(Sathish Thottassery)
സംഭവം നടന്നിട്ട് ഏകദേശം അരനൂറ്റാണ്ടായിക്കാണുമെന്നാണ് ഊഹം. നാട്ടുകാർ തോശ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന രാശപ്പൻ ദുബായിൽ പോയിട്ട് രണ്ടു വർഷം തികയാൻ പോകുന്നു. കഴിഞ്ഞ വർഷത്തെ ലീവിൽ വന്നപ്പോൾ കൊണ്ടുവന്ന സ്കോച്ചിന്റെ രുചി അച്ഛൻ ചുക്രൻ ചെട്ടിയാരുടെ നാക്ക് മറന്നു പോയിരുന്നു.
അമ്മ വെള്ളച്ചിയാകട്ടെ ഫോറിൻ സാരികളുടെ നിറവും പളപളപ്പുമൊക്കെ പോയകാരണം അടുത്ത ലീവിൽ മകൻ വരുന്നതുവരെ ഔട്ട് ഓഫ് അയിലൂർ സർകീട്ടെല്ലാം റദ്ദ് ചെയ്തു കണ്ണിൽ കൊട്ടെണ്ണയും ഒഴിച്ച് കാത്തിരിക്കാൻ തുടങ്ങയിട്ടു കാലം കുറെയായി. അന്ന് മൊബൈലും ഇ മെയിലും പോയിട്ടു കാക്കകറുപ്പുള്ള ഐ. ടി.ഐ മുദ്രയുള്ള ഉരുപ്പടി പോലും അയിലൂരിന്റെ പരിഷ്കാര ഭൂമികയിൽ കാലുകുത്തിയിട്ടില്ല.
പിന്നെ ചുക്രസന്ദേശങ്ങളും തിരിച്ചുള്ള തോശ ലേഖനങ്ങളും ഇൻലൻഡിന്റെ ഏട്ടൻ എന്നറിയപ്പെട്ടിരുന്ന ഏറോഗ്രാം വഴിയായിരുന്നു ട്രാൻസ്മിറ്റ് ചെയ്യപ്പെട്ടിരുന്നത്
"ന്റെ പ്രിയപ്പെട്ട ങ്ങൾക്ക് ങ്ങളടെ കരളായ ഞാൻ എഴുതുന്നത്" എന്ന് തുടങ്ങുന്ന ഹൃദയരഹസ്യങ്ങൾ ഭാര്യാ ഭർത്താക്കന്മാർ പങ്കുവെച്ച ക്ലാസിക് പ്രണയ ലേഖനങ്ങളുടെ തറ പറ എഴുതി പഠിച്ചിരുന്നത് ഈ ഗ്രാമിലാണവെ. എഴുത്തിലെ ഉള്ളടക്കത്തിന്റെ കനം കാരണം ഇവന്റെ വൺ വേയാത്രക്ക് തന്നെ ഒരു കോട്ട രാത്രി (ഫോർട് നൈറ്റ്) വേണമായിരുന്നൂവെ.
രണ്ടു മൂന്ന് മാസമായി കഥാപുരുഷന്റെ ഏറോഗ്രാമും ഡ്രാഫ്റ്റും അയിലൂർ പോസ്റ്റ് ഓഫീസിനോട് ദൂയി പറഞ്ഞപ്പോൾ ചുക്ര വെള്ളച്ചി ദാമ്പത്യത്തിൽ വിള്ളലുകൾ വീണുതുടങ്ങി.
ആ വിള്ളലുകളിൽ കല്ലുകൾ കയറിപ്പറ്റി കടിക്കുമ്പോൾ വായിൽ ബാക്കി നിന്ന പല്ലുകൾ പൊട്ടി പണ്ടാരമടങ്ങാനും തുടങ്ങി. അമ്പലത്തിൽ പോയി മോഹനസുന്ദരൻ മോങ്ങി പെട്ടിയിൽ "പണം എപ്പോൾ കിട്ടുമെടോ" എന്ന് ചോദിക്കുമ്പോൾ വിരസമായി തകിലിൽ " പ്പൊ കിട്ടും പ്പൊ കിട്ടും" ന്നു മറുപടി കൊടുത്തുകൊണ്ട് ദിവസങ്ങൾ കടപ്പാറ കൊണ്ട് തള്ളി നീക്കുമ്പോഴാണ് അത് സംഭവിച്ചത്.
മൂന്നു മാസത്തെ ഗ്യാപ്പിനു ശേഷം ഒരു ഏറോഗ്രാം ദുബായിൽ നിന്നും നേരിട്ട് ബോംബെ വഴി ഒലവക്കോട്ട് ആർ. എം. എസിലും അവിടെ നിന്നും ചുണ്ണാമ്പുതറ, കോട്ടമൈതാനി ചുറ്റി കാക്കൂര്, കൊടുവായൂർ വഴി അയിലൂർ പി. ഓ.യിൽ ലാൻഡ് ചെയ്ത് രാശേട്ട വശം ചുക്രൻ ഗൃഹം പൂകി. സന്തോഷം കൊണ്ട് അദ്ദേഹം അഴിഞ്ഞു വീഴാൻ പോയ മുണ്ടു ഒരു കൈ കൊണ്ടും കടിതം മറുകൈ കൊണ്ട് തലയ്ക്കു മീതെയും പൊക്കിപ്പിടിച്ചു രണ്ടു മിനിറ്റ് ചാടി കളിച്ചു. മാട് മേക്കാൻ പോയ വെള്ളച്ചിയെ കൂക്കി വിളിച്ചുവരുത്തി അടുത്തിരുത്തി സാധനം വക്കും മൊക്കും പൊട്ടാതെ തുറന്നു വായിച്ചു.
സ്ഥിരം സംബോധനക്കു ശേഷം കത്ത് ഇങ്ങനെ തുടർന്നു.
"ജോലി ചെയ്യുന്ന കമ്പനി ഉടമസ്ഥൻ ഷേക്കിന്റെ വീട്ടിൽ അലീനയെ പാത്ത പടിയെ അവളെ സൊന്തമാക്കാനുള്ള മോകം വന്താച്ചു്. ഷേക് അപ്പടി ഒരു മോകമിരുന്താൽ കൊണ്ടുപൊങ്കോ ന്നു സൊന്ന പടിയെ വീട്ടുക്കു കൊണ്ടു വന്താച്. അവൾ പാക്കർതുക്ക് അഴകാനവൾ. അതി സുന്ദരി. മൃദു പങ്കജ ലോചിനി. മഞ്ജുഭാഷിണി. മനോലാസിനി.ജനോരഞ്ജിനി. ആഫ്റ്റർ ഓൾ അവ്വള്ക്ക് ഇപ്പൊ ഗർപ്പവും ഇരുക്ക്. അടുത്ത മാതം ഡെലിവറി. റൊമ്പ വീക്ക് ആകയാൽ നാൻ എപ്പോതും പക്കത്തിൽ വേണം. ഇന്ത വര്ഷം ഊരുക്ക് വര മുടിയാത്.
മന്നിച്ചിടുങ്കോ.
പാശമുടൻ
ഉങ്കൾ തോസൈ."
വായന കഴിഞ്ഞതും "എട പാവി ഉനക്കു എപ്പഡിഡാ ഉങ്ക പുത്തി ഇപ്പടി കെട്ടുപോച്" എന്ന് കരഞ്ഞു വെള്ളച്ചി ബോധം കെട്ടും ചുക്രൻ ബോധം കെടാതെയും നിലം പതിച്ചു.
അന്നേദിവസം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ദുബായിലുള്ള രാശപ്പന്റെ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന ഗഡി ചിന്നക്കണ്ണൻ പാലമൊക്കിലുള്ള വീട്ടിലേക്കുള്ള യാത്രയിൽ ഡ്രൈവർ ശശിയോട് സംഭാഷണ മദ്ധ്യേ രാശപ്പന്റെ ഫ്ലാറ്റിലുള്ള അലീന എന്ന അറബിപ്പൂച്ചയെ പ്പറ്റി പരാമർശിച്ച കാരണം ഗുരുതരമായ മറ്റു അത്യാഹിതങ്ങളൊന്നും ചുക്ര ഗൃഹത്തിൽ സംജാതമായില്ല.