(Sathish Thottassery)
ഞങ്ങളുടെ കോളേജ് പൂർവ വിദ്യാർത്ഥി സംഗമത്തിൽ വെച്ച് ഏതാണ്ട് കാൽ നൂറ്റാണ്ടിനു ശേഷമാണു പഴയ ഗഡി കിളി മോഹനനെ കാണുന്നത്. മോഹനൻ സംസാരിക്കുമ്പോൾ ശബ്ദം കിളി ചിലക്കുന്നതു പോലെയാണ്. അങ്ങിനെയാണ് ഈ നാമധേയം കോളേജിലെ ഏതോ ഒരു രസികശിരോമണി അവന് ചാർത്തികൊടുത്തത്. തലേ ദിവസത്തെ സർഗ സംഗമത്തിൽ വീണു കിട്ടിയ സമയത്തു് ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തെ സംഭവവികാസങ്ങളെ കുറിച്ചും അവിടത്തെ നീചന്മാരെ കുറിച്ചും ഒക്കെ ഒരു സംക്ഷിപ്ത ചരിത്രം കിളി പാടികേൾപ്പിച്ചു.
ബേപ്പൂർ സുൽത്താൻ പ്രണയിനിയെ കുറിച്ചു പറഞ്ഞപോലെ ആകെമൊത്തം കറുപ്പും ചിരിക്കുമ്പോൾ മാത്രം വെളുപ്പും തെളിയുന്ന സുന്ദരനായിരുന്നു കിളി. സ്റ്റുഡന്റസ് ഫെഡറേഷന്റെ തീപ്പൊരി സഖാവ്. മുണ്ടിന്റെ കുത്തി ൽ കാജാ ബീഡിയും തീപ്പെട്ടിയും 24/7 തയ്യാർ. ഇഷ്ട ഭക്ഷണം ഓംലറ്റ്. ഹോട്ടലിൽ കയറിയാൽ പരിചയമുള്ള വെളമ്പന്മാരാണെങ്കിൽ സമയവും സ്ഥലവും നോക്കാതെ ചോദ്യങ്ങളൊന്നുമില്ലാതെ തന്നെ ഓംലറ്റ് മേശ പുറത്തെത്തും. ഓംലറ്റ് പൊരിയ്ക്കുന്ന മാദക ഗന്ധം മൂപ്പരുടെ ഒരു ദൗർബല്യമാണത്രേ.
ഒരു ഓംലറ്റ് സംഭവം ഓർമ്മ വരുന്നു. സ്ഥലം കോളേജിന് മുൻപിലുള്ള ഗോപിയേട്ടന്റെ ചായക്കട. വണ്ടി വലിക്കണ മൂരി റോട്ടിൽ മുള്ളുമ്പോലെ മഴ പെയ്ത് കൊണ്ടിരിക്കുന്ന സമയം. അമ്മ ഞങ്ങൾക്കു കുളിക്കാൻ പോകുമ്പോൾ തലയിൽ എണ്ണ പൊത്തുമ്പോലെ സമൃദ്ധമായി ആവിപാറുന്ന ഓംലറ്റിൽ കുരുമുളകുപൊടിയും ഉപ്പും പൊത്തുമ്പോഴാണ് കോളേജ് ശിപായി കുട്ടപ്പേട്ടൻ പ്രിൻസിപ്പളിന്റെ ഫോണിൽ വന്ന ഒരു മരണവാർത്ത കിളിയോട് പറയാൻ ഓടിക്കിതച്ചു വന്നത്. കുട്ടപ്പേട്ടൻ മുഖത്തു സങ്കടം ഫിറ്റു ചെയ്തു കിളിയുടെ സെഞ്ചുറി അടിക്കാൻ കാത്തിരുന്ന മുത്തപ്പൻ മരിച്ച വിവരം പറഞ്ഞു മഴയും കൊണ്ട് കോളേജിലേക്ക് ഓടിപ്പോയി.
കിളിയാണെങ്കിൽ മംഗളം വായിച്ചു കമിഴ്ന്നു കിടന്നു കാലാട്ടുന്ന സിൽക്ക് സ്മിതയെ ടി. ജി. രവി നോക്കുമ്പോലെ വെള്ളമിറക്കി ഓംലെറ്റിനെ നോക്കിയിരിപ്പാണ്. ഞാൻ പറഞ്ഞു "ഡാ നിനക്കു പെലയാണ് നോൺ വെജൊന്നും തിന്നാൻ പാടില്ലെടാ ശവീന്ന്." സഖാവിന്റെ മറുപടി "കാറൽ മാർക്സ് അങ്ങിനെ എവിടെയും പറഞ്ഞിട്ടില്ലെടാ പുലീ"ന്നായിരുന്നു പഴം മിണങ്ങണ സ്പീഡിൽ ഓംലറ്റ് അകത്താക്കിയാണ് അന്ന് കിളി സ്ഥലം വിട്ടത്. ലെവനാണ് ണയൻ വൺ സിക്സ് കമ്മൂണിഷ്ട്.
കിളിക്ക് അക്കാലത്ത് സ്ഥലത്തെ അമ്പലപരിസരത്തുള്ള ഒരു ക്ടാവുമായി ലൈനെല്ലാം ഉണ്ടായിരുന്നു. ഒരു ദിവസം അവന്റെ ഡെസ്കിൽ സ്ഥലത്തെ ലൈബ്രറിയുടെ സീലുള്ള ഒരു പൈങ്കിളി നോവലിനുള്ളിൽ നിന്നും ഞങ്ങൾ ഒരു പ്രേമലേഖനം കണ്ടെടുക്കുകയുണ്ടായി. അതിൽ എഴുതിയിരുന്നത് എല്ലാം ഇവിടെ പറയാൻ പറ്റില്ലെങ്കിലും മധുരമുള്ള പുസ്തകങ്ങൾ വായിക്കാൻ തരുന്നുണ്ടെന്ന് എഴുതിയിരുന്നു.
ഒരിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്ന സമയം. എലെക്ഷൻ വർക്കിന്റെ ഭാഗമായി രാത്രികളിലാണ് കൊടി കുത്തലും, ബാനർകെട്ടലുംചുമരെഴുത്തുമൊക്കെ നടക്കുക പതിവ്. അങ്ങിനെ ഒരു രാത്രി പണിയും, ജലസേചനവും ഒക്കെയായി കിളിക്കു പറക്കാൻ പറ്റാത്ത അവസ്ഥയിലായി. അവനെ തുറന്നുകിടന്ന ഒരു ക്ലാസ്സിൽ അടച്ചിട്ടു ഞങ്ങൾ വീട്ടിൽ പോയി. പിറ്റേന്ന് കാലത്തു് ക്ലാസ്സിലെ പെൺകുട്ടികൾ വാതിൽ തുറന്നപ്പോൾ കണ്ടത് ചോന്ന ട്രൗസറിട്ടു കൂർക്കം വലിച്ചുറങ്ങുന്ന പാവം കിളിയെയായിരുന്നു. അന്ന് മൊബൈലൊന്നും ഇല്ലാത്തതിനാൽ ഫോട്ടോ എടുക്കാൻ പറ്റാത്ത കാരണം കഴിഞ്ഞ സംഗമത്തിൽ ഈ സംഭവം പറഞ്ഞപ്പോൾ കിളി ഏത് എന്ത്എന്നൊക്കെ പറഞ്ഞു ഞങ്ങളെ പൊട്ടന്മാരാക്കാൻ നോക്കിയെങ്കിലും ഈ കഥ കോളേജിൽ പാട്ടായിരുന്ന കാരണം കൂടിയ നീചന്മാരൊക്കെ ചിരിയുടെ പൂര വെടിക്കെട്ട് നടത്തി.