mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Satheesh Kumar)

ഞായറാഴ്ച പള്ളിയിൽ പോയി തിരിച്ചു വരുമ്പോഴാണ് മാടത്തറയിൽ പട്ടിമത്തായി രായപ്പണ്ണന്റെ റബ്ബറും തോട്ടത്തിൽ ഗുലാം പരിശു കളി കാണാൻ കേറിയത്.


സുഗുണൻ മേശരി, അസിസ്റ്റന്റ് ഗിൽബർട്ട് രാജ്, മൊന്ത രാജേഷ്, ക്ണാപ്പൻ രമേശ്‌, തകർപ്പൻ തങ്കപ്പൻ, ആഹ്ലാദം ആനന്ദൻ, എയർ മാർഷൽ നാണപ്പൻ തുടങ്ങി നാട്ടിലെ വമ്പന്മാരെല്ലാം കിലോ കണക്കിന് കുണുക്കുകൾ ചെവിയിൽ തൂക്കി, ഇനി അടുത്തത് എവിടെ തൂക്കും എന്നോർത്ത് ടെൻഷൻ അടിച്ചു ഇരിക്കുന്നത് കണ്ടുകൊണ്ടാണ് മത്തായി ചീട്ടുകളിക്ക് കേറി തല വെച്ചത്.

ജനിച്ചു വീണപ്പോൾ തന്നെ പട്ടികളെ ശത്രുക്കളായി പ്രഖ്യാപിച്ച മത്തായി, നാട്ടിലെ പട്ടികളുടെ പേടിസ്വപ്നമായിരുന്നു. ജോലിയൊന്നും ചെയ്യാതെ നാട്ടിൽ അലഞ്ഞു തിരിയുന്ന മിക്കവാറും എല്ലാ പട്ടികളും മത്തായിയുടെ അക്രമണത്തിന് ഇരയായി മൃദംഗം അടിക്കുകയോ പ്രാണരക്ഷാർദ്ധം ആ ജില്ല തന്നെ വിട്ടു പോയിട്ടോ ഉണ്ട്. അങ്ങനെ നാട്ടുകാർ ഫ്രീയായി ചാർത്തിക്കൊടുത്ത പേരാണ് പട്ടി മത്തായി എന്നത്.
ഗുലാം പരിശു കണ്ട് കണ്ട് "ഓ ഞാൻ പോവാ നിങ്ങൾ കളിക്ക്" എന്നൊരു ഡയലോഗ് അടിച്ച് വീട്ടിലേക്ക് പോകാനിറങ്ങിയ മത്തായി പ്രാക്കുളം സണ്ണിച്ചന്റെ തെങ്ങും തൊപ്പിന്റെ അടുത്തെത്തിയപ്പോഴാണ് നയന മനോഹരമായ ആ കാഴ്ച്ച കാണുന്നത്.

സണ്ണിച്ചന്റെ അരുമയായ ചെന്തെങ്ങിന്റെ മൂട്ടിൽ പരിസരബോധം പോലുമില്ലാതെ ആനന്ദത്തിൽ ആറാടിക്കൊണ്ട് മൂത്രമൊഴിച്ചു രസിക്കുന്ന പുള്ളിക്കുത്തുള്ള ഒരു നാടൻ പട്ടി.

മത്തായിയെ കണ്ടതും "ചുമ്മാ ഇതുവഴി പോയപ്പോൾ ഒന്ന് മൂത്രം,... ഞാൻ മാത്രമല്ല അവരും" എന്ന് കണ്ണുകൊണ്ടു പറയുന്നത് പോലെ നാടൻ കോങ്കണ്ണ് ഇട്ട് മത്തായിയെ ഒന്ന് നോക്കിയിട്ട് തന്റെ മോട്ടറിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിന്നു.

തന്നെ കാണുമ്പോൾ തന്നെ "ഓടിക്കോടാ " എന്നലറിക്കൊണ്ട് അടുത്ത പഞ്ചായത്തിൽ എത്താറുള്ള പട്ടികളാണ് നാട്ടിൽ ഭൂരിഭാഗം എണ്ണവും. അപ്പോഴാണ് ഭയ ഭക്തി ബഹുമാനം ഒട്ടുമില്ലാത്ത ഒരുത്തൻ ഇങ്ങനെ നിൽക്കുന്നത്.

മത്തായിയിലെ പട്ടി മത്തായി സടകുടഞ്ഞെഴുനേറ്റു. താഴേക്ക് കുനിഞ്ഞ് ഒരു പാറക്കഷ്ണം എടുത്തു ക്രിക്കറ്റ് താരം കപിൽ ദേവിനെ മനസ്സിൽ ധ്യാനിച്ച് ഉഗ്രൻ ഒരേറ്. മൂത്രം ഒഴിക്കലിന്റെ നിർണ്ണായകമായ അവസാന നിമിഷങ്ങളിൽ സുഖത്തിന്റെ ഉച്ചകോടിയിലാണ് മത്തായിയുടെ മാരക യോർക്കർ നാടന്റെ പള്ളക്ക് ചെന്നു ലാൻഡ് ചെയ്തത്. സുഖത്തിന്റെ ഉച്ചകോടി കീറിയ നാടൻ "കീയോ "എന്നൊരു മ്യൂസിക് ഇട്ടുകൊണ്ട്, തിരിച്ചു കയറിപ്പോയ മൂത്രത്തെ ഓർത്ത് സങ്കടപ്പെട്ട് മത്തായിയെ തിരിഞ്ഞൊന്നു നോക്കി.

സാധാരണ ഒരേറ് കൊള്ളുമ്പോൾ തന്നെ കത്തിച്ചു വിട്ട വാണം പോലെ അഞ്ഞൂറിൽ പായുന്ന പട്ടികളാണ് കൂടുതലും. അപ്പോഴാണ് ഒരുത്തൻ ഇവിടെ മസ്സിലും പിടിച്ചു "യാവാ യാവാ" എന്നും പറഞ്ഞു നിൽക്കുന്നത്. മത്തായിയുടെ അഭിമാനത്തിനേറ്റ ക്ഷതമായിരുന്നു അത്.

"ആഹാ നിനക്ക് മത്തായിയെ " എന്നും പറഞ്ഞു അടുത്ത കല്ലിനു കുനിഞ്ഞ മത്തായിക്ക് നേരെ നാടൻ കുതിച്ചു. പുണ്യാഹം തളിച്ചോണ്ട് ഇരിക്കുമ്പോഴാണോടാ കുരുത്തം കെട്ടവനെ കല്ലെറിയുന്നത്" എന്ന് ആക്രോശിച്ചു കൊണ്ട് തന്റെ നേരെ പാഞ്ഞടുക്കുന്ന നാടനെ എറിയാനായി കല്ലെടുക്കാൻ തുനിഞ്ഞ മത്തായിക്ക് കിട്ടിയത് ഒരു പൂളാച്ചി കരിയില ആയിരുന്നു.

"ഇവനേതോ ആഞ്ഞ പുള്ളിയാണ്, ചിലപ്പോൾ പേ പിടിച്ചവനോ മറ്റോ ആണോ. മത്തായീ പുക്കിളിനു ചുറ്റും കുത്തിവെപ്പ് വാങ്ങി ഊപ്പാട് വരണ്ടെങ്കിൽ വേഗം വിട്ടോ" എന്ന് മത്തായീസ് മനസ്സ് ഒരു വാർണിങ് കൊടുത്തതും മത്തായി ഒരു നൂറുമീറ്റർ ഓട്ടത്തിന് തയ്യാറെടുത്തു. കരിയിലയും കളഞ്ഞ് "കർത്താവേ കാത്തോളണേ" എന്നും അലറിക്കൊണ്ട് അഞ്ഞൂറിൽ പാഞ്ഞു.

നാടൻ ആയിരത്തിൽ കൂടെ പാഞ്ഞു. മാടത്തറയിലേക്ക് തിരിയുന്ന വളവിന് കമുകും തോട്ടത്തിൽ ചാടിയ മത്തായിയെ വിടാതെ പിന്തുടർന്നു പുറകിനു കൂടിയ നാടൻ ഒപ്പമെത്തി മത്തായിയുടെ പുറം കാലിൽ മുട്ടിനു താഴെ ചാടിയൊരു കടി. മുണ്ടിന്റെ മടക്കി കുത്ത് അഴിഞ്ഞത് കാരണം വാരിപ്പിടിച്ചു ഓടിയ ഓട്ടത്തിലാണ് കടി കിട്ടുന്നത്. ഉടുമുണ്ട് കൂടി വെച്ചുള്ള കടിയിൽ ഉടുമുണ്ട് അഴിഞ്ഞു നാടന്റെ മുഖത്തേക്ക് വീണു.
മാന്യമായി ഉഗ്രൻ ഒരു കടിയും വാങ്ങിച്ചു കെട്ടിക്കൊണ്ട് മുന്നിലും പിന്നിലും രണ്ടു കീറൽ വീണ കോറൽ ജട്ടിയും ഇട്ടുകൊണ്ട് മരണ ഓട്ടം ഓടി കമുകും തോട്ടത്തിൽ നിന്ന് മത്തായി തിരിച്ചു റോഡിൽ കയറി.

അപ്രതീക്ഷിതമായി മുഖത്തു മുണ്ടു വീണ് സ്‌ഫടികം ജോർജ് ആയിമാറിയ പുള്ളിക്കുത്തുള്ള നാടൻ കത്തിച്ചു വിട്ട കുടചക്രം പോലെ വെളിവില്ലാതെ നാലുപാടും ഓടി. ഏതോ കുറ്റിച്ചെടിയിൽ കുരുങ്ങിയ മുണ്ട് മുഖത്തുനിന്നും ഊർന്നു പോയ സന്തോഷത്തിൽ "അല്ല ഇവിടെ ഇപ്പോൾ എന്താ സംഭവിച്ചത്" എന്നോർത്ത് അണച്ചു പതയിളകി കമുകിൻ ചുവട്ടിൽ മാണ്ടു കിടന്നു.

ഗുലാം പരിശു കളിച്ചു കുണുക്കിട്ട് ഊപ്പാട് വന്ന മൊന്തയും ക്ണാപ്പനും "മ്മളില്ലേ" എന്നും പറഞ്ഞു തിരിച്ച് ആപ്പ ഓട്ടോയിൽ വരുമ്പോഴാണ് കോറൽ ജട്ടിയിട്ട് റോഡിലൂടെ ചീറിപാഞ്ഞു വരുന്ന മത്തായിയെ കണ്ടത്.

"ക്ണാപ്പാ വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടോ, എന്നെ പട്ടി കടിച്ചെടാ" മത്തായി അലറി. സഡൻ ബ്രെക്കിട്ട് നിർത്തിയ മൊന്തയുടെ ആപ്പ ഓട്ടോയിലേക്ക് ക്ണാപ്പൻ മത്തായിയെ വലിച്ചു കയറ്റി. "പേപ്പട്ടി ആയിരുന്നോ മത്തായി" ക്ണാപ്പൻ ചോദിച്ചു.

"ഒന്നുമറിയില്ല ക്ണാപ്പാ" മത്തായി കരയാറായ മുഖത്തോടെ പറഞ്ഞു. നീ കുറച്ചു വെള്ളം കൊടുക്ക് മത്തായിക്ക് എന്നിട്ട് ആ മുറിവൊന്ന് കഴുക്" മൊന്ത വണ്ടി സൈഡിലേക്ക് ഒതുക്കി. ക്ണാപ്പൻ വെള്ളക്കുപ്പി എടുത്തു മത്തായിയുടെ മുറിവിലേക്ക് ഒഴിച്ചു.
"അ ആഹ്" മത്തായിക്ക് നീറ്റൽ
"മത്തായീ വെള്ളം കണ്ടിട്ട് പേടി തോന്നുന്നുണ്ടോ" ക്ണാപ്പൻ ചോദിച്ചു
"ഉണ്ട് @@&#₹₹**&₹" മത്തായിക്ക് കലിപ്പായി.
"യ്യോ മൊന്തേ നമ്മുടെ കുരുവിത്തടത്തിൽ കുഞ്ഞവറാനെ പേപ്പട്ടി കടിച്ചപ്പോൾ ഇതുപോലാരുന്നു വെള്ളം കാണുമ്പോൾ പേടി ആയിരുന്നു. എഴിന്റെയന്ന് വടിയായി. പുക്കിളിനു ചുറ്റും എന്തോരം കുത്താണ് അവറാൻ വാങ്ങിച്ചു കൂട്ടിയത്. ക്ണാപ്പൻ പേടിയോടെ പറഞ്ഞു.
"എന്റെ കർത്താവേ " മത്തായി നിലവിളിച്ചു
"സുഗുണാ മ്മടെ മത്തായിയെ പേപ്പട്ടി കടിച്ചു. ഞങ്ങൾ ഹോസ്പിറ്റലിലേക്ക് ഇതിയാനെയും കൊണ്ട് പോവാ. നിങ്ങൾ എല്ലാരും കൂടെ പ്രാക്കുളം സണ്ണിച്ചന്റെ കമുകിൻ തോട്ടത്തിലേക്ക് ചെല്ല്. പേപ്പട്ടി അവിടെ കറങ്ങി നടപ്പുണ്ട് കാച്ചിയേരെ ആ പണ്ടാരത്തിനെ." വണ്ടി ഓടിക്കുന്നതിനിടയിൽ മൊന്ത സുഗുണൻ മേശരിയെ വിളിച്ച് നാടന് എട്ടിന്റെ ഒരു പണിയും കൊടുത്തു.

കേൾക്കേണ്ട താമസം സുഗുണൻറെ ശക്തമായ നേതൃത്വത്തിൽ, ആഹ്ലാദം ആനന്ദനും എയർ മാർഷൽ നാണപ്പനും ഗിൽബർട്ട് രാജ് ഉം, തകർപ്പൻ തങ്കപ്പനും പ്രാക്കുളം സണ്ണിച്ചന്റെ കമുകിൻ തോട്ടത്തിലേക്ക് പാഞ്ഞു.

"ഒരുത്തന്റെ കാലിനു കടിച്ചപ്പോൾ എന്തൊരു സുഖം" എന്നോർത്ത് കമുകിൻ തോട്ടത്തിൽ നിന്ന് റോഡിലേക്ക് കയറിയപ്പോഴാണ് നാടന് എട്ടിന്റെ പണി കിട്ടിയത്. റോഡിൽ കയറി സർവേകല്ലിൽ ഒന്ന് പുണ്യാഹം തളിക്കാൻ തുടങ്ങിയപ്പോഴാണ് തനിക്കു ചുറ്റും ആരൊക്കെയോ നിൽക്കുന്നതായി നാടന് തോന്നിയത്. പിന്നെ ഒന്നും ഓർമ്മയില്ല. എല്ലാം ഒരു പൊഹ പോലെ. പ്രാണ രക്ഷാർദ്ധം എങ്ങോട്ടെന്നില്ലാതെ പാഞ്ഞ നാടനെ ഗിൽബർട്ട് രാജ് ഒറ്റയടിക്ക് തന്നെ തെക്കോട്ട് എടുപ്പിച്ചു.

"മൊന്തേ സൂക്ഷിക്കണം, ദേ ഈ പട്ടീടെ വായീന്ന് നുരയും പതയും ഉണ്ട് പേപ്പട്ടി തന്നെ ആണ്. മത്തായിയുടെ തുപ്പൽ ഒന്നും ദേഹത്ത് വീഴരുത്" സുഗുണൻ അപ്പോൾ തന്നെ മൊന്തക്ക് റിപ്പോർട്ട്‌ കൊടുത്തു.
"ക്ണാപ്പാ ആ പട്ടിയെ അവന്മാർ എല്ലാം കൂടെ ചാമ്പി. പേപ്പട്ടി ആണെന്ന്" ദേ ഇപ്പോൾ സുഗുണൻ വിളിച്ചു.
"യ്യോ" എന്നൊരു കരച്ചിലോടെ മത്തായി പുറകോട്ട് മറിഞ്ഞു.

മത്തായിയെ ഹോസ്പിറ്റലിൽ കൊണ്ടുചെന്നാക്കിയപ്പോഴേക്കും ലാസർ മൊതലാളിയുടെ വണ്ടിയിൽ സുഗുണനും സംഘവും ഇളകി മറിഞ്ഞു ഹോസ്പിറ്റലിൽ എത്തി. പട്ടി മത്തായിയെ പേപ്പട്ടി കടിച്ചു എന്ന ഫ്ലാഷ് ന്യൂസ്‌ നാട്ടിൽ പരന്നു കളിച്ചു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഗോപാലപിള്ളയുടെ ചായക്കടയിലെ പുകപിടിച്ച കറുത്ത ഷാർപ്പ് ടിവിയിൽ പ്രാദേശിക ചാനലായ കൊട്ടതേങ്ങയിൽ വന്ന വാർത്ത കണ്ട് ചായയും സവാള വടയും കഴിച്ചു രസിച്ചിരുന്നവർ ഞെട്ടി.

"പ്രാക്കുളം മാടത്തറയിൽ മത്തായി (55) അന്തരിച്ചു. പേപ്പട്ടി കടിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു പേടിപ്പിച്ചു ഹാർട്ട് അറ്റാക്ക് വന്നാണ് മത്തായി മരിച്ചത്. അഞ്ചു ദിവസം വെന്റിലേറ്ററിൽ മരണത്തോട് മല്ലിട്ടു കിടക്കുകയായിരുന്നു.. ടിയാൻ.....സംസ്കാരം ഇന്നു വൈകുന്നേരം പ്രാക്കുളം സെന്റ്പീറ്റേഴ്സ് കത്തീട്രൽ വലിയ പള്ളിയിൽ നടക്കും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ