(Sathish Thottassery)
നാണുവാരും നങ്ങേമയും മാതൃകാ ദമ്പതിമാരാണ്. ഇരുമെയ്യും ഒരു മനവും. കമ്പനി പണി കഴിഞ്ഞു വന്നാൽ അന്നത്തെ വിശേഷങ്ങൾ നങ്ങേമയെയും തിരിച്ചു നങ്ങേമ അന്നത്തെ പെൺവെടിവട്ട വിശേഷങ്ങൾ നാണുവാരെയും അപ്ഡേറ്റ്ചെയ്യും.
രണ്ടുപേരും തുറന്ന പുസ്തകങ്ങൾ. പേജ് അടയാളം വെച്ചിട്ടുണ്ടെങ്കിൽ ഏതുനേരത്തു വേണമെങ്കിലും വായന തുടരാം. നാണുവാരുടെ ഒരേ ഒരു വീക്നെസ് കുംഭകർണ സേവയാണ്. നടന്നോ, ഇരുന്നോ, കിടന്നോ അബദ്ധവശാൽ രണ്ടു മിനിട്ടു കണ്ണടച്ചാൽ പിന്നെ കൂർക്കം വലി എപ്പോ കേട്ടൂന്നു ചോദിച്ചാൽ മതി. ഇക്കാരണം കൊണ്ട് ഞങ്ങൾ ഗോപ്യമായി നാണുവാരു കേക്കാതെ കുംഭകർണക്കുറുപ്പെന്നു വിളിക്കാറുണ്ടായിരുന്നു.
തരക്കേടില്ലാത്ത അക്ഷരസ്നേഹിയായതു കാരണം നാണുവാരുടെ ഭാഷയിൽ മ്ലേച്ച മലയാളത്തിന്റെ പ്രേതബാധ തീരെ ഉണ്ടായിരുന്നില്ല. ശാന്തനും, സമാധാനകാംക്ഷിയും, സൽഗുണ സമ്പന്നനും ആയിരുന്നു നാണുവാര്. മെയ്ഡ് ഫോർ ഈച് അദർ ആയതുകൊണ്ട് നങ്ങേമയും അതെ പോലെ തന്നെ സുഭാഷിണിയും, സുസ്മേരവദനയും "ലോകോസമസ്ത സുഖിനോ ഭവന്തു" എന്ന മുദ്രാവാക്യം ഏപ്പോഴും ഉയർത്തിപ്പിടിക്കുന്നവരും ആയിരുന്നു. പാചക കലയിൽ നളനെ കടത്തിവെട്ടും. ധൃത പാചകത്തിൽ അഗ്രഗണ്യ. അതിഥി സൽക്കാരപ്രിയ സ്വാമിയേ ശരണമയ്യപ്പ...
അങ്ങിനെ ജീവിതം പണ്ടത്തെ അയിലൂർ പുഴയിലെ സ്ഫടിക സമാനമായ വേനൽ തെളിനീരൊഴുക്കു പോലെ ഒഴുകുമ്പോഴാണ് നാണുവാര് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ വാങ്ങുന്നത്. അയൽ വക്കത്തൊന്നും സാധനം ഇല്ലാത്തതിനാൽ വൈകുന്നേര ധാരാവാഹി കാണാൻ അവിടെ നിന്നും തള്ളമാരും പിള്ളമാരുമൊക്കെ വന്നു നാണു നിവാസ് ഹൌസ് ഫുള്ളാകും. ടി വി തന്നെ വിരളമായ അന്ന് ടി വി സ്റ്റാൻഡ് റൂൾഡ് ഔട്ട് ആയ കാരണം കുന്തറണ്ടം ഊണുമേശയിലാണ് പ്രതിഷ്ഠിക്കപ്പെട്ടതു് മേശയുടെ ഇടത്തെ മൂലയിലെ കോണിൽ കൈകുത്തി ഇരുന്നാണ് നാണുവാര് ടി. വി കാണുക. അപ്പോൾ അത്യാവശ്യം ഉറങ്ങിയാലും
ആരും കാണുകയില്ല. പിന്നെ ഷോ കഴിഞ്ഞു എല്ലാവരും പോയ ശേഷം ആവും മൂപ്പര് ഉറക്കം കഴിഞ്ഞു പൊങ്ങുന്നത്. നാണുവാരുടെ കാഴ്ചക്കും, കാഴ്ചപ്പാടിനും ദീര്ഘദൃഷ്ടിയില്ലാതെ പോയത് വിഡ്ഢി പെട്ടിയുമായുള്ള പോയിന്റ് ബ്ലാങ്ക് നേത്ര സമ്പർക്കമാണെന്നു അദ്ദേഹത്തിന്റെ പാത്തിക്കിരി പിന്നീട് ഡയഗ്നോസ് ചെയ്തതായി വൈദ്യ ചികിത്സാ രേഖകളിൽ കാണുന്നു.
ഒരു കറ കളഞ്ഞ എം. ജി. ആർ ഫാൻ ആയതു കാരണം ഹാഫ് ഷർട്ടിന്റെ കയ്യിലെ മടക്കു ഒന്ന് ചുരുട്ടിക്കേറ്റി വെച്ചിരിക്കും. ആ കാലത്തു കേബിൾ ടി വി പ്രചാരത്തിൽ ഇല്ലാത്തതിനാൽ ദേശീയ പ്രാദേശിക ഡി ഡി ഫോർ ഭാഷ ചാന്നലുകൾ മാത്രമേ കിട്ടിയിരുന്നുള്ളൂ. മീനച്ചൂടിൽ നഗരം ഉരുകുമ്പോൾ നങ്ങേമ ഇടയ്ക്കു "ശ്ശൊ എന്താദ്" എന്ന് പറഞ്ഞു അസഹ്യത രേഖപ്പെടുത്തും. ഒരിക്കൽ ദൂരദർശൻ കണ്ടിരിക്കേ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ "മിലെ സുർ മേരാ തുമരാ" എന്ന് തുടങ്ങുന്ന പാട്ടിന്റെ അകമ്പടിയോടെ ദേശീയോദ്ഗ്രഥനത്തിന്റെ "ഏക് സുർ" പരസ്യ രംഗം വരുന്നു. മലയാളത്തിൽ "എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നു നമ്മുടെ സ്വരമായ്" എന്ന് പാടിക്കൊണ്ട് ആനക്കാരൻ വേലു നായർ വരുന്നു. ലതാ മങ്കേഷ്‌കർ, കമൽ ഹാസൻ, ശബാന ആസ്മി ഇത്യാദി ഐക്കൺസ് എല്ലാം രംഗത്ത് വന്നു മറയുന്നു. പിന്നെ അതിൽ ഒരു മുൻഭാരം കൂടിയ അമിത ശരീരിണി കായിക താരം പെണ്ണ് ഓടി വരുന്നു. കുമ്പളങ്ങാ ഉമ്പായികൾ ഫുൾ സ്‌ക്രീനിൽ പൊങ്ങി താഴുമ്പോൾ നങ്ങേമയുടെ"ശ്ശൊ എന്താദ്" കോയിൻസിഡന്റായി വരുകയും അന്ന് സദസ്സിൽ ഉണ്ടായിരുന്ന എന്റെർറ്റൈന്മെന്റ് കുമാരേട്ടൻ സ്റ്റൈലിഷ് ആയി അത് ക്യാച്ച് ചെയ്തു എല്ലാവരുടെയും അണ്ടർ സ്റാൻഡിങ്ങിനായി അന്തരീക്ഷത്തിലേക്ക് എറിയുകയും ഉണ്ടായി.
അതിനു ശേഷം ഈ പരസ്യം കാണുമ്പോൾ താടക പെണ്ണ് ഓടിവരുന്ന ഭാഗമെത്തുമ്പോളൊക്കെ ഞങ്ങൾ "ശ്ശൊ എന്താദ്" എന്ന് പറയും. പിന്നെ കൂട്ട ചിരിയാണ്. മീനവും മീനച്ചൂടും പോയ്മറഞ്ഞിട്ടും ധാരാവാഹി കാണാനെത്തുന്ന അന്യഭാഷക്കാരായ തള്ളമാരും പിള്ളമാരും പോലും ഈ രംഗത്തിനും ആരുടെയെങ്കിലും വായിൽ നിന്നും പുറപ്പെടുന്ന "ശ്ശൊഎന്താദ്" ശബ്ദത്തിനും തുടർന്ന് ഉള്ളുതുറന്നുള്ള ഒരു ചിരിയുടെ ഓലപ്പടക്കം പൊട്ടിക്കാനുള്ള തീയുമായി കാത്തിരിക്കാൻ തുടങ്ങി.
സംഭവം അറിഞ്ഞ ശേഷം ഡ്രൈവർ ശശി കാര്യം പിടികിട്ടിയിട്ടോ അല്ലാതെയോ "ഉറങ്ങുന്നവർ ഭാഗ്യവാൻമാർ. എന്തെന്നാൽ അവർക്കു അവരുടെ സ്വപ്നങ്ങളെങ്കിലും നഷ്ടപ്പെടുന്നില്ല" എന്ന സച്ചിദാനന്ദ കവി വാചകം കാച്ചി.