ഞാൻ ഒരു രാജ്യ ഭക്തനല്ല. ഈ വർത്തമാന കാലത്തിൽ, കഴിഞ്ഞ ഇരുപത്തിമൂന്നു വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഞാൻ ഒരു ലോക പൗരനായി, മനുഷ്യനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നു. പക്ഷെ, എന്റെ ദേശം, എന്റെ രാജ്യം, എന്റെ ലോകം എന്നും വയനാട് ആയിരിക്കും. അച്ഛനും എന്റെ മകനും അന്ത്യ വിശ്രമം കൊള്ളുന്ന വയനാട്. ഞാനും എരിഞ്ഞൊടുങ്ങാൻ ആഗ്രഹിക്കുന്ന വയനാട്. അതെ, എന്നും മറ്റു ദേശക്കാർ ആദിവാസി ഊരായി, പ്രാകൃത ലോകമായി കണ്ട വയനാട്. ഇന്ന് മറ്റു ദേശക്കാർക്കു കളിച്ചു തിമർക്കാൻ അണിഞ്ഞൊരുങ്ങിയ വയനാട്. സെമസ്റ്റർ ബ്രേക്കിന് ഹോസ്റ്റലിൽ നിന്നു പുറപ്പെടുമ്പോൾ, "നിനക്കിന്നു അവസാന വള്ളി കിട്ടുമോ?" എന്ന കൂട്ടുകാരുടെ പരിഹാസം നിറഞ്ഞ ചോദ്യത്തിനു ഹേതുവായ ടാർസൺ നാട്, വയനാട്! അച്ഛൻ എന്നും പരാതിപ്പെട്ടിരുന്ന, അവഗണനകൾ മാത്രം കിട്ടിയ വയനാട്.
ഞാൻ വയനാടിനെ കാണുന്നത്, അടുത്തറിയുന്നത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിൽ ആറു മാസത്തെ വെറ്റിറിനറി ഇന്റേൺഷിപ്പിനു മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക്കിൽ ചേർന്നപ്പോഴാണ് (എട്ടാം ക്ലാസ്സിൽ തളിപ്പറമ്പിൽ ടാഗോർ വിദ്യാനികേതനിലൂടെ ഹൈസ്കൂളും, മഹാരാജാസ് കോളേജിൽ പ്രീ-ഡിഗ്രിയും, മണ്ണുത്തി വെറ്ററിനറി കോളേജിൽ ഡിഗ്രിയും കഴിഞ്ഞുള്ള മടക്കം). ഡോക്ടർ വാസുദേവന്റെ കൂടെ വടക്കേ വയനാടിന്റെ എല്ലാ ഭാഗങ്ങളും ആ ആറുമാസത്തിൽ ഞാൻ കണ്ടു. എസ്റ്റേറ്റ് മുതലാളിമാരെയും തൊഴിലാളികളെയും അടുത്തറിഞ്ഞു. ധനികരും പാവപ്പെട്ടവരും മൃഗങ്ങളുടെ ഉടമസ്ഥരായിരുന്നു. അതിനു ശേഷം ആദ്യ ജോലിയുമായി കാട്ടിമൂലയിൽ. അടുത്ത ഒരടി വച്ചാൽ സ്പേസിൽ എത്തുമെന്നു തോന്നുന്ന വാളാട് സാമ്രാജ്യത്തിൽ ഒരു വർഷം! ആ സമയത്തു പലപ്പോഴും മക്കിമലയിൽ, കുന്നിൻ പുറത്തു, പാവപ്പെട്ട എസ്റ്റേറ്റ് തൊഴിലാളികളുടെ പശുക്കളെ ചികിൽസിക്കാൻ വേണ്ടി പല പ്രാവശ്യം പോയിട്ടുണ്ട്. മഴക്കാലത്തു, പായൽ പതിച്ച പച്ച റോഡുകളിലൂടെ, പായലിൽ തെന്നി നൂറ്റിഎന്പതു ഡിഗ്രി തിരിയുന്ന ഫോർ-വീൽ ഡ്രൈവ് ജീപ്പുകളിലുള്ള യാത്രകൾ. അവർ, ആ പാവങ്ങൾ മനുഷ്യരായിരുന്നു. ഞാൻ കണ്ടതിൽ എന്നും മുന്നിൽ നിൽക്കുന്ന സ്നേഹം നിറഞ്ഞ മനുഷ്യർ. ചികിത്സയ്ക്കു ശേഷം കയ്യിലുള്ള എല്ലാം നോട്ടുകളും ഒരു കവറിലിട്ടു നൽകുന്ന പാവം മനുഷ്യർ. ഇരുപത്തിമൂന്നു വയസ്സ് മാത്രമുള്ള എനിക്കു ആ പാവങ്ങളുടെ ചോര നീരാക്കിയ പൈസയുടെ ആവശ്യമില്ലായിരുന്നു. അവരുടെ സംതൃപ്തിക്കുവേണ്ടി ഒന്നോ രണ്ടോ പത്തിന്റെ നോട്ടുകൾ ഞാൻ സ്വീകരിക്കും. പുറമെ, ആ കട്ടൻ ചായയും മിക്സറും. പിന്നീട് മൂന്നു വർഷം കാട്ടിക്കുളത്തു വെറ്ററിനറി ഹോസ്പിറ്റലിൽ. അനേകം മൈലുകൾക്കപ്പുറത്തിരുന്നു ഞാൻ അറിയുന്നു, ജീവിതം നഷ്‌ടമായ, മുണ്ടക്കയിലും ചൂരൽമലയിലും ഉള്ള നല്ലവരായ ആ മനുഷ്യരെ, ഉടയവരേയടക്കം എല്ലാം നഷ്ടപെട്ട ആ മനുഷ്യരെ! ഞാൻ ധരിച്ചിരിക്കുന്ന കുപ്പായത്തിനു പുറകിൽ ലേബലുകളൊന്നുമില്ല. ഞാൻ ഒരു സഹ മനുഷ്യൻ മാത്രം.
ഈ ഫോട്ടോ പ്രജീഷിന്റേതാണ്. പ്രജീഷ് ചൂരൽമലയിൽ എല്ലാവർക്കും സഹായി ആയ ഒരു മനുഷ്യനായിരുന്നു. ഉരുൾ പൊട്ടലിനു ഏതാനും മണിക്കൂറുകൾക്കു മുൻപ് ഒരു പാടു പേരെ പാടിയിൽ നിന്നും (കിടപ്പു രോഗിയെ തോളിൽ താങ്ങി സുരക്ഷിത സ്ഥാനത്തു എത്തിച്ചതുൾപ്പെടെ) സുരക്ഷിതമായ സ്ഥലത്തേക്കയാൾ മാറ്റി. മറ്റാരെയോ രക്ഷപ്പെടുത്താൻ പോയ വേളയിൽ ജീവൻ നഷ്ടപ്പെട്ട പ്രജീഷ്. യഥാർത്ഥ ഹീറോ.
ഈ ലോകം നമ്മൾ അടുത്ത തലമുറയിൽ നിന്നും കടമെടുത്തതാണ്. പേരുമെയ്ക്കും പൈസയ്ക്കും വേണ്ടിയുള്ള നെട്ടോട്ടത്തിൽ മനുഷ്യർ എല്ലാം മറക്കുന്നു. ഈ ദുരന്തത്തിൽ 'ഞാൻ', 'ഞങ്ങൾ' ഒന്നും പ്രാധാന്യമർഹിക്കുന്നില്ല. നഷ്ടം മരിച്ചവരുടേതും അവരുടെ ഉറ്റവരുടേയും മാത്രം!
എന്നും വയനാടിനോടൊപ്പം!