mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Ragisha Vinil

അവൾ ശ്രുതിമധുരമായ് പാടുന്നു. എന്ത് രസമാണ് കേൾക്കാൻ. ഞങ്ങൾ കാതോർത്തിരുന്നു. ക്ലാസ് നിശബ്ദം. മാഷ് അവളുടെ മുഖത്തേക്ക് നോക്കി നിൽക്കയാണ്. പഠിക്കാൻമിടുക്കിയെന്നും ഒരിത്തിരി കുറുമ്പിയെന്നും പറയാം. തമാശക്കാരിയുമാണ്. ട്രെയിനിംഗിന് വന്ന് നിന്ന നിൽപ്പിൽ ക്ലാസ് എടുക്കുന്ന ഒരു മാഷിനോട്, സർ ച്ചിരി നീങ്ങി നിൽക്കൂ വേരിറങ്ങി പോകും എന്നൊക്കെ മാഷെ ട്രോളി ക്ലാസിനെ ചിരിപ്പിച്ചവളാണ്.

"ജൂണിലെ നിലാമഴയിൽ
നാണമായ് നനഞ്ഞവളേ.....
ഒരു ലോലമാം നറു തുള്ളിയായ്
നിന്റെ നെറുകിലുതിരുന്നതെൻ ഹൃദയം"

അവൾ ഒരു പ്രണയിനിയെ പോലെ, തെല്ലു നാണത്തോടെ...ലയിച്ചുപാടുകയാണ്. ഞങ്ങൾ എല്ലാവരും കണ്ണെടുക്കാതെ ചെവി കൂർപ്പിച്ചിരുന്നു. അവസാനം കരഘോഷത്തോടെ സ്വീകരിച്ചു.

ഡീ സൂപ്പറായിട്ടുണ്ട്.

താങ്ക് യൂ താങ്ക് യൂ 

രണ്ട് കൈകൾ നീട്ടി നിവർത്തി മുന്നോട്ട് കുനിഞ്ഞ് അവൾ അതിനെ തമാശവൽക്കരിച്ചു.

നല്ല തന്റെടമുണ്ടല്ലോ ഇവൾക്ക്. എനിക്കാണെങ്കിൽ കാൽ മുട്ടിടിച്ചിട്ട് അവിടെ മേശക്കരികിൽ നിക്കാനെ പറ്റില്ല. പത്തു നൂറു കണ്ണുകൾ തുറിച്ച് നോക്കുകയല്ലേ. അതിനിടക്കാണ് ഇവൾ യാതൊരു പേടിയുമില്ലാതെ അവിടെ നിന്ന് പാടുന്നത്.

മിടുക്കി. നന്നായി പഠിക്കണം. പാട്ടു മാത്രമാവരുത്. പ്ലസ് ടുവിന് എല്ലാരും നല്ല മാർക്ക് വാങ്ങണം. എല്ലാവരും അവളെ അഭിനന്ദിച്ചു.

വിരസമായ അന്തരീക്ഷത്തിൽ അവൾ പാടി പാടി ഞങ്ങളുടെ പ്രിയങ്കരിയായി.

വൈശാഖ സന്ധ്യേ .....
നിൻ മുന്നിലെന്തേ ....
അരുമ സഖി തൻ
അധര കാന്തിയോ .....
ഓമലേ പറയൂ നീ
വിണ്ണിൽ നിന്നും പാറി വന്ന ലാവണ്യമേ....

പ്രണയ മധുരം തുളുമ്പി നിൽക്കുന്ന സമയം. പ്രായം കൊണ്ടും ചിന്തകൾ കൊണ്ടും മധുര പതിനാറ്. ക്ലാസിൽ ഒറ്റ എണ്ണവും അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്തതേയില്ല. ചെവികളിൽ തേൻമഴയുതിർന്നു.

പ്രണയം എല്ലാവരെയും തൊട്ട് പോകുന്ന കൗമാര നാളുകൾ .  തേൻ കണ്ട് വിളറി പൂണ്ട തേനീച്ചയെ പോലെ ചിലർ അതിൽ ഒട്ടിപിടിക്കാറുണ്ട്. അതിൽ നിന്നും കരകയറാതെ ജീവിതത്തിന്റെ ഗതിയെ മാറിപോയവർ ഏറെ.. പഠനം പോലും മറന്ന ചിലർ ... അങ്ങനെ ഒരുവളായ് ഇവളും...

കാലങ്ങൾക്കിപ്പുറം അവളുടെ പാട്ടുകളെല്ലാം സൂചിക്കുത്തുകളെ പോലെ ചെവികളെ വേദനിപ്പിക്കുമെന്ന് ഓർമകൾ കൊണ്ടുപോലും കരുതിയതേ ഇല്ല.

അന്നും അവൾ പതിവിലും സന്തോഷത്തോടെയാണ് ക്ലാസിൽ നിന്നിറങ്ങിയത്. ഞങ്ങളുടെ കൂടെ കഥകൾ പറഞ്ഞാണ് വീട്ടിലേക്ക് പോയത്. സിനിമാ പോസ്റ്ററുകൾ സ്കൂൾ മതിലുകളിൽ ഇടം പിടിച്ചിരുന്നു. ഏതോ സിനിമയെ കുറിച്ചാണ് അവൾ പറയുന്നത്. 

വീട്ടിലെത്തി രണ്ട് മണിക്കൂറിനുള്ളിൽ കേട്ട വാർത്ത ഞങ്ങളെ ഞെട്ടിച്ചു.

അവൾ ആത്മഹത്യ ചെയ്തിരിക്കുന്നു. നിങ്ങൾക്ക് ആള് തെറ്റിയതാരിക്കും. ഞാൻ പറഞ്ഞു. അല്ല ഉറപ്പാണ്. നീ വിഷമിക്കും എന്നറിയുന്നത് കൊണ്ടാണ് കുറച്ച് കഴിഞ്ഞ് പറഞ്ഞത്. നേരത്തേ വാർത്ത സ്ഥിരീകരിച്ചു.  

കരയുവാൻ ആവുന്നില്ല. നടുങ്ങിയിരിക്കുകയാണ്. ആരുമാരും ഒന്നും മിണ്ടുന്നില്ല. എന്തിനാണവൾ ഇത് ചെയ്തത്? ഒരു ചിത്രശലഭം പോലെ പാറി നടന്നവളാണവൾ. ഒറ്റ മകൾ.

അവസാനമായി അവളെ കാണാൻ ഞങ്ങൾ കൂട്ടുകാർ വരി വരിയായി നിന്നു. ഞങ്ങളുടെ യൂണിഫോം ഷാളിൽ ആണ് അവളിത് ചെയ്തത്. രാവിലെ നെറ്റിയിലിട്ട പൊട്ട് പോലും മാറ്റിയിട്ടില്ല. ഒരു പ്രണയമുണ്ടായിരുന്നു എന്നും അയാളെ വിളിച്ചപ്പോൾ അയാളുടെ അമ്മ എടുത്ത് ഇവളെ ചീത്ത പറഞ്ഞെന്നും ഒരിക്കലും ഇത് നടക്കില്ല എന്ന് പറഞ്ഞു എന്നും അതിൽ സങ്കടപെട്ട് ചെയ്തു എന്നുമാണ് ഞങ്ങൾക്ക് കിട്ടിയ അറിവ്.

ഇത്രയും ഒരു ചപലമായ കാര്യത്തിന് ജീവിതം അവസാനിപ്പിക്കാൻ മാത്രം പൊട്ടിയായിരുന്നോ അവൾ? മുതിർന്നിരുന്നെങ്കിൽ ഒരിക്കലും അയാളെ അവൾ കെട്ടിയെന്നു പോലുമുണ്ടാകില്ല. പ്രായത്തിന്റെ എടുത്തു ചാട്ടം! മുതിർന്നവർ അടക്കം പറഞ്ഞു. ഓർത്തിട്ട് തുമ്പു കിട്ടുന്നില്ല.

അവൾ ഇരുന്ന മുൻ ബെഞ്ച് ഒഴിഞ്ഞു കിടന്നു. ഞങ്ങളെ കൊണ്ട് മാഷ് ക്ലാസ് എടുപ്പിക്കുമ്പോൾ ഇടക്ക് സഭാകമ്പം കൊണ്ട്, ചില ഇംഗ്ലീഷ് പദങ്ങൾമറന്ന് പോകുമ്പോൾ ചൂരലിനെ ഓർത്ത് കാലും കയ്യും വിറക്കുമ്പോൾ മറന്ന ഭാഗം ശബ്ദം താഴ്ത്തി അവളതോർമിപ്പിക്കും. എവിടെ വരെ ക്ലാസ് എത്തി എന്ന ചോദ്യത്തിന് ടപ്പേന്ന് മാഷിന് ഉത്തരം കൊടുക്കും. ഫസ്റ്റ് ബെഞ്ചിലിരുന്ന് മാസായ അവൾ ഇത്ര പെട്ടെന്ന് മറഞ്ഞുപോയോ? ഉൾക്കൊള്ളാൻ ആർക്കും സാധിച്ചില്ല. അധ്യാപകർക്ക് പോലും.

ആഴ്ചകളോളം ക്ലാസിൽ കുട്ടികൾ ബെഞ്ചിൽ തല വച്ച് തകർന്ന് ഇരുന്നു. ക്ലാസ് മാഷ് ഞങ്ങളെ മുഖം കാണിക്കാതെ ക്ലാസ് എടുക്കാതെ കരഞ്ഞ് ഇറങ്ങി പോയി. ഒടുവിൽ പബ്ലിക് എക്സാം താറുമാറാകരുത് എന്നതിനാൽ കൗൺസിലിംഗ് പോലെ ഒരു പാട് സമയം ലേഡി ടീച്ചേഴ്സ് വന്നു ക്ലാസ് എടുത്തു തന്നു.

എന്റെ പ്രിയ കുട്ടികളേ ഒരിക്കലും ആരും ആത്മഹത്യ ചെയ്യരുത് എന്ന് പറഞ്ഞു. അതിന്റെ വേദന ചെയ്യുന്നവർ ഒരിക്കലും അറിയുകില്ല. നിങ്ങളുടെ ക്ലാസ് മാഷ് തകർന്നു ഇരിക്കുകയാണ്. ഒരിക്കലും അദ്ദേഹത്തിന്റെ മുമ്പിൽ എല്ലാരും തല താഴ്ത്തി ഇരിക്കരുത് എന്നും പറഞ്ഞു.

"പറയാതെയറിയാതെ
നീ പോയതല്ലേ ....
മറുവാക്ക് മിണ്ടാഞ്ഞതല്ലേ
ഒരു വാക്ക് മിണ്ടാതെ നീ പോയതല്ലേ
ദൂരേക്ക് നീ  മാഞ്ഞതല്ലേ..
സഖിയേ നീ കാണുന്നുവോ
എൻ മിഴികൾ നിറയും നൊമ്പരം
എന്നു മോർക്കുന്നു ഞാൻ
വീണ്ടുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ
പിരിയും രാവ്..." 

അവസാനമായി അവൾ ഞങ്ങൾക്കായി പാടി തന്ന പാട്ടാണിത്. ഇന്ന് എവിടെ നിന്ന് കേട്ടാലും മനസിലെ നോവായി അവളുടെ സ്വരം,അവളുടെ ഓർമകൾ ഈ പാട്ടുകളിലൂടെ ഒഴുകി വരും.

കാലം ഒരു പാട് കഴിഞ്ഞു. എങ്കിലും അവളുടെ ഓർമകൾ ഇതുവരേയ്ക്കും കാലത്തിന് മായ്ക്കാൻ പറ്റിയിട്ടില്ല...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ