(Sathish Thottassery)
അയിലൂർ പുഴപ്പാലം മുതൽ തെണ്ട മുത്തന്റെ ആസ്ഥാനം വരെ ഒരു കയറു പിടിക്കുക. എന്നിട്ട് മുത്തനെ കേന്ദ്രബിന്ദുവാക്കി ഒരു വൃത്തം വരയ്ക്കുക. പിന്നെ അതേ കയറുകൊണ്ട് കേന്ദ്രബിന്ദുമുതൽ അത്രയും ദൂരം പടിഞ്ഞാട്ട് അളക്കുക. അത് വൃത്തത്തെ രണ്ടായി ഭാഗിക്കും. അപ്പോൾ കിട്ടുന്ന താഴത്തെ അർദ്ധ വൃത്തം. അതാണ് ഞങ്ങളുടെ തോട്ടശ്ശേരി.
എത്ര കൃത്യമായി അടയാളപ്പെടുത്തി അല്ലെ? പൊറ്റെക്കാടിന് അതിരാണിപ്പാടത്തെയും, മുകുന്ദന് മയ്യഴിയെയും, ഖാദറിന് തൃക്കോട്ടൂരിനെയും ചരിത്രത്തിലാക്കാൻ വർഷങ്ങളുടെ തപസ്യ വേണ്ടിവന്നു. ഞങ്ങൾക്ക് തോട്ടശ്ശേരിയെ അടയാളപ്പെടുത്താൻ ഒരു മിനിറ്റും. ഇത് കാണിച്ചു തരുന്നത് ഞങ്ങളുടെ ഇട്ടാവട്ടത്തിലെ അനുഭവ ദാരിദ്ര്യത്തെയും, ജീവിതത്തെ അതിന്റെതായ അർത്ഥത്തിൽ അറിയുവാനും ആസ്വദിക്കുവാനുമുള്ള വിവേകരാഹിത്യത്തെയുമാണ്. ജനിച്ച നാടിന്റെ ചരിത്രവും വർത്തമാനവും പഠിക്കാൻ സാധിക്കാതെ ഉപജീവനത്തിന് വേണ്ടി പലായനം ചെയ്ത ഹതഭാഗ്യർക്ക് ഇങ്ങിനെ വൃഥാ നെടുവീർപ്പിട്ടു മുണ്ടാണ്ടിരിക്കാനല്ലേ കഴിയൂ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ തെറ്റി. കഥകൾ കേട്ടും പറഞ്ഞുമാണ് സമൂഹം വളരുന്നത്. അതിൽ കുറെ യാഥാർഥ്യങ്ങൾ ഉണ്ടാകാം. കുറെ നുണകൾ, അതിശയോക്തികൾ, പൊടിപ്പുകൾ,തൊങ്ങലുകൾ ഒക്കെ ഉണ്ടാകും. അങ്ങിനെ പുതിയ കഥകൾ ഉണ്ടാകും. വിഷയം ഈ കഥകൾ എവിടെയെങ്കിലും രേഖപ്പെടുത്തിയില്ലെങ്കിൽ അതെല്ലാം വരും തലമുറയ്ക്ക് നഷ്ടമാവില്ലേ എന്നതാണ്. വായുവും, ജലവും, ഭൂമിയും, കടലും, ആകാശവും, കഥകളും അവർക്കു കൂടി അവകാശപ്പെട്ടതാണ് എന്ന് മാത്രം ഓർമ്മപ്പെടുത്തി കൊണ്ട് കഥയിലേക്ക് വരാം.
ഓരോ വള്ളികൾ തോളിലേക്കു പോയി പുറകിൽ ഇന്റു മാർക്കോടെ വീണ്ടും ട്രൗസറിന്റെ പുറകിൽ ചേരുന്ന തരത്തിൽ, ഒരു കാരണത്താലും ഊരിപ്പോകാത്ത ഒരു ടൈപ്പ് ട്രൗസർ ഞങ്ങളുടെ മധുരിക്കുന്ന കുട്ടിക്കാലത്തുണ്ടായിരുന്നു. വാർ ടൗസർ, വള്ളിസൗസർ എന്നൊക്കെ അന്നത്തെ പിള്ളേര് പറയും. ഇപ്പോൾ കാര്യം പിടികിട്ടിക്കാണുമല്ലോ. ചൂരി ബ്രോ അതെല്ലാം ഇട്ടു വിലസുന്ന കാലത്തായിരുന്നു ഞങ്ങളുടെ രമണി ചെറിയമ്മയുടെ കല്യാണം നടന്നത്. ആ കല്യാണയാത്രയുടെ ചില ഓർമ്മകൾ മനസ്സിലേക്ക് കിനിഞ്ഞിറങ്ങുന്നു.
എന്റെ കുട്ടിക്കാലത്ത് കേശവൻ ശിഷ്യപ്പെട്ടതു പോലെ മുത്തശ്ശന്റെ എല്ലാകാലത്തും ശിഷ്യപ്പെട്ട ഒരാളുണ്ടായിരിന്നു. കൂട്ടങ്ങാഞ്ഞിരത്തെ മണിയൻ നായര്. ദിവസവും പ്രഭാതസവാരിയുടെ ഭാഗമായി വീട്ടിൽ വന്നു മുത്തശ്ശന്റെ ഹാജർ ബുക്കിൽ ഒപ്പുവെക്കും. ചായയും ചിലപ്പോൾ ബ്രേക്ഫാസ്റ്റും കഴിഞ്ഞു ബീഡിവലിയും ബെടക്കൂസു വർത്തമാനവും കഴിഞ്ഞേ മുപ്പൂർ സ്കൂട്ടാവൂ. എനിക്കും ചൂരിക്കും പൊറാട്ടൻ കളിപ്പാട്ടു പഠിപ്പിച്ചു തരും.
ഗുരുവായൂരോക്കെ പോയി വരുമ്പോൾ കളി ചെണ്ട, ചൊയ്യം, ഗുരുവായൂരപ്പൻ മോതിരം എന്നിവയൊക്കെ കൊണ്ടുവന്നു തന്നിട്ടുണ്ട്. എന്നാലും മൂപ്പരെ മണി മുത്തശ്ശൻ എന്ന് വിളിക്കാൻ പറയുമ്പോൾ ഞങ്ങൾക്കൊരു ഇദായിരുന്നു.
അന്ന് കല്യാണ ദിവസം ഞങ്ങളും കുളിച്ചു കുപ്പായമിട്ട് ഗുരുവായൂർക്കു പോകാൻ തയ്യാറായി നിന്നു. മണിയെളേച്ഛൻ ലീവിൽ വന്ന സമയമായിരുന്നു. അദ്ദേഹം കല്യാണത്തിന് വരുന്നില്ലെന്ന് പറഞ്ഞു.എന്നാലും കല്യാണപ്പാർട്ടിയുടെ കൂടെ കൊച്ചുവെളുപ്പാൻ കാലത്ത് റോഡ് വരെ വന്നു. നേരം ഇനിയും വെളുത്തിട്ടില്ല. കാറിൽ കേറാൻ നേരത്താണ് ഞങ്ങൾ കാർ യാത്രയിൽ ശർദ്ദിക്കുമെന്നറിയാവുന്ന മണിയൻ നായർ ചന്ദ്രഹാസമിളക്കിയത്.
"എവടെക്കണ്ട ഈ പിള്ളര്? ശർദ്ദിച്ചു വണ്ടി വൃത്തികേടാക്കാനോ" എന്ന് പറഞ്ഞു രണ്ടിനെയും പിടിച്ചിറക്കി. സങ്കടം കൊണ്ട് ഞാൻ മണിയെളേച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. പക്ഷെ ചൂരി അവന്റെ ചേറൂരെ കിട്ടത്തരം പുറത്തെടുത്തു. അവൻ ഓടി അപ്പുറത്തെ ഡോറിൽ കൂടെ കേറി തങ്കോച്ഛേമയുടെ മടിയിൽ കേറി ഇരുന്നു. മണിയൻ നായർ അവന്റെ കയ്യിൽ പിടിച്ചു താഴെയിറക്കുന്ന പിടിവലി നടക്കുമ്പോ അവൻ ഒറ്റ കാച്ചാണ് "പോടാ മേടേ" ന്ന്. തലേ ദിവസം ചൂരിയെ മന്നത്തു കൊണ്ടുപോയി അവിടത്തെ രാജിയെളേച്ഛന്റെ ഭൂതഗണങ്ങളെ വിളിക്കാൻ മണിയെളേച്ഛൻ പഠിപ്പിച്ച പേര് അവൻപരീക്ഷിച്ചതായിരുന്നു. പിടിവലി ക്കിടയിൽ തങ്കോച്ഛേമയുടെ തിരുപ്പൻ പുട്ടപ്പ് മുല്ലപ്പൂവടക്കം ചൂരിയുടെ കയ്യിൽ വന്നതും കൂടെ കണ്ടപ്പോൾ കരഞ്ഞു കൊണ്ടിരുന്ന ഞാനും മറ്റുള്ളവരുടെ പൊട്ടിച്ചിരിയിൽ ചേർന്നു.
അങ്ങിനെ അന്ന് ചൂരി ജയിച്ചു. മണിയൻ നായർ തോറ്റു. കല്യാണം കഴിഞ്ഞു സംഘം തിരിച്ചു വരുമ്പോൾ ഞങ്ങൾ അവരെ വരവേൽക്കാൻ പടിക്കലെ വീട്ടിന്റെ മുമ്പിൽ നിന്നിരുന്നു. അന്ന് വധൂവരന്മാർക്കു മുന്നേ ശർദ്ദിച്ചു കുതിർന്ന വാർ ട്രൗസർ അഴിച്ചു നാണം മറക്കാൻ വള്ളി കഴുത്തിലിട്ടു ട്രൗസർ മുന്നിൽ ഞാത്തി ഇട്ട് അവശനായി നടന്നു
വരുന്ന ചൂരിയുടെ മൂർത്ത രൂപം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.