(Sathish Thottassery)
ഞങ്ങളുടെ ട്രൗസർ പ്രായം. ഞങ്ങൾ എന്നാൽ ഈയുള്ളവനും, കേശവനും, ചൂരിയും. കേശവൻ എന്റെബാല്യകാല സഖാവ്, ശിഷ്യൻ, സതീർഥ്യൻ എന്നീ നിലകളിൽ നാട്ടിൽ അറിയപ്പെട്ടവൻ. ചൂരി എന്റെ അനിയന്റെ വിളിപ്പേര് അല്ലെങ്കിൽ ചെല്ലപ്പേര്. ആ കാലത്ത് ഞങ്ങൾ എവിടേക്കു പോകുമ്പോഴും ബോബന്റെയും മോളിയുടെയും കൂടെയുള്ള നായക്കുട്ടിയെപോലെ അവസാനം പറഞ്ഞയാൾ കൂടെ വരണമെമെന്നു പറഞ്ഞു ശാഡ്യം പിടിക്കും. പിന്നെ കുറെ ഒളിച്ചുകളിയും ഓട്ടവും ഒക്കെ വേണം ഞങ്ങൾക്ക് അവനിൽ നിന്ന് സ്കൂട്ടാവാൻ.
ഞങ്ങൾ അവനെ പറ്റിച്ചു കടന്നു കളഞ്ഞാൽ പിന്നെ തിരിച്ചു വരുന്നതുവരെ ചൂരി കഴുത രാഗം മൂളി ചീഞ്ഞോണ്ടിരിക്കും. അമ്മയും മുത്തശ്ശിയും അവനെ കൂടെ കൂട്ടാൻ നിർബന്ധിക്കാറുണ്ടെങ്കിലും അന്ന് അത് ഞങ്ങൾക്ക് സ്വീകാര്യമായിരുന്നില്ല.കാരന സ്വീകാര്യമായിരുന്നില്ല. കാരണങ്ങൾ പലതാണ്. പാടത്ത് വരമ്പിൽ കൂടെ നടക്കുമ്പോൾ കഴായകളിൽ എടുത്തു പൊക്കി വെക്കണം. ഞങ്ങൾക്ക് പോകാനുള്ള ഇടങ്ങളിലെല്ലാം അവൻ പിന്നാലെ വന്നാൽ ഞങ്ങളുടെ ചെറിയ ചെറിയ കുരുത്തക്കേടുകളെല്ലാം വീട്ടിൽ റിപ്പോർട്ട് ചെയ്യും.
കടയിൽ പോയിവരുമ്പോൾ ഇസ്ക്കുന്ന ചില്ലറ പൈസയുടെ മിട്ടായിയുടെ ഷെയർ അവനും കൊടുക്കണം. അങ്ങിനെ ഞങ്ങളുടെ ഒരുപാടു സ്വാതന്ത്ര്യങ്ങൾക്കുള്ള സ്വാതന്ത്ര്യം അവന്റെ സാന്നിധ്യം മൂക്ക് കയറിടും എന്നത് തന്നെ. അതുകൊണ്ടു് ചിലപ്പോഴൊക്കെ കൂടെ കൊണ്ടുപോകാത്തതിന് അഞ്ചു പൈസയുടെ ബര്പ്പി (ബർഫി) അല്ലെങ്കിൽ രണ്ട് ഗോട്ടി തുടങ്ങിയ പ്രലോഭനങ്ങളിൽ അവനെ കുടുക്കാറും ഉണ്ടായിരുന്നു.
അങ്ങിനെയിരിക്കെ ഒരു സ്കൂളവധിക്കാലത്ത് വിജയെളേച്ഛന്റെ മേൽനോട്ടത്തിൽ വീട്ടിൽ ചില്ലറ മരാമത്തു പണികൾ വന്നു. വീടിന്റെ പുറകുവശത്തുള്ള പുഴയിൽ നിന്ന് ചാമിയോ, ചീർമ്പനോ മറ്റോ തോട്ടത്തിലേക്ക് കോരിയിട്ട മണൽ വീട്ടിലേക്കു കടത്തണം. വീട്ടു പണിക്കു വരുന്ന സരോജനിയോട് പറഞ്ഞപ്പോൾ ആരോഗ്യപ്രശ്നത്താൽ ടെൻഡർ ഊശിപ്പോയി. അടുത്ത കോൺട്രാക്ടർ ആയി വിജയെളേച്ഛൻ മൊതലാളി ഞങ്ങളെ നിയമിച്ചു.. ഒരു പത്തു പതിനഞ്ചു ചാക്ക് മണൽ ഷിഫ്റ്റ് ചെയ്യാൻ ഞങ്ങൾ രണ്ട് രൂപക്ക് വാക്കാൽ ഉടമ്പടി ഉണ്ടാക്കി. കാലത്തു പത്തു മണിയോടെ പണി തുടങ്ങി. രണ്ടു മൂന്ന് തവണ കുട്ടിചാക്കിൽ തലയിലും തോളത്തും വെച്ച് മണൽ കടത്തിയപ്പോഴേക്കും ഞങ്ങളുടെ പരിപ്പെളകി തുടങ്ങി. കുട്ട്യോളല്ലേ. ഉച്ചക്ക് ലഞ്ചു ബ്രേക്ക്. പിന്നെ വൈകിട്ട് വീണ്ടുംപണി തുടങ്ങി.
അക്കാലത്തു കേശവന്റെ ട്രൗസറിനു ബട്ടൺസൊന്നും ഉണ്ടാകില്ല. ട്രൗസറിന്റെ ബട്ടണിടേണ്ട വാലെടുത്തു മുണ്ടുടുക്കുമ്പോലെ കുത്തുകയാണ് പതിവ്. വൈകിട്ട് അയൽ വീടുകളിലെ ശാന്ത ചേച്ചി, ശോഭ ചേച്ചി തുടങ്ങിയവർ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരാൻ വരുന്ന സമയം. അവർ കൽക്കണ്ട മൂച്ചിയുടെ ചുവട്ടിലേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങുന്നു. ഞങ്ങൾ തലയിൽ മണൽ ചാക്കുമായി അങ്ങോട്ടു കയറുന്നു. ആ മുഖാമുഖദർശന വേളയിലാണ് കേശവന്റെ ട്രൗസർ കുത്തഴിഞ്ഞു താഴേക്കു പോയത്. പരിഭ്രമത്തിൽ ചാക്ക് താഴെയിട്ടു ട്രൗസർ കേറ്റി കുത്തുമ്പോഴേക്കും പിടിവിട്ടു മണലുംചാക്കു നിലത്തു വീണു പൊട്ടി.മണലെല്ലാം വാരിക്കൂട്ടി ചാക്കിലിട്ട് കൃത്യവിലോപം കണ്ടുപിടിക്കാതിരിക്കാൻ സ്ഥലത്തെ തെളിവുകൾ മണ്ണിട്ടു മൂടി. പിന്നാലെ എക്സ്ട്രാ ഫിറ്റിങ് പോലെ നടക്കുന്ന ചൂരി ചാരപ്പണി ചെയ്യാതിരിക്കുവാൻ ഒരു ബര്പ്പി എക്സ്ട്രാ ഓഫറും കൊടുത്തു.
നേരം മോന്ത്യാകാരായിട്ടും മുക്കാൽ ഭാഗമേ കടത്തി കഴിഞ്ഞിട്ടുള്ളൂ. ഞങ്ങൾക്കാണെങ്കിൽ പണി കഴിച്ചു അന്ന് തന്നെ കാശു വാങ്ങി പോക്കെറ്റിലിടാനുള്ള ആർത്തിയും. ഇനിയും അഞ്ചാറ് നട വേണം മുഴുവൻ മണലും കടത്താൻ. ചൂരിയെ അമ്മ കുളിപ്പിക്കാൻ വിളിച്ച നേരത്ത് മൊതലാളിയെ കണ്ടു പണി കഴിഞ്ഞെന്നു കളവു പറഞ്ഞു കാശു ചോദിച്ചു.. മൊതലാളി തറവാട്ട് സ്വഭാവം കാണിച്ചു. പാരമ്പര്യ മായി കിട്ടിയിട്ടുള്ള പിശുക്കിന്റെ പിശാശിനെ ഞങ്ങൾക്കു നേരെ തുറന്നുവിട്ടു. രണ്ടു രൂപക്കുള്ള പണിയൊന്നും ഞങ്ങൾ എടുത്തിട്ടില്ലെന്നും അത് കൊണ്ട് ഒരു ഉറുപ്പികയെ തരുള്ളൂ എന്നും പറഞ്ഞു. വിശസവഞ്ചനയല്ലേ. ഞങ്ങളുടെ രക്തം തിളച്ചു. എന്നാൽ ഞങ്ങൾ മുറ്റത്ത് കൊണ്ടുവന്നിട്ട മണലെല്ലാം തിരിച്ചു തോട്ടത്തിൽ തന്നെ കൊണ്ടിടും എന്ന് ഭീഷണിപ്പെടുത്തി. മൊതലാളി ആയിക്കോട്ടെയെന്നും.
പിന്ന ആലോചിച്ചപ്പോൾ അത് ബുദ്ധി മോശമാണെന്നു മനസ്സിലായി. കൂലിത്തർക്കം മുത്തശ്ശന്റെ കോടതിയിലെത്തി. ദയാലുവായ ന്യായാധിപൻ ഞങ്ങൾക്ക് ഓരോ എട്ടിന്റെ അണ വീതം തന്ന് കോടതിപ്പുറത്തു തർക്കം പരിഹരിച്ചു. നാലണ വിഷുക്കൈ നീട്ടംതന്നിരുന്ന കാലമാണെന്നു കൂടികൂട്ടിവായിക്കണം. മൊതലാളി ഞങ്ങളോട് കാട്ടിയ വിശ്വാസവഞ്ചനക്കു പകരമായി ചാരൻചൂരി കാണാതെ രായ്ക്കുരാമാനം തോട്ടത്തിൽ പോയി ബാക്കിയുണ്ടായിരുന്ന മണലെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ പുഴയിലേക്കുതന്നെ തള്ളി.
ആവൂ.. ചില സത്യങ്ങൾ അങ്ങിനെയാണ്.നീണ്ട അമ്പതു വർഷങ്ങൾ മനസ്സിൽ സൂക്ഷിച്ച ശേഷം പുറത്തു വിടുമ്പോൾ ഉള്ള സുഖം.!!!അതൊന്നു വേറെ തന്നെയാണ്