(Sathish Thottassery)
അങ്കുച്ചാമി അയിലൂരിലെ പ്രധാന ദിവ്യനായിരുന്നു. ചുട്ട കോഴിയെ പറപ്പിച്ച ആഭിചാര ശിങ്കം. കപ്പടാ മീശയും വയറിനെ ചുംബിക്കുന്ന നരയൻ താടിയും. ഇപ്പോഴത്തെ ഫ്രീക്കൻ ചെക്കന്മാരെ പോലെ നീണ്ട തലമുടിയുടെ അറ്റം റബ്ബർ ബാന്റിട്ടു കെട്ടിയിടും. പൂജാദി കർമ്മങ്ങൾ നടത്തുമ്പോൾ മാത്രം കെട്ടഴിച്ചു മുടി വെളിച്ചപ്പാട് സ്റ്റൈലിൽ ആക്കും.
സിൽക്കിന്റെ സുവർണ്ണ നിറമുള്ള ജൂബ്ബയും മുണ്ടും സ്ഥിരം വേഷം. കാതിൽ വൈരം പതിച്ച പൊൻ കടുക്കൻ. കട്ടിപ്പുരികകങ്ങൾക്കു താഴെ തീക്ഷ്ണമായ ചോരകണ്ണുകൾ. ദേശത്തെ മോൺസ്റ്റർസിനെയൊക്കെ ഈ കണ്ണ് കൊണ്ട് ഒന്ന് തുറിച്ചു നോക്കിയാൽ അവർ പേടിച്ചു ചൂച്ചൂത്തും.
ആ കാലത്തു് മിക്കവാറും രണ്ടു വർഷത്തിലൊരിക്കൽ അയിലൂർ വേല മന്നത്തു് സൈക്കിൾ റേസ് ഉണ്ടാകും. റേസ് എന്നുവെച്ചാൽ നീളത്തിൽ സ്പീഡിൽ അല്ല മറിച്ചു് വട്ടത്തിൽ സ്ലോവിൽ ആണ് സൈക്കിൾ ഓടിക്കുക. രണ്ടു ടയറുകൾ ഒഴിച്ചു നിർത്തിയാൽ സൈക്കിളിനു വേറെ ആഭരണങ്ങളോ ഉടുതുണിയോ ഉണ്ടായിരിക്കില്ല. യജ്ഞക്കാരൻ രാവും പകലും സൈക്കിളിൽ തന്നെ വെള്ളത്തിൽ എഴുത്തശ്ശനെ പോലെ വട്ടത്തിൽ കറങ്ങിക്കൊണ്ടിരിക്കും. പല്ലുതേപ്പ്, കുളി, ലണ്ടനടി എല്ലാം സൈക്കിളിൽ തന്നെ. ഇതിൽ ഒന്നും രണ്ടും ഐറ്റം അയിലൂർക്കാർ നേരിൽ കണ്ടിട്ടുണ്ട്. മൂന്നാമത്തെ ഐറ്റം ആരും കണ്ടതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. സംഭവം നടക്കുന്ന സ്ഥലത്തു തന്നെ മുളങ്കാലുകളിൽ കെട്ടിപൊക്കുന്ന സ്റ്റേജിൽ വൈകുന്നേരങ്ങളിൽ റെക്കോർഡ് ഡാൻസ്, ഇന്ദ്രജാലം തുടങ്ങിയ ആളെകൂട്ടി പരിപാടികളും കാണും. കോളാമ്പി മൈക്കിലൂടെ വരുന്ന പഴയ തമിഴ് ഗാനങ്ങളുടെ താളത്തിനൊപ്പിച്ചു തുള്ളികളിക്കുന്ന അർദ്ധനഗ്ന മദാലസകളെ കാണാൻ മാത്രം അയൽ ദേശങ്ങളിൽ നിന്നുവരെ പുരുഷാരം നടന്നും വാടകസൈക്കിൾ എടുത്തും വന്നു
ചേരും.
സൈക്കിൾ റേസിലെ മുടിചൂടാമന്നൻ എസ്. കെ. ടി. വേലുവും സംഘവും മന്നത്തു പെർഫോം ചെയ്യുന്ന അവസരത്തിൽ അങ്കു ചാമിയുടെ ഖ്യാതി അറിഞ്ഞു വശായി ചുട്ട കോഴിയെ പറപ്പിക്കാൻ വെല്ലുവിളിച്ചു. ശിങ്കം വാളിന്മേൽ പണം വെച്ച് വെല്ലുവിളി സ്വീകരിച്ചു. വിവരം അറിഞ്ഞു ജനം തടിച്ചുകൂടി. ഡിം ലൈറ്റിൽ മഞ്ഞൾ, ഭസ്മം, കുങ്കുമം, തുളസിയില, സാംബ്രാണിപ്പുക എന്നിവ കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മരണ സെർട്ടിഫിക്കറ്റുള്ള ചാത്തൻ കോഴിയെ വാഴയിലയിൽ കിടത്തി ചിത കൂട്ടി മന്ത്രോച്ചാരണം തുടങ്ങി. അതിന്റെ മൂർദ്ധന്യാവസ്ഥയിൽ സ്തബ്ധരായ ജനം സാക്ഷി നിൽക്കെ മഹാത്ഭുതം സംഭവിച്ചു. ചുട്ട കോഴി രണ്ടു മൂന്ന് പ്രാവശ്യം തലകുത്തി മറിഞ്ഞു. ചിറകുകൾ വിടർന്നു.
തീയിൽ നിന്നും ഒരു മീറ്ററോളം ദൂരം ചാത്തൻ സഞ്ചരിച്ചു. മന്നത്തു അങ്കുച്ചാമീ കീ ജയ് വിളികൾ മുഴങ്ങി. ആവേശഭരിതരായ ജനം ശിങ്കത്തെ തോളിലേറ്റി ജാഥയായി മാരിയമ്മൻ കോവിലിന്റെ ആൽ തറയിൽ കൊണ്ടുപോയി ചാരായ സൽക്കാരം നടത്തി.
ഇതിനിടയിൽ വേലുവിന്റെ ഒരു ശിങ്കിടി ചുട്ട ചാത്തനെ ബാക്ക് സ്റ്റേജിൽ കൊണ്ടുപോയി പോസ്റ്റ് മോർട്ടം നടത്തുകയും ചാത്തന്റെ വയറ്റിൽ നിന്നുംചൂട് കൊണ്ട് മരണവെപ്രാളം കാട്ടുന്ന ജീവനുള്ള ഒരു പോക്കാച്ചി തവളയെ പുറത്തെടുക്കുകയും ചെയ്തു. അതോടെ സംഗതിയുടെ ഗുട്ടൻസ് വേലു ഒരു വിശദീകരണത്തിലൂടെ വെളിപ്പെടുത്തുകയും അങ്കുച്ചാമിയുടെ അന്നേവരെയുള്ള സ്റ്റാറ്റസ്കോ ചോദ്യം ചെയ്യപ്പെടുകയും, ഇതിൽ കുപിതനായ അദ്ദേഹം പിറ്റേന്ന് സംഘത്തെ ദേശത്തു നിന്നും തുരത്താൻ പകൽ മുഴുവൻ മാട്ടും, മാരണവും, ഒടിവിദ്യയും നടത്തി. അന്ന് വൈകിട്ട് വേലു വെള്ളം നിറച്ച ചെമ്പുകുടങ്ങൾ രണ്ടു കയ്യിലും ഒന്ന് വായിലും കടിച്ചുപിടിച്ചു സൈക്കിൾ ഓടിക്കവേ വായിലെ മുൻവരി പല്ലുകളിൽ മൂന്നെണ്ണം കടപുഴകി
കുടത്തോടൊപ്പം നിലം പരിശാകുകയും ചെയ്തു. യജ്ഞം താത്കാലികമായി നിർത്തിവെച്ചു
ശിങ്കത്തിനെതിരെ പരാതി നൽകാനായി നെമ്മാറ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ മാട്ടിനും മാരണത്തിനും കേസെടുക്കാൻ ഇന്ത്യൻ പീനൽ കോഡിൽ വകുപ്പില്ലെന്നും പറഞ്ഞു മടക്കി അയച്ചുവത്രെ. വരും നാളുകളിൽ കൂടുതൽ അത്യാഹിതങ്ങൾ മുന്നിൽക്കണ്ട സംഘം രായ്ക്കുരാമാനം സ്ഥലം കാലിയാക്കി എന്ന് ദേശവാസികൾ പറയുന്നു.