mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

വെന്തുരുകുകയാണ് നാടു മുഴുവൻ .. മീനത്തിലെ കൊടും ചൂടിനു ശേഷം കിട്ടാറുള്ള വേനൽ മഴയും കാണുന്നില്ല ഇക്കുറി. മേടമാസത്തിനെ വരവേല്ക്കാനായി കണിക്കൊന്നകൾ കുംഭമാസം മുതലേ പൂത്തൊരുങ്ങി നിരന്നു കഴിഞ്ഞു.

കണിവെള്ളരിയും കർണികാരപ്പൂക്കളും പശ്ചാത്തലമാക്കിയ മുരളീധരനെയും കണി കണ്ട് രാപ്പകലുകൾ തുല്യമായ വിഷുവും കഴിഞ്ഞു പോയി.

വിഷുവിന് കൈ നീട്ടം കിട്ടുന്നത് കുട്ടിക്കാലത്തെ മനോഹരമായ ഓർമകളിലൊന്നായിരുന്നു. വീട്ടുവളപ്പിലെ പറങ്കിയണ്ടി വിൽക്കുമ്പോൾ കിട്ടിയിരുന്ന നാണയങ്ങളും കൂട്ടി വെച്ച് അത്യാവശ്യം ചില്ലറ പണക്കാരിയൊക്കെയാവുമ്പോൾ അതൊന്ന് ചെലവാക്കാതെ മനസ്സമാധാനമില്ലാതിരിക്കുമ്പോഴാണ് മേടംഅഞ്ചാം തീയതി അഞ്ചാം വേലയിങ്ങെത്തുന്നത്. കളത്തുംപടിക്കൽ വിശാലമായ പാടത്ത് അന്ന് ജനസാഗരം തന്നെയായിരിക്കും. ധാരാളം കച്ചവടക്കാർ വന്ന് ആദ്യമേ സ്ഥലം പിടിച്ചു കാണും. വേലയുടെ ഭാഗമായുള്ള മേളപ്പെരുക്കങ്ങളും മറ്റ് അനുഷ്ഠാനങ്ങളും കാണുന്നതിനേക്കാൾ കച്ചവട സ്ഥലത്തു കൂടി ചുറ്റി നടന്ന് വേണ്ടതും വേണ്ടാത്തതും വാങ്ങിക്കൂട്ടി തെണ്ടി നടക്കാനായിരുന്നു ഇഷ്ടം.കാശു മുഴുവൻ തീർന്നു കിട്ടുവോളം ഈ നടത്തം തുടരും.എല്ലാറ്റിനും വില ചോദിച്ച് കഴിയുന്ന പോലെ എല്ലാം വാങ്ങിക്കൂട്ടിയാലേ   സമാധാനമാകൂ.

ഇടയ്ക്കിടെ ഓടിച്ചാടി വന്ന് വേലക്കണ്ടത്തിലേക്ക് എത്തിവലിഞ്ഞ് നോക്കാനും സമയം കണ്ടെത്തും. അന്ന് കരിവേലയാണല്ലോ.

മേലാകെ കരിപൂശി തിളങ്ങുന്ന കണ്ണുകളുള്ള രൂപങ്ങൾ കൂവിയർത്ത് ഓടുന്നതു കാണാനൊരു രസമൊക്കെയാണ്.ചപ്പില വാരിക്കെട്ടി പാളത്തൊപ്പി വെച്ച ചപ്പിലപ്പൂതങ്ങൾ, കുറവും കുറത്തിയും, തള്ള, കാലൻ, പോലീസ്, പൂണൂലിട്ട ബ്രാഹ്മണൻ, തെക്കനും തെക്കത്തിയും എന്നിങ്ങനെ പല വിധ വേഷപ്പകർച്ചകൾ നല്ലൊരു ഉത്സവാന്തരീക്ഷം തന്നെ സൃഷ്ടിക്കുന്നുണ്ടാവും.

അതിലിടക്ക് 'പൻസരവെള്ളെയ്' എന്നിങ്ങനെയുള്ള ഒച്ചകളും ഐസ്കാരൻ്റെ പീപ്പീ വിളികളും സംഭാര വെള്ളം എന്നിങ്ങനെയും ശബ്ദകോലാഹലം. ഇടക്കിടെ അമ്മ പൈസ മുഴുവനും ചെലവാക്കണ്ട ട്ടോ എന്നു വിളിച്ചു പറയുമ്പോഴേക്കും തുള്ളിച്ചാടി കളം വിട്ടിരിക്കും. കണ്ണിക്കണ്ടത് വാങ്ങിത്തിന്ന് വയറ് കേട് വര്ത്തണ്ട എന്നൊക്കെ ഇടക്കിടെ പറഞ്ഞില്ലെങ്കിൽ ലോകം ഇടിഞ്ഞു വീഴും എന്നൊരു തോന്നലാണ് അമ്മയ്.ക്ക്. 'എൻ്റെ വയറ്, എൻ്റെ കാശ്' എന്ന ഭാവത്തിൽ അമ്മയെ മൈൻ്റാക്കാതെ ഒറ്റയോട്ടമാണ്.

'ആറാം നമ്പർ ' എന്ന മധുര പലഹാരം വാങ്ങി ഗ്രഹണി പിള്ളേർ ചക്കക്കൂട്ടാൻ കണ്ടതുപോലെ തിന്നുതീർത്ത് നല്ലപോലെ വെള്ളം ദാഹിക്കുമ്പോഴാണ് അമ്മ പറഞ്ഞത് കേട്ടാൽ അല്ല അനുസരിച്ചാൽ മത്യാർന്നു ട്ടോ എന്നൊരു ബുദ്ധി തെളിയുന്നത്. ഒരു വിധം പിടിച്ചു നിൽക്കുമ്പോൾ പ്രലോഭനവുമായി 'പൻ സരവെള്ളേയ്' എന്നു വിളിച്ചു പറഞ്ഞു  കൊണ്ട് ദൈവദൂതനെപ്പോലയാളെത്തും. പക്ഷേ, കാര്യമില്ലല്ലോ. അഞ്ചിൻ്റെ പൈസയില്ലല്ലോ കൈയിൽ. ധൂർത്തയായ പുത്രി ദാഹിച്ചുവലഞ്ഞ് ഒടുവിൽ ധൈര്യം സംഭരിച്ച് "അമ്മേ ഇയ്ക്കൊരു ഗ്ലാസ് വെള്ളം വാങ്ങിത്തര്വോ " ന്ന് വിനീതവിധേയയായി ചോദിക്കും.

അമ്മ അതിശയത്തോടെ ഈ ഭാവപ്പകർച്ചയും അഭിനയ മികവും കണ്ട് അന്തം വിട്ടു നിൽക്കുമ്പോൾ "നല്ല അമ്മെ ല്ലേ... പ്ലീശ് അമ്മേ ''ന്നു കൂടി പറയുമ്പോൾ അമ്മ ഫ്ലാറ്റ്.

അമൃതു പോലുള്ള രുചിയാണാ വെള്ളത്തിന് .(അമൃത് നീ കുടിച്ചിട്ടുണ്ടോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.) കാശ് മുഴുമനും ചെലവാക്കണ്ടന്നു ഞാൻ പറഞ്ഞതല്ലേ ന്നു അമ്മ തത്വജ്ഞാനം പറയുമ്പോഴേക്കും അവിടന്നൊരോട്ടം. പാവം അമ്മ... ചമ്മിപ്പോയേ ന്നു മനസ്സിൽ കരുതും,ആരു കേൾക്കാൻ!നന്ദിയില്ലായ്മയാണ് ... ന്നാലും കുടിക്കണ വെള്ളത്തിനൊക്കെ കണക്കു പറയാച്ചാലോ!

 

വേലക്കണ്ടത്തിൻ്റെ ഉയർന്ന വരമ്പത്തു നിന്ന് നോക്കിയാൽ നല്ല കാഴ്ചയാണ്. സ്ക്കൂളടച്ചതുകൊണ്ട് കുറെ നാളായി കാണാതിരുന്ന കൂട്ടുകാരെ കാണുമ്പോ സ്വർഗം കിട്ടിയ പോലെയാണ്.

വൈകുന്നേരമാകുമ്പോഴേക്കും കിഴക്കൻ വേല വരുന്നത് ദൂരെ നിന്നേ കാണാം. ഉയരമുള്ള ഓലക്കുടകളിൽ പലവിധ തോരണങ്ങൾ ചാർത്തി കെഴക്കൻ വേല വര്ണേനെ മുന്നെ പോണംന്നു പറഞ്ഞ് അമ്മ കൈയിൽ പിടിച്ചത് വിടുവിച്ച് പിന്നേം ഓടാൻ നില്ക്കും. ആരേലും പിടിച്ചു കൊണ്ട്വോവും എന്ന് അവസാനത്തെ നമ്പറിറക്കും അമ്മ. ആളുകൾ അപ്പോഴും അവിടെത്തന്നെ നിൽക്കുന്നുണ്ടാവും. അമ്മടെ ഒരു ധൃതി എന്നെല്ലാം പിറുപിറുത്ത് വേലക്കണ്ടത്തിൽ നിൽക്കുന്നവരെ അസൂയയോടെ തിരിഞ്ഞു നോക്കി തിരികെ വീട്ടിലേക്ക്. പാതി വഴിയെത്തുമ്പോഴേക്കും വേലക്കണ്ടത്തിൽ തകൃതിയായി മരുന്നു പണി നിറച്ചാർത്തുകളോടെ ആകാശത്തോളം ഉയർന്ന് മിന്നിത്തിളങ്ങുന്നുണ്ടാവും.

അക്കാലമെല്ലാം മനസ്സിലെ കുളിരാർന്ന ഓർമകളായി.

വാത്സല്യനിധിയായ തട്ടകത്തമ്മയാണ് മുളയങ്കാവു ഭഗവതി. മുളയങ്കാവിലമ്മയുടെ സന്നിധിയിലെ കേമമായ ഉത്സവാഘോഷമായ അഞ്ചാംവേലയെക്കുറിച്ച് എഴുതിയാൽത്തീരില്ല.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ