(V. SURESAN)
ഈ കഥയിലെ സാഹിത്യകാരനെ സ-കാരനെന്നും, സാഹിത്യകാരിയല്ലെങ്കിലും അയാളുടെ ഭാര്യയെ സ-കാരിയെന്നും വായനക്കാരനെ വ-കാരനെന്നും സൗകര്യത്തിനായി വിളിക്കാം. നിങ്ങൾക്ക് ഇനി മറ്റെന്തെങ്കിലും വിളിക്കണമെന്നു തോന്നുകയാണെങ്കിൽ അതും ആകാം.
സകാരൻ്റെ മെയിൻ കുടുംബകഥകളും
സ്പെഷ്യലൈസേഷൻ ദാമ്പത്യ കഥകളും സബ് -സ്ത്രീ വിഷയവുമാണ്.
തൻറെ കഥകൾ വായിച്ചു കോൾമയിർ കൊണ്ടും കൊള്ളാതെയുംരോമാഞ്ചകഞ്ചുകം അണിഞ്ഞും അണിയാതെയും പല അസ്വാദകരും ഫോണിലൂടെയും കത്തുകളിലൂടെയും സകാരനെ ബന്ധപ്പെടാറുണ്ട്.
ഇതാ ഇപ്പോൾ ഒരു വായനക്കാരൻ നേരിട്ട് വന്നിരിക്കുന്നു.
സ-കാര ഭവനത്തിലെത്തിയ വ -കാരനോട് സ-കാരൻ ഉപചാരപൂർവ്വം ഉരിയാടി .ഈ ആട്ടം ഗ്രൈൻ്ററിൽ അരിയാടി നിന്ന സ-കാരിയുടെ ചെവിയിലുമെത്തി. സ-കാരി ഉമ്മറ വാതിൽക്കൽ വന്ന് സകാര-വകാര ഉരിയാട്ടം കേട്ടു നിന്നു.
"സാറിൻ്റെ കഥകൾ സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാൻ."
എൻ്റെ ഒരു ആരാധകനെ കണ്ടോടീ- എന്ന മട്ടിൽ സകാരൻ തലയുയർത്തി സകാരിയെ നോക്കി. പിന്നെ വകാരനോട് ഇപ്രകാരം ഉരിയാടി:
" ഒടുവിലത്തെ കഥ സുമംഗലം വാരികയിലാണ് വന്നത്. "
"ഭാര്യാദീപം എന്ന കഥയല്ലേ?.. ഞാൻ വായിച്ചു ."
"അപ്പോൾ താങ്കൾ എൻ്റെ ഒരു അപ്റ്റു ഡേറ്റ് റീഡർ ആണല്ലോ."
"അതെ..സാറിൻ്റെ കഥകളെക്കുറിച്ച് എനിക്കു തോന്നിയ ചില അഭിപ്രായങ്ങൾ സാറിനോട് നേരിട്ട് പറയാനാണ് വന്നത്. "
"വളരെ സന്തോഷം. പറഞ്ഞോളൂ."
"ഭാര്യാ ദീപത്തിൽ മദ്യപാനിയും സ്ത്രീലമ്പടനും ഭാര്യയുടെ
താലി മാല പൊട്ടിക്കാൻ ശ്രമിക്കുന്നവനും ആയ ഒരു ഭർത്താവിനെയാണ് സാർ അവതരിപ്പിക്കുന്നത്. ഭാര്യയാകട്ടെ അതിനെയൊക്കെ അതിജീവിച്ച് സ്വന്തം കഴിവിനാൽ കുടുംബം പോറ്റുന്ന ഒരു മാതൃക വനിതയും. സാറിൻറെ ഒട്ടു മിക്ക കഥകളിലും ഇപ്രകാരം പുരുഷൻറെ ദോഷവശങ്ങളും സ്ത്രീയുടെ നല്ല വശങ്ങളും ആണ് ഉയർത്തിക്കാട്ടുന്നത് ."
"അതെ. സാഹിത്യ സൃഷ്ടികൾ യഥാർത്ഥ ജീവിതത്തിൻ്റെ പ്രതിഫലനങ്ങൾ ആവണമല്ലോ."
"സാറിൻ്റെ ജീവിതത്തിലെ സ്ത്രീകൾ സൽസ്വഭാവത്തിൻ്റെ നിറകുടങ്ങളായിരിക്കാം. അതു കൊണ്ടാവാം സാറ് പുരുഷന്മാരെ തിന്മ നിറഞ്ഞവരായും സ്ത്രീകളെ നന്മ മരങ്ങളായും ചിത്രീകരിക്കുന്നത് .പക്ഷേ എൻ്റെ ജീവിതാനുഭവം അങ്ങനെയല്ല."
"പിന്നെ?"
"ഞാൻ കെട്ടിയ താലിയെ വളരെ പവിത്രമായിത്തന്നെയാണ് ഞാൻ കാണുന്നത്. എന്നാൽ എൻ്റെ ഭാര്യ ചെയ്തത് എന്താണെന്ന് അറിയാമോ? അവൾ ഞാനറിയാതെ ഞാൻ കെട്ടിയ താലിമാല ഊരി കാമുകനുകൊടുത്തു. പണയം വയ്ക്കാൻ ."
എടീ ഭയങ്കരീ - എന്ന ആശ്ചര്യ ചിഹ്നം മുഖത്തു വരുത്തി സകാരൻ കേട്ടിരുന്നു.
"ഞാനത് ചോദ്യം ചെയ്തപ്പോൾ അവൾ വിവാഹമോചനം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കയാണ്."
"ഇത് പുരുഷ പീഡനമാണല്ലോ... ഞാൻ ആദ്യമായാണ് ഇത്തരം ഒരു അനുഭവം കേൾക്കുന്നത്. "
" ഇതു മാത്രമല്ല, എൻ്റെ കൈയിലിരിക്കുന്ന ഈ ബുക്ക് നിറയെ പുരുഷ പീഡാനുഭവങ്ങളാണ്.എൻ്റെ ഒരു സുഹൃത്തിൻ്റെ അനുഭവം പറയാം. അയാൾ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് മാസാമാസം നാട്ടിലേയ്ക്ക് പണമയച്ചുകൊടുത്തു.ആ പണം കൊണ്ട് ഭാര്യ ഇവിടെ വസ്തു വാങ്ങി ഒരു മണിമാളിക പണിതു. അയാൾ ഗൾഫിലായതു കൊണ്ട് വസ്തുവും വീടും എല്ലാം അവളുടെ പേരിലാണ്. അയാൾ തിരികെ വന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ തുടങ്ങി.അവൾ പറയുന്നതൊക്കെ അയാൾ അനുസരിക്കണം. അല്ലെങ്കിൽ അയാളോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനാണു പറയുന്നത്. പാവം നിവൃത്തിയില്ലാതെ ആ വീട്ടിൽ പട്ടിയെപ്പോലെ കഴിയുന്നു."
"ഇങ്ങനെയും സ്ത്രീകളുണ്ടോ?"
" ഉണ്ട് സാർ.ഈ ബുക്കിൽ തന്നെ പലതുണ്ട്. പുറത്തിറങ്ങി അന്വേഷിച്ചാൽ ഇനിയും ധാരാളം അനുഭവങ്ങൾ കാണാൻ കഴിയും. അതിനാൽ എനിക്ക് സാറിനോട് ഒരു അഭ്യർത്ഥനയുണ്ട്. "
"പറയൂ - സ്ത്രീ വായനക്കാരുടെ മാത്രമല്ല പുരുഷ വായനക്കാരുടെയും അഭിപ്രായങ്ങൾ ഞാൻ കേൾക്കണമല്ലോ."
"ഞാനീ പറഞ്ഞതുപോലെയുള്ള സ്ത്രീകളെപ്പറ്റി സാറിൻ്റെ അഭിപ്രായം എന്താണ്?"
"അവരൊക്കെ സ്ത്രീ വർഗ്ഗത്തിനു തന്നെ അപമാനമാണ്. "
"എന്നാൽ സാറിൻ്റെ അടുത്ത കഥ മനുഷ്യത്വമില്ലാത്ത ഇത്തരം സ്ത്രീകളെ ക്കുറിച്ചാകണം"
"തീർച്ചയായും. കഥയുടെ പേര് ഇപ്പോഴേ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. അഴകുള്ള രാക്ഷസി."
"കൊള്ളാം. നല്ല പേര്.സത്യത്തിൽ ഇവരൊക്കെ രാക്ഷസിമാർ തന്നെ.ഈ എളിയ വായനക്കാരൻ്റെ അഭിപ്രായത്തിന് സാറ് വില കല്പിച്ചല്ലോ. വളരെ നന്ദി ."
" വായനക്കാർ സ്ത്രീകളായാലും പുരുഷന്മാരായാലും അവരാണ് എൻ്റെ ശക്തി."
"ഇതു പോലെ പലരുടേയും അനുഭവങ്ങൾ ഈ ബുക്കിലുണ്ട് സാർ. ആവശ്യമെങ്കിൽ അവയൊക്കെ ഞാൻ സാറിന് പറഞ്ഞുതരാം."
ഉമ്മറത്തെ ഉരിയാടൽ കേട്ടു നിന്ന സകാരി വാതിൽ പാളിയിൽ തട്ടി സകാരൻറെ ശ്രദ്ധയാകർഷിച്ചു. ആ ആകർഷണത്തിൽ സകാരൻ വേഗം അന്തർഗമിച്ചു.
പിന്നെ അടുക്കളയിൽ അരിയാടലും ഉരിയാടലും ഒരുമിച്ചായിരുന്നു. അടുക്കളയിൽ ആടിയതു പലതും ഉലഞ്ഞ് തെറിച്ച് ഉമ്മറത്തിരുന്ന വകാരൻ്റെ ചെവിയിലുമെത്തി.
സകാരിയുടേത് ഉരിയാട്ടമല്ല, നാഴിയാട്ടം തന്നെയായിരുന്നു.
"സ്ത്രീകളെ രാക്ഷസി എന്നും ശൂർപ്പണഖ എന്നുമൊക്കെ പറഞ്ഞു കഥ എഴുതിയാൽ ഞാനാ പേപ്പർ എല്ലാം കൂടി എടുത്തിട്ടു കത്തിക്കും, പറഞ്ഞേക്കാം. വല്ലവമ്മാരും ഇവിടെ വന്നിരുന്നു വല്ലതുമൊക്കെ പറഞ്ഞു തരും. അതും കേട്ടു കൊണ്ട് പെണ്ണുങ്ങളുടെ വെറുപ്പ് സമ്പാദിച്ചാലേ - പിന്നെ ഒരു കുടുംബ വാരികയിലും നിങ്ങക്ക് നിലനിൽപ്പും ഉണ്ടാവൂല്ല ,എഴുന്നേറ്റവുമുണ്ടാവൂല്ല. അതോർമ്മ വേണം."
സകാരൻ ഉയിരു പേടിയോടെ ഇത്രയും ഉരിയാടി:
"എന്നാലും ,സ്ത്രീകളുടെ കുറവുകളും നമ്മൾ കഥയിൽ കൊണ്ടുവരേണ്ടതല്ലേ? എന്ന് ഉള്ളിലൊരു സന്ദേഹം.. "
"ഓ ശരി. എന്നാൽ എൻറെയും ബാക്കി പെണ്ണുങ്ങളുടെയും കുറ്റവും കുറവും ഒക്കെ കണ്ടുപിടിച്ച് എഴുതിക്കോ. പക്ഷേ ഒരു കാര്യം. അതോടെ രണ്ടിലൊന്ന് തീരുമാനമാകും. അത് ഓർമ്മിച്ചു കളിച്ചാ മതി. ഒരു അഴകുള്ള രാക്ഷസി പോലും.."
കഥയുടെ പേരു പറയുമ്പോൾ സിംബൽ അടിക്കുന്നതു പോലെ പാത്രം എടുത്ത് ചുമരിൽ അടിക്കുന്ന ശബ്ദമാണ് പിന്നെ കേട്ടത്.
ആ മ്യൂസിക്കോടെ ശകാരൻ അടുക്കളയിൽ നിന്ന്ബഹിർഗമിച്ചു. ഭാര്യയുടെ ശകാരം വാങ്ങിക്കൂട്ടിയ സ്ഥിതിക്ക് ഇനി ശകാരൻ എന്ന പേരു മതി.
ഉമ്മറത്തേക്ക് വന്ന ശകാരൻറെ മുഖത്തേക്ക് നോക്കാൻ വകാരനു തോന്നിയില്ല. അയാൾ പോകാനായി എഴുന്നേറ്റു. അതു കണ്ട് ശകാരൻ ഇത്രയും ഉരിയാടി:
"പിന്നെ, സ്ത്രീകളെ കുറ്റപ്പെടുത്തി എഴുതിയാൽ കുടുംബ വാരികയിൽ നിലനിൽക്കാനാവില്ല. സത്യം ആയാലും കള്ളം ആയാലും സ്ത്രീകളെ പുകഴ്ത്തിയാലേ നില നിൽക്കാനാവൂ".
"സാറു പറയുന്നതും ഞാൻ പറഞ്ഞതും ഒന്നു തന്നെ. പുരുഷന് നിലനിൽക്കണം എന്നുണ്ടെങ്കിൽ എന്തും സഹിച്ച് സ്ത്രീകളെ പ്രീതിപ്പെടുത്തിയേ പറ്റൂ.. "
അതു കേട്ട് ഉരിയും ആട്ടവുമില്ലാതെ അലക്ഷ്യമായ നോട്ടത്തോടെ ശകാരൻ നിന്നതേയുള്ളൂ.
താൻ വന്ന കാര്യം നടക്കാത്തതിൽ വകാരന് തെല്ല് നിരാശ തോന്നിയെങ്കിലും ഇത് തനിക്ക് പുതിയ അനുഭവമല്ലല്ലോ എന്നോർത്ത് സമാധാനിച്ചു.ഒപ്പം 'പുരുഷ പീഡാനുഭവങ്ങളിൽ 'സകാര - സകാരി അനുഭവം കൂടി ചേർക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.