(വി സുരേശൻ)
ഇത് ചന്ദ്രികാ ചർച്ചിതമായ ഒരു രാത്രിയാണ്. ഇവിടെ ചർച്ചിക്കുന്ന വിഷയം "പഴയ മലയാളവും പുതിയ മലയാളവും " എന്നതാണ് . ആവശ്യമെങ്കിൽ രണ്ടിനും ഇടയ്ക്കുള്ള മലയാളത്തെ കുറിച്ചും പറയാം. ചർച്ചിക്കുന്നവർ ഇനി പറയുന്ന നിബന്ധനകൾ പാലിക്കാൻ ശ്രദ്ധിക്കണം.
ഭാഷയെക്കുറിച്ചുള്ള ചർച്ചയാണെങ്കിലുംഭാഷയിലെ പഴയതോ പുതിയതോ ആയ അശ്ലീല പദങ്ങൾ ഇതിനിടയിൽ ചർച്ചിച്ചു വയ്ക്കരുത്.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണെങ്കിൽ, ആ കൊഞ്ഞനം മലയാളത്തിൽ തന്നെയാകണം.
ഒരാൾ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറി സംസാരിക്കുകയോ മാറിനിന്ന് സംസാരിക്കുകയോ സംസാരിച്ചുകൊണ്ട് ഇടയ്ക്ക് കയറുകയോ ചെയ്യരുത്.
ആദ്യം സംസാരിച്ചത് ഭാഷാ സ്നേഹിയും ചെലവുചുരുക്കൽ കമ്മറ്റിയുടെ കൺവീനറുമായ ശ്രീ പിഷ്ക്കൻ പിഷാരടിയാണ്.
"എനിക്കു പറയാനുള്ളത് പരിഷ്ക്കാരത്തെപ്പറ്റിയാണ്. മലയാളത്തിലെ അക്ഷരങ്ങളെ പരിഷ്കരിക്കാൻ പോണെന്നു കേട്ടു. ലിപി പരിഷ്കാരം. എന്നാൽ ഞാൻ ഒരു അഭിപ്രായം പറയാം. ഇംഗ്ലീഷിൽ 26 ഉം തമിഴിൽ 31 ഉം സംസ്കൃതത്തിൽ 46 ഉം അക്ഷരങ്ങൾ മാത്രമുള്ളപ്പോൾ മലയാളത്തിൽ മാത്രം എന്തിനാ 50 നു മേൽ അക്ഷരങ്ങൾ?അതിൻറെ ആവശ്യമുണ്ടോ? ഭാഷയിലും ചെലവുചുരുക്കൽ ആവശ്യമല്ലേ?
കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറയാനും മനസ്സിലാക്കാനും ആണല്ലോ ഭാഷ. അതിന് അത്യാവശ്യമുള്ള അക്ഷരങ്ങളും വാക്കുകളും ഒക്കെ പോരേ?"
"ഇപ്പൊ എന്താ-കൂടുതൽ ഉണ്ടോ?" എന്ന് അവതാരകനു സംശയം.
"അതല്ലേ ഉള്ളൂ. നമുക്ക് പറയാൻ പറ്റാത്തത്തും യാതൊരു ഉപയോഗം ഇല്ലാത്തതുമായ ചില അക്ഷരങ്ങൾ ഒക്കെ ഇല്ലേ?"
"അതേത് അക്ഷരം?"
"ഋ -എന്നൊരക്ഷരം ഉണ്ടല്ലോ. അതിരുന്നോട്ടെ. അതു കൊണ്ട് ചെറിയ ഉപയോഗവും കാണാൻ ഒച്ചിനെ പോലെ ഇരിക്കുന്നതു കൊണ്ട് ഒരു ഭംഗിയൊക്കെയുണ്ട്. പക്ഷേ അത് കഴിഞ്ഞ് ഋ - ൻ്റെ അടിയിൽ വീണ്ടും കുരുക്കിട്ട പോലെ ൠ എന്നൊരു അക്ഷരം കാണാം. അതെന്തിനാ എന്ന് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. വേറെ ഏതെങ്കിലും ഒരു വാക്കിൽ വരുന്നത് ആയിട്ടും കണ്ടിട്ടില്ല. അതുപോലെ അതുകഴിഞ്ഞ് ഌ, ൡ എന്നൊക്കെ ചില അക്ഷരങ്ങൾ ഉണ്ട്. ക്ഌപ്തം എന്നെഴുതാൻ മാത്രമാണ് ഈ അണ്ണൻമാരെ ഉപയോഗിച്ചു കണ്ടിട്ടുള്ളത്. എഴുതുന്നത് ക്ഌപ്തം എന്നാണെങ്കിലും വായിക്കുന്നത് ക്ലിപ്തം എന്നാണ്. എന്നാപ്പിന്നെ ക്ലിപ്തം എന്നു തന്നെ എഴുതിയാൽ പോരേ?
പ്രൈമറി സ്കൂളിൽ നിന്ന് പെൻഷനായ കനകൻ മാഷാണ് അതിനു മുപടി പറഞ്ഞത്:
"അതൊക്കെ കഴിഞ്ഞ പരിഷ്കരണത്തിൽ തന്നെ ഒഴിവാക്കിയല്ലോ."
"അങ്ങനെയെങ്കിൽ വളരെ നല്ലത്. പിന്നെ പണ്ട് സ്വരാക്ഷരങ്ങളുടെ അവസാനം അം, അ: എന്നാണു പറഞ്ഞു പഠിപ്പിച്നിർത്തിയത്. പിള്ളേര് അതിനെ വായിച്ചിരുന്നത് അമ്മ എന്നാണ്. അതെന്തിനാ എന്ന് ഇതുവരെ മനസ്സിലായിട്ടില്ല.
ഇപ്പോ അത് കാണാനുമില്ല."
പിന്നീട് സംസാരിച്ചത് വ്യാപരീ സംഘം പ്രതിനിധിയും മൊത്തവ്യാപാരിയുമായ ശ്രീ അലാവുദീൻ മണ്ടത്താണിയാണ്.
"ഞാൻ പല വ്യഞ്ജനത്തെക്കുറിച്ചു പറയാം."
"ഇത് ഭാഷയെക്കുറിച്ചുള്ള ചർച്ചയാണ് " - അവതാരകൻ ഓർമ്മിപ്പിച്ചു.
"അതെ. എനിക്കറിയാം. ഞാൻ പല - വ്യഞ്ജനാക്ഷരങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.
ഇപ്പോഴത്തെ വ്യഞ്ജനാക്ഷരങ്ങളുടെ കാര്യമെടുത്താൽ അവ പല വ്യഞ്ജനം പോലെ തന്നെ പറഞ്ഞു കേട്ടാൽ പലതും ഒരു പോലിരിക്കും.
കവർഗ്ഗം കുട്ടികൾ പഠിക്കുന്നത്- കായിക്ക-ഗായിക്ക- ങാ - എന്നാണ്. ഇക്കാമാരെ വിളിക്കുമ്പോൾ ങാ - എന്നു വിളി കേൾക്കുമ്പോലെ. "
“അതുകൊണ്ട് ഒരു ഗുണം ഉണ്ട്. എത്രകാലം കഴിഞ്ഞാലും അത് പാട്ടുപോലെ മനസ്സിൽ നിൽക്കും.” എന്ന് അവതാരകൻ അഭിപ്രായപ്പെട്ടു.
“ചായിച്ച- ജായിച്ച- ഞ - എന്നുകേൾക്കുമ്പോൾ ജോയിച്ചനോ ചാച്ചനോ ഞഞ്ഞാ പിഞ്ഞാ പറയുന്ന പോലെ തോന്നും.
ടായിട്ട-ഡായിട്ട, ണ - എന്ന് കേൾക്കുമ്പോൾ കോഴി മുട്ടയിട്ടതു പോലെ എന്തോ ഇട്ടതു പോലെ ആണ് തോന്നുക.
ഇനി തായിത്ത- ദായിത്ത- ന എന്നു കേൾക്കുമ്പോൾ ഡാൻസിൻ്റെ താളം പോലെയുണ്ട്. അതുപോലെ പായിപ്പ-ബായിപ്പ - മ എന്നു കേൾക്കുമ്പോൾ പായ് - ഇപ്പം കൊണ്ടുവരാൻ ബാപ്പയോട് പറയുന്ന പോലെ തോന്നും.
പിന്നെ കൺക്ലൂഡ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
യ-ര-ല-വ,
ശ- ഷ- സ -ഹ,
ള - ക്ഷ-ഴ - റ
അതായത് ഈ അക്ഷരങ്ങൾ എല്ലാം പഠിച്ചെടുക്കുന്നവർ - യാരായാലും ലവൻമാർക്ക് സഹനവും ക്ഷമയും ഇല്ലെങ്കിൽ ഉഴറിയതു തന്നെ.
അതിനു ശേഷം സംസാരിച്ചത് പദ്യം കാണാതെ ചൊല്ലാത്തതിന് പണ്ട് ക്ലാസിൽ നിന്ന് ഇറക്കി വിടുകയും അതോടെ പഠിത്തം നിർത്തി രാഷ്ട്രീയത്തിലിറങ്ങുകയും ചെയ്ത മെമ്പർ ചന്ദ്രനാണ്.
"ഒരു വാക്കിനോടൊപ്പം എന്തിനാണ് പര്യായപദങ്ങൾ എന്ന പേരിൽ ഒരുപറ്റം വാക്കുകൾ കൂട്ടിയിടുന്നത് എന്നാണ് എനിക്കു ചോദിക്കാനുള്ളത്. പഠിക്കുന്ന പിള്ളേർക്ക് അമിതഭാരം ഉണ്ടാക്കാം എന്നതിലപ്പുറം വലിയ പ്രയോജനമൊന്നും ഇതുകൊണ്ട് ഉണ്ടാകുന്നില്ല.
നമുക്ക് ചന്ദ്രൻറെ കാര്യം തന്നെ എടുക്കാം. ചന്ദ്രന് പര്യായ പദം എന്നപേരിൽ ഒരു കൂട്ടം വാക്കുകളുണ്ട്. ഹിമകരൻ, ഇന്ദു, വിധു, അബ്ജൻ, സോമൻ, മൃഗാങ്കൻ, കലാനിധി, ശശി, അമ്പിളി, തിങ്കൾ, എന്നിങ്ങനെ പോകുന്നു ആ നിര. ചന്ദ്രനെ ചന്ദ്രൻ എന്നു തന്നെ വിളിച്ചാൽ പോരേ? ചന്ദ്രനെ നോക്കി സോമാ എന്നോ ശശീ എന്നോ വിളിച്ചാൽ ചന്ദ്രൻ വിളികേൾക്കുമോ?"
അതുകേട്ട് സാഹിത്യ ശിരോമണിയായ സദാശിവൻ ചങ്ങലപ്പാറ ഇടപെട്ടു.
"സാഹിത്യ ബോധം ഇല്ലാത്തതു കൊണ്ടാണ് താങ്കൾ അങ്ങനെ സംസാരിക്കുന്നത്. കഥയും കവിതയും ഒക്കെ എഴുതുമ്പോൾ കലാപരമായും സൗന്ദര്യപരമായും കാല്പനികമായും അതിൻറെ ഭംഗി വർദ്ധിപ്പിക്കുന്ന പദശേഖരം ആവശ്യമായിവരും. അതാണ് ഭാഷാ സാഹിത്യത്തിൻറെ കരുത്ത്. അതിനു വേണ്ടിയുള്ള പദസമ്പത്ത് ആണ് ഇവയൊക്കെ."
"ആയിക്കോട്ടെ. എനിക്ക് വിരോധമില്ല. കഥയും കവിതയും എഴുതുന്നവർ പേനയും പേപ്പറും വാങ്ങി വയ്ക്കുന്ന പോലെ കുറേ പദസമ്പത്തും വാങ്ങി വെച്ചോളൂ. പക്ഷേ എന്തിനാ അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുന്നത്? ഇത് അനീതിയാണ് എന്നാണ് എനിക്കു പറയാനുള്ളത്.”
തുടർന്നു സംസാരിച്ചത് മലയാള സീരിയൽ രംഗത്തെ ശബ്ദലേഖകനായ ശ്രീ കുഞ്ചെറിയ ആണ്.
"പണ്ട് രണ്ടാം ക്ലാസിൽ നമ്മളെല്ലാം പഠിച്ച ഒരു പാഠമാണ് എനിക്കോർമ്മ വരുന്നത്. മൈന എന്നാണ് ആ പാഠത്തിൻ്റെ പേര്. ക്ലാ-ക്ലാ- ക്ലീ-ക്ലീ- സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന.
അന്ന് പഠിപ്പിച്ചത് അബദ്ധമല്ലേ എന്നാണെൻ്റെ ചോദ്യം. ക്ലാ-ക്ലാ- ക്ലീ- ക്ലീ - ക്ലൂ - ക്ലൂ എന്ന് ഒരു മൈന പറയുമോ? അത് വെറും ഒരു മൈന അല്ലേ? മൈനി അല്ലല്ലോ.
അപ്പോൾ കനകൻ മാഷ് ഇടപെട്ടു.
"താങ്കൾ മൈനയെ അങ്ങനെ വിലകുറച്ച് കാണരുത്. മനുഷ്യർ പലരും മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദം പുറപ്പെടുവിക്കാറില്ലേ? താങ്കൾ മിമിക്രി യൊക്കെ കണ്ടിട്ടില്ലേ? അതുപോലെ കഴിവുള്ള ചില പക്ഷികളുമുണ്ട്. അങ്ങനെയുള്ള ഒരു മൈനയുടെ കാര്യമാണ് അതിൽ പറയുന്നത്.
ഒരു സാധാരണ പക്ഷിയുടെ ചെറിയ ശബ്ദം പുറപ്പെടുവിച്ചാലൊന്നും ഒരു സുരേഷും തിരിഞ്ഞു നോക്കാൻ പോണില്ല എന്ന് അതിന് നന്നായറിയാം. സുരേഷിൻ്റെ മനസിളക്കാൻ പറ്റിയത് ക്ലയും ഇക്ലയുമൊക്കെയാണെന്നറിയാവുന്നതുകൊണ്ടാണ് മൈന അങ്ങനെ ഉച്ചരിച്ചത്.
ഒരു പക്ഷിയിൽ നിന്ന് ക്ലായും ക്ലീയും കേട്ടതുകൊണ്ടാണ് അവൻ തിരിഞ്ഞു നോക്കിയത്. താങ്കൾ ഇപ്പോഴും ആ പാഠം ഓർത്തിരിക്കുന്നതും ആ ക്ലാക്ലീ ഉള്ളതുകൊണ്ടല്ലേ?"
അപ്പോൾ കുഞ്ചെറിയയുടെ മറുപടി:
"അങ്ങനെയെങ്കിൽ ഞാനൊന്നു ചോദിക്കട്ടെ - ക്ലാക്ലാ - ക്ലീക്ലീ എന്നു ഉച്ചരിച്ചിട്ടും സുരേഷ് തിരിഞ്ഞു നോക്കിയില്ലെങ്കിൽ എന്തു ചെയ്യുമായിരുന്നു.?"
"എന്തു ചെയ്യാൻ? മൈന ചമ്മി നാറി തിരിച്ചു പോകുമായിരുന്നു. പക്ഷേ കഴിവുള്ള മൈനയാണെങ്കിൽ അടുത്ത ദിവസം വീണ്ടും വരും. എന്നിട്ട് ക്ലാ ക്ലായ്ക്ക് പകരം ക്ഷ - ണ്ണ - മ്മ- എന്ന് ഉച്ചരിച്ച് വീണ്ടും അവൻ്റെ ശ്രദ്ധയാകർഷിക്കുമായിരുന്നു."
"എന്തിനാ മൈനയെ കൊണ്ട് ഇന്നസെൻ്റിനെപ്പോലെ ക്ഷ - ണ്ണ - മ്മ പറയിക്കുന്നത്? മൈന ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു എന്നു പറഞ്ഞാൽ പോരേ?
"പോരാ. ഏതു ശബ്ദത്തെയും രേഖപ്പെടുത്തുക എന്നതാണ് അക്ഷരങ്ങളുടെ ധർമ്മം."
"അങ്ങനെ എല്ലാ ശബ്ദങ്ങളെയും അക്ഷരം കൊണ്ട് രേഖപ്പെടുത്താൻ പറ്റുമോ?
"പറ്റും.എന്താ സംശയം?"
"എന്നാൽ ഞാൻ പറയുന്ന ശബ്ദങ്ങൾ ഒരു പേപ്പറിൽ ഒന്ന് എഴുതി തരാമോ?"
"പറ. എഴുതാം"
"കൂർക്കം"
"ങാ - കൂർക്കം ഇതാ അത് ഞാൻ എഴുതി."
"ഇനി കൂർക്കം വലിക്കുന്ന ശബ്ദം കൂടി ഒന്ന് എഴുതാമോ "
"അത് ർ ർ ർ എന്നല്ലേ?
"അല്ല.കൂർക്കം വലിക്കുന്നത് ഒരു പ്രത്യേക ശബ്ദത്തിൽ അല്ലേ? ആ ശബ്ദം എഴുതണം."
"അതു പിന്നെ - "
"ഇനി മറ്റൊന്ന്. അടുക്കളയിൽ ഒരു പല്ലി ചിലച്ചു.
അത് കേട്ട് വീട്ടമ്മയും അതുപോലെ ശബ്ദമുണ്ടാക്കി. ആ ശബ്ദങ്ങൾ ഒന്ന് എഴുതി നോക്ക്. "
"അതു പിന്നെ - "
"അതുപോലെ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ കളിപ്പിക്കാനായി അമ്മ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുമല്ലോ. ആ ശബ്ദം ഒന്ന് എഴുതി നോക്ക്."
"അതു പിന്നെ -
"കാളവണ്ടിക്കാരൻ കാളവണ്ടിയിലിരുന്ന് കാളയുടെ വാലിൽ പിടിച്ച ശേഷം ഒരു ശബ്ദമുണ്ടാക്കുന്നതു കണ്ടിട്ടില്ലേ?"
ആ ശബ്ദം ഒന്ന് എഴുതി നോക്ക് ."
"ഇതൊക്കെ ബാലിശമായ ചോദ്യങ്ങളാണ്." മാഷ് തൻ്റെ അനിഷ്ടം ചില ശബ്ദങ്ങളിലൂടെ പ്രകടമാക്കി.
........................
" മാഷ് ഇപ്പോ പുറപ്പെടുവിച്ച ആ ശബ്ദങ്ങളുണ്ടല്ലോ. അതൊന്ന് എഴുതിത്തരാമോ?"
കനകൻ മാഷ് എഴുന്നേറ്റു -
"ഈ ചർച്ച വളരെ തരം താണുപോകുന്നതിൽ പ്രതിഷേധിച്ച് ഞാനീ ചർച്ച ബഹിഷ്കരിക്കുന്നു." എന്നു പറഞ്ഞ് ഒറ്റ പോക്ക്.
സമയം അവസാനിച്ചതിനാൽ അവതാരകൻ ഇടപെട്ടു.
“ഈ ചർച്ച അവസാനിക്കുമ്പോൾ ഉരുത്തിരിഞ്ഞുവരുന്ന ആഷയം ഇതാണ്."
അതുകേട്ട് ചങ്ങലപ്പാറ വിളിച്ചുപറഞ്ഞു:
"ആഷയമല്ല, ആശയം."
അത് ശ്രദ്ധിക്കാതെ അവതാരകൻ തുടർന്നു:
"സമൂഹത്തിൻറെ നാനാ തുറകളിൽ പെട്ട മലയാളികൾക്ക് നമ്മുടെ ഭാഷയെക്കുറിച്ച് ആഷങ്കകളുണ്ട്.
ചങ്ങലപ്പാറ വീണ്ടും:
"ആഷങ്കയല്ല, ആശങ്ക.
ആ -ശങ്കയകറ്റാൻ നിൽക്കാതെ അവതാരകൻ ചർച്ച ഉപ-സംഹരിച്ചു.