(V. SURESAN)
"രന്തം"
by - കങ്കണൻ
"നിക്കു വയ്യേ -
ൻറെ അമ്മ-
ന്താ ആ രോദനം?
ണാ വാദനമോ!
ട്ട്യോള് കരയുന്നു.
രിച്ചു രസിച്ചു ചിലർ.
ഹിക്കാൻ ഞങ്ങൾ മാത്രം.
രന്തമായ് പ്രകൃതിയും."
കങ്കണൻ കൊടുത്ത കടലാസ് എഡിറ്റർ ഒന്നോടിച്ചു നോക്കി.
"എന്താ ഇത് ?"
"എൻറെ പുതിയ പരീക്ഷണം."
"ആരിലാണ് പരീക്ഷണം നടത്തുന്നത്?"
" സാഹിത്യം ആയതുകൊണ്ട് എലികളിൽ പരീക്ഷണം നടത്താൻ കഴിയില്ലല്ലോ. വായനക്കാർ തന്നെയാണ് എൻറെ പരീക്ഷണർ."
"ഇപ്പോൾ തന്നെ അവർ പരീക്ഷീണരാണ്."
"ഏയ് - സാറ് വായനക്കാരെ അങ്ങനെ വില കുറച്ച് കാണരുത്."
"എന്താ ഇതിൽ കുറിച്ചിരിക്കുന്നത്? കഥയോ? കവിതയോ ?
"രണ്ടുമല്ല.കവിഥ- എന്ന പുതിയ രൂപമാണ്."
"വായിച്ചിട്ട് അവിടെയും ഇവിടെയും ഒക്കെ ചിലത് മനസ്സിലായി എന്നേയുള്ളൂ"
"സാർ, ഞാൻ പറയാം - ഒരു സാഹിത്യസൃഷ്ടിയിൽ എഴുത്തുകാരനും വായനക്കാരനും പരസ്പരപൂരകങ്ങളായി വർത്തിക്കേണ്ടതുണ്ട് എന്നാണ് എൻറെ പക്ഷം. അല്ലാതെ എഴുത്തുകാരൻ ഉരുട്ടി കൊടുക്കുന്ന ആശയത്തെ അപ്പടി വിഴുങ്ങുകയെന്നതല്ല വായനക്കാരുടെ ധർമ്മം."
"താങ്കൾ എന്താ ഉദ്ദേശിക്കുന്നത്?"
" പറയാം. ഇതിലെ തലക്കെട്ട് തന്നെ നോക്കൂ - രന്തം -അതിനു തന്നെ ഒരു ചന്തമില്ലേ?"
"എന്തു ചന്തം?"
"വായനക്കാർക്ക് തങ്ങളുടെ മനോധർമ്മമനുസരിച്ച് അതിനു മുമ്പിൽ ഏത് അക്ഷരവും ചേർത്ത് വായിക്കാം..
ഒരാൾ -തരന്തം - എന്ന് വായിക്കുമ്പോൾ അതിനർത്ഥം സമുദ്രമെന്നോ തവളയെന്നോ ആകുന്നു..
മറ്റൊരാൾ -നിരന്തം - എന്നാകും വായിക്കുക. അപ്പോൾ അത് അവസാനമില്ലാത്തത് എന്ന് അർഥം നൽകുന്നു.
ഇനിയൊരാൾ- നരന്തം - എന്ന വായിച്ചാൽ പുല്ല്, വാസന, തുടങ്ങിയ അർഥങ്ങൾ ആണ് ആ വാക്ക് നൽകുക. ജീവിതത്തെ വാസനയോടെ ആസ്വദിക്കുന്നവരും പോട്ട് പുല്ല് എന്ന് പറയുന്നവരും ഉണ്ടല്ലോ. "
"എനിക്ക് തോന്നുന്നത് ഇതിനെ - ദുരന്തം എന്ന് വായിക്കുന്നതാണ് ഏറ്റവും ഉചിതം എന്നാണ്. "
"കണ്ടോ -അത് സാറിൻ്റെ മനോധർമ്മം ..
ഇനി ആദ്യവരി നോക്കൂ -നിക്ക് വയ്യേ - അവിടെയും വായനക്കാരൻ തൻറെ ഭാവന പ്രയോഗിക്കും. എനിക്ക്, സുനിക്ക്, അനിക്ക് അല്ലെങ്കിൽ അവനിക്ക് - എന്നൊക്കെ വായിച്ചെടുക്കാം.
-ൻ്റെ - മ്മാ - എന്നത് നോക്കൂ. എൻറെ അമ്മാ, ഓൻറെ ഉമ്മാ, എന്നിങ്ങനെ സങ്കുചിതമായ മത ചിന്തയ്ക്ക് പുറത്തേക്ക് വായന നീളുന്നു .
-ന്താ ആ രോദനം -എന്നതിൽ -എന്താ, ഭ്രാന്താ, ചിന്താ, എന്നിങ്ങനെ സങ്കൽപ്പിക്കാം.
-ണാ വാദനമോ?- എന്നതു നോക്കൂ. വീണാ, പ്രാണാ, കാണാ ,എന്ന ഏത് പദവും യോജിക്കും.
-ട്ട്യോള് കരയുന്നോ? - എന്നത് കെട്ട്യോള്, കുട്ട്യോള്, അല്ലെങ്കിൽ പട്ട്യോള്, പോലും ആകാം .
-രിച്ചു രസിച്ചു ചിലർ -എന്ന വരിയിൽ ചിരിച്ചു ,പിരിച്ചു, മരിച്ചു, എന്ന് ഒക്കെയാകാം .
-ഹിക്കാൻ നമ്മൾ മാത്രം - എന്നു പറയുമ്പോൾ സഹിക്കാൻ, വഹിക്കാൻ, സന്ദേഹിക്കാൻ, തുടങ്ങിയ പദങ്ങൾ വായനയിൽ കൂട്ടു ചേരും .
പിന്നെ അവസാന വരി -രന്തമായ് പ്രകൃതിയും - അതാണ് ഞാൻ തലക്കെട്ടിൽ വ്യാഖ്യാനിച്ചത്."
"അപ്പോൾ പകുതി ജോലി വായനക്കാരന് കൊടുക്കുക എന്നതാണ് ഉദ്ദേശം ."
"അതുമാത്രമല്ല .മിതവ്യയം. പാഴ്ച്ചെലവുകൾ ഒഴിവാക്കുക എന്നത് ഒരു എഴുത്തുകാരൻ്റെ കൂടി കടമയാണ്. ലിപി ലാഭം.. അക്ഷരങ്ങൾ കുറയ്ക്കുന്നതിലൂടെ സ്ഥലവും കടലാസും ലഭിക്കാം. അക്ഷരങ്ങളുടെ തേയ്മാനവും കുറയ്ക്കാം."
"അങ്ങനെയെങ്കിൽ, ഒരു രചനയിൽ ഇത്രയും അക്ഷരങ്ങൾ വേണോ? ഇനിയും കുറച്ചൂടേ?"
"വളരെ നല്ല നിർദ്ദേശം. സാറും എന്നെപ്പോലെ തന്നെ ചിന്തിക്കുന്നു. ഇതാ നോക്കൂ"
കങ്കണൻ പോക്കറ്റിൽനിന്ന് അടുത്ത കടലാസ് എടുത്ത് എഡിറ്ററുടെ കയ്യിൽ കൊടുത്തു. എഡിറ്റർ അതു തുറന്നുനോക്കി. മൂന്ന് അക്ഷരങ്ങൾ,ഒരു വര, വീണ്ടും മൂന്ന് അക്ഷരങ്ങൾ.
"ക
ക
ക
…………………………….
കു
കു
കു"
ഒന്നും മനസിലാകാതെ എഡിറ്റർ ചോദിച്ചു: "എന്തായിത് ?"
"ഏകാക്ഷര രചനയിലേക്ക് വരുകയാണ്. സാറ് പറഞ്ഞതുപോലെ വീണ്ടും ഞാൻ അക്ഷരങ്ങൾ കുറച്ച് ലാഭപ്പെടുത്തുകയാണ്."
"പക്ഷേ ഇത് - ഒന്നും മനസ്സിലാകുന്നില്ലല്ലോ."
"ശ്രമിച്ചാൽ മനസ്സിലാകും. ആദ്യത്തെ മൂന്ന് - ക-തലക്കെട്ടാണ്. ആദ്യ-ക-കവിഥ എന്നാണ് വിവക്ഷിക്കുന്നത്. അടുത്ത - ക-രചനയുടെ പേരാണ്. അത് കന്മദം എന്നോ കപോലം എന്നോ കലശം എന്നോ മനോധർമ്മമനുസരിച്ച് വായിക്കാം.
മൂന്നാം -ക-യാണ് എഴുത്തുകാരൻ്റെ പേരായ കങ്കണൻ..
ഇനി താഴേക്ക് വന്നാൽ - "
" വേണ്ട. അത് വായനക്കാർ തന്നെ അവർക്ക് തോന്നുന്നതുപോലെ വായിച്ചോളും. എൻറെ മനസ്സിൽ ഇപ്പോൾ തന്നെ കു-വച്ചുള്ള ചില വാക്കുകൾ വരുന്നുണ്ട്. "
"കണ്ടോ - അതാണ് ഭാവനയുടെ സാദ്ധ്യത. ഏകാക്ഷര രചനയിൽ വായനക്കാരന് ഭാവനയുടെ വിഹായസ്സിൽ പറക്കാം.. എന്തായാലും സാറിൻറെ പ്രോത്സാഹനം എനിക്ക് ആവേശം പകരുന്നു. ഞാനീ പരീക്ഷണം തുടരുകതന്നെ ചെയ്യും."
"ആത്യന്തികമായി ഞാൻ താങ്കളുടെ ആ ഉൽകൃഷ്ട രചനയെയാണ് കാത്തിരിക്കുന്നത്. "
"ഏതു രചന?"
"അക്ഷരങ്ങൾ കുറച്ച് കുറച്ച് അക്ഷരമേ ഇല്ലാത്ത ആ രചന. ശൂന്യമായ കടലാസിൽ നിന്ന് അനുവാചകർ താങ്കളുടെ ഭാവന വായിച്ചെടുക്കുന്ന ആ ചരിത്രമുഹൂർത്തം."
"യെസ്, അതെയതെ. ഇതുകേട്ട് ഞാൻ കോൾമയിർ കൊള്ളുകയാണ് സാർ.. സാറെന്നെ കളിയാക്കുകയല്ലെന്ന് ഞാൻ വിശ്വസിച്ചോട്ടെ."
"കളിയല്ല, ഞാൻ കാര്യമായി തന്നെ പറഞ്ഞതാണ്."
"എന്നാൽ ഞാൻ ഇന്നു മുതൽ അതിനുള്ള പരിശ്രമം തുടങ്ങുകയാണ്. സാർ എന്നെ അനുഗ്രഹിക്കണം."
"അക്ഷരങ്ങൾ തേയ്മാനമില്ലാതെ രക്ഷപ്പെടാനും കടലാസുകൾ പാഴാകാതിരിക്കാനും ഉള്ള ആ മഹത്തായ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. പോയ് വരൂ -."
തൻ്റെ പോക്കറ്റിലിരുന്ന പേനയും പേപ്പറും അവിടെ ഉപേക്ഷിച്ച് കങ്കണൻ ആ ചരിത്രദൗത്യത്തിനായി യാത്രയായി.