(V. Suresan)
'ആവശ്യമാണ് സൃഷ്ടിയുടെ തള്ള' എന്നത് ഒരു തള്ള് അല്ലെന്ന് വിവരമുള്ളവർ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. അതിനൊരുദാഹരണമാണ് മായമ്മ. മായമ്മ ആരെന്നറിയാൻ നമുക്ക് ഈ സംഭാഷണം ഒന്ന് ശ്രദ്ധിക്കാം. ഇത് മായമ്മയും സഹാറ പബ്ലിക്കേഷൻസിൻ്റെ മാനേജരും തമ്മിലുള്ള സംഭാഷണമാണ്.
"സർ, എൻറെ പേര് മായമ്മ. ഒരു ചെറിയ എഴുത്തുകാരിയാണ്. കൂടാതെ സെക്രട്ടറിയേറ്റിൽ ഒരു ചെറിയ ജോലിയും ഉണ്ട്."
"എന്തു ജോലി?"
"സ്യൂപ്പർ ആണ്."
"നേരത്തെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോ?"
"ഉണ്ട് സർ. അടുക്കളത്തോട്ടം, പാചക മത്സരം, കുടുംബ ഭദ്രത, ഇവയൊക്കെ എൻറ്റെ കൃതികളാണ്. ഇപ്പോൾ ഞാൻ -ആദർശവും ധാർമ്മികതയും - എന്നൊരു പുസ്തകം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. അത് സഹാറ പബ്ലിക്കേഷൻസി ലൂടെ പുറത്തു വരണമെന്നു ആഗ്രഹമുണ്ട്. അതിനു വേണ്ടി വന്നതാണ്."
മായമ്മ "ആദർശവും ധാർമ്മികതയും" എന്ന കൈയെഴുത്തുപ്രതി ബാഗിൽ നിന്നെടുത്ത് മാനേജരുടെ കൈയിൽ കൊടുത്തു. അത് മറിച്ചു നോക്കുക പോലും ചെയ്യാതെ മാനേജർ പറഞ്ഞു:
"നോക്കൂ, ഞങ്ങൾ ഒരു ട്രെൻഡിങ് പബ്ലിഷേഴ്സ് ആണ്. ഓരോ സമയത്തെയും ട്രെൻഡ് അനുസരിച്ചാണ് ഞങ്ങൾ പുസ്തകങ്ങൾ പുറത്തിറക്കുന്നത്. സെക്രട്ടറിയേറ്റിലെ തന്നെ ഒരു ഉന്നതൻ്റെ -അശ്വത്ഥാമാവും ആനയും - ഞങ്ങൾ പ്രസിദ്ധീകരിച്ച കാര്യം അറിഞ്ഞിരിക്കുമല്ലോ. അത് ചൂടപ്പംപോലെ വിറ്റു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പത്താമത്തെ എഡിഷൻ അച്ചടിയിൽ ആണ്. "
"ങാ - പത്രത്തിൽ വായിച്ചു."
"ഈ ശ്രേണിയിൽ വരുന്ന ഏതാനും പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ."
"അവ ഏതൊക്കെയാണ് സർ ?"
"ഒന്ന് - അശ്വത്ഥാമാവ് വെറുമൊരു മാവ്.
അതിൻറെ ടാഗ് ലൈൻ-
അന്ന് മാങ്ങ പറിക്കാൻ പലരുമുണ്ടായിരുന്നു. എറിഞ്ഞു വീഴ്ത്തിയവരും മണ്ടയിൽ കയറിവരും.. ഇന്ന് മാവിൻചുവട് ശൂന്യം.
മറ്റൊരു പുസ്തകം - കോഴി വെറുമൊരു പക്ഷി.
അതിൻ്റെ ടാഗ് ലൈൻ -
സ്വർണ്ണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നു നീ.
മറ്റൊന്ന് - ആനയെ കണ്ട അന്ധൻ.
ടാഗ്‌ലൈൻ -
സ്വപ്നങ്ങൾ സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ സ്വർണ്ണ കുമാരികളല്ലോ.
ഇനിയൊന്ന് - ആനമയിലൊട്ടകം.
ടാഗ് ലൈൻ -
വൈ രാജാ വയ്.. ആർക്കും വയ്ക്കാം.. കാലായിട്ടാൽ കമ്പനിയ്ക്കടിക്കും. ഇത് ഒരു കറക്ക് കമ്പനിയുടെ കഥ.
വേറൊന്ന് - ഐരാവതം വെറുമൊരു വെള്ളാന.
ടാഗ് ലൈൻ -
ഒരു വെള്ളാനയെ വാഹനമാക്കിയ വേന്ദ്രൻമാരുടെ കഥ.
പിന്നെയൊന്ന് - വെളുക്കാൻ തേച്ചവൻ പാണ്ഡു.
ടാഗ് ലൈൻ -
കാക്ക കുളിച്ച് കൊക്കായാലും കോഴി കുളിച്ചാൽ ഒരിക്കലും കൊക്കാകില്ല."
"കൊള്ളാം സാർ എല്ലാം നല്ല ക്യാച്ചിംഗ് ടൈറ്റിലും ടാഗ് ലൈനും."
"അതിനാൽ ഇത്തരം മാറ്ററുകൾ ഉണ്ടെങ്കിൽ കൊണ്ടുവരൂ, നമുക്ക് നോക്കാം. അല്ലാതെ കുടുംബബന്ധങ്ങളുടെ ഭദ്രത ഒന്നും ഇപ്പോൾ ആർക്കും വേണ്ട. ബന്ധങ്ങൾ ശിഥിലമാക്കാനുള്ള പുതുവഴികൾക്കാണ് മാർക്കറ്റ്. ആദർശവും വേണ്ട, ധാർമ്മികതയും വേണ്ട. വിവാദങ്ങൾക്കാണ് മാർക്കറ്റ്. മാത്രമല്ല, താങ്കൾ സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥ ആണെന്നല്ലേ പറഞ്ഞത്. അതൊരു സുവർണാവസരം അല്ലേ?"
"എങ്ങനെ?"
"അവടെ എല്ലാം മന്ത്രിമാരും ഉന്നതരുമല്ലേ? അവരെക്കുറിച്ചും ഭരണത്തിൻ്റെ ഇടനാഴിയെക്കുറിച്ചുമൊക്കെ എഴുതാമല്ലോ."
"അതിന് ഞാൻ വെുമൊരു തൂപ്പുകാരിയല്ലേ?"
"അതിനെന്താ? ഞങ്ങൾ തെരുവിലെ പെണ്ണുങ്ങളുടെ വരെ പുസ്തകമിറക്കി ലക്ഷങ്ങൾ വില്ലന നടത്തിയിട്ടുണ്ടല്ലോ. തൂപ്പുകാരി മറ്റുള്ളവർ കാണാത്ത പലതും കാണും. അതൊക്കെ വെളിപ്പെടുത്തിയാൽ മതി."
"സാറു പറയുന്നത് എനിക്കു മനസ്സിലായില്ല."
"ഇപ്പോൾ തന്നെ എൻ്റെ മനസിൽ ചില ടൈറ്റിലുകൾ തെളിയുന്നു - ഭരണസിരാ കേന്ദ്രത്തിലെ ചപ്പുചവറുകൾ, മന്ത്രിമാരുടെ മുറികളിൽ ബാക്കിയാകുന്നത്, ചുരുട്ടിക്കൂട്ടിയ ഉന്നത രഹസ്യങ്ങൾ, ഒരു തൂപ്പുകാരിയുടെ രഹസ്യാന്വേഷണം, ഒരു തൂപ്പുകാരിയും ഒരു ഉന്നത തേപ്പുകാരിയും, മാറാലയുടെ മാറിൽ മയങ്ങുന്നത്, തീയിട്ട ഫയലുകൾ.
രാഷ്ട്രീയക്കാർക്കു നേരെ ഒരു ചൂൽ, വലക്കമ്പും ചിലന്തികളും, അടിച്ചു വരാനാകാത്ത അഴിമതികൾ, പൊടിപിടിച്ച പരാതികൾ, തുടച്ചു മാറ്റാനാകാത്ത ബാക്ടീരിയകൾ, കൈയ്യെത്താ ദൂരത്തെ മാറാലകൾ, ഓഫീസിലെ ചൂലുകൾ, ഒരു ചൂല് കണ്ട കാഴ്ചകൾ, കുറ്റിച്ചൂലും കുറെ സ്ഥാനമോഹികളും - ഇങ്ങനെ ഇങ്ങനെ പലതും എഴുതാം."
"അതുപിന്നെ, ഓഫീസ് കാര്യങ്ങൾ പരസ്യപ്പെടുത്തിയാൽ എനിക്കെതിരെ നടപടി ഉണ്ടാകില്ലേ?"
"എന്തു നടപടി ! താങ്കൾ പാചകവും അടുക്കളക്കാര്യങ്ങളും നൂറു വർഷം എഴുതിയാൽ കിട്ടാത്ത പേരും പ്രശസ്തിയും ഒരു പുസ്തകം കൊണ്ട് ലഭിക്കും. ഇനി നടപടി ഉണ്ടായാൽ ആ രീതിയിലും പ്രശസ്തയാകാം. മറ്റു എഴുത്തുകാരും സാംസ്കാരിക നായകന്മാരും നിങ്ങൾക്കുവേണ്ടി സംസാരിക്കും. ഒടുവിൽ നടപടിയൊക്കെ പിൻവലിക്കേണ്ടി വരും."
"മാത്രമല്ല, എനിക്ക് അത്തരം പുസ്തകങ്ങൾ എഴുതി പരിചയവുമില്ല."
"താങ്കൾ കുറെ വിവാദ ആശയങ്ങൾ തന്നാൽ മാത്രം മതി. പിന്നെ ഞങ്ങളുമായി ഒരു എഗ്രിമെൻറ് വയ്ക്കണം. ബാക്കി കാര്യങ്ങളൊക്കെ മാർക്കറ്റ് നിലവാരം അനുസരിച്ച് ഞങ്ങളുടെ പബ്ലിക്കേഷൻ കമ്മറ്റിയാണ് തീരുമാനിക്കുന്നത്. പുസ്തകത്തിൻറെ പേര്, എഴുതുന്ന ആളുടെ പേര്, എല്ലാം. മായമ്മ എന്നതൊക്കെ പഴഞ്ചൻ പേരാണ്. മായാമോഹിനി പോലെ എന്തെങ്കിലും മാറ്റി ഇടേണ്ടി വരും. പിന്നെ എഴുതുന്നതിനും ഞങ്ങളുടെ റൈറ്റേഴ്സുണ്ട്. താങ്കളുടെ പേരുംഔദ്യോഗിക പദവിയും ആശയങ്ങളുമാണ്ഞങ്ങൾക്കു വേണ്ടത്. താല്പര്യമുണ്ടെങ്കിൽ ഇതുപോലുള്ള ഇടിവെട്ട് ആശയങ്ങളുമായി എത്രയും വേഗം വരൂ. നമുക്കു നോക്കാം."
"ശരി സാർ.ഞാൻ ഒന്ന് ആലോചിച്ചി ഒരുമാസത്തിനകം വരാം."
മായമ്മ ഒരു സ്വപ്നാടകയെ പോലെ പുറത്തിറങ്ങി നടന്നു. ..ഭരണസിരാ കേന്ദ്രത്തിലെ ചപ്പുചവറുകൾ ആയിരുന്നു അപ്പോൾ അവരുടെ മനസ്സുനിറയെ. അങ്ങോട്ടു കൊണ്ടു പോയ "ആദർശവും ധാർമ്മികതയും" അവിടെ നിന്നും തിരികെഎടുത്തില്ല, എന്നു പോലും അവർ മറന്നിരുന്നു....
ഇനി ഒരു തുപ്പുകാരിയുടെ തുറന്നു പറച്ചിലിനായി നമുക്കു കാത്തിരിക്കാം.