(Sathish Thottassery)
അന്നൊരു ഞായറാഴ്ചയായിരുന്നു. കാലത്തെണീച്ചു കാപ്പികുടിയും പത്രപാരായണവും കഴിഞ്ഞപ്പോഴാണ് കോപ്പുണ്ണിയേട്ടന് മലയാളീ സമാജത്തിന്റെ ഓണപ്പരിപാടിയെപ്പറ്റി ഓർമ്മ വന്നത്. പുട്ടിൽ തേങ്ങാ പീരയിടുന്ന തിരക്കിലായിരുന്ന പെണ്ണുംപിള്ള പാറൂട്ടിയെ വിളിച്ചു ചോദിച്ചു.
"എടിയേ ഇന്നല്ലേ സമാജത്തിന്റെ ഓണം പരിപാടി. ഓണസദ്യയുടെ കൂപ്പണോളൊക്കെ എവട്യ വെച്ചടക്കണ്?"
തലേ ദിവസത്തെ ഒന്നും രണ്ടും പറഞ്ഞുണ്ടായ കന്നങ്കടിയുടെ കലിപ്പടങ്ങാത്ത പാറൂട്ടി ബാക് ഫയർ ചെയ്തു.
"ദേ മൻഷ്യ, നിങ്ങക്കെന്തിന്റെ കേടാ? ഞാനതു കണ്ടിട്ട് കൂടില്ല. പുത്തീം പോദോക്കെ ഈയിടെയായിട്ടു കൊറയണ്ട്. കിട്ടീതൊക്കെ അവടേം ഇവടേം കൊണ്ട് വെക്കും. പിന്നെ തെരയാൻ ഞാൻ വേണം.!"
നല്ലൊരു ഞായറാഴ്ച വെടക്കാക്കണ്ടാന്നുവെച്ച് കൊപ്പുണ്ണിയാര് പിന്നെ കമാന്നൊരക്ഷരം മിണ്ടിയില്ല. അല്ലെങ്കിലും പെൻഷൻ പറ്റിയേ പിന്നെ നായര് പഴയ ശൗര്യമൊന്നും പാറൂട്ടിയോടു കാട്ടുന്ന പതിവില്ല. സമാധാനപൂർണമായ വാർധക്യ ജീവിതത്തിനു അനുസരണ അത്യന്താപേക്ഷിതമാണെന്ന തത്വശാസ്ത്രത്തിൽ മുറുക്കി പിടിച്ചാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്. അതോണ്ട് പുട്ടടിച്ച ശേഷമാകാം വിശദമായ തിരച്ചിൽ എന്ന് നിനച്ചുകൊണ്ടു് കുളിക്കാൻ ബാത്‌റൂമിൽ കേറി.
കുളികഴിഞ്ഞു കുപ്പായോം കുറിയുമിട്ടു രണ്ടു കഷ്ണം പുട്ടിൽ കഷ്‌ണം ഒന്നിനു ഓരോ പപ്പടോം ഓരോ പഴോം സമാസമം ചേർത്ത് ഉണ്ടകളാക്കി വായിലേക്ക് വിക്ഷേപിച്ചു. ഇടക്ക് സിമിന്റും മണലും മിക്സ് ചെയ്യുമ്പോൾ വെള്ളം ഒഴിക്കുമ്പോലെ പാകത്തിന് ചായ ഓരോ മൊടലായി കേറ്റി കൊടുത്തു. തുടർന്ന് നടന്ന കൂമ്പിങ് ഓപ്പറേഷനിൽ മേശവലിപ്പിൽ സമാജത്തിന്റെ നോട്ടീസിൽ ഭദ്രമായി മടക്കി വെച്ചനിലയിൽ നാലു സദ്യ കൂപ്പണുകൾ കണ്ടുകിട്ടി. ഗ്രാനിക്കസ് യുദ്ധം ജയിച്ച മഹാനായ അലക്‌സാണ്ടറെ പോലെ അതു പൊക്കിപ്പിടിച്ചുകൊണ്ടു പാറൂട്ടിക്കു മുമ്പിൽ ഹാജരായി.
അപ്പോൾ സ്വാതന്ത്ര്യ ദിനത്തിന് വൈകീട്ട് കൊടിമരത്തിൽ നിന്നും ദേശീയ പതാക താഴോട്ട് ഇറക്കുമ്പോലെ പാറൂട്ടി കലിപ്പ് താഴെയിറക്കി സുസ്മേരവദനയായി സുഭാഷിണിയായി.
നടക്കാൻ വയ്യാത്ത മുത്തച്ഛനെ ഒറ്റക്കിരുത്തി പോകാൻ പറ്റില്ലല്ലോ. അതോണ്ട് ഏകദേശം പതിനൊന്നിനും പതിനൊന്നരക്കും ഇടക്കുള്ള രാഹുകാലം കഴിഞ്ഞ ശുഭ മുഹൂർത്തത്തിൽ മൂവർ സംഘം പടിയിറങ്ങി.
പടി പൂട്ടി നടന്നു തുടങ്ങിയപ്പോൾ പാറൂട്ടിയമ്മക്ക് പതിവ് സന്ദേഹങ്ങൾ. ഇസ്തിരിപ്പെട്ടി ഓഫ് ചെയ്തോ..ഗ്യാസ് സിലിണ്ടർ ഓഫാക്കിയോ.. മൊബൈൽ എടുത്തിട്ടില്ലെ... ഭാഗ്യത്തിന് പതിവുപോലെ ഒന്നും കൂടി ബാത്‌റൂമിൽ പോണോന്ന് പറഞ്ഞില്ല. സമാധാനം.
ഇനി കോപ്പുണ്ണിയാരെ കുറിച്ച് രണ്ടു വാക്ക്. മൂപ്പര് ഒരു ദോഷൈകദൃക്കാണ്. മനസ്സിലായില്ല്യാന്നുണ്ടോ?
വിശദീകരിക്കാം. വലിയ വലിയ കാര്യങ്ങൾ നടക്കുമ്പോൾ അതിലെ ചെറിയ ചെറിയ പോരായ്മകൾ കണ്ടുപിടിക്കുക, അത് നാലാളോട് അറിയിക്കുക എന്നിട്ട് ആളാവുക എന്നത് മൂപ്പരുടെ ഒരു വീക്നെസ്സാണ്. നായര് ഒരിക്കൽ ഈ വിഷയത്തെക്കുറിച്ചുള്ള ഒരു തുറന്ന ചർച്ചയിൽ പറഞ്ഞത് ഈ സ്വഭാവവിശേഷം പഞ്ചാരയും പ്രെഷറും പോലെ ജീനുകളാൽ ബന്ധിതമാണെന്നും അതോണ്ട് ജാത്യാലുള്ളത് തൂത്താ പോകില്ലെന്നുമാണ്.
സംഭവങ്ങൾ നടക്കുമ്പോൾ അദ്ദേഹം സ്പോട്ടിലുണ്ടെങ്കിൽ കൂടെയുള്ളവർ ഉറപ്പിക്കും. കോപ്പുണ്ണിയാരടെ കമന്റ് ഇപ്പ വരുമെന്ന്. പാറൂട്ടിയമ്മ കൊടുക്കണ ചായേം കുടിച്ചു കോപ്പുണ്ണിയാരടെ വെടീസും കൊത്തിത്തരവും കേട്ടിരിക്കാൻ വീട്ടിൽ ഒന്നോ രണ്ടോ ഉപഗ്രഹങ്ങൾ ഒഴിവുദിനങ്ങളിൽ മിക്കവാറും ഹാജരുണ്ടാകും. കല്യാണം, കാതുകുത്തു്, അടിയന്തരം തുടങ്ങി സദ്യയുള്ളേടത്തെല്ലാം നായരും പെണ്ണുമ്പിള്ളേം എത്തിപ്പെടും. സംഭവവും സദ്യയും നടക്കുമ്പോൾ നായരുടെ ദൃഷ്ടികൾ സ്ഥലമാകെ ഒരു സർവ്വേ നടത്തി ഡാറ്റകൾ ശേഖരിക്കും. പിന്നെ രാത്രി ഉറക്കം കുറവായതിനാൽ അടുത്ത നാലാള് കൂടണ സ്ഥലത്തു പൂശാൻ വേണ്ടി ഈ ഡാറ്റകള് വെച്ച് കുറ്റങ്ങളുടെയും കുറവുകളുടെയും ഒരു റിപ്പോർട്ട് മനസ്സിൽ കുറിച്ചിടും. അത് എവിടെയെങ്കിലും പൊടിപ്പും തൊങ്ങലും വെച്ച് കാച്ചുന്നതുവരെ രാത്രികൾ നിദ്രാ വിഹീനങ്ങളാകുമെന്നു പാറൂട്ടിയമ്മ തന്നെ പലേടത്തും അഫിഡവിറ്റു കൊടുത്തിട്ടുണ്ടത്രെ. പിന്നെ പിന്നെ കൊപ്പുണ്ണിയാര് വായ തൊറക്കണത് ശാപ്പാടടിക്കാനും കൊണദോഷം പറയാനുമായിട്ടുണ്ടെന്ന ജനസംസാരത്തിൽ എത്രത്തോളം കാമ്പുണ്ടെന്നറിയില്ല.
അങ്ങിനെ നായരും പരിവാരവും സമാജത്തിന്റെ ഓണാഘോഷം നടക്കുന്ന ഹാളിലെത്തി. മുകളിലെ നിലയിൽ വേദിയും താഴെ ശാപ്പാടുമാണ്. ശാപ്പാട് ശേഷമാണു് കൂത്തും പാട്ടും കസർത്തുമൊക്കെ. സർവ്വാണി നടക്കുന്ന താഴത്തെ പുരയുടെ വാതിൽ അടച്ചിട്ടുണ്ട്. വാതിൽക്കൽ ആരുമില്ല. മുത്തശ്ശനെ കോണിപ്പടികയറ്റിയാൽ പിന്നെ എപ്പ വീട്ടിൽ പോണമെന്നു പറഞ്ഞാൽ മതി. നായര് വാതിലൊന്നു തള്ളിയപ്പോൾ അലാവുദ്ദീന്റെ ഓം ഹ്രീം മന്ത്രം കൊണ്ട് ഗുഹയിലെ കല്ലുവാതിൽ തുറക്കുമ്പോലെ പാളികൾ അകന്നു മാറി. ആ താപ്പിൽ അഞ്ചാറു വിശന്ന മനുഷ്യന്മാരും മനുഷ്യത്തികളും ഉള്ളിൽ കയറി. അപ്പോഴാണ് ചിരപരിചിതനായ ഒരു സുഹൃത്ത് നെഞ്ചത്ത് വലിയപപ്പട വലിപ്പമുള്ള സാമാജത്തിന്റെ ബാഡ്‌ജും കുത്തി വന്നത്. അല്പന് അധികാരം കിട്ടിയാൽ അർധരാത്രിക്ക് കൊട പിടിക്കുംന്നു പറഞ്ഞത് ശരിയാണെന്നു സ്ഥാപിച്ചുകൊണ്ട് അദ്ദേഹം നല്ല പാലക്കാടൻ സ്ലാങ്ങിൽ ഒരു കാച്ച്.
"ഔ.. ആരണ്ടപ്പ ഈ വാതില് തൊറന്ന് വെച്ചത്? ഇത്യേ കൂടിആളെ കേറ്റണ്ടാണ്ടാന്ന് പ്രത്യേകം പറഞ്ഞിണ്ട്"
കൊപ്പുണ്ണിയാര്ക്ക് ദിടീന്നു പ്രഷറ് കേറി. മൂപ്പര് കിതപ്പകറ്റാൻ മാറി നിക്കണ മുത്തച്ഛനെ ചൂണ്ടി തിരിച്ചടിച്ചു
"ഈ വയ്യാത്ത ആളെ നീ കോണിപ്പടീ കൂടി ഏറ്റിക്കൊണ്ടു പൂവോ"
ബഹളം കേട്ട് നെഞ്ചിൽ പപ്പടം കേറ്റിയ ഇനിയൊരു ചെക്കൻ സമാജം പ്രവർത്തകന്റെ കത്തിവേഷത്തിൽ ഓടിക്കൊണ്ടു വന്നു. കാര്യം തിരക്കി. കമ്മിറ്റി തീരുമാനം മാറ്റാൻ പറ്റില്ലെന്നും പ്രവേശനം ഉന്നതങ്ങളിൽ കൂടി മാത്രമെന്നും ആധികാരികമായി അറിയിച്ചു. നായർക്ക് കലി കേറി
"നെയമം വെക്കുമ്പോ അത് മനുഷ്യനെ സഹായിക്കാനാണ് കുട്ട്യേ. അല്ലാണ്ടെ പുത്തി മുട്ടിക്കാനല്ല."
മൂപ്പർ കത്തിക്കാളി ചെക്കനെ ബോധവൽക്കരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു ചേടത്തി പി. ടി. ഉഷയേക്കാൾ വേഗത്തിൽ എവിടെ നിന്നോ സംഭവസ്ഥലത്തേക്ക് ഓടി വന്നത്. ചേടത്തി മലയാളി മങ്കയുടെ വേഷത്തിലാണ്. കണ്ടാൽ അമൃതാനന്ദമയിയുടെ മട്ടും ഭാവവും ഒക്കെയുണ്ട്. വന്നതും പാറയിൽ ചിരട്ട ഒരക്കണ ശബ്ദത്തിൽ അഞ്ചര കട്ടയിൽ കാറി.
"ഞങ്ങൾ തീരുമാനിച്ചാൽ തീരുമാനിച്ചതാണ്. ഈ വാതിൽ തുറക്കുന്ന പ്രശ്നമില്ല."
കാര്യത്തിന്റെ വിശദാംശങ്ങൾ അങ്ങോട്ട് പറയുന്നത് കേൾക്കാനുള്ള സഹിഷ്ണുത എന്ന സംസ്കാരത്തെ കൊന്നു കൊല വിളിച്ചുകൊണ്ടു് അരിയക്കോട്ടച്ചിമാര് ഭരണിപ്പാട്ട് പാടി ചാടുന്ന പോലെ ചേടത്തി ഉറഞ്ഞുതുള്ളി.
ചേടത്തിയുടെ ആവേശം കണ്ടപ്പോൾ ഉടുമുണ്ടൊക്കെ പൊക്കി ഒരു സീനുണ്ടാക്കുമോന്നുവരെ ശങ്കിച്ച കൊപ്പുണ്ണിയാരുടെ മുമ്പിൽ ഒരു വിഗ്രഹം കൂടി വീണുടഞ്ഞു. അടുത്ത വെടിവട്ടത്തിൽ എടുത്തു കാച്ചാൻ വലിയ ഒരു സ്‌കൂപ്പ് കിട്ടിയത് മണ്ടക്കകത്തു സ്റ്റോർ ചെയ്യാൻ കൊപ്പുണ്ണിയാര് വട്ടം കൂട്ടി. പുറത്തുവെച്ച് കാണുമ്പോളൊക്കെ അമ്മ പ്രകൃതമായിരുന്ന ചേടത്തിക്ക് ഇത്ര പെട്ടെന്ന് എങ്ങിനെ ചാള മേരിയായി പരകായ പ്രവേശം ചെയ്യാൻ പറ്റുന്നുവെന്നു ചിന്തിക്കുകയായിരുന്നു പാവം പാറൂട്ടി ചേച്ചിയപ്പോൾ.