mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Satheesh Kumar)

ആടിനെ അഴിച്ചു പേരച്ചുവട്ടിൽ കെട്ടിയിട്ട് , രാവിലെ വാങ്ങിയ പാവം മത്തിയെ പറ്റിക്കണമോ, അതോ കറിവവെക്കണമോ, അതോ വറക്കണമോ എന്നിങ്ങനെയുള്ള ഉത്തരം കിട്ടാത്ത ചിന്തകളുമായി ആടിന്

കുറച്ചു പ്ലാവിലയും കെട്ടിതൂക്കി ഇട്ടുകൊടുത്തിട്ട് തിരിച്ചു വരുമ്പോഴാണ് നാരായണി അതിഭീകരമായ ആ കാഴ്ച കാണുന്നത.

ചായ്‌പ്പിലേക്ക് കയറുന്ന ഒരു പാമ്പ്. വാല് മാത്രം ബാക്കി കണ്ടു. ഭയന്നുപോയ നാരായണി നല്ല ഒന്നാം തരം ഒരു അലർച്ചയോടെ അടുത്തുകണ്ട തെങ്ങിൻ തടത്തിലേക്ക് ചാടി. "അയ്യോ പാമ്പ് ഓടിവായോ " നാരായണി വിളിച്ചു കൂവി.

റബ്ബറും തോട്ടത്തിൽ ഗുലാം പരിശു കളിച്ചുകൊണ്ടിരുന്ന രായപ്പണ്ണൻ തന്റെ പ്രിയതമയുടെ അലർച്ച കേട്ട് സ്വിച്ചിട്ടപോലെ എഴുനേറ്റു കൂടെ മുഴക്കോൽ ശശിയും ക്ണാപ്പൻ രമേശും സുഗുണൻ മേശരിയും സംഘം ചേർന്ന് ഞെട്ടി എഴുന്നേറ്റു.

കാര്യം ഇന്നലെ ചിരവത്തടിക്കിട്ട് ഉഗ്രനൊരു കീറു വാങ്ങിച്ചതാണെങ്കിലും പ്രിയതമയുടെ അലറിതല്ലിയുള്ള നിലവിളി രായപ്പണ്ണനെ പിടിച്ചുലച്ചുകളഞ്ഞു. ഒറ്റ ആളിനെപ്പോലും കയറ്റില്ല എന്ന ദൃഡ പ്രതിജ്ഞ ചെയ്ത് റോഡിലൂടെ പാഞ്ഞു പറിച്ചു പോകുന്ന Ksrtc യുടെ ചെയിൻ സർവീസ് പായുന്നതുപോലെ രായപ്പണ്ണനും സംഘവും റബറും തോട്ടം ഓടിതള്ളി വീട്ടിലെത്തി. സ്പോട്ടിൽ ചെല്ലുമ്പോൾ പാമ്പിനെ പേടിച്ചു തെങ്ങിൽ അള്ളിപ്പിടിച്ചു കയറണോ അതോ വേണ്ടയോ എന്ന ശങ്കയിൽ അറ്റാക്ക് വരാറായി നിൽക്കുന്ന നാരായണിയെയാണ് കാണുന്നത്.

" ദേ മനുഷനെ ആ ചായ്‌പ്പിലേക്കാണ് പാമ്പ് ഇഴഞ്ഞു കയറിയത് " ചായ്‌പ്പിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് നാരായണി അലറി.
ആഹാ തീക്കട്ടയിൽ ഉറുമ്പ് വലിഞ്ഞു കയറുന്നോ എന്നു ചിന്തിച്ച് " ഇന്നവന്റെ എടപാട് ഞാൻ തീർക്കും " എന്ന് പുലമ്പിക്കൊണ്ട് സമീപത്തു കണ്ട ഒരു വലിയ വടി എടുത്തു പിടിച്ച്‌ രായപ്പണ്ണൻ പതുക്കെ ചായ്‌പ്പിനടുത്തേക്ക് നീങ്ങി. രായപ്പണ്ണന്റെ ഹൃദയമിടിപ്പ് ആ പഞ്ചായത്തിൽ മുഴുവൻ കേൾക്കത്തക്ക സൗണ്ടിൽ ഠപ്പേ ഠപ്പേ എന്ന് ഇടിക്കാൻ തുടങ്ങി. ഇടി കൂടിക്കൂടി ഹൃദയം കുന്തളിച്ചു പുറത്തു ചാടുമോ എന്നു വരെ രായപ്പണ്ണൻ ഭയന്നു.
എങ്കിലും അഭിമാനം കളയാൻ പാടില്ലല്ലോ. ഊർജത്തിനും ഉന്മേഷത്തിനും വേണ്ടി തലയിൽ കെട്ടിയിരുന്ന തോർത്ത്‌ ഒന്ന് അഴിച്ചു കെട്ടി ഒരു ദിനേശ് ബീഡിക്ക് തീ പിടിപ്പിച്ചു.

"രായപ്പണ്ണാ സൂക്ഷിക്കണം ചിലപ്പോൾ എട്ടടി മൂക്കൻ വല്ലതും ആവും " മുഴക്കോൽ ശശി രായപ്പ ണ്ണന് വെറുതെ ഒരു വാർണിങ് കൊടുത്തു. രണ്ടും കല്പ്പിച്ചു മുന്നോട്ട് നീങ്ങിയ രായപ്പണ്ണൻ സഡൻ ബ്രേക്ക് ഇട്ടപോലെ ഒന്ന് നിന്നു. "പേടിപ്പിക്കാതെടാ കാലമാടാ " എന്ന് പറയുന്നതുപോലെ മുഴക്കോലിനെ ദയനീയമായി ഒന്നു നോക്കി
സുഗുണൻ മേശരിയും ക്ണാപ്പൻ രമേശും രണ്ടു പട്ടിക കഷ്ണം എവിടെ നിന്നോ കൊണ്ടുവന്ന്, ഇനിയെങ്ങാനും പാമ്പ് എസ്‌കെപ് ആകാൻ ശ്രെമിച്ചാൽ വളഞ്ഞിട്ട് അടിക്കാനായി തുള്ളിയുറഞ്ഞ വെളിച്ചപ്പാട് വാളും പിടിച്ചു നിൽക്കുന്നപോലെ നിൽപ്പായി.

രായപ്പണ്ണൻ ചായ്‌പ്പിന്റെ മുൻപിലേക്ക് ചെന്നതും പെട്ടന്ന് ഒരു അരണ "എന്തോന്നാടാ ഇവിടെ നടക്കുന്നത് " എന്ന് ചോദിക്കുന്നതുപോലെ പുറത്തു ചാടി. ഞെട്ടിപ്പോയ രായപ്പണ്ണൻ ഒരടി പുറകോട്ട് ചാടി. ക്ണാപ്പനും സുഗുണനും രണ്ടടി പുറകോട്ട് ചാടി. ഓടിവന്ന അരണ "അല്ല ഞാനിത് എവിടെ പോകുകയാണ് " എന്ന് ചിന്തിച്ചു നിന്നിട്ട് തിരിച്ചു പൊയ്ക്കളഞ്ഞു.

"അരണ തീരെ ബുദ്ധിയില്ലാത്ത ടീമാണെന്നേ, ദേ ഇപ്പോൾ തന്നെ അരണയുടെ ചെവിക്കരണം നോക്കി ആരെങ്കിലും ഒന്നു പൊട്ടിച്ചാൽ " നിന്നെയിന്നു ഞാൻ കൊല്ലുമെടാ കുരുത്തം കെട്ടവനെ" എന്ന് അലറിക്കൊണ്ട് അരണ വരും. പക്ഷെ അപ്പോൾ തന്നെ പാവം മറന്നുപോകും താൻ എവിടെ പോവുകയാണെന്ന്. വേഗം തന്നെ തിരിച്ചു പൊയ്ക്കളയും" സുഗുണൻ മേശരി അരണയിൽ ഉള്ള തന്റെ ജനറൽ നോളേജിന്റെ കേട്ടഴിച്ചു.

രായപ്പണ്ണന്റെ വീട്ടിൽ പാമ്പ് കേറി. ഗോപാലപിള്ളയുടെ ചായക്കടയിൽ ന്യൂസ്‌ പരന്നു.
"എടിയേ ഒരു ചായ വെച്ചു തരുമോ " എന്ന് ഭാര്യ ഗോമതിയമ്മയോട് ചോദിച്ചപ്പോൾ ഭാര്യ കലിപ്പിച്ചു നോക്കിയതിൽ മനം നൊന്ത് ഗോപാലപിള്ളയുടെ ചായക്കടയിൽ വന്ന് ചായകുടിച്ചുകൊണ്ടിരുന്ന എക്സ് മിലിട്ടറി പരമുപിള്ള, മൈക്കാടുകാരൻ തമിഴൻ ഗിൽബർട്ട് രാജ് എന്നിവരായിരിന്നു അപ്പോൾ കടയിൽ സന്നിഹിതരായിരുന്ന മഹത് വ്യക്തികൾ.

നിമിഷങ്ങൾ കൊണ്ട് രണ്ടുപേരും രായപ്പണ്ണന്റെ വീട്ടിലെത്തി. ചെല്ലുമ്പോൾ വലിയൊരു കമ്പുമായി ചായ്‌പ്പിൽ അടുക്കി വച്ചിരിക്കുന്ന വിറക് കഷ്ണങ്ങൾ ഇളക്കിമാറ്റുന്ന അതി ഭീകരമായ ജോലിയിൽ ആയിരുന്നു മൂവരും. സുഗുണൻ മേശരി പേടിച്ച് ഏതാണ്ട് കരയാറായ മുഖവുമായിയാണ് നിൽക്കുന്നത്.

" ശശിയണ്ണാ ഇങ്കെ ശെരിക്കും പാമ്പ് തന്നെയോ ഇതിൽ " ഗിൽബർട്ട് രാജ് മുഴക്കോലിനോട് ചോദിച്ചു
"പിന്നല്ലാതെ, പറപ്പൻ ഒരു പാമ്പാണെന്നാ നാരായണി ചേച്ചി പറഞ്ഞത് " മുഴക്കോൽ മറുപടി പറഞ്ഞു
"ആമ ആമ " ഗിൽബർട്ട് ശെരി വെച്ചു.
" ആമയോ ഒന്ന് പോടെർക്കാ അവിടുന്ന്. എട്ടടി മൂക്കൻ കേറി വളഞ്ഞൊടിഞ്ഞു ഇരിക്കുമ്പോഴാ അവൻ പറയുന്നത് ആമ ആണെന്ന് ങ്‌ഹും " മുഴക്കോൽ കലിപ്പോടെ പറഞ്ഞു.
ചായ്‌പ്പിന്റെ സൈഡിലുള്ള കുറച്ചു വിറകിൻ കഷ്ണങ്ങൾ രായപ്പണ്ണൻ നീക്കി. പാമ്പിന്റെ അനക്കം ഒന്നുമില്ലല്ലോ എന്ന് മനസ്സിൽ പറഞ്ഞു.
" മുഴക്കോലെ നീയാ മൊന്തയെ ഒന്നു വിളിച്ചേ രണ്ടെണ്ണം അടിച്ചിട്ട് തന്നെ ബാക്കി കാര്യം.അപ്പോൾ പിന്നെ പാമ്പല്ല അനാകൊണ്ടേ വരെ പിടിക്കാൻ പറ്റും. പാണിൽ ബിവറേജിൽ നിന്ന് ഒരു ഫുള്ള് വാങ്ങിക്കൊണ്ട് വരാൻ പറ "
ത്രില്ലടിച്ച മുഴക്കോൽ മൊന്ത രാജേഷിനെ അപ്പോൾ തന്നെ വിളിച്ചു കളഞ്ഞു.
"മൊന്തേ നീ എവിടാ ഒരു അത്യാവശ്യകാര്യം ഉണ്ട് "
"ഞാൻ ദേ ഇലവുംതിട്ടക്ക് പോവാ ഭാര്യക്കും പിള്ളേർക്കും അവളുടെ വീട്ടിൽ വരെ പോകണമത്രേ. എന്താടാ ഉവ്വേ കാര്യം "
"മ്മടെ രായപ്പണ്ണന്റെ വീട്ടിൽ പാമ്പ് കേറി "
ഞങ്ങളെല്ലാം കൂടി പാമ്പിനെ പിടിക്കുവാ ഇവിടെ"
മൊന്ത രാജേഷ് ഓട്ടോയുടെ സഡൻ ബ്രേക്ക്‌ ഇട്ടു നിർത്തി.
"പാമ്പോ, രായപ്പണ്ണന്റെ വീട്ടിലോ ആരാ പാമ്പിനെ കണ്ടത് "
"അത് നാരായണിചേച്ചിയാണ് "
"ആ ബെസ്റ്റ് പല്ലിയെ കണ്ടാൽ ദിനോസറിനെ കണ്ടെന്നു പറയുന്ന ആളാ നാരായണി ചേച്ചി "
"മൊന്തേ നീ ഒരു ഫുള്ളും വാങ്ങിച്ചോണ്ട് വാ. പാമ്പിനെ പിടിക്കാൻ ആർക്കും ഊർജ്ജം പോരാന്ന്. രായപ്പണ്ണന്റെ ചിലവാ മൊത്തം "
" ഫുള്ളോ " മൊന്ത രാജേഷിന്റെ മോന്ത തിളങ്ങി.
ഭാര്യയെയും പിള്ളേരെയും വേറൊരു ഓട്ടോയിൽ കയറ്റി ഭാര്യ വീട്ടിലേക്കു വിട്ടിട്ട് മൊന്ത റിവേഴ്സ് എടുത്തു ബീവറേജിലേക്ക് പറപ്പിച്ചു.
"പണ്ട് ഞങ്ങൾ ലഡാക്കിൽ ആയിരുന്നപ്പോൾ പാതിരാത്രി ഒരു പന്ത്രണ്ടു മണിക്ക് മോർച്ചയിൽ ഒരു അനക്കം. ഞാൻ നോക്കുമ്പോൾ ആരാ " പാമ്പിനെ പിടിക്കുന്നതിനിടയിൽ പട്ടാളം പരമുപിള്ള തന്റെ പട്ടാളം കഥയുടെ ഒരു ഏട് ചെറുതായി ഓപ്പൺ ആക്കി.
ചായ്പ്പ് ഇളക്കുന്നതിൽ വ്യാപ്രിതനായിരുന്ന രായപ്പണ്ണനും സംഘവും ഒരുമിച്ചു ചോദിച്ചു
"ആരാ "
"പറപ്പനൊരു അനാക്കോണ്ട "
"അനാക്കൊണ്ടായോ ലഡാക്കിലോ " ക്ണാപ്പൻ രമേശിന് സംശയം.
"പിന്നല്ലാതെ ലഡാക്കിലെ അനാക്കോണ്ടയെയൊന്നും നീയൊന്നും കണ്ടിട്ടില്ല. എന്റെ പൊന്നോ ഒരു പത്തിരുപത് മീറ്റർ നീളവും നല്ല ഒത്തയൊരു മൂവാണ്ടൻ മാവിന്റെ വീതിയും.
എന്റെ കൂടെ ഉണ്ടായിരുന്ന ബീഹാറുകാരൻ ചന്ദൻ സിംഗ് AK47 എടുത്ത് ഒന്ന് പൊട്ടിച്ചു. പക്ഷെ ഭാഗ്യക്കേടെന്നു പറഞ്ഞാൽ മതിയല്ലോ ഉണ്ട വരുന്നില്ല പുറത്തേക്ക് "
"അതെന്താ ഉണ്ടക്ക് കുളമ്പ് രോഗം പിടിച്ചോ " മുഴക്കോൽ ശശി ചോദിച്ചു
"ഉണ്ട തണുപ്പ് കൊണ്ട് വളിച്ചുപോയി " പരമുപിള്ള കണ്ണ് തള്ളിച്ചുകൊണ്ട് പറഞ്ഞു.
"ഉണ്ട വളിച്ചെന്നോ അങ്ങനെ ഒക്കെ പറ്റുമോ " മുഴക്കോലിന് വീണ്ടും സംശയം
"ഡാ പരമുപിള്ള വളിച്ചെന്നു പറഞ്ഞാൽ വളിച്ചു അതിൽ പിന്നെ മാറ്റമൊന്നും ഇല്ല" രായപ്പണ്ണൻ പറഞ്ഞു
പെട്ടന്നാണ് ചായ്പ്പിന്റെ മൂലയ്ക്ക് നിന്ന് വിറകിൻ കൂന ഇളക്കിക്കൊണ്ട് ഒരു തല പുറത്തു ചാടിയത്. പെട്ടന്നുതന്നെ തല ഉള്ളിലേക്കും പോയി.
"രായപ്പണ്ണാ രക്ത അണലി ആണെന്ന് തോനുന്നു " മുഴക്കോൽ ശശി അലറിക്കൊണ്ട് കുന്തളിച്ചു പുറകോട്ട് ചാടി. കൂടെ ഒട്ടകം കരയുന്ന ഒരു പ്രത്യേക മ്യൂസിക് ഇട്ടുകൊണ്ട് സുഗുണൻ മേശരിയും ചാടി നല്ല ഒന്നാം ക്ലാസ്സ്‌ ഒരു ചാട്ടം.
ക്ണാപ്പൻ രമേശും പട്ടാളം പരമുപിള്ളയും അപ്പോഴേക്കും ഓടി തള്ളി അപ്പുറത്തെ പറമ്പിൽ എത്തിയിരുന്നു.
അത്രയും നേരം നോക്കു കുത്തിപോലെ നിന്ന ഗിൽബർട്ട് രാജ് പറമ്പിൽ നിന്ന് ഒരു മുളവടി സംഘടിപ്പിച്ചു കൊണ്ടുവന്നിട്ട് രായപ്പണ്ണനോട് പറഞ്ഞു "അണ്ണാ അണ്ണൻ ഇളകുങ്കോ ഞാൻ പാക്കലാം."
ഇതെല്ലാം കണ്ടുകൊണ്ട് വീട്ടിൽ അക്ഷമയായി നിൽക്കുകയായിരുന്നു നാരായണി. രായപ്പണ്ണൻ ധൈര്യം സംഭരിച്ചുകൊണ്ട് വീണ്ടും വിറകുകൂന ഇളക്കി. പെട്ടന്നതാ ഒരു ജീവി പുറത്തു ചാടി.
പാമ്പല്ല...... നല്ല കുടുംബത്തിൽ പിറന്ന ഒരു ഉടുമ്പ് പാമ്പ് ആയാലും പന്നി ആയാലും ഗിൽബർട്ട് കേറി അടിച്ചിരിക്കും എന്നു പറഞ്ഞു കൊണ്ട് ഗിൽബർട്ട് രാജ് വീശിയൊരു അടി. ദാ കിടക്കുന്നു ഉടുമ്പ് താഴെ.
അപ്പുറത്തെ പറമ്പിൽ നിന്നും തിരിച്ചു വരുന്ന വഴി ബഹളം കണ്ട് ക്ണാപ്പൻ രമേശും പരമുപിള്ളയും വീണ്ടും അലറിക്കൊണ്ട് തൊട്ടുതാഴെയുള്ള ചേനത്തടത്തിൽ ചാടി മറിഞ്ഞു.

ഗിൽബർട്ടിന്റെ പാണ്ടി അടിയിൽ തകർന്നുപോയ ഉടുമ്പ് സുല്ലിട്ടു കളഞ്ഞു. ആവേശം മൂത്ത മുഴക്കോൽ ശശി കൂടി ഉടുമ്പിന്നിട്ട് ഒന്നു പൊട്ടിച്ചു. മൃദംഗമടിച്ച ഉടുമ്പ് വായും പൊളിച്ചുകൊണ്ട് കിടന്നു. "നാരായണീ ഇറങ്ങി വാടീ ദേ നീ കണ്ട പാമ്പ് " രായപ്പണ്ണൻ വിളിച്ചു.
"പിന്നെ... ഇതിന്റെ വാല് കണ്ടപ്പോൾ ഞാൻ കരുതി പാമ്പാണെന്ന്, നിങ്ങളൊന്നു നോക്കിക്കേ മനുഷ്യാ അമ്മാതിരി വാലല്ലേ ഇതിന്റെ " ഉടുമ്പിനെ നോക്കിക്കൊണ്ട് നാരായണി പറഞ്ഞു.
ദേഹത്ത് പറ്റിയ മണ്ണും ചേനയിലയും തൂത്തുകൊണ്ട് പരമുപിള്ളയും ക്ണാപ്പൻ രമേശും ചേനത്തടത്തിൽ നിന്നും കയറിവന്നു. അപ്പോഴേക്കും അതാ കപിൽദേവ് വേൾഡ് കപ്പും പിടിച്ചുകൊണ്ട് വരുന്നതുപോലെ മൊന്ത രാജേഷ് OPR ന്റെ ഒരു ഫുള്ളുമായി വരുന്നു.
"മൊന്തേ നീ തക്ക സമയത്താണ് ഫുള്ളും കൊണ്ടു വന്നത്. ഉടുമ്പിന്റെ ഇറച്ചി നല്ല പൊളപ്പൻ ഇറച്ചിയാണ്. ഇന്നത്തെ സ്‌പെഷ്യൽ ഉടുമ്പ് ഇറച്ചി ആയിക്കോട്ടെ. എന്നാപ്പിന്നെ നമുക്ക് റബറും തോട്ടത്തിലേക്ക് പോകാം " രായപ്പണ്ണൻ സന്തോഷത്തോടെ പറഞ്ഞു.
അപ്പോൾ ഗിൽബർട്ട് രാജിനൊരു സംശയം " പരമു അണ്ണാ അന്ത ലഡാക്കിലെ അനാകൊണ്ടയെ എങ്ങനെ ആയിരുന്നു കൊന്നത് "
"അത് പിന്നെ ഞാൻ തോക്കിന്റെ പാത്തിക്ക് അടിച്ചല്ലേ കൊന്നത്. ഹൊ പുല്ലിനെ കൊല്ലാൻ പെട്ട പാട്. ഊപ്പാട് വന്നുപോയി."
പരമുപിള്ള പറയുന്നതുകേട്ട് എല്ലാവരും ചിരിച്ചു.....??? എന്തിനേറെ, ചത്തു മലച്ചു കിടക്കുന്ന ഉടുമ്പ് പോലും ചിരിച്ചു കാണും ???.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ