(Sathish Thottassery)
ഓർമ്മയിലില്ലാത്തതെല്ലാം കഥകളല്ലെന്നു പറയാൻ പറ്റില്ല. കഥാകാരൻ കഥ പറയുകയോ എഴുതുകയോ ചെയ്യുന്നതോടെ അതിന്റെ അവകാശി അല്ലാതാകുന്നു. പിന്നെ അതു കഥ കേൾക്കുന്നവരുടെ അല്ലെങ്കിൽ വായിക്കുന്നവരുടെ സ്വന്തമാണ്. വ്യാഖ്യാനങ്ങൾ, ദുർവ്യാഖ്യാനങ്ങൾ, ആസ്വാദനം. വിമർശനം. എല്ലാം ഇഷ്ടം പോലെ നടത്താം. പറഞ്ഞുവരുന്നത് സംഭവ കഥ തന്നെയെന്ന് അടിവരയിട്ടു പറയുന്നു. പോരെങ്കിൽ മേല്പറഞ്ഞ കാര്യത്തിന് ഏതു കോടതിയിലും അഫിഡവിറ്റ് നൽകാമെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.
അപ്പുകുട്ടേട്ട, നസ്രാണി ഏലിയാസ് അന്തോണി, മണി എളേച്ഛൻ, ഭരതേട്ട തുടങ്ങിയവരുടെ തീഷ്ണ യൗവ്വന കാലമാണ്. ഉച്ച നേരങ്ങൾ ഇവരുടെ തലച്ചോറുകൾ ചെകുത്താന്റെ പണിപ്പുരകളായി മാറും. ഓരോ കുസൃതികൾ ഒപ്പിക്കും. പിന്നെ ചിരിയുടെ പഞ്ചാരിമേളമായിരിക്കും. പടിക്കലെ വീട്ടിലെ ഗോപിയേട്ടയും ചേറൂരെ പ്രഭേട്ടയും അന്ന് കീരിയും പാമ്പുമായിരുന്നു. നേരിൽ കണ്ടാൽ അത്തം ചതുർഥി, കമ്മ്യൂനിഷ്ട്ട് കോൺഗ്രസ്. ഇവരെ തമ്മിൽ തല്ലിച്ചു രസിക്കുക എന്നത് നീചന്മാരുടെ മാസ്റ്റർ പീസ് വിനോദമായിരുന്നു.
പടിക്കലെ വീട്ടിന്റെ മുമ്പിലുള്ള ത്രികോണാകൃതിയിലുള്ള സ്ഥലമാണ് സ്ഥിരം ഗോദ. അവിടെയുണ്ടായിരുന്ന അമരപ്പന്തലിന്റെ ചുവട്ടിലുള്ള പൈപ്പിൻ കുറ്റിയും ചുറ്റുവട്ടവും കാണികളെ കൊണ്ട് നിറയും. ആണുങ്ങളും പെണ്ണുങ്ങളും ബപ്പിനായയും ഒക്കെ കൂടും. ഒരിക്കൽ ശത്രുക്കളെ രണ്ടുപേരെയും വിളിച്ചു നിർത്തി ഒരാളോട് തുപ്പല് തൊട്ട് മറ്റേയാളുടെ താടിയിൽ തൊടാൻ പറയും.തിരിച്ചും.തൊട്ടില്ലെങ്കിൽ "ഹയ്യ.. ധൈര്യമില്ലാത്തവൻ നീയൊക്കെ സുന്ദരേട്ടയുടെ മകനാണെന്ന് പറയാൻ നാണക്കേടണ്ട" എന്നൊക്കെ പറഞ്ഞു പറഞ്ഞു മൂപ്പിച്ചു രണ്ടുപേരും അടി തുടങ്ങും .പിന്നെ കെട്ടിപ്പിടുത്തം, മണ്ണിൽ കിടന്നു മറിയൽ, അടി, ചവിട്ട്, ചൊട്ട്, പിച്ച്, നുള്ള് എല്ലാം നേരവും കാലവും അനുസരിച്ചു പ്രയോഗിക്കും. മിക്കവാറും പ്രഭേട്ട കരഞ്ഞു കൊണ്ട് സ്ഥലം കാലിയാക്കുന്നതോടെ അന്നത്തെ കലാപരിപാടിക്ക് തിരശീല വീഴും.
പിന്നെ പരിപാടി ആവർത്തന വിരസമായപ്പോൾ അന്തോണി അടവൊന്നു മാറ്റിചവിട്ടി. അന്ന് രണ്ടു പേരെയും ജനമധ്യത്തിൽ വിളിച്ചു നിർത്തി. പൂഴിയിൽ രണ്ടു തലകൾ വരച്ചു. എന്നിട്ടു അത് രണ്ടുപേരുടെയും അച്ഛൻമാരുടെ തലകളാണെന്നു പറഞ്ഞു. ഗോപിയേട്ടയെ കൊണ്ട് പ്രഭേട്ടയുടെ അച്ഛന്റെ തലയിൽ തുപ്പാനും, പ്രഭേട്ടയെ കൊണ്ട് ഗോപിയേട്ടയുടെ അച്ഛന്റെ തലയിൽ മൂത്രിക്കാനും പറഞ്ഞു. അടി വീഴാൻ താമസിച്ചപ്പോൾ മൂപ്പിക്കൽ."അയ്യേ അച്ഛന്റെ തലയിൽ തുപ്പിയിട്ടും മൂത്രമൊഴിച്ചിട്ടും നാണമില്ലാതെ നോക്കി നിൽക്കുന്നു. എന്ത് മക്കളണ്ട നിങ്ങളൊക്കെ ."പോരെ പൂരം.വീണ്ടും ഉഗ്രൻ സ്റ്റണ്ട്.
അങ്ങിനെ ഇടവേളകളിൽ സിനിമ കാണാതെ തന്നെ പലപ്പോഴും ചുട്ട സ്റ്റുണ്ട് കാണാനുള്ള അവസരമുണ്ടാകും. ഒരിക്കൽ പ്രഭേട്ട ഒറ്റയ്ക്കുള്ളപ്പോൾ അപ്പുകുട്ടേട്ട ഒരു കല്ലെടുത്തു വെച്ചിട്ട് പ്രഭേട്ടയെ മൂപ്പിച്ചത് അവൻ വടക്കൻ പാട്ടിലെ ചിണ്ടൻ നമ്പിയാരാണെന്നും ഒരൊറ്റ തട്ടിന് കല്ലിനെ പൊടിയാക്കുമെന്നും പറഞ്ഞായിരുന്നു. മൂപ്പിക്കലിന്റെ ശക്തിയിൽ പ്രഭേട്ട കല്ലിൽ ഫുട്ബോൾ അടിക്കുന്ന പോലെ തട്ടിയതും കാല് വേദനിച്ചു കരഞ്ഞു കൊണ്ട് നൊണ്ടി നൊണ്ടി വീട്ടിൽ പോയി.
പിന്നീട് കണ്ടത് പ്രഭേട്ടയുടെ അമ്മ കലി തുള്ളി വരുന്നതാണ്. അവർ പിടിക്കലെത്തിയപ്പോഴേക്കും പ്രതികളൊക്കെ കൊടും വേനലിൽ മഴ വരുത്താനായി "കൊടുംപാവി ശത്തളയോ കോടമളേ പെയ്‌തളയോ"എന്ന് പാടി കളിക്കുന്ന കൊടുംപാവിയെ കാണാനെന്ന വ്യാജേന കളി നടക്കുന്ന വീടിനെ ലക്ഷ്യമാക്കി ചിതറി ഓടി.