ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.
ഞാനിരുന്നയുടൻ ഒരു ടിക്കറ്റ് എടുത്ത് അതിന്റെ പിൻപുറം കാണിച്ചിട്ട് എന്തോ ചോദിച്ചു. അതിന്റെ പുറകിൽ എറണാകുളം എന്ന് ഹിന്ദിയിൽ എഴുതിയിരിക്കുന്നത് കൊണ്ട് ഞാൻ ട്രെയിൻ അവിടേക്ക് പോകും എന്ന അർഥത്തിൽ തലയാട്ടി, തീർന്നില്ല അമ്മൂമ്മ മറ്റെന്തൊക്കെയോ ചോദിക്കാൻ തുടങ്ങി, എനിക്കൊന്നും മനസിലായില്ല. എതിർ സീറ്റിലിരുന്ന ഒരു ചേട്ടൻ മറുപടി പറയാൻ തുടങ്ങി, അമ്മൂമ്മക്ക് കാര്യങ്ങൾ മനസിലായിത്തുടങ്ങി.
അമ്മൂമ്മ പറയുന്ന ഭാഷ മറാത്തി ആണെന്ന് ചേട്ടൻ സർട്ടിഫൈ ചെയ്തു, ഞാനത് വിശ്വസിച്ചു. പെട്ടെന്നു തന്നെ ഞാൻ ഹെഡ്സെറ്റ് എടുത്തുവച്ച് സ്പോട്ടിഫൈ അപ്ലിക്കേഷൻ തുറന്നു, പ്രീമിയം മെമ്പർ അല്ലാത്തത് കൊണ്ട് ഇടയ്ക്കിടെ പരസ്യം ഇട്ടവർ അപമാനിച്ചെങ്കിലും മാനം പോകുന്നതിലും നല്ലതാണല്ലോ എന്ന തിരിച്ചറിവിൽ ഞാൻ മെല്ലെ എ ആർ റഹ്മാന്റെ തൊണ്ണൂറുകളിലെ വസന്തകാലത്തിലേക്കൂളിയിട്ടു.
അടുത്ത സ്റ്റേഷൻ മുതൽ എറണാകുളം എത്തുന്നത് വരെ എല്ലാ സ്റ്റേഷൻ എത്തുമ്പോളും അമ്മൂമ്മ ടിക്കറ്റ് കാണിച്ചു സ്ഥലം എത്തിയിട്ടില്ല എന്നുറപ്പുവരുത്തുന്നുണ്ടായിരുന്നു. ഒടുവിൽ എറണാകുളം നോർത്ത് സ്റ്റേഷൻ എത്തി, ഞങ്ങൾ ഒരുമിച്ചാണ് പുറത്തിറങ്ങിയത്. അമ്മൂമ്മയുടെ ബാഗ് ട്രെയിനിൽ നിന്നും എടുത്തു ഞാൻ കയ്യിലേക്ക് കൊടുത്തു, അതുമായി ബുദ്ധിമുട്ടി നടക്കുന്നത് കണ്ടപ്പോൾ ടിക്കറ്റ് കൗണ്ടർ വരെ ബാഗ് എടുത്തുകൊണ്ടു പോകാനുള്ള ദൗത്യം ഞാനേറ്റെടുത്തു.
അമ്മൂമ്മ ആരെയോ വിളിച്ചിട്ട് ഫോൺ എനിക്ക് തന്നു, മറുതലക്കൽ ഹിന്ദിയായിരുന്നു. ഹേനാ, ഹേക്യാ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ഹിന്ദി അറിയാവുന്ന ഒരാളെപ്പോലെ പിടിച്ചു നിൽക്കാൻ ഞാൻ ശ്രമിച്ചു, അമ്മൂമ്മക്ക് നിസാമുദ്ധീൻ എക്സ്പ്രെസ്സിൽ രത്നഗിരിക്കൊരു ടിക്കറ്റ് എടുത്ത് കൊടുക്കാമോ എന്നാണവർ ഉദ്ദേശിച്ചെന്നെനിക്ക് മനസിലായി. നന്മയുള്ള ലോകമേ പാടാനുള്ള ഒരു സുവർണാവസരം കളഞ്ഞു കുളിക്കാൻ പാടില്ലല്ലോ, ഞാനേറ്റു.
ടിക്കറ്റ് കൗണ്ടറിൽ ഒരു മധ്യ വയസ്കൻ ആയിരുന്നു, ആദ്യത്തെ ട്വിസ്റ്റ് അവിടുന്ന് തുടങ്ങി, ഇന്ന് ആ ട്രെയിൻ ഇല്ലത്രെ. അയാളുടെ ഉപദേശപ്രകാരം ഞങ്ങൾ എൻക്വയറി കൗണ്ടറിലേക്ക് നീങ്ങി, അവിടെയൊരു ലേഡി ആയിരുന്നു.
രണ്ടാമത്തെ ട്വിസ്റ്റ്, ഇന്നിനി നോർത്ത് സ്റ്റേഷനിൽ നിന്നും രത്നഗിരിക്ക് വണ്ടിയില്ല, സൗത്തിലേക്ക് പോകണം, അവിടെനിന്നും രാവിലെ അഞ്ച് മണിക്കാണ് ട്രെയിൻ. ഞാനത് അമ്മൂമ്മക്ക് തർജിമ ചെയ്തു കൊടുത്തു, എന്റെ ഹിന്ദിയിലുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞത് കൊണ്ടും അവർക്ക് ഹിന്ദി നന്നായി അറിയാമായിരുന്നത് കൊണ്ടും സംസാരം അവർ നേരിട്ടായി. പ്രതീക്ഷിച്ചത് പോലെ തന്നെ അമ്മൂമ്മ പഴയ ആളെ ഫോണിൽ വിളിച്ചു എനിക്കു തന്നു, കൗണ്ടറിലെ ലേഡി പറഞ്ഞ കാര്യങ്ങൾ മനഃപാഠമാക്കി വച്ചിരുന്നത് കൊണ്ട് ഞാൻ അതെടുത്തങ്ങലക്കി. അവരെന്തൊക്കെയോ പറഞ്ഞു, അവസാനം അമ്മൂമ്മയെ ഒരു ഓട്ടോയിൽ കയറ്റി സൗത്ത് സ്റ്റേഷനിലേക്ക് വിടാമെന്ന് ഞാനൊരു വെർബൽ കോൺട്രാക്ട് ഏറ്റെടുത്തു. ഒരു ഓട്ടോ വിളിച്ചു് അമ്മൂമ്മയെ ഞാനതിൽ കയറ്റി.
ദാ മൂന്നാമത്തെ ട്വിസ്റ്റ്, ഞാനില്ലാതെ അമ്മൂമ്മ സൗത്തിലേക്ക് പോകാൻ കൂട്ടാക്കുന്നില്ല. എനിക്ക് പോകാനുള്ളത് വേറെ റൂട്ടിലാണെന്നൊക്കെ എന്നെകൊണ്ട് പറ്റുന്ന രീതിയിൽ പറയാൻ ശ്രമിച്ചു, പക്ഷെ പുള്ളിക്കാരി ഓട്ടോ പൈസ എന്നൊക്കെ പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു, അങ്ങനെ ഞാനും കേറി. ഓട്ടോചേട്ടൻ ഒരു നല്ല മനുഷ്യൻ ആയിരുന്നു, അമ്മൂമ്മ എന്തിനു വന്നതാണെന്നും, ആരാണ് വണ്ടിയിൽ കയറ്റി വിട്ടതെന്നും, ആരാണ് ഫോൺ വിളിച്ചു കൊണ്ടിരിക്കുന്നതെന്നുമൊക്കെ ഒന്ന് ചോദിച്ചു മനസിലാക്കാൻ എന്നോട് പറഞ്ഞു. ഒറ്റ സ്ട്രെച്ചിൽ ഞാൻ ഇത്രയും കാര്യങ്ങൾ അവരോട് ചോദിച്ചു, പക്ഷേ ചോദ്യങ്ങൾ നാവിൻ തുമ്പിൽ വന്നുടക്കി നിൽക്കുന്നു, എത്ര ശ്രമിച്ചിട്ടും ഒന്നും പുറത്തേക്ക് വരുന്നില്ല. ആദ്യം പോയി ഭാഷ പഠിച്ചിട്ട് വാടാ എന്ന എന്റെ സ്വന്തം നാവിന്റെ ശകാരത്തിൽ ഒരു നിമിഷം ഞാനൊരു തോൽവിയായി മാറി. എങ്കിലും ആരാണ് ഫോൺ വിളിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഞാൻ എങ്ങനെയോ ചോദിച്ചു, അമ്മൂമ്മ കൃത്യമായി മറുപടിയും തന്നു, പക്ഷേ എന്റെ അവസ്ഥ തേന്മാവിൻ കൊമ്പത്തിലെ ലാലേട്ടനേക്കാൾ പരിതാപകരമായിരുന്നു. സൗത്ത് സ്റ്റേഷൻ എത്തി, അമ്മൂമ്മ പൈസ തന്നു, ഞാൻ ഡ്രൈവർക്ക് കൊടുത്തു ബാലൻസ് മേടിച്ചു കൊടുത്തു.
ദാണ്ട് അടുത്ത ട്വിസ്റ്റ്, ഞാൻ സ്റ്റേഷനിൽ കയറി ടിക്കറ്റ് എടുത്തു കൊടുക്കണം ടിക്കറ്റ് എടുത്തു, അമ്മൂമ്മക്ക് പ്ലാറ്റ്‌ഫോം നമ്പർ അറിയണം, അതൊട്ടു കൺഫേം ആയിട്ടുമില്ല. എന്റെ അവസ്ഥ മനസിലാക്കിയിട്ടായിരിക്കണം കൗണ്ടറിൽ ഇരുന്ന ലേഡി, ടിക്കറ്റ് തിരിച്ചു വാങ്ങി ട്രെയിൻ നമ്പർ അതിന്റെ പുറകിൽ എഴുതിയതിനു ശേഷം രാവിലെ എൻക്വയറി കൗണ്ടറിൽ ചോദിച്ചാൽ പ്ലാറ്റ്‌ഫോം നമ്പർ കിട്ടുമെന്ന് പറയാൻ പറഞ്ഞു, ഒരു വിധത്തിൽ അതും പറഞ്ഞു മനസിലാക്കി. പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നിടത്തു തന്നെ ചെറുപ്പക്കാരായ ചുറുചുറുക്കുള്ള രണ്ടു പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു, ഞാൻ കഥയെല്ലാം അവരോട് പറഞ്ഞു. എന്റെ ദയനീയാവസ്ഥയും അമ്മൂമ്മയുടെ സങ്കടാവസ്ഥയും കണ്ടിട്ടാവണം വിശ്രമ മുറിയിൽ അമ്മൂമ്മയെ കൊണ്ടിരുത്താൻ പറഞ്ഞു. ഒരു സീറ്റ് തപ്പിപ്പിടിച്ചു അമ്മൂമ്മയെ ഇരുത്തി, ഉടൻ തന്നെ അമ്മൂമ്മ ഒരു നൂറു രൂപ എടുത്തു നീട്ടി, ഓട്ടോയിൽ കയറിയപ്പോൾ പറഞ്ഞ പൈസയുടെയും ഓട്ടോയുടെയും അർഥം എനിക്കപ്പോളാണ് മനസിലായത്. എന്നിലെ നന്മമരം സടകുടഞ്ഞെഴുന്നേറ്റു, പൈസ നഹി ചാഹിയെ എന്നും പറഞ്ഞു ഞാൻ വിശ്രമ മുറിയുടെ പുറത്തേക്ക് വന്നു പോലീസുകാരോട് അമ്മൂമ്മയെ അവിടെ ഇരുത്തിയിട്ടുണ്ടെന്നും പറഞ്ഞു പുറത്തേക്കിറങ്ങാൻ നോക്കിയപ്പോൾ നമ്മുടെ ഓട്ടോ ചേട്ടൻ എന്നെ അന്വേഷിച്ചു വരുന്നു. പിന്നെ ആ ഓട്ടോയിൽ വീട്ടിലേക്ക് തിരിച്ചു.
ഇതൊരു വലിയ സംഭവം ആയത് കൊണ്ടല്ല ഞാനിതെഴുതുന്നത്, പലരുടെയും ജീവിതത്തിൽ ഇത്തരം നിസ്സാരമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടാവാം. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം എന്റെ കയ്യിൽ പണം തന്നു ടിക്കറ്റ് എടുപ്പിക്കാനും, ഓട്ടോയിൽ കൂടെ വരണമെന്ന് വാശി പിടിക്കാനും, ഓട്ടോ ഡ്രൈവറുടെ പൈസ ഞാൻ വഴി കൊടുക്കാനുമൊക്കെ അവരെ പ്രേരിപ്പിച്ച കാരണം എന്തായിരിക്കും. ശരിക്കും എന്നെ കണ്ടാൽ ഒരു മാന്യനായി തോന്നുന്നുണ്ടാവുമോ അതോ അവരങ്ങനെ തെറ്റിധരിച്ചതാവുമോ, അതുമല്ലെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് നിസ്സഹായരായിപ്പോകുന്ന മനുഷ്യർ ഒരു മുൻപരിചയവുമില്ലാത്ത ഒരാളെ കണ്ണടച്ചു വിശ്വസിക്കാൻ നിർബന്ധിതമാകുന്നതായിരിക്കുമോ? ആ ആർക്കറിയാം, അല്ലെങ്കിലും ആർക്കാണ് മനുഷ്യമനസിനെ പൂർണമായി മനസിലാക്കാൻ കഴിയുന്നത്, അല്ലേ?