(ഷൈലാ ബാബു)
മുപ്പതു വർഷത്തോളം പ്രവാസ ജീവിതം നയിച്ചിരുന്ന തങ്ങൾ എല്ലാ വർഷവും അവധി ആഘോഷിക്കാൻ നാട്ടിൽ വരാറുണ്ട്. എല്ലാ അവധിക്കും ചെറുതോ വലുതോ ആയ ഒരു ടൂർ പരിപാടി ഉണ്ടാവും. അഞ്ചു വർഷം മുൻപ് അങ്ങനെ ഒരു അവധിക്കാലത്ത് ബാഗ്ലൂർ, മൈസൂർ ട്രിപ്പ് പ്ലാൻ ചെയ്തു. ഭർത്താവിന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു നോർത്ത് ഇൻഡ്യൻ കുടുംബം ബാഗ്ലൂരിൽ വിശ്രമജീവിതം നയിക്കുകയാണ്. തുടർച്ചയായുള്ള അവരുടെ ക്ഷണം അനുസരിച്ചാണ് അവിടേക്ക് പോകാൻ പരിപാടി ഇട്ടത്.
ഭർത്താവും ഞാനും ഇളയ മകളോടൊപ്പം ടിക്കറ്റ് ബുക്ക് ചെയ്തു ട്രെയിനിൽ ബാഗ്ലൂർ നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി. സുഹൃത്തും ഭാര്യയും ഞങ്ങളെ സ്വീകരിക്കാൻ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. സ്‌റ്റേഷനിൽ നിന്നും അവർ താമസിക്കുന്ന സുവിധ അപ്പാർട്ട്മെന്റിലെത്തി. മക്കളില്ലാത്ത അവർക്കു മോളെ വലിയ ഇഷ്ടമാണ്. വളരെ മനോഹരമായ ഒരു കോമ്പൗണ്ട് ആയിരുന്നു അത്. അവിടെയെല്ലാം ഒന്നു ചുറ്റിക്കറങ്ങി പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ചു. കുളിച്ചു ഭക്ഷണം കഴിഞ്ഞു സുഖമായി ഉറങ്ങി.
രാവിലെ ആറുമണിക്കു തന്നെ എല്ലാവരും റെഡിയായി മൈസൂറിലേക്കു പോകാനായി ഇറങ്ങി. സുഹൃത്തിന്റെ മഹേന്ദ്രകമ്പനിയുടെ ഫോർ വീലറിലായിരുന്നു യാത്ര. അദ്ദേഹം തന്നെയാണ് വണ്ടി ഓടിച്ചിരുന്നതും. പോകുന്ന വഴിയിൽ എവിടെ നിന്നെങ്കിലും പ്രഭാതഭക്ഷണം കഴിക്കാമെന്നു പറഞ്ഞു. സുഹൃത്തിന്റെ ഭാര്യയും ഞാനും ഡ്രൈവിഗ് സീറ്റിനു പിറകിലായി ഇരുന്നു. മകൾ അതിനു പിറകിലായും ഭർത്താവ് മുന്നിലെ സീറ്റിലുമാണ് ഇരുന്നത്.
ഓരോരോ വിശേഷങ്ങളും തമാശകളും ഒക്കെ പറഞ്ഞും സൈഡ് കാഴ്ചകൾ കണ്ടും അങ്ങനെ മുന്നോട്ടു പോയി.
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കാലിൽ എന്തോ ഒന്നു തൊട്ടതുപോലെ തോന്നി. അയ്യോ എന്നുറക്കെ വിളിച്ചു കൊണ്ട് വണ്ടിയിൽ സൂക്ഷ്മപരിശോധന നടത്തിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല.
ഭർത്താവ് പറഞ്ഞു, 'വെറുതേ തോന്നുന്നതാണ്, ഇവിടെയെങ്ങും ഒന്നുമില്ല' എന്ന്.
അതു ശരിവച്ച് വീണ്ടും മുന്നോട്ടു പോയി. ഒരു വെജിറ്റബിൾ റസ്‌റ്റോറന്റിൽ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു വീണ്ടും യാത്ര തുടർന്നു. അല്പം കഴിഞ്ഞപ്പോൾ വീണ്ടും ഏതോ ഒരു ജീവി എന്റെ കാലിൽ വന്നു തൊടുന്നു. എന്താണെന്നു മനസ്സിലായില്ല. തവളയെപ്പോലെ തോന്നിച്ചു. ഓരോ പ്രാവശ്യവും ഞാൻ അലറി വിളിച്ചു.
അല്പം മുന്നോട്ടു ചെന്ന് വണ്ടി നിർത്തി എല്ലാവരും പുറത്തിറങ്ങി. ഭർത്താവും സുഹൃത്തും കൂടി വണ്ടിയുടെ അകവശം എല്ലാം പരിശോധിച്ചു. ചവിട്ടികൾ ഒക്കെ എടുത്തു പുറത്തിട്ടു.
ഒന്ന്, രണ്ട്, മുന്ന്, നാല് ചെറിയ എലികൾ വണ്ടിക്കകത്തുനിന്നും പുറത്തുചാടിയത് കണ്ടു ഞങ്ങൾ അമ്പരന്നു. ആശ്വാസനിശ്വാസമുതിർത്തുകൊണ്ട് യാത്ര തുടർന്നു. മൈസൂറിലെ പുരാതനമായ ഒരു വലിയ ക്ഷേത്രം കാണാനായി കയറി. കാമശാസ്ത്ര കലകൾ നിറയെ കൊത്തിവച്ചിരിക്കുന്നു. രണ്ടു മണിക്കൂറോളം അവിടെ ചില വഴിച്ചു. മനസ്സു നിറച്ച കാഴ്ചകൾ!
വീണ്ടും അടുത്ത ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ചു. അങ്ങനെയിരിക്കേ എന്റെ കാലിൽ വീണ്ടും സ്പർശിക്കുന്ന എലിയെ കണ്ടു ഞാൻ അലറി. കഴിച്ചതിന്റെ ബാക്കി വന്ന ബിസ്കറ്റും ബന്നും ഒരു കവറിലാക്കി വണ്ടിയിൽ വച്ചിരുന്നു. നോക്കിയപ്പോൾ അതിനകത്ത് രണ്ട് എലിക്കുഞ്ഞുങ്ങൾ. വണ്ടി അല്പം മുന്നിലേക്കടുത്ത് പാർക്കു ചെയ്തു. ആഹാരാവശിഷ്ടങ്ങൾപ്പം ഒന്നുരണ്ടെണ്ണത്തിനെ അവിടെയും പുറത്തു കളഞ്ഞു.
ഒരു ഹോട്ടലിൽക്കയറി ലഞ്ച് കഴിച്ചിറങ്ങി. വീണ്ടും അടുത്ത ലക്ഷ്യത്തിലേക്ക് യാത്രയായി. ഇനിയും എലികൾ വന്നുപദ്രവിക്കുമോ എന്നു ശങ്കിച്ച് ഞാൻ കാലുകൾ പൊക്കിവച്ചാണ് ഇരുന്നത്. മറ്റുള്ളവർക്കെല്ലാം ഈ അനുഭവം ഉണ്ടാകുന്നുണ്ടായിരുന്നെങ്കിലും ആരും എന്നെപ്പോലെ ബഹളം വച്ചില്ല. അന്നത്തെ കാഴ്ചകൾ ഒക്കെ കണ്ടു കഴിഞ്ഞ്മു, മുറി ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ എത്തി. ഫ്രഷ് ആയി ഭക്ഷണം കഴിച്ചു സുഖമായി കിടന്നുറങ്ങി. കുരങ്ങന്മാരുടെ ശല്യം ഉണ്ടായിരുന്നതിനാൽ ബാൽക്കണി തുറന്നതേയില്ല.
രാവിലെ തന്നെ റെഡിയായി യാത്ര ആരംഭിച്ചു. മൈസൂർ പാലസിൽ കയറി കാഴ്ചകൾ കണ്ടു നടന്നു. അതിനുശേഷം പ്രധാനപ്പെട്ട പലസ്ഥലങ്ങളും കയറിയിറങ്ങി.
ഉച്ച ഭക്ഷണത്തിനു ശേഷം നേരേ ഞങ്ങൾ കൂർഗിനു വച്ചു പിടിച്ചു. നല്ല മഴ ഉണ്ടായിരുന്നതിനാൽ പതുക്കെയായിരുന്നു യാത്ര. ഡ്രൈവിഗ് ഒരു പാഷൻ ആയതിനാൽ സുഹൃത്തിന് വണ്ടിയോടിക്കുന്നതിൽ തീരെ വിഷമം ഉണ്ടായിരുന്നില്ല. അവരുടെ ഒരു സുഹൃത്തും കുടുംബവും കൂർഗിൽ താമസിക്കുന്നുണ്ട്. അവരെ വിളിച്ചു പറഞ്ഞതനുസരിച്ച് അന്നത്തെ താമസവും ഭക്ഷണവുമെല്ലാം അവർ ക്രമീകരിച്ചു. കൊടും വനത്തിന്റെ നടുവിലൂടെയുള്ള യാത്ര അതിസാഹസികമായി തോന്നി. വഴിയിൽ രണ്ടു സ്ഥലങ്ങളിലായി കൊമ്പനാനകൾ റോഡിൽ കൂടി പതുക്കെ പോകുന്നുണ്ടായിരുന്നു. ഞങ്ങൾ വളരെ ശ്രദ്ധിച്ചാണ് പോയിരുന്നത്. ഇടയിൽ വച്ച് എന്റെ ചുരിദാറിനടിയിൽ കൂടി കാലിലൂടെ എന്തോ കയറുന്നു. ഞാൻ ബഹളം വച്ചതിനെ തുടർന്ന് വണ്ടി നിർത്തി വീണ്ടും പരിശോധനയായി. നല്ല ഇരുട്ടായതിനാൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല.
ഭർത്താവിന്റെ ശകാരവും സുഹൃത്തുക്കളുടെ കളിയാക്കലും ഒക്കെ കുടി ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. മകൾ മൗനം പാലിച്ചതേയുള്ളൂ. ഇങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ എനിക്കു അസഹനീയമാണെന്ന് അവൾക്കറിയാമായിരുന്നു.
അന്നവിടെ താമസിച്ച് രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം ബാഗ്ലൂരിലേക്കുള്ള മടക്കയാത്രയിൽ, ചില സ്ഥലങ്ങളിലെ കാഴ്ചകൾ കൂടി കണ്ടു. തലേ ദിവസം മൈസൂറിൽ ഒരു കടയിൽ വച്ച് മറന്ന ഭർത്താവിന്റെ മൊബൈൽ ഫോൺ തിരിച്ചെടുക്കാനായി ആ വഴി തന്നെ പോകേണ്ടി വന്നു. അവിടെ ചെന്നപ്പോൾ കട പൂട്ടിയിട്ടിരിക്കുന്നു. അടുത്ത കടകളിലൊക്കെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ആരോ തന്ന ഒരു നമ്പറിൽ വിളിച്ചപ്പോൾ അങ്ങനെയൊരു ഫോൺ കിട്ടിയിട്ടില്ലെന്നു കള്ളം പറഞ്ഞു. എന്നാൽ തലേ ദിവസം വിളിച്ചപ്പോൾ ഫോൺ റിംഗ് ചെയ്യുകയും ആരോ എടുത്തു സംസാരിക്കുകയും ചെയ്തിരുന്നു. പിറ്റേദിവസം കടയിൽ വന്നാൽ ഫോൺ തിരികെ തരാമെന്നും സമ്മതിച്ചിരുന്നു. അതുകൊണ്ടാണ് ആ വഴി മടങ്ങിവന്നത്. ആരോ ബോധപൂർവം തരാതിരിക്കുന്നതുപോലെ തോന്നിയതിനാൽ നേരേ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ഫോൺ നമ്പർ ബ്ലോക്ക് ചെയ്യിപ്പിച്ചു. പ്രതീക്ഷിക്കാതെ ഒരുപാടു സമയം അതിനായി ചിലവഴിക്കേണ്ടി വന്നു. സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ നിന്നും കഴിക്കാനുള്ള ഭക്ഷണം വാങ്ങിക്കൊണ്ടുവന്ന് വണ്ടിയിൽ ഇരുന്നു തന്നെ കഴിച്ചു.
അതാ... രണ്ടു എലികൾ വണ്ടിക്കകത്തു കൂടി ചാടുന്നു. പരിശ്രമത്തിനിടയിൽ അതു പുറത്തു പോയി എന്നു ഭർത്താവു പറഞ്ഞത് ഞാൻ വിശ്വസിച്ചിരുന്നില്ല. രണ്ടു കാലുകളും സീറ്റിൽ വച്ചാണ് ഞാൻ ഇരിക്കുന്നത്. എങ്ങനെയോ രാത്രി 10 മണിയായപ്പോൾ സുഹൃത്തിന്റെ അപ്പാർട്ട്മെന്റിൽ തിരിച്ചെത്തി. ക്ഷീണാധിക്യം മൂലം ഉറങ്ങിപ്പോയതറിഞ്ഞില്ല.
രാവിലെ എണീറ്റപ്പോൾ ഭർത്താവിനേയും സുഹൃത്തിനേയും കാണുന്നില്ല. പ്രഭാതസവാരിക്കിറങ്ങിയതായിരിക്കും എന്നു സുഹൃത്തിന്റെ ഭാര്യ പറഞ്ഞു.
യഥാർത്ഥത്തിൽ അല്പം ദൂരെ പാർക്കു ചെയ്തിട്ടിരുന്ന വണ്ടിയിൽ നിന്നും ബാക്കി എലികളെ കൂടി കെണിവച്ചുപിടിക്കുകയായിരുന്നു അവർ. ആകെ മൊത്തം 12 എലിക്കുഞ്ഞുങ്ങളും ഒരു തള്ള എലിയും ആ വണ്ടിയിൽ ഉണ്ടായിരുന്നത്രേ. പാർക്ക് ചെയ്തിട്ടിരുന്ന വണ്ടിയിൽ എലി പെറ്റു കിടന്നിരുന്നത് അറിയാതെയാണ് ആ വണ്ടിയുമായി മൈസൂർ ട്രിപ്പ് നടത്തിയത്.
അന്നു തന്നെയുള്ള ട്രെയിനിൽ ബംഗ്ലൂരിൽ നിന്നും നാട്ടിലേയ്ക്ക് തിരിച്ചു. നാട്ടിലെത്തിയപ്പോൾ അതിഭയങ്കരമായ മഴയും വെള്ളപ്പൊക്കവും. അന്നു തന്നെ തിരിച്ചെത്തിയില്ലായിരുന്നെങ്കിൽ വഴിയിൽ കുടുങ്ങിപ്പോകുമായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. ഏതായാലും ദൈവം തുണച്ചു.
അങ്ങനെ എലിക്കുടുംബത്തിനോടൊപ്പമുള്ള ഒരിക്കലും മറക്കാനാവാത്ത ഒരു ഉല്ലാസയാത്ര. വാസ്തവത്തിൽ ഉല്ലാസമായിരുന്നോ എന്നു ചോദിച്ചാൽ, അതിനേക്കാളുപരി ആശങ്കയും പേടിയും വെപ്രാളവും ഒക്കെ നിറഞ്ഞ ഒരു യാത്രയായിരുന്നു. മനസ്സു തുറന്ന് ഒന്നു ആഹ്ലാദിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.