ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ അത്തർ മണം പടർത്തുന്നു.
വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന് അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു.
നോമ്പെടുക്കുക എന്നത് അവരെ സംബന്ധിച്ച് തീർത്തും എളുപ്പമായിരുന്നു . വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും ചിട്ടവട്ടങ്ങൾ ദൈനംദിന ജീവിതത്തോട് ഒന്നുകൂടി ചേർത്തു വെച്ചാൽ മാത്രം മതി. മറ്റു ദിവസങ്ങളിൽ രാവിലെ 'കത്തലടക്കാൻ ' കരുതുന്നത് നോമ്പിന്റെ സമയക്രമമനുസരിച്ച് കഴിക്കുക എന്നത് മാത്രമേ ചെയ്യേണ്ടതുള്ളു. ഇടനേരങ്ങളിലെ ചായയും ഉച്ചഭക്ഷണവും അവരെ സംബന്ധിച്ച് അപൂർവ്വവും ആഡംബരവുമായിരുന്നല്ലോ!
ചായയെ ചായ എന്നല്ല ചായപ്പൊടിയിട്ടവെള്ളം എന്നാണ് ഞങ്ങൾ വിളിച്ചുപോന്നത്. ജീവിതത്തിൻെറ ദൈന്യതയത്രയും പേറി പരിഭവമേതുമില്ലാതെ കദീശുമ്മ നിൽക്കുകയാണ് റോഡരികിൽ. നോമ്പിന്റെ വിശുദ്ധിയിലും ഔദാര്യത്തിലും പകൽ കഴിയുമ്പോൾ തനിക്കും രണ്ടു മക്കൾക്കും നോമ്പു തുറക്കുന്നതിന് എന്തെങ്കിലും കണ്ടെത്തേണ്ടതുണ്ട് അവർക്ക് .അതിന് മന്ത്രവാദി കുഞ്ഞിരാമൻ കനിയണം. മന്ത്രവാദിയായ കേളപ്പന്റെ മകനാണ് കുഞ്ഞിരാമൻ.
കദീശുമ്മ സരളമായി 'മന്ദിര വാദി ' എന്നാണ് വിളിക്കുക. ഏണിയില്ലാതെ, കാലിൽ തളപ്പ് മാത്രം ഉപയോഗിച്ച് തെങ്ങു കയറുന്ന തീർത്തും അമച്വറായ തെങ്ങുകയറ്റക്കാരനാണ് അയാൾ. അയാളുടെ വരവും കാത്ത് പലരും റോഡരികിലും പീടികക്കോലായിലും കാത്തുനിൽക്കും. ചിലർക്ക് കറിക്ക് അരക്കാൻ വേണ്ടി രണ്ട് തേങ്ങ, മറ്റു ചിലർക്ക് തേങ്ങ വിറ്റ് അരിയും ചില്വാനങ്ങളും വാങ്ങാൻ , അങ്ങനെയങ്ങനെ.
കുഞ്ഞിരാമന് എന്നും തിരക്കാണ്. കദീശുമ്മയുടെ അഭ്യർത്ഥനയെ പൊതുവെ ആദ്യം നിരസിക്കുകയാണ് അയാളുടെ . ശൈലി.തുടർന്ന് കടയിൽ നിന്ന് നാലണയുടെ സാധു ബീഡി വാങ്ങി അയാൾ പുറപ്പെടും, കൂടെ കദീശുമ്മയും . തേങ്ങ വിളയാൻ സമയമായിട്ടില്ലെന്ന് കുഞ്ഞിരാമൻ പറയുമെങ്കിലും അയാൾക്കറിയാം മറ്റൊരു വഴിയും ഉമ്മയ്ക്കില്ലെന്ന് .അഞ്ചോ പത്തോ തേങ്ങയുമായി കടയിലെത്തി അത് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് മൈദയും ശർക്കരയും അരിയും ചായപ്പൊടിയും വാങ്ങി കദീശുമ്മ തിരികെ വീട്ടിലേക്ക് പോകും. നാലഞ്ച് ദിവസത്തേക്ക് കഴിച്ചുകൂട്ടാൻ അവർക്കത് മതിയാവും. അത് തീരുമ്പോൾ വീണ്ടും ആവർത്തിക്കണം മേൽച്ചൊന്ന ദൃശ്യങ്ങൾ.
വലിയ പേരുള്ള തറവാട്ടിൽ നിന്നാണ് അവർ വരുന്നത്. സഹായം ചോദിക്കാനും സ്വീകരിക്കാനും അഭിമാനം അവരുടെ മനസ്സിൽ വിലങ്ങുതടി തീർത്തു. ദാരിദ്ര്യത്തിന്റെ നിഴൽ ജീവിതത്തെ ആകെ ഗ്രസിക്കുമ്പോഴും ആ ഉൾത്താപത്തെ മന്ദസ്മിതം കൊണ്ട് അവർ മറച്ചുവെച്ചു. പരിഭവങ്ങളേതുമില്ലാതെ, പരാതികളൊന്നുമില്ലാതെ അവരിപ്പോഴും എൻ്റെ ഓർമ്മകളുടെ റോഡരികിൽ നിൽക്കുന്നു.