ഇന്ന് വൈശാഖമാസം തുടങ്ങുന്നു. ഏപ്രിൽ 21 മുതൽ മെയ് 21 വരെ. എത്ര വേഗമാണ് കുട്ടിക്കാലത്തെ നല്ല ഓർമ്മകളിലേക്ക് ഇവയെല്ലാം നമ്മെ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നത്!
ഓർമ്മകൾക്ക് എന്തു സുഗന്ധം എന്നു പറഞ്ഞത് അത്ര ശരിയാണ്.
അമ്മ വീട്ടിലായിരുന്നു ബാല്യം കഴിച്ചുകൂട്ടിയത്. തൊട്ടടുത്തായിരുന്നു സ്ക്കൂൾ എന്നതാവാം കാരണം.സ്ക്കൂളടച്ചതിനു ശേഷവും അവിടെത്തന്നെ നിൽക്കാനായിരുന്നു എനിക്കേറെയിഷ്ടം.
ജീവിതത്തിൽ അമ്മയെക്കാൾ ഏറെ സ്വാധീനിച്ചത് അമ്മമ്മയുടെ ജീവിതചര്യയും ശീലങ്ങളുമായതിനു കാരണം അവരോടുള്ള ആരാധനയോ ജനിതക ഗുണമോ എന്നറിയില്ല.
അതിരാവിലെ ഉണർന്ന് എഴുന്നേറ്റ് തൊട്ടടുത്ത വീട്ടിലെ കുളത്തിലേക്ക് കുളിക്കാൻ പോകുമ്പോൾ നേരം വെളുത്തിട്ടുണ്ടാവില്ല. വീട്ടിൽ സമൃദ്ധമായ വെള്ളമുള്ള കിണറുണ്ടെങ്കിലും മുങ്ങിക്കുളി അമ്മമ്മയ്ക്ക് നിർബന്ധമായിരുന്നു. രാവിലെ ഉണർന്നെണീക്കാൻ മടിച്ച് 'ഞാനിവിടന്ന് കുളിച്ചോളാംന്നു പറഞ്ഞ് ' തിരിഞ്ഞു കിടന്ന് ഉറങ്ങാൻ ശ്രമിക്കുമ്പോൾ അമ്മമ്മ പറയാൻതുടങ്ങും.
എണീക്ക് കുട്ട്യേ... വൈശാഖമാസാണ്.. വൈശാഖത്തിൽ മുങ്ങിക്കുളിക്കണം.
''എന്തായാലും കുളിച്ചാ പോരേ'' എന്ന മറുചോദ്യത്തിന്
"അതാ പറഞ്ഞത് .. വൈശാഖത്തില് കോരിക്കുളിച്ചാൽ നായേവും... ന്ന് " .
പല പല ജന്മങ്ങളുണ്ടെന്നും മറ്റുമുള്ള കാര്യങ്ങളൊക്കെ പലവട്ടങ്ങളിലായി അമ്മമ്മ തന്നെയാണ് പറഞ്ഞു തന്നിട്ടുള്ളത്.
നായയുടെ ജന്മം അത്ര മോശമാണെന്നൊന്നും തോന്നിയിരുന്നില്ല അടുത്ത കാലം വരെ.
വീട്ടിൽ ഒരു നായയുണ്ടായിരുന്നതിന് എന്തൊരു സുഖമാണ് എന്ന് അസൂയപ്പെടുകപോലും ചെയ്തിരുന്ന എന്നോടോ ബാലാ.. എന്നാണപ്പോൾ തോന്നിയത്. അവന് രാവിലെ നേരത്തെ ഉണർന്നെണീക്കണ്ട, പല്ലു തേക്കണ്ട, സ്ക്കൂളിലും പോണ്ട. സമയാസമയത്തിന് അവൻ്റെ പാത്രത്തില് ഭക്ഷണവും റെഡി. കുഞ്ഞമ്മാവൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ സോപ്പു തേച്ച് ഒരച്ചു കുളിപ്പിച്ചു കൊടുക്കുകയും ചെയ്യും. ഇഷ്ടം പോലെ എങ്ങോട്ടു വേണെങ്കിലും ഓടി നടക്കാം. അപ്പൊ പിന്നെ നായയായാലും കുഴപ്പമില്ല എന്നായിരുന്നു എൻ്റെ ഒരിദ്.
എന്നാൽ അടുത്ത കാലത്ത് ഒരു ദിവസം ഒരു സംഭവമുണ്ടായി. അമ്മമ്മയുടെ ചില ചിട്ടകളിൽ ഒന്നായിരുന്നു പാലും മോരുമൊക്കെ വീട്ടിൽത്തന്നെ വേണമെന്നുള്ളത്. അതിനാൽത്തന്നെ വിസ്തൃതമായ മുറ്റത്തിന് തെക്കുവടക്കായി ചെറിയൊരു തൊഴുത്ത് (പശു വീട് ) ഉണ്ടായിരുന്നു. ചെറിയ നാലഞ്ചു പശുക്കളും കുഞ്ഞുങ്ങളുമൊക്കെയാണ് അതിലെ അന്തേവാസികൾ. എല്ലാ കാലത്തും പശുക്കറവയുള്ളതുകൊണ്ട് വീട്ടിൽ ആവശ്യമുള്ളതെടുത്ത് അയൽവാസികളിൽ ചിലരും വന്ന് കൊണ്ടു പോകുമായിരുന്നു.
ഒരു ദിവസം ഒരു ചെറുക്കൻ പാലു കൊണ്ടുപോകാനായി വന്നപ്പോൾ പാണ്ടൻ ഒന്നുമറിയാത്തവനെപ്പോലെ പിറകെ പോയി ചെറുക്കൻ്റെ കാലിനിട്ട് ഒരു കടി കൊടുത്തു. ചെറുക്കൻ അലറലോടലറൽ. എല്ലാരും ഓടിയെത്തിയപ്പോഴേക്കും ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ പുള്ളി (പാണ്ടൻ) ഓടി രക്ഷപ്പെട്ടെന്നുപറഞ്ഞാൽ മതിയല്ലോ. അന്നൊന്നും നായ കടിച്ചാൽ അത്രയൊന്നും കാര്യമാക്കിയിരുന്നില്ലെന്നു തോന്നുന്നു. അമ്മമ്മ അടുപ്പിൽ നിന്ന് കത്തുന്ന വിറകു കൊള്ളിയുമായി വന്ന് അതിലൂടെ മുറിവായിലേക്ക് വെള്ളമൊഴിച്ചു. ശ് ..ശൂ... ശബ്ദത്തോടെ ഒഴുകിയിറങ്ങിയ വെള്ളം കൊണ്ട് മുറിവു നന്നായി കഴുകി മഞ്ഞൾ പൊടിയും കരിക്കട്ടയും പൊടിച്ചതും തേച്ചു കൊടുത്തു. ഫസ്റ്റ് എയ്ഡും ലാസ്റ്റ് എയ്ഡും എല്ലാം കഴിഞ്ഞപ്പോൾ രംഗം ശാന്തം. അതൊക്കെ ഇന്നായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ ഭഗവാനേ.. എന്നോർത്തു പോകയാണ്. ബാലൻ്റെ കാൽ മുറിച്ചെടുത്ത് റോഡിലൂടെ ഓടിയ തെരുവുനായയ്ക്ക് സംഭവിച്ചതു കേട്ടാൽ നിങ്ങൾ ഞെട്ടും ഞൊട്ടും എന്നൊക്കെ എഴുതി സോഷ്യൽ മീഡിയയിലും മുറിവിൽ കരിവാരിത്തേച്ചതിനു പിന്നിലെ രാഷ്ട്രീയമെന്ത്? എന്ന അന്തി ചർച്ചകളുമൊക്കെയായി ജഗപൊക.
ആ ചെറുക്കൻ റോഡിൽ വെച്ച് പണ്ടനെ കല്ലെടുത്ത് എറിഞ്ഞിട്ടുണ്ടെന്ന് അവൻ പിന്നീട് കുറ്റസമ്മതം നടത്തിയപ്പോഴല്ലേ കാര്യം പകപോക്കൽ രാഷ്ടീയമാണെന്നു മനസ്സിലായത്! എന്നാലും പാണ്ടാ... നീയും ഒരു മാതിരി പകപോക്കലുകാരെപ്പോലെ തരം താണല്ലോ.
ആ... പറഞ്ഞു കഴിഞ്ഞില്ലല്ലോ. നൈസായി സംഭവസ്ഥലത്തു നിന്നും മുങ്ങിയ പാണ്ടൻ ഉച്ചയോടെ രംഗമെല്ലാം ശാന്തമായെന്നു കരുതി കുണുങ്ങി തിരിച്ചു വന്നു. "വാ വാ .. നിനക്കു ഞാൻ വെച്ചിട്ടുണ്ട് " എന്നു പറഞ്ഞ കുഞ്ഞമ്മാമടെ അടുത്തേക്കവൻ ഓടിച്ചെന്നു ഗുയ്സ് ... എടുത്തു വെച്ചത് ചൂടോടെ വാങ്ങി വിഴുങ്ങാൻ ചെന്ന അവനെ പുളിയുടെ ചെറിയ വടികൊണ്ട് അടി കൊടുത്തു.
പൈ പൈ എന്ന് വിജ്ഞാനം പറയുന്ന അവൻ്റെ ദീനരോദനം കേട്ട് അമ്മമ്മ ഓടി വന്ന് കുഞ്ഞമ്മാവനെ വഴക്കു പറഞ്ഞു. ''മിണ്ടാപ്രാണ്യോളെ ഉപദ്രവിച്ചാ ദൈവം പൊറുക്കില്ലട്ടോ ''അവനെ കല്ലെടുത്ത് എറിഞ്ഞ ദേഷ്യത്തിന് അറിയാതൊന്ന് കടിച്ചു പോയതാണവൻ- 'പക .. അത് വീട്ടാനുള്ളതാണ് 'എന്ന പ്രമാണക്കാരൻ.
വൈശാഖത്തെക്കുറിച്ചു പറഞ്ഞു വന്ന് ഓർമകൾ എങ്ങോട്ടൊക്കെയാണ് കൊണ്ടുപോയത്.ഭഗവാൻ വിഷ്ണുവിനെ ആരാധിക്കാൻ വിശേഷപ്പെട്ട മാസമായതുകൊണ്ട് മാധവമാസം എന്നും പേരുണ്ട് ഈ മാസത്തിന് .
എന്തായാലും മിണ്ടാപ്രാണികളെ ഉപദ്രവിച്ചാൽ ദൈവമുണ്ട് അവർക്കു വേണ്ടി ചോദിക്കാൻ എന്നു പറഞ്ഞു പഠിപ്പിച്ച ആ തലമുറയുടെ നന്മകൾ ഇന്ന് എവിടെയോ കൈമോശം വന്നിരിക്കുന്നു എന്നത് വേദനാജനകം തന്നെ.
നായ, ആന, കരടി തുടങ്ങിയ മിണ്ടാപ്രാണികളെയെല്ലാം കൊന്നൊടുക്കി നമുക്കിവിടെ 'ഞാനും ൻ്റെ ഭാര്യേം തട്ടാനും മാത്രം മതി' എന്ന മനോഭാവത്തോടെ സ്വാർത്ഥതയുടെ പ്രതിരൂപമായി വാഴാം. ഒടുവിൽ സൂര്യാതപത്താൽ ചുട്ടുപഴുത്ത് വരണ്ട് ജന്മം ഒടുങ്ങുമ്പോൾ ചെയ്തു കൂട്ടിയ കർമഫലത്തെ ഓർത്ത് കണ്ണീരൊഴുക്കാം.
ഡെമോക്ലിസിൻ്റെ വാളുപോലെ വരും തലമുറയുടെ തലക്കു മുകളിൽ തൂങ്ങുന്ന വാളുകൾ കെട്ടിത്തൂക്കുന്ന മനുഷ്യരോട് എന്തു പറഞ്ഞിട്ടെന്താണ്..?