക്കമെന്റ് ചെയ്തു. പക്ഷെ വടതല വീട്ടിലെ കാരണരാണ് ലിസ്റ്റിൽ ഉള്ളതെന്നും അവിടെ എത്താൻ വൈകിയത് കാരണം കാര്യം സാധിച്ചില്ലെന്നും
ഇന്നത്തെ കോട്ട തികക്കാനാണ് ക.പു. നെ പൊക്കുന്നതെന്നും കട്ടനടിക്കവേ
കാലൻ പറഞ്ഞു. പറഞ്ഞ ആളെ കിട്ടിയില്ലെങ്കിൽ വേറെ ഏതെങ്കിലും ഒരാളെ കയറിട്ടു പിടിച്ചു മോളിൽ പോകുമ്പോൾ പേര് മാറ്റി എഴുതുന്ന ഒരു സ്കാമ് ഇപ്പോൾ അവടെ ഉണ്ടെന്നും ധരിപ്പിച്ചു. കട്ടൻ ഗ്ലാസ്സ് വായിലേക്ക് തൊണ്ണൂറു ഡിഗ്രിയിൽ കമത്തി കരട് തുപ്പിക്കളയുമ്പോൾ കാലന്റെ കമ്പിയില്ലാക്കമ്പി കിർണീം കിർണീം അടിച്ചു. അഞ്ചെട്ടു വട്ടം സാർ സാർ എന്ന് റിപീറ്റ് ചെയ്‌ത് കാലൻ യന്ത്രം സ്വിച്ചിട്ടു നിർത്തി ക. പു.നോട് എന്തോ പോയ അണ്ണാനെ പോലെ പറഞ്ഞു.
"എല്ലാം പോയളിയ..ദൈവം ഞങ്ങടെ
ചുറ്റിക്കളി സ്‌കാമ് കണ്ടു പിടിച്ചു.
രണ്ടാളെയും സസ്‌പെൻഡ് ചെയ്തിരിക്കുന്നു. ഇനി ഒരറിയിപ്പുണ്ടാകണ വരെ പണിക്കു വരണ്ടാന്നു" പറഞ്ഞിരിക്കുന്നു.
അപ്പോഴാണ് ക. പു.ന്റെ പെണ്ണുമ്പിള്ള അടുക്കളയിൽ നിന്ന് അമ്പലത്തിലെ
ശങ്കര മൂരിയെ പോലെ അഞ്ചരക്കട്ടയിൽ അമറിയത്.
"ദേ മൻഷ്യ, കാലത്തന്നെ കണ്ണിക്കണ്ട പിച്ചക്കാരോട് കൂട്ടം കൂടാൻ നിക്കാണ്ടെ അടിച്ചു തൊടക്കാനും പാത്രം കഴുകാനും നോക്ക്."
ഇനി മുകളിൽ പോയിട്ട് ഇത് തന്നെയാകും തന്റെയും ഗതി എന്നോർത്തു കട്ടന് നന്ദി രേഖപ്പെടുത്തി പോത്തുംപൊറത്തു കേറി കാലൻ കൊളത്തുംപള്ള ദിശയിലേക്കു് അതി ശീഘ്രം ഓടിച്ചു പോയി.