mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

(Satheesh Kumar)

അൻഡ്രയാർ കുഞ്ഞച്ചൻ തയ്യൽക്കട അടക്കാൻ നേരമാണ് ഇരുമ്പ് ദേവസ്യ MH ന്റെ ഒരു അരയുമായി ചെല്ലുന്നത്. കീരിക്കാട് പഞ്ചായത്തിലെ പഴയകാല തയ്യൽക്കടകളുടെയെല്ലാം അടിവേര് ഇളകിപോയപ്പോഴും, കട്ടക്ക് പിടിച്ചു നിന്നത് കുഞ്ഞച്ചൻസ് ടെയിലേഴ്സ് മാത്രം ആയിരുന്നു.

അണ്ടർ വിയർ നിർമ്മാണത്തിൽ അഗ്രഗണ്യനായ കുഞ്ഞച്ചന്റെ തഴക്കവും പഴക്കവും മൂലമാണ് കുഞ്ഞച്ചനെ നാട്ടുകാർ അൻഡ്രയാർ കുഞ്ഞച്ചൻ എന്ന പേരിൽ വിളിക്കുന്നത്. മരം വെട്ടുകാരും കൂലിപ്പണിക്കാരും ധരിക്കുന്ന വെള്ളയും നീലയും വരകൾ കൊണ്ട് അലങ്കരിച്ച അൻഡ്രയാർ, രാഷ്ട്രീയക്കാരും മൊതലാളിമാരും ധരിക്കുന്ന തൂവെള്ള അൻഡ്രയാർ, ചുമട്ടു തൊഴിലാളികൾ മുണ്ടു മടക്കി കുത്തി അൻഡ്രയാർ ഷോ കാണിച്ചു നടക്കുന്ന നീല അൻഡ്രയാർ തുടങ്ങിയവയൊക്കെ കുഞ്ഞച്ചന്റെ കരവിരുതിൽ വിരിഞ്ഞ ആറുകളാണ്.

പട്ടി കടിക്കാൻ വന്നപ്പോൾ ഉടുമുണ്ടും കളഞ്ഞു കുരുമുളക് കൊടികൾക്കിടയിൽ വെള്ള അൻഡ്രയാറും ഇട്ട് ചാടിയ ലാസർ മൊതലാളി, ചക്കയിടാൻ വരിക്ക പ്ലാവിൽ കയറി ഉറുമ്പുകടി വാങ്ങി ഊപ്പാട് വന്ന് വെള്ളയും നീലയും വരയുള്ള അൻഡ്രയാറിൽ പൂണ്ടു വിളയാടി നിന്ന മരം വെട്ടുകാരൻ ആഹ്ലാദം ആനന്ദൻ, റമ്മി കളിച്ചുകൊണ്ടിരുന്നപ്പോൾ പമ്മിപ്പമ്മി വന്നു പിടിക്കാൻ ശ്രെമിച്ച SI മിന്നൽ സോമനെ കണ്ട് ചുമപ്പൻ അൻഡ്രയാറും ഇട്ട് പ്രാണരക്ഷാർദ്ധം കണ്ടം വഴി ഓടിയ കുന്നേൽ കൊചൗത, ഷാപ്പിൽ നിന്നും ഇറങ്ങിക്കഴിഞ്ഞാൽ ഉടുമുണ്ട് അഴിച്ചു തലയിൽ കെട്ടി നേവി ബ്ലൂ കളർ അൻഡ്രയാറും ഇട്ട് വീട്ടിലേക്ക് പോകാറുള്ള പള്ളിവേട്ട സുഗു തുടങ്ങിയ മഹാരഥന്മാരാണ് കുഞ്ഞച്ചന്റെ അൻഡ്രയാറുകളെ ഇത്രയേറെ ഫേമസ് ആക്കിയത്.

അങ്ങനെ അൻഡ്രയാർ കുഞ്ഞച്ചനും ഇരുമ്പ് ദേവസ്യയും MH ന്റെ അരയുമായി തയ്യൽ കടയുടെ പുറകിലേക്ക് നീങ്ങി. കട്ട അടിയുടെ ആളായ ഇരുമ്പിന് വെള്ളം അലർജിയാണ്. ആഴ്ചയിൽ ഒരിക്കൽ മാത്രം കുളിക്കുന്ന ഇരുമ്പ് കള്ളു കുടിയിലും വെള്ളത്തിനെ ഗ്ലാസിനു പുറത്തു നിർത്തി. വെള്ളം ഒഴിക്കാതെ കട്ടക്ക് അടിച്ചു ശീലിച്ച ഇരുമ്പ് പ്ടക്കോ പ്ടക്കോ എന്ന് രണ്ടെണ്ണം വീശി കണ്ണിലൂടെ വെള്ളവും ചാടിച്ചു കൊണ്ട് ഇഴഞ്ഞു പോയി. ഉച്ച കഴിഞ്ഞ് ജവാനുമായി വന്ന പ്ലാസ്റ്റിക്‌ പപ്പനുമായും, OPR മായി ഓട്ടോയിൽ വന്ന മൊന്തയുമായും കമ്പനി കൂടിയ കുഞ്ഞച്ചൻ കോക്ടയിൽ ആയിട്ട് വെക്കാൻ സാധ്യതയുള്ള ഒന്നര മീറ്റർ വാളിനെ ഭയന്ന് MH ന്റെ പിടലിക്കു പിടിച്ച് സൈഡിലേക്ക് മാറ്റി വെച്ചു.

കട അടക്കാൻ നേരം ബാക്കിയിരുന്ന MH പെപ്സിയിൽ മിക്സ് ചെയ്തോണ്ട് ഇറങ്ങി. സ്വന്തം നാടായ മാന്തുകക്ക് പോകാനായി പന്തളം നിന്നും തിരുവല്ലക്കുള്ള ബസ്സിൽ കയറി. ബസ്സിലാണെങ്കിൽ കർക്കിടക മഴക്ക് ശേഷം മുളച്ചു പൊന്തിയ കുമിൾ പോലെ നാലഞ്ചു പേർ മാത്രം. ഏറ്റവും പുറകിലെ സീറ്റിൽ വന്നിരിന്നു വേഗം തന്നെ പെപ്സി ബോട്ടിൽ തുറന്ന് ഒന്നു വീശി പ്ലാഞ്ചിയ മുഖത്തോടെ കുഞ്ഞച്ചൻ ഇരിന്നു.
വനിതാ കണ്ടക്ടർ രാജമ്മയോട് രാത്രി ആഹാരത്തിന് എന്താ, യ്യോ മീനില്ലേ, ഇളയ മോൾക്ക് പല്ലുവേദനയോ, ഒന്നു മൂളിയാൽ പോരാരുന്നോ ഈ രമേശൻ ഇവിടുള്ളപ്പോൾ,,,, കുഞ്ഞമ്മേടെ മോൾക്ക് അഡ്മിഷൻ കിട്ടിയില്ലെന്നോ ന്റെ ഭഗവതി എന്നിങ്ങനെ രാജമ്മക്കും കെട്ടിയോനും കുടുംബത്തിനും എന്തിനേറെ ആ പഞ്ചായത്തിൽ പോലും ആർക്കുമൊരു കുഴപ്പവും ഇല്ലാത്ത പ്രശ്നങ്ങൾ കണ്ടക്ടർ രമേശിന് വമ്പൻ തലവേദന ആണെന്നപോലെ വാട്സാപ്പ് ൽ മെസ്സേജ് അയച്ചു കളിച്ചുകൊണ്ടിരുന്ന കണ്ടക്ടർ രമേശൻ മനസില്ലാമനസ്സോടെ കുഞ്ഞച്ചന്റെ അടുത്തു ചെന്നു.

"സാറെ ഒരു മാന്തുക " കുഞ്ഞച്ചൻ ഒരു പത്തിന്റെ നോട്ടെടുത്തു കൊടുത്തിട്ട് സൈഡിലേക്ക് ചരിഞ്ഞു. 
കുളനട പുഞ്ചയുടെ അരികിലൂടെയുള്ള പോക്കിൽ മന്ദമാരുതൻ കേറി ഇഴുകി പുണർന്നതിനാൽ കുഞ്ഞച്ചൻ ഒന്നു മയങ്ങി. കണ്ണു തുറക്കുമ്പോൾ എവിടെയോ എത്തി.
"കാർന്നോരെ ഇറങ്ങുന്നില്ലേ തിരുവല്ല ആയി, എടാ രമേശേ മതിയെടാ പഞ്ചാര അടിച്ചത്" എന്നു പറഞ്ഞുകൊണ്ട് ഡ്രൈവർ വാഴക്കുളം ഗോപിയാണ് രമേശിനെയും കുഞ്ഞച്ചനേയും ഇളക്കി വിട്ടത്.

"മാന്തുക ആയോ സാറെ " കുഞ്ഞച്ചൻ നിലാവത്ത് അഴിച്ചു വിട്ട ഗിരിരാജൻ കോഴിയെപ്പോലെ ചാടിയെഴുനേറ്റ് നിന്നുകൊണ്ട് ബോധമില്ലാതെ ചോദിച്ചു
"ഹിഹിഹിഹി മാന്തുകയോ എന്റെ പൊന്നണ്ണാ തിരുവല്ലയായി. ഇനി അടുത്ത ബസ്സിനു തിരിച്ചു വിട്ടോ " വാഴക്കുളം ഗോപി ചിരിച്ചുകൊണ്ട് പറഞ്ഞു.
MH കൊടുത്ത പണിയിൽ ഇരുമ്പ് ദേവസ്യയെ തെറിയും വിളിച്ചുകൊണ്ട് കുഞ്ഞച്ചൻ തിരുവല്ലയിൽ ഇറങ്ങി. ഭാര്യ മറിയയെ വിളിച്ചു കാര്യം പറയാനായി ഫോൺ എടുത്ത് ആദ്യം സമയം നോക്കി. പത്തു മണിക്ക് അഞ്ചു മിനിറ്റ്. മറിയയുടെ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങിയപ്പോഴേക്കും മാന്യമായി ഓഫായിക്കൊണ്ട് ഫോൺ തന്റെ നിലപാട് വ്യക്തമാക്കി. ആ ടെൻഷനിൽ ബാക്കിയിരുന്ന പെപ്സിയിൽ രണ്ടു ചെറുതും വീശി വിരിഞ്ഞു നിന്നപ്പോഴാണ് ഒരു തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് പാഞ്ഞു പറിച്ചു വന്നത്.

"പന്തളം വഴി ആയിരിക്കും പോകുന്നത്. കേറിയേക്കാം. എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അൻഡ്രയാർ കുഞ്ഞച്ചൻ ഇടം വലം നോക്കാതെ സൂപ്പറിൽ വലിഞ്ഞു കയറി.
"സാറെ ഒരു മാന്തുക " ബസ്സിൽ കേറിയതും കുഞ്ഞച്ചൻ കണ്ടക്ടറോട് പറഞ്ഞു
" ഹിഹിഹി ഹി മാന്തുകയോ ആരെ മാന്താൻ " കണ്ടക്ടർക്ക് ചിരി
"ആരെ വേണേലും മാന്തിക്കോ സാറെ മാന്തുക എനിക്ക് ഇറങ്ങേണ്ട സ്ഥാലമാണ് "
" ആഹാ മാന്തുക, ചൊറിയുക ഇമ്മാതിരി സ്ഥലങ്ങളിൽ ഒന്നും ഇവൻ നിൽക്കുവേല. ഇത് സൂപ്പറാ സൂപ്പർ "
" ശ്ശെടാ ഇതിപ്പോ പണികൾ എല്ലാം കൂടെ പാണ്ടിലോറിയും പിടിച്ചു വരുവാണല്ലോ " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അൻഡ്രയാർ കുഞ്ഞച്ചൻ തൊട്ടടുത്തു കണ്ട സീറ്റിലേക്ക് തോട്ട പൊട്ടി മയങ്ങിയ പാണൻ പള്ളത്തിയെപ്പോലെ ചരിഞ്ഞു വീണു. തികട്ടി വന്ന സങ്കടം കടിച്ചമർത്താനായി ബാക്കിയിരുന്ന പെപ്സി ഒറ്റവലിക്കു കുടിച്ചു തീർത്തു.
ഈ സമയം കുഞ്ഞച്ചന്റെ വീട്ടിൽ കാത്തിരുന്നു കാത്തിരുന്നുപുഴ മെലിഞ്ഞു ഗാനവും പാടി കുഞ്ഞച്ചൻസ് വൈഫ്‌ മറിയ ഓഫായ മൊബൈലിൽ വിളിച്ചു മടുത്തു തന്റെ പ്രാണേശ്വരനേയും ഓർത്തുകൊണ്ട് നെഞ്ചിൽ കത്തുന്ന തീപ്പന്തവുമായി ഇരുന്നു.

അൻഡ്രയാർ കുഞ്ഞച്ചന്റെ ആൻഡ്രോയ്ഡ് ഫോണിൽ വിളിച്ചു മടുത്ത മറിയ ചേടത്തി തന്റെ പ്രിയതമനെ കാണാഞ്ഞതിലുള്ള വെപ്രാളം ഒന്ന് കുറയ്ക്കുവാനായി ടിവി ഒന്ന് ഓൺ ചെയ്തു.
"മാറിയെടമ്മേടെ ആട്ടിൻകുട്ടി മണിയന്റമ്മേടെ സോപ്പുപെട്ടി " ടിവി ഓണാക്കിയതും തന്റെ പേരിലുള്ള തങ്കച്ചന്റെ പാട്ട് കേട്ട് കലിപ്പിളകിയ മറിയ ചേടത്തി. റിമോട്ട് വലിച്ചൊരു എറ് കൊടുത്തിട്ട് ചിന്താവിഷ്ടയായ ശ്യാമളയെ പ്പോലെ കട്ടിള പ്പടിയിൽ പോയി ചാരിനിന്ന് പുറത്തേക്ക് നോക്കി കുണ്ഠിതപ്പെട്ടു.

12 മണിയിലേക്ക് അടുക്കുന്ന സമയം. മറ്റൊന്നും ആലോചിക്കാതെ പാഞ്ഞോടി വേലിക്കെട്ടുകൾ ചാടി കുഞ്ഞച്ചന്റെ എൽഡർ ബ്രോ കുരുവിതടത്തിൽ കുഞ്ഞവറാന്റെ വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു.
പ്രേതപ്പടങ്ങളുടെ കട്ട ആരാധകൻ ആയിരുന്ന കുഞ്ഞവറാൻ മണിച്ചിത്രതാഴ് സിനിമ നാനൂറാം തവണ കണ്ടുകൊണ്ട് " കതവ് തൊറ, തൊറ കതവ് ഇന്നേക്ക് ദുർഗാഷ്ടമി" എന്ന സീനിൽ രോമാഞ്ചം വന്ന് ഉയർന്നു വന്ന രോമങ്ങളുമായി ലയിച്ചിരുന്നപ്പോഴാണ് സ്വന്തം വീട്ടിലെ കോളിങ്ബെല്ലിന്റെ ബഹളം.

"ഈ പാതിരാത്രിക്ക് ഇതാരപ്പാ, ഇനി നാഗവല്ലി എങ്ങാനും ആണോ " എന്ന് ശങ്കിച്ചുകൊണ്ട് കതകു തുറന്ന കുഞ്ഞവറാന്റെ അകവാള് വെട്ടി. ഒരു സ്ത്രീരൂപം വാതിൽക്കൽ മരക്കുരിശു പോലെ നിൽക്കുന്നു. ഭയന്നുപോയ കുഞ്ഞവറാൻ നാടൻ പട്ടി കരിങ്കല്ല് കൊണ്ടുള്ള ഏറുവാങ്ങിയിട്ട് കരയുന്നതുപോലെ കരഞ്ഞുകൊണ്ട് പുറകോട്ടൊരു ചാട്ടം.
"അച്ചായാ ഇത് ഞാനാ മറിയക്കൊച്ച്" അകത്തേക്ക് കേറിക്കൊണ്ട് മറിയ പറഞ്ഞു.
ബഹളം കേട്ട് അകത്ത് സീരിയൽ കണ്ട് തകർന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞവറാൻസ് വൈഫ്‌ കൊച്ചമ്മിണി ചാടിയെഴുന്നേറ്റുവന്നു അന്തിച്ചു നിന്നു. മറിയചേടത്തി ഒറ്റ ശ്വാസത്തിൽ തന്നെ തന്റെ പാതിരാത്രിയിലുള്ള മാസ്സ് എൻട്രിയുടെ ഉദ്ദേശം പറഞ്ഞു.

സോഫയുടെ സൈഡിൽ നിന്നും എഴുനേറ്റുവന്ന കുഞ്ഞവറാൻ വേഗം തന്നെ മാനുവൽ മോഡിൽ നിന്നും ഓട്ടോമാറ്റിക് മോഡിലേക്ക് മാറി. അൻഡ്രയാർ കുഞ്ഞച്ചനെ കാണാനില്ല എന്ന വാർത്ത കേട്ട കുഞ്ഞവറാൻ രണ്ടാമതും ഞെട്ടി. വേഗം തന്നെ ഫോണെടുത്തു നാട്ടിലെ പ്രധാന കട്ടകളെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. മൊന്ത രാജേഷ്, മുഴക്കോൽ ശശി, ക്ണാപ്പൻ രമേശ്‌, രായപ്പണ്ണൻ, സുഗുണൻ മേശരി, പോസ്റ്റർ പൊന്നച്ചൻ, ഇരുമ്പ് ദേവസ്യ, പ്ലാസ്റ്റിക് പപ്പൻ, എയർ മാർഷൽ നാണപ്പൻ, പ്രാക്കുളം ലോനച്ചൻ തുടങ്ങിയ കീരിക്കാടിന്റെ അഭിമാന താരങ്ങൾ ഉറക്കപ്പിച്ചയോടെ കുരുവിത്തടത്തിൽ എത്തിച്ചേർന്നു.
മൊന്തയുടെ ആപ്പ ഓട്ടോയിൽ ഇരുമ്പ് ദേവസ്യയുടെ ശക്തമായ നേതൃത്വത്തിൽ ഒരു സംഘം അൻഡ്രയാർ കുഞ്ഞച്ചന്റെ കടയിൽ പോയിട്ട് വെറും കയ്യോടെ തിരിച്ചുവന്നു വെള്ളം കുടിച്ചു വിശ്രമിച്ചു.
കുഞ്ഞച്ചൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും കമ്പനി കൂടാനുള്ള സ്ഥലങ്ങളിലും അരിച്ചു പെറുക്കിയെങ്കിലും അൻഡ്രയാറിന്റെ വള്ളി പോലും കിട്ടിയില്ല. മറിയ ചേടത്തി കട്ടിലിൽ മറിഞ്ഞു കിടന്നു തന്റെ പ്രിയതമനെയോർത്തു കരഞ്ഞു. മറിയ കരഞ്ഞു ക്ഷീണിച്ചാൽ കരയുന്ന ജോലി കട്ടക്ക് ഏറ്റെടുക്കാൻ എന്തിനും തയ്യാറായി കൊച്ചമ്മിണി കട്ടിലിൽ കുത്തിയിരിന്നു. 

കീരിക്കാട്ടിലെ തഴക്കവും പഴക്കവും ചെന്ന ശാസ്ത്രജ്ഞരായ ക്ലാവർ കുട്ടപ്പനും തകർപ്പൻ തങ്കപ്പനും രാത്രിയിൽ രണ്ടു കുപ്പി വാറ്റുമായി രായപ്പണ്ണന്റെ റബ്ബറും തോട്ടത്തിൽ ഏത്തിചേർന്നു. അൻഡ്രയാർ കുഞ്ഞച്ചനെ കണ്ടുപിടിക്കാനുള്ള പദ്ധതികൾക്ക് ഉന്മേഷവും ഊർജവും പകരാനായി രാത്രി രണ്ടുമണിക്ക് തിരച്ചിൽ സംഘങ്ങൾ വട്ടം കൂടിയിരുന്ന് കരിക്ക് ഒഴിച്ച് വാറ്റ് അടിച്ചു തുടങ്ങി.
ഈ സമയം തിരുവനന്തപുരം സൂപ്പറിൽ തോട്ട പൊട്ടി മയങ്ങിയ പാണൻ പള്ളത്തിയെപ്പോലെ മയങ്ങികിടന്ന് ഉറങ്ങിയ അൻഡ്രയാർ കുഞ്ഞച്ചൻ വെളിപാട് വീണപോലെ ചാടിയെഴുനേറ്റു.
"സാറെ ഇതെവിടെയാ മാന്തുക കഴിഞ്ഞോ, യ്യോ എനിക്ക് ഇറങ്ങണം" കുഞ്ഞച്ചൻ ചാടിയെഴുനേറ്റ് പറഞ്ഞു.
പള്ളിയുറക്കത്തിൽ ആയിരുന്ന കണ്ടക്ടർ അമ്പുജാക്ഷൻ ചാടിയെഴുനേറ്റു. "ങ്‌ഹേ താൻ കുളനടയിൽ ഇറങ്ങിയില്ലേ ഇതിപ്പോൾ കൊട്ടാരക്കര ആകാറായി, എങ്ങാണ്ട് നിന്ന് മാട്ടകള്ളും കുടിച്ചിട്ട് വണ്ടിയിൽ കേറിക്കോളും ആ ഇനി കൊട്ടാരക്കര ഇറങ്ങിക്കോ. കൂടെ ഇവിടെ വരെയുള്ള വണ്ടിക്കൂലിയും തന്നിട്ട് പോയാൽ മതി " എന്നു പറഞ്ഞു കൊണ്ട് അമ്പുജാക്ഷൻ ടിക്കറ്റ് ഒരെണ്ണം കൂടി കുഞ്ഞച്ചനു കൊടുത്തു കൊണ്ട് സീറ്റിലേക്ക് വീണു.

അങ്ങനെ നിലാവത്ത് അഴിച്ചുവിട്ട നാടൻ കോഴിയെപ്പോലെ കൊട്ടാരക്കര സ്റ്റാൻഡിൽ കുഞ്ഞച്ചൻ ഇറങ്ങി തെക്കു വടക്ക് നടന്നു. 

കുരുവിത്തടത്തിൽ കുഞ്ഞവറാനും മഠത്തിൽ പറമ്പിൽ രതീഷും കൂടിയാണ് കീരിക്കാട് പോലീസ് സ്റ്റേഷനിൽ എത്തി അൻഡ്രയാർ കുഞ്ഞച്ചനെ കാണാനില്ല എന്ന് പരാതി കൊടുത്തത്. പണ്ട് മണൽ മാഫിയായുമായുള്ള മൽപ്പിടുത്തത്തിൽ അൻഡ്രയാറും ഇട്ടുകൊണ്ട് പറന്നടിച്ചതിന്റെ ഓർമ്മകൾ തികട്ടി വന്നതിനാൽ രാത്രി തന്നെ SI മിന്നൽ സോമൻ സ്റ്റേഷനിൽ എത്തി അന്വേഷണം ആരംഭിച്ചു.
അന്നേ രാത്രിയിലെ വിജയകരമല്ലാത്ത മൂന്നാമത്തെ KSRTC യാത്രക്കായി തകർന്നു തരിപ്പണമായ കുഞ്ഞച്ചൻ കൊട്ടാരക്കര സ്റ്റാൻഡിൽ നിന്നും കോട്ടയത്തിനുള്ള ബസ്സിൽ കയറി ഇരുന്നു.
"എന്റെ പൊന്നു സാറെ മാന്തുകയിൽ ഇതൊന്ന് നിർത്തി എന്നെ അവിടൊന്ന് ഇറക്കി വിടണേ " കുഞ്ഞച്ചൻ കണ്ടക്ടറോഡ് കാര്യം പറഞ്ഞു
"മാന്തുക എന്നു പറയുന്നത് കുളനട കഴിഞ്ഞു ള്ള സ്ഥലം അല്ലെ "
"അതെ സാറെ "
"തീർച്ചയായും അവിടെത്തുമ്പോൾ പറയാം "
വണ്ടിയിൽ ഇരുന്ന് ഉറങ്ങാതെ ഇരിക്കാനായി കണ്ണുകൾ തുറന്നു പിടിച്ചുകൊണ്ട് കുഞ്ഞച്ചൻ യാത്ര തുടങ്ങി. 

ചമ്രംപൂട്ട് ഇട്ടിരുന്നു വാറ്റടിച്ചു മത്തായ ആസ്ഥാന കുടിയന്മാർ കൊച്ചുവെളുപ്പാൻ കാലത്ത്, കുളനട, മാന്തുക, കാരക്കാട് സ്ഥലങ്ങളിൽ ഒക്കെ കുഞ്ഞച്ചൻ ഓപ്പറേഷനിൽ പങ്കാളികൾ ആയി വിയർത്തു കുളിച്ചു അണച്ചു പതയിളകി ജാഥയായി അവസാനം അൻഡ്രയാർ കുഞ്ഞച്ചന്റെ വീട്ടിലെത്തി കുത്തിയിരിന്നു കുഞ്ഞച്ചൻസ് മെമ്മറികൾ അയവിറക്കിക്കൊണ്ട് വിങ്ങിപ്പൊട്ടി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ട്രയിൻ കേറി പപ്പടമായ അൻഡ്രയാർ അണിഞ്ഞ ഒരു അജ്ഞാത ബോഡിയുടെ വാർത്തയറിഞ്ഞ മിന്നൽ സോമൻ ബോഡി തിരിച്ചറിയാനായി കുഞ്ഞവറാനെ വിളിച്ചു. വാർത്തയറിഞ്ഞ മറിയ ചേടത്തി വെട്ടിയിട്ട ഞാലിപൂവൻ വാഴ പോലെ ബോധരഹിതയായി കട്ടിലിൽ വീണു. എന്തിനും തയ്യാറായി നിന്ന കൊച്ചമ്മിണി കരച്ചിലിന്റെ ടെണ്ടർ മുന്നും പിന്നും നോക്കാതെ കേറിയെടുത്തുകൊണ്ട് കരച്ചിൽ തുടങ്ങി.
രാവിലെ നാലുമണിക്ക് മാന്തുക ജംഗ്ഷനിൽ മനസ്സമാധാനത്തോടെ ബസ്സിറങ്ങിയ അൻഡ്രയാർ കുഞ്ഞച്ചൻ വീട്ടിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് ഒരു യൂബർ ടാക്സി വന്നു മുന്നിൽ നിന്നത്.

"ചേട്ടാ ഈ മാന്തുക ഇവിടെ തന്നെയല്ലേ "
ഒരു യൂബർ കുഞ്ഞ് പുറത്തേക്കു തലയിട്ടുകൊണ്ട് ചോദിച്ചു
"അതേല്ലോ ഇവിടെ തന്നെ "
"പൈവഴിക്കുള്ള വഴിയേതാ, ലൊക്കേഷൻ അയച്ചിരുന്നു പക്ഷെ ക്ലിയർ ആകുന്നില്ല"
"ആഹാ ഞാനും അങ്ങോട്ടാണ്. കേറിക്കോട്ടെ "
"പിന്നെന്താ കേറിക്കോ വഴിയും അറിയാമല്ലോ "
"അവിടെ എങ്ങോട്ട് പോകാനാണ് " കേറിയിരിന്നു കൊണ്ട് കുഞ്ഞച്ചൻ ചോദിച്ചു
"ഓ അവിടെ ഏതോ ചേട്ടൻ പോയി ട്രെയിനു തല വെച്ചു പോലും. ഇവനൊന്നും വേറെ ഒരു പണിയുമില്ലേ"
"അയ്യോ അവിടെ ആരാണ് മരിച്ചത്" കുഞ്ഞച്ചൻ അലറിക്കൊണ്ട് ചോദിച്ചു അപ്പോഴേക്കും കുരുവിത്തടം വീടിനു മുന്നിൽ ആൾക്കാരെ കണ്ടു കൊണ്ട് യൂബർ കുഞ്ഞ് വണ്ടി നിർത്തി
"ആ.... ദാ ആ വീട്ടിലെ ചേട്ടൻ ആണെന്ന് തോന്നുന്നു. യൂബർ കുഞ്ഞ് കുരുവിത്തടം വീട് കാണിച്ചു കൊണ്ട് പറഞ്ഞു.
"അയ്യോ കുഞ്ഞവറാൻ ചേട്ടൻ ആണോ കർത്താവെ " കുഞ്ഞച്ചൻ നിലവിളിച്ചു.
"റെയിൽവേ സ്റ്റേഷനിൽ പോകാൻ ബുക്ക്‌ ചെയ്ത ടാക്സി വന്നു" എന്ന് പ്രാക്കുളം ലോനച്ചന്റെ മകൻ സ്ലീവാചൻ വിളിച്ചു പറഞ്ഞത് കേട്ടുകൊണ്ട് കുഞ്ഞവറാനും പോസ്റ്റർ പൊന്നച്ചനും, ഇരുമ്പ് ദേവസ്യയും ബാക്കി സംഘവും ടാക്സിക്ക് അടുത്തെത്തി. ആരുടേയും മുഖം വ്യക്തമല്ല. ഇരുമ്പാണ് പുറകിലെ ഡോർ തുറന്നത്. അപ്പോഴേക്കും യൂബർ കുഞ്ഞ് കാറിനുള്ളിലെ ലൈറ്റ് ഓണാക്കി. ഉള്ളിൽ പ്ലാഞ്ചിയ മുഖത്തോടെ സാക്ഷാൽ അൻഡ്രയാർ കുഞ്ഞച്ചൻ
"പ്ഹീ":എന്നൊരു മ്യൂസിക് ഇട്ടുകൊണ്ട് ഇരുമ്പ് ദേവസ്യ അലറിക്കൊണ്ട് പുറകോട്ടു മറിഞ്ഞു. ഓടിക്കോടാ കുഞ്ഞച്ചന്റെ പ്രേതം ടാക്സി പിടിച്ചു വന്നേക്കുന്നു ഇരുമ്പ് അലറി. വാറ്റടിച്ചു കിറുങ്ങി നിന്ന ബാക്കി സഹകുടിയന്മാർ മരണവെപ്രാളംപ്പെട്ടുകൊണ്ട് പുറകോട്ടു മറിഞ്ഞു. 

"എന്റെ പൊന്നു ചേട്ടായീ നീ എന്നോടീ ചതി കാണിച്ചല്ലോ എന്ന് അലറിക്കൊണ്ട് അൻഡ്രയാർ കുഞ്ഞച്ചൻ കോഴിക്കൂട് തുറക്കുമ്പോൾ കുന്തളിച്ചു ചാടുന്ന പൂവനെപ്പോലെ പുറത്തു ചാടി.
കുടിയന്മാരുടെ ഇടയിൽ വീണുപോയ കുഞ്ഞവറാൻ എഴുനേറ്റ് വന്ന് സ്റ്റക്കായി നിന്നു. കുഞ്ഞവറാനെ കണ്ട കുഞ്ഞച്ചനും കുഞ്ഞച്ചനെ കണ്ട കുഞ്ഞവറാനും സംഘം ചേർന്ന് ഞെട്ടിത്തരിച്ചു ശബ്ദം പുറത്തു വരാതെ തൊണ്ട വറ്റി വരണ്ടു നിന്നു നക്ഷത്രം എണ്ണി.

മറിഞ്ഞ പാണ്ടിലോറി പോലെ കിടന്ന മറിയ ചേടത്തി കുഞ്ഞച്ചന്റെ സൗണ്ട് കേട്ട് ഓടിയെത്തി. അപ്പോഴേക്കും SI മിന്നൽ സോമൻ ഇടിമിന്നൽ പോലെ സ്ഥലത്തെത്തി. ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തേണ്ട തന്റെ KSRTC യാത്രാ കഥകൾ കുഞ്ഞച്ചൻ എല്ലാവരോടും പറഞ്ഞു. 
മരണവെപ്രാളം പിടിച്ച ഓട്ടത്തിനിടയിൽ വാഴപ്പാത്തിയിൽ വീണ് കലക്ക വെള്ളം കുടിച്ച് പള്ള വീർത്ത പ്ലാസ്റ്റിക് പപ്പനെ ആരൊക്കെയോ ചേർന്ന് മഞ്ചൽ കൊണ്ടുവരുന്നത് പോലെ താങ്ങിക്കൊണ്ടു വന്നു വരാന്തയിൽ വെച്ചു. ബോധരഹിതനായി വീണ ഇരുമ്പ് ദേവസ്യയെ വെള്ളം ഒഴിച്ച് ഉണർത്തി നേരെ ഇരുത്തി. അപ്പോൾ, ഇവിടെ എന്താണ് നടക്കുന്നത് എന്ന് നോക്കി അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ ഇരിക്കുകയായിരുന്നു യൂബർ കുഞ്ഞ് കെ കെ ഉമ്മർ.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ