(Satheesh Kumar)
കീരിക്കാട്ടിൽ ചെല്ലപ്പൻ പിള്ളയുടെ അരുമയായ താമരാക്ഷൻ പൂച്ചയും പോത്രക്കാട്ടിൽ പത്രോസിന്റെ ചങ്കായ പൈലി പൂച്ചയും ലാസർ മൊതലാളിയുടെ റബ്ബറും തോട്ടത്തിൽ വെച്ച് പതിവുപോലെ ഒന്ന് കണ്ടുമുട്ടി. പണ്ട് പട്ടാളം പരമുപിള്ളയുടെ വീട്ടിലെ തങ്കമണി പൂച്ചയെ പ്രേമിക്കാൻ പാതിരാത്രിയിലും കൊച്ചുവെളുപ്പാൻ കാലത്തും നട്ടുച്ചക്കും മതില് ചാടിക്കടന്ന് വിങ്ങുന്ന ഹൃദയവുമായി "തങ്കു തങ്കു" എന്ന് വലിയ വായിൽ കരഞ്ഞു കൂവി അലച്ചു തല്ലി നടന്ന രണ്ടു നിരാശാ കാണുകന്മാർ ആയിരുന്നു താമരാക്ഷനും പൈലിയും.
അവസാനം രണ്ടുപേരെയും യാതൊരു മയവുമില്ലാതെ പച്ചക്ക് തേച്ചിട്ട് മഠത്തിൽപറമ്പിൽ രതീഷിന്റെ വീട്ടിലെ ഭൈരവൻ പൂച്ചയുടെ കൂടെ പോയ തങ്കമണിയോട് പകരം വീട്ടാൻ ഗുണ്ടകളുമായി ചെന്ന് അവസാനം പട്ടാളം പരമുപിള്ളയുടെ മാരകമായ ആക്രമണത്തിൽ പിടിച്ചു നിൽക്കാൻ വയ്യാതെ റബ്ബറും തോട്ടം വഴി അഞ്ഞൂറിൽ പാഞ്ഞു പോയ പോക്കിൽ നിയന്ത്രണം വിട്ട് ഉണ്ടായ കൂട്ടിയിടിയിൽ പരസ്പരം പഴിചാരി റബ്ബറും തോട്ടത്തിൽ വെച്ച് ശത്രുക്കളായി പ്രഖ്യാപിക്കുകയും പിന്നീട് ഏത് മീൻ വെട്ടൽ ഫങ്ക്ഷന് കണ്ടാലും ഒന്നു പറഞ്ഞു രണ്ടാമത്തേതിന് രണ്ടുപേരും "ഹ്രാ ഹ്രീ ഹ്രൂ " എന്നൊക്കെയുള്ള വെസ്റ്റേൺ മ്യൂസിക്കും ഇട്ടുകൊണ്ട് ഷോക്കടിച്ച സ്റ്റൈലിൽ ആകുന്നതുമായിരുന്നു.
"നിന്നെ ഞാൻ മാന്തും, നിന്നെ ഞാൻ കടിക്കും, നിന്നെ ഞാൻ അള്ളും, നിന്റെ നട്ടെല്ല് ഊരി ഞാൻ സൂപ്പാക്കും, ഒന്ന് പോടാ ഊളെ " എന്നൊക്കെ രണ്ടുപേരും പരസ്പരം അട്ടഹാസം മുഴക്കി അവസാനം കരഞ്ഞു കൂവി ആ പഞ്ചായത്ത് മൊത്തം ഇളക്കുന്ന പരിപാടി ആയിരുന്നു പണ്ട്.l
അങ്ങനെയുള്ള താമരാക്ഷനും പൈലിയുമാണ് കണ്ടുമുട്ടിയിരിക്കുന്നത്.
പൈലി വലൊന്നുയർത്തി സ്റ്റഡി ആക്കി നിർത്താൻ ഒന്ന് തുനിഞ്ഞു എങ്കിലും കഴിഞ്ഞില്ല, അതുപോലെ താമരാക്ഷൻ പൂടകൾക്ക് ഒന്ന് ഷോക്ക് ട്രീറ്റ്മെന്റ് നൽകാൻ ശ്രെമിച്ചു അമ്പേ പരാജയപ്പെട്ടു. രണ്ടുപേരും കണ്ണിൽ കണ്ണിൽ നോക്കി.
"പൈലിച്ചായാ " താമരാക്ഷൻ പൈലിയെ ഒന്ന് വിളിച്ചു.
"താമരയണ്ണാ " പൈലിയും തിരിച്ചു വിളിച്ചു
"കൊച്ചുന്നാളിൽ ലാസർ മൊതലാളിയുടെ വീട്ടിൽ നെയ് മത്തി വെട്ടുമ്പോൾ നമ്മൾ എത്ര മത്തിത്തലകൾ ഷെയർ ചെയ്തു കഴിച്ചിരിക്കുന്നു" താമരാക്ഷൻ ഗദ്ഗദത്തോടെ പറഞ്ഞു.
"താമരെ എത്രയെത്ര രാത്രികളിൽ നമ്മൾ സംഘം ചേർന്ന് എന്തോരം എലികളെ പിടിച്ചു തിന്നിട്ടുണ്ട്. .....താമരയണ്ണാ ആ തങ്കമ്മയുടെ പേരിൽ നമ്മൾ വെറുതെ..... " പൈലി റബ്ബർ മരത്തിൽ തല ചേർത്ത് ഉരച്ചുകൊണ്ട് തന്റെ സങ്കടം എടുത്തു പുറത്തിട്ടു.
"ഇപ്പോൾ ഒരു നല്ല മത്തിത്തല തന്നെ തിന്നിട്ട് എത്ര നാളായി. ചെല്ലപ്പൻ കൊച്ചാട്ടന്റെ വീട്ടിൽ ഇപ്പോൾ മതിത്തല പോലും വെറുതെ കളയുന്നില്ല, ഇനി കറി വെച്ചാലോ പണ്ടൊക്കെ ഒരു മീൻമുള്ള് കിട്ടിയാൽ ഒരു പ്ലേറ്റ് ചോറ് കഴിക്കാമായിരിന്നു. കഴിഞ്ഞ ദിവസം ഒരു മീൻമുള്ള് കിട്ടിയെന്റെ അച്ചായാ, ചെല്ലപ്പൻ കൊച്ചാട്ടൻ ചവച്ചു തുപ്പി ഊപ്പാട് വരുത്തിയ ഒരു മുള്ള്. ഒരു മുള്ളുകൾക്കും ഇതുപോലെ ഒരു ഗതികേട് വരരുത്. ഒന്ന് മണപ്പിക്കാൻ പോലും മനസ്സുവന്നില്ല. മീൻ കിട്ടാനില്ലന്നോ കൊറോണ ആണെന്നോ ഒക്കെ പറയുന്നത് കേട്ടു, എനിക്കൊന്നും മനസിലായില്ല " ഇത്രയും സങ്കടങ്ങൾ പറഞ്ഞിട്ട് താമരാക്ഷൻ ഒരു ദീർഘ നിശ്വാസം വിട്ടു.
"സംഗതി ശെരിയാ താമരെ പത്രോസ് അച്ചായന്റെ വീട്ടിലും ഇതൊക്കെത്തന്നെയാണ് സ്ഥിതിഗതികൾ. മൂക്കുമുട്ടെ മീനും കോഴി ഇറച്ചിയും തിന്നിരുന്ന ഞാനായിരിന്നു. ഇപ്പോൾ ഒരു കുന്ത്രാണ്ടവും ഇല്ല മാങ്ങാക്കറിയും ചക്കത്തോരനും തിന്ന് നാക്കിനിപ്പോൾ പഴയ ടേസ്റ്റ് ഒന്നുമില്ല. തന്നേമല്ല പണ്ടൊക്കെ രാവിലെ മുതൽ കട്ടിലിലോ സോഫയിലോ കിടന്ന് സുഖിച്ച് ഉറങ്ങിയിരുന്ന ഞാനായിരിന്നു ഇപ്പോൾ ഈ പിള്ളേര് സമ്മതിക്കുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ രാവിലെ ഇച്ചിരി പഴഞ്ചോറും തിന്നിട്ട് കട്ടിളപ്പടിയിൽ തലവെച്ചുറങ്ങുവാരുന്ന എന്റെ വാലിൽ പൈലിച്ചായന്റെ കൊച്ചുമോൻ റാമ്പോ ഒരു ചവിട്ട്. നക്ഷത്രം എണ്ണിപ്പോയ ഞാൻ അള്ളാൻ ശ്രെമിച്ചെന്നും പറഞ്ഞു ആ കുരുത്തം കെട്ടവൻ എന്നെ കവളൻ മടലുമായി തല്ലാനിട്ട് ഓടിച്ചു.. ഓടി അണച്ചു പതയിളകിയ ഞാൻ മുള്ളു മുരിക്കേൽ കേറിയാണ് മുൾമുനക്ക് രക്ഷപെട്ടത്. പിള്ളേരുടെ മാരകമായ ആക്രമണം തന്നെയാണ് നേരിടേണ്ടി വരുന്നത്. ഒരിടത്തും ഒന്ന് കിടന്ന് ഇച്ചിരി കണ്ണടക്കാൻ പറ്റില്ല. ഇതുങ്ങൾക്ക് ഇപ്പോൾ സ്കൂളിൽ പോയി പഠിക്കേണ്ട പോലും." പൈലി കരയാറായ മുഖത്തോടെ പറഞ്ഞു.
"പൈലിച്ചായാ എന്തോ കുഴപ്പം പറ്റിയിട്ടുണ്ട് മൊത്തത്തിൽ. ചെല്ലപ്പൻ കൊച്ചാട്ടൻ മോന്തയും മറച്ചോണ്ടാണ് ഇപ്പോൾ മുഴുവൻ സമയവും നടക്കുന്നത്. സുമതിച്ചേച്ചിയും അങ്ങനെ തന്നെ. ഒന്നിനെയും ഒറ്റ നോട്ടത്തിൽ കണ്ടാൽ ഇപ്പോൾ തിരിച്ചറിയുകപോലുമില്ല . എല്ലാത്തിന്റെയും മോന്തക്ക് വെച്ചുകെട്ടും കൊണ്ടാണ് നടക്കുന്നത്. എല്ലാത്തിനും ഒരേ മണമാണ് ഇപ്പോൾ ഒരു മരുന്നിന്റെ മണം.എന്തുവാണോ എന്തോ. തന്നേമല്ല കഴിഞ്ഞ ദിവസം ചെല്ലപ്പൻ കൊച്ചാട്ടൻ വാക്സിൻ എടുത്തെന്നു പറയുന്നത് കേട്ടു. വീട്ടിലെ കൈസർ പട്ടിക്കൊക്കെ ആയിരുന്നു പണ്ടൊക്കെ വാക്സിൻ. ഇപ്പോൾ ഇവർക്കിത് എന്തിനാണോ ആവോ." താമരാക്ഷന്റെ മുഖം വീർത്തു കെട്ടി.
"പോഷകാഹാരക്കുറവ് കൊണ്ടാണ് താമരെ ഈ ക്ഷീണം. വാ വല്ല എലിയേയോ ഓന്തിനെയോ അരണയെയോ വല്ലോം കിട്ടുമോന്ന് നോക്കാം പിടിച്ചു തിന്നാൻ. ഇല്ലെങ്കിൽ ഇവിടെ പട്ടിണി മരണം ഉണ്ടാകും. പൈലി താമരാക്ഷനെ ക്ഷണിച്ചു.
"അല്ല പൈലിച്ചായാ എന്നാലും ഇവർക്കൊക്കെ എന്താ പറ്റിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
"എന്റെ താമരെ അതൊക്കെ ആലോചിച്ചു നിന്നാൽ നമ്മൾ പട്ടിണി കിടന്നു ചാവത്തെ ഒള്ളൂ നീ വേഗം വന്നേ
താമരാക്ഷനും പൈലിയും പട്ടാളം പരമുപിള്ളയുടെ വീടിനടുത്തുള്ള വേലിക്കൽ എത്തിയതും വേലിക്കെട്ടുകൾക്ക് അപ്പുറത്ത് ഒരനക്കം.
"പൈലിച്ചായാ ഒന്ന് നിന്നേ ഒരു ജാഥയല്ലേ ആ വരുന്നത് "
"അതെയതെ ജാഥ തന്നെ ആണല്ലോ"
ജാഥ അടുത്തു വന്നു
"ഹിഹിഹി എന്നടാ ഉവ്വേ അത് ജാഥയല്ല. തങ്കമ്മയും പിള്ളേരുമാണ്... അവൾക്ക് അങ്ങനെ തന്നെ വരണം. ഭൈരവൻ പണി കൊടുത്തിട്ട് മുങ്ങി" പൈലി അലറി ചിരിച്ചു. കൂടെ താമരാക്ഷനും.
"കണ്ണും കയ്യും കാണിച്ചു വീണ്ടും അവൾ നമ്മളെ വശീകരിക്കാൻ നോക്കും. വീഴരുത് ഇനി" താമരാക്ഷൻ പറഞ്ഞു.
"എസ്‌കേപ്പ് " എന്നലറിക്കൊണ്ട് രണ്ടാളും പാഞ്ഞു...