പള്ളിക്കൂടത്തിൽ നിന്നും ഇരുന്നൂറ് മീറ്റർ മൺപാതയിലൂടെ നടന്ന് എം.സി റോഡിലേകക് വേശിക്കുമ്പോൾ 'അനുജന്റെ കൈ പിടിക്കണം' എന്നും 'വളരെ ശ്രദ്ധിച്ചു വേണം നടക്കാൻ 'എന്നും അച്ഛൻ പലവട്ടം വീട്ടിൽ വച്ച് ഓർമിപ്പിച്ചിട്ടുണ്ട്.
വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു പോകുന്ന തിരുവനന്തപുരം മുതൽ അങ്കമാലി വരെ നീണ്ടുകിടക്കുകയായിരുന്ന മെയിൻ സെൻട്രൽ റോഡ് എന്നറിയപ്പെട്ടിരുന്ന കേരളത്തിൻറെ ഒത്ത നടുവിലൂടെയുള്ള പ്രധാന രാജപാത; പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൊടും വളവും കയറ്റിറക്കങ്ങളും ഇതേ പാതയിൽ തന്നെ ആയിരുന്നു താനും!
ഇന്ന് എം.സി റോഡ് വളർന്നു വളരെ വലുതായിരിക്കുന്നു. രണ്ടറ്റവും രണ്ട് സംസ്ഥാനങ്ങളിലേക്കാണ് കയറിച്ചെല്ലുന്നത്. ഇരുവശങ്ങളിലും നടപ്പാതകളും അരുകുകൾ തോറും ദിശാസൂചികകളുമായി പരിഷ്ക്കാരിയായിരിക്കുന്നു റോഡ്.! കെ എസ് ആർ ടി സിയുടെ 'കൊട്ടാരക്കര- പളനി' എക്സ്പ്രസ് ബസിന് അക്കാലത്ത് തേയിലയുടെ നിറമായിരുന്നു. റോഡ് നിറഞ്ഞ് പാഞ്ഞു പോകുന്ന, ഞങ്ങൾ 'പച്ചപാസ്റ്റ്' എന്ന് വിളിച്ചു പോന്ന 'ആനവണ്ടിക്ക്' എന്തൊരു ഗംഭീര പ്രൗഢിയായിരുന്നു!
സ്കൂളടയ്ക്കുമ്പോൾ ഞങ്ങൾ അമ്മ വീട്ടിൽ പോകുന്നത് ഈ വണ്ടിക്കായിരുന്നു. സ്കൂൾ വിട്ട് രണ്ട് കിലോമീറ്റർ ദൂരം നടന്ന് വീട്ടിലേക്ക്പടി കയറി ചെല്ലുമ്പോൾ മാമ വന്നിരിപ്പുണ്ട്. എംസി റോഡിനരുകിൽ അച്ഛൻ പത്ത് സെൻറ് പുരയിടം വാങ്ങിയത് അറിഞ്ഞുള്ള വരവാണ്. പളനി വണ്ടിയിലാണ് മാമ വീട്ടിലേക്ക് വന്നത്; കൂടെ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു.- 'ശെൽവി'
മൂന്നാമത്തെ പ്രസവത്തെ തുടർന്ന് അമ്മയ്ക്ക് എന്തൊക്കെയോ അസ്വസ്ഥതകളുണ്ടായിരുന്നു. ഓഫീസിലേക്ക് പോകുന്ന ഭർത്താവിനെയും ,സ്കൂളിൽ പോകുന്ന രണ്ട് തലതെറിച്ച പിള്ളേരെയും, മൂന്നാമത്തെ കുഞ്ഞുവാവയെയും ഈ ശാരീരികാവസ്ഥയിൽ സംരക്ഷിക്കാൻ കഴിയാത്തതുകൊണ്ട് അമ്മയ്ക്ക് ഒരു സഹായത്തിന് കൊണ്ടുവന്നതാണ് മാമ ശെൽവിയെ.
ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുകയാണ് .അനുജന് എന്നെക്കാൾ നാലു വയസ്സിന്റെ ഇളപ്പമുണ്ട്. അവനെക്കാൾ രണ്ടു വയസ്സ് മൂപ്പുകാണും ശെൽവിക്ക്. തിളക്കമുള്ള പെറ്റിക്കോട്ട് പോലൊരു ഉടുപ്പായിരുന്നു സെൽവിയുടേത്. ഇട്ടിരുന്ന ആ തവിട്ടു നിറമുള്ള ഉടുപ്പല്ലാതെ മറ്റൊന്നും അവൾ കൊണ്ടുവന്നിരുന്നില്ല.
"... മൂന്ന് വേള സാപ്പാട്.. നല്ല ചട്ടൈ.. എല്ലാം കിടക്കും ..നല്ല പിള്ളയാ ഇങ്കയെ നിന്നിട് -എന്നമ്മാ.." മാമ ശെൽവിയോട് പറഞ്ഞു. തിങ്ങി സമൃദ്ധമായി വളർന്ന് തോൾ വരെയുള്ള മുടിയിൽ ചൊറിഞ്ഞുകൊണ്ട് അവൾ സമ്മത ഭാവത്തിൽ തലയാട്ടി.
പട്ടിണിയും പരിവട്ടവുമായ ഏതോ വീട്ടിൽ നിന്നും മാമ അവളെകൊണ്ടുവന്നതാണ്. അഞ്ചു പെൺകുട്ടികളിൽ രണ്ടാമത്തേതാണീ ശെൽവി. മൂത്തവളും ഏതോ വീട്ടിൽ വേലയ്ക്ക് നിൽക്കുകയാണ്.
വയറു നിറയെ ചോറ് തിന്ന് രാത്രി സുഖമായി കിടന്നുറങ്ങി അച്ഛൻറെ കയ്യിൽ നിന്ന് പണവും വാങ്ങി പിറ്റേന്നത്തെ പളനി വണ്ടിക്ക് മാമ തിരിച്ചുപോയി. "പോയിട്ട് വരട്ടാമ്മാ.." എന്ന് ശെൽവിയോട് മാമ യാത്ര പറഞ്ഞപ്പോൾ അവൾ വല്ലാതെ ഉലഞ്ഞുപോയി. അപരിചിതരായ വീട്ടുകാരുടെ മുമ്പിൽ, ഭാഷയറിയാതെ, ഉറക്കെയൊന്ന് കരയാൻ പോലുമാവാതെ അവൾ വിങ്ങി വിതുമ്പി. കണ്ണിൽ നിന്നും മൂക്കിൽ നിന്നും ചിറിയിലൂടെയുമെല്ലാം നീരൊഴുകി മുഖമാകെ പടർന്നു.
രാത്രിയിൽ ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ച പാത്രങ്ങളും കറിക്കലവും കഞ്ഞിക്കലവുമെല്ലാം അവൾ രാവിലെ അടുക്കളപ്പുറത്തിരുന്ന് കഴുകി. എപ്പോഴും തല ചൊറിയുന്നുണ്ട് ,തല നിറയെ പേനായിരുന്നു. അടുപ്പിലെ കരിക്കഷണം ചെറിയൊരു കല്ലുകൊണ്ട് ഇടിച്ച് പൊടിച്ചാക്കി ചീന്തിയെടുത്ത ചകിരിയിൽ അൽപ്പാൽപ്പമെടുത്ത് അലുമിനിയം പാത്രങ്ങളിൽ തേച്ച് ബക്കറ്റിൽ കോരി വെച്ചിരിക്കുന്ന വെള്ളമൊഴിച്ച് കഴുകിയപ്പോൾ പാത്രങ്ങൾക്കെല്ലാം അമ്മ 'സബീന' ഇട്ട് കഴുകിയിരുന്നതിനേക്കാൾ തിളക്കം. കുഞ്ഞു പെണ്ണായിരുന്നിട്ടും അവൾക്ക് പാത്രങ്ങൾ കഴുകുവാൻ നല്ല വശമുണ്ടായിരുന്നു. വെയിലത്ത് വച്ച് ഉണക്കിയിട്ടാണ് അവളാ പാത്രങ്ങളെല്ലാം അകത്തെടുത്ത് വച്ചത് !
ഇടതടവില്ലാതെ ശെൽവി തല ചൊറിഞ്ഞു കൊണ്ടേയിരുന്നു.എണ്ണ കണ്ടിട്ടേയില്ലാത്ത മുടിയിഴകൾ. കൂടെ പേനും ,ഈരും വല്ലാത്ത വിയർപ്പ് നാറ്റവും. തന്നെ അസഹ്യപ്പെടുത്തുന്ന ശെൽവിയുടെ തല ചൊറിയലിന് അച്ഛൻ ഒരു പ്രതിവിധി കണ്ടിട്ടുണ്ടായിരുന്നു. അന്നു വൈകുന്നേരം ഞങ്ങൾ സ്കൂൾ വിട്ട് വന്ന ശേഷമായിരുന്നു അത്.
ശെൽവിയെ കിണറ്റിനരികത്തുള്ള ഒരു കല്ലിന്മേൽ കുന്തിച്ചിരുത്തി. രണ്ടുതൊട്ടി വെള്ളം കോരി അവളുടെ തലയിലൊഴിച്ചു. തണുത്ത പച്ചവെള്ളം മേലാകെ പടർന്ന് വിറച്ചു കൊണ്ട് ശെൽവി കരയാൻ തുടങ്ങി. ഈ തമാശ കണ്ട് ഞങ്ങൾ കുട്ടികൾ ചിരിക്കാനും തുടങ്ങി. ലൈഫ് ബോയ് സോപ്പ് തേച്ച് അച്ഛൻ അവളുടെ തലമുടി നന്നായി പതപ്പിച്ചു. അച്ഛൻറെ ഷേവിംഗ് സെറ്റ് ഉപയോഗിച്ച് നെറ്റിയിൽ നിന്നും പിന്നോട്ട് അവളുടെ തലമുടി അച്ഛൻ വടിച്ചിറക്കി. എങ്ങലടിച്ചു കൊണ്ടുള്ള ശെൽവിയുടെ കരച്ചിൽ ഉച്ചത്തിലായി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ശെൽവി ഒരു മൊട്ടത്തലച്ചിയായി മാറി.
കയ്യിൽ ഒരു കുമ്പിൾ കാന്താരിയുമായി വന്ന അയലത്തുകാരി ഭാരതിയമ്മ ശെൽവിയെ തുറിച്ച് നോക്കി. ഉണക്ക ചെമ്മീൻ ചമ്മന്തിയിടിക്കാൻ ഉള്ളി കടം വാങ്ങാൻ വന്ന വരവാണ്. "വീട്ടിൽ വേലയ്ക്ക് നിർത്താനെന്ന് പറഞ്ഞിട്ട് ഇതൊരു കുഞ്ഞി പെണ്ണാണല്ലോ.. ഇനി ഇതിൻറെ കാര്യവും കൂടി ശാന്തമ്മ നോക്കേണ്ടി വരുമെന്നാ തോന്നണേ.." ഭാരതിയമ്മ കളിയാക്കി.
ഞങ്ങളുടെ നാട്ടുഭാഷയുടെ നീട്ടലും കുറുക്കലുമൊക്കെ കൊണ്ടായിരിക്കണം ഞങ്ങൾ സംസാരിക്കുന്നതൊന്നും അവൾക്ക് ഒട്ടും മനസ്സിലായതേയില്ല. സത്യത്തിൽ ശെൽവി മലയാളം കേൾക്കുന്നത് തന്നെ ഇപ്പോഴാണ് .അവൾ ഒന്നും മിണ്ടാതെ നിന്നു.
മിഴിച്ച ഉണ്ടക്കണ്ണുകളിൽ ഭയം തെന്നിക്കളിക്കുന്നു. കുറ്റിമുടി മുളച്ചു തുടങ്ങിയ അവളുടെ തലയിൽ ഞാനും അനിയനും കൈപ്പത്തി അമർത്തിയോടിച്ച് കളിച്ചു. കൈവെള്ളയിലൂടെ കുറ്റിമുടി ഓടുമ്പോഴുള്ള ചെറിയ ഇക്കിളി ഞങ്ങൾ ആസ്വദിച്ചു. ഒരടിമയെപ്പോലെ അവൾ ഒന്നും മിണ്ടാതെ നിന്നു തന്നു. പാത്രങ്ങൾ കഴുകുമ്പോഴും, അവൾ മുറിയിലെ പൊടി തൂത്ത് വൃത്തിയാക്കുമ്പോഴും, അലക്കിയുണങ്ങിയെടുത്ത തുണികൾ മടക്കി വെക്കുമ്പോഴുമെല്ലാം ഞങ്ങൾ മാറി മാറി അവളുടെ തലയിൽ കയ്യോടിച്ച് വിനോദിച്ചു.
പുതുതായി വാങ്ങിയ പത്ത് സെൻറ് പുരയിടത്തിന്റെ രണ്ടരുകുകളിലും നിരനിരയായി തേക്കിൻ തൈകൾ നട്ടിരിക്കുകയാണ്. പത്തുവർഷം കഴിഞ്ഞാൽ പിന്നെ എപ്പോൾ മുറിച്ചു വിറ്റാലും തേക്കിൻ തടിക്ക് നല്ല വില കിട്ടും. സ്കൂൾ വിട്ട് വന്നാലുടൻ ചായകുടി കഴിഞ്ഞ് ഞങ്ങൾ പുതുതായി വാങ്ങിയ പുരയിടത്തിലേക്ക് പോകും. തേക്കിൻ തൈകൾക്ക് വെള്ളമൊഴിക്കാനാണ് പോകുന്നത്.
കിണറ്റിൽ നിന്നും വെള്ളം കോരിയെടുത്താണ് ചെടി നനയ്ക്കുന്നത്. സ്കൂളിലെയും മറ്റു വീടുകളിലെയും കിണറുകളിൽ കപ്പിയിലൂടെ ചകിരിക്കയറാണ് സാധാരണയായി തൊട്ടിയിൽ കെട്ടിയിരിക്കുന്നത്. ഞങ്ങളുടെ കിണറ്റിൽ പുതിയൊരു ഐറ്റമായിരുന്നു -റബ്ബർ കയർ ! ടയറിന്റെ നിറമുള്ള അകത്ത് നാരുകളുള്ള റബ്ബർ കൊണ്ടുണ്ടാക്കിയ ഒരുതരം പുതിയ ഉൽപ്പന്നം. ചകിരിക്കയറിൽ വെള്ളം കോരി ശീലിച്ചവർക്ക് റബ്ബർ കയർ ഒരല്പം പ്രയാസമുണ്ടാക്കും. ഇലാസ്റ്റിക് മുറുകുകയും വലിയുകയും ചെയ്യുന്നതുപോലെ വെള്ളം നിറഞ്ഞ തൊട്ടി ആദ്യമൊക്കെ ഒന്ന് തെന്നിത്തെറിക്കും. പിന്നീട് ഒരു താളം കിട്ടിക്കഴിഞ്ഞാൽ റബ്ബർ കയറിൽ വെള്ളം കോരാൻ സുഖമാണ് .
രണ്ട് തൊട്ടി വീതം വെള്ളം കൊള്ളുന്ന രണ്ട് അലുമിനിയം ബക്കറ്റുകൾ ഇരു കൈകളിലും ചുമന്ന് തേക്കിൻ തൈകൾക്ക് സമീപമെത്തി കുളിർക്കെ ഒഴിച്ച് നനയ്ക്കണം. ഞാനാണ് വെള്ളം കോരി ബക്കറ്റുകളിൽ നിറയ്ക്കുന്നത്. അനിയനോട് 'അടുത്തുള്ള തൈകൾക്ക് വെള്ളമൊഴിച്ചാൽ മതി'യെന്ന് അച്ഛൻ നിർദേശിച്ചു. ദൂരത്തേക്കുള്ളത് ശെൽവി ചുമന്നു കൊള്ളും. പുരയിടത്തിന്റെ അതിരിലേക്കും കിണറ്റിൻ ചുവട്ടിലേക്കുമായി വെള്ളം ചുമന്ന് നടന്ന് നടന്ന് അവൾ കിതച്ചു.
ശരിക്ക് നനക്കുന്നുണ്ടോ എന്ന് കൂടി അച്ഛൻ പരിശോധിക്കുന്നുണ്ടായിരുന്നു. പെട്ടെന്നായിരുന്നു അച്ഛൻ ആക്രോശിച്ചുകൊണ്ട് ശെൽവിയോട് അലറി വിളിച്ചത് : "ശനിയനേ... പുത്തിയില്ലയാ ഒനക്ക്.." ബക്കറ്റിൽ നിന്ന് വെള്ളം നേരെ ചെടിയുടെ ചുവട്ടിലേക്ക് കുത്തിയൊഴിച്ച് തൈച്ചുവട്ടിലെ മണ്ണ് ഇളക്കിയിരിക്കുന്നു. അതാണ് അവൾ ചെയ്ത കുറ്റം. വിരലുകൾ ചലിപ്പിച്ചുകൊണ്ട് കൈവെള്ളയിലൂടെ ബക്കറ്റിൽ നിന്ന് ചുവട്ടിലേക്ക് വെള്ളമൊഴിച്ച് നനയ്ക്കുന്നതിന്ഒരു വശമുണ്ട്. അല്ലെങ്കിൽ ചുവട്ടിലെ മണ്ണ് ഇളകിയൊലിച്ച് ചെടി ചാഞ്ഞ് നശിച്ചു പോകും. തൈചുവട്ടിലെ മണ്ണ് കുത്തിയൊലിപ്പിച്ചതിന് ശെൽവിക്ക് നല്ല ശകാരം തന്നെ കേൾക്കേണ്ടി വന്നു. 'ബുദ്ധിയില്ലാത്ത കഴുത' എന്നൊക്കെ വിളിച്ച് അച്ഛൻ ഗർജിച്ചപ്പോൾ ഭയന്നുപോയ ശെൽവി പിന്നെ ബക്കറ്റ് തൂക്കി തിരിച്ചു നടക്കുമ്പോഴും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
ഭിത്തിയോട് ചേർത്ത് വിരിച്ച ഒരു തഴപ്പായിലാണ് സെൽവി രാത്രിയിൽ കിടന്നുറങ്ങുന്നത്. രാവിലെ പായ് ചുരുട്ടി ഭിത്തിയോട് ചേർത്ത് വച്ചിരിക്കും. തലയിണയോ പുതപ്പോ ഒന്നും അവൾക്ക് വേണ്ടായിരുന്നു. പാതിരാത്രിയിൽ "..അമ്മാ.. അമ്മാ.." എന്നു വിളിച്ച് അവൾ പുലമ്പിയതിന് രാവിലെ ശാന്തമ്മ അവളെ വഴക്ക് പറഞ്ഞിരുന്നു. അവളുടെ മുഖത്ത് 'ഞാനൊന്നുമറിഞ്ഞില്ല' എന്നൊരു ഭാവമായിരുന്നു അപ്പോൾ.
"പിള്ളേരെ ..നിങ്ങളിവളെ മലയാളമൊക്കെയൊന്ന് പഠിപ്പിക്ക്.." എന്ന് അമ്മ പറഞ്ഞതോടെ ഞങ്ങളങ്ങനെ ശെൽവിയുടെ അധ്യാപകരുമായി. പെറ്റിക്കോട്ട് പോലുള്ള അവളുടെ കുപ്പായത്തിന് മുകളിലൂടെ എൻറെ പഴയൊരു സ്കൂൾ യൂണിഫോം ഷർട്ട് അവളെ ധരിപ്പിച്ച് വിദ്യാർത്ഥിയാക്കി.
മലയാളം സംസാരിക്കുവാൻ അവൾക്ക് ഒട്ടുമറിഞ്ഞുകൂടായിരുന്നു. ഞാനും അനുജനും പലതും പറഞ്ഞുവെങ്കിലും അതൊന്നും തന്നെ അവൾക്ക് മനസ്സിലായില്ല. ഞങ്ങളുടെ പഴയ മലയാള പാഠാവലിയിലെ തറയും പറയും താമരയുമൊക്കെ ഞങ്ങൾ അവൾക്ക് ചൊല്ലിപ്പറഞ്ഞു കൊടുത്തു. അവളും തത്ത പറയുന്നതുപോലെ അവയെല്ലാം ഏറ്റുപറയാൻ ശ്രമിച്ചെങ്കിലും മലയാന്മയുടെ 'ഴ'കാരവും 'ള'കാരവുമൊക്കെ അവളെ വട്ടം കറക്കി. അച്ഛൻ പറഞ്ഞത് ശരിയാണെന്ന് ഞങ്ങൾക്ക് തോന്നി: ശെൽവി ഒരു 'പുത്തിയില്ലാത്ത കളുതൈ' തന്നെ...! ഒടുവിൽ പള്ളിക്കൂടത്തിലെ രത്നമ്മ ടീച്ചർ ഞങ്ങളോട് ചെയ്തതുപോലെ തന്നെ ഞങ്ങളും ശെൽവിയുടെ ചെവി പിടിച്ച് തിരിച്ച് പൊന്നാക്കി. അവൾ വാവിട്ട് കരഞ്ഞു .
തമിഴ് ഭാഷയ്ക്ക് മനോഹരമായ ഒരു ലാളിത്യമാണുള്ളത്. വളരെ ലളിതമായ പദാവലികളുണ്ട് അവരുടെ പാട്ടുകളിൽ- ഏതൊരു ഈണത്തിനും പൊരുത്തമാവുന്നവ. കേൾക്കാനും പാടാനും മധുരമായ പഴന്തമിൾ പാട്ടുകൾ. മലയാളത്തിന് പക്ഷേ ഘന ഗാംഭീര്യമാർന്ന മറ്റൊരഴകാണ്. അതൊരു അഹങ്കാരം കൂടിയാണ്.
ശെൽവി 'വേണ്ട' എന്ന വാക്കിന് 'വേണ' എന്നാണ് പറയാറ്. ഘനമില്ല -ലളിതം! തമിഴ് അങ്ങനെ തന്നെയാണ് സംസാരിക്കുന്നത്. എഴുത്തിലേക്കും സാഹിത്യത്തിലേക്കും കയറിച്ചെല്ലുമ്പോഴാണ് പദത്തിന് ഗാംഭീര്യം കൈവരുന്നത്." ..ചായ വേണുമാ പിള്ളേ...? എന്ന് അച്ഛൻ ചോദിക്കുമ്പോൾ, വേണ.. വേണ.. എന്നായിരിക്കും അവളുടെ മറുപടി. അച്ഛന് അത് വല്ലാത്ത കോപാവേശത്തിന് കാരണമാകും. "അതന്ന വേണ...? ശനിയനേ.. 'വേണ്ട' എന്ന് ശൊല്ല് .." അച്ഛൻ കോപിച്ചലറും. എത്ര തിരുത്തി പറഞ്ഞു കൊടുത്താലും അവൾ പിന്നെയും മറന്നു പോകും. പലപ്പോഴും തന്റെ തലയ്ക്ക് പിറകിൽ വന്നു വീഴുന്ന ഊക്കൻ അടികളായിരിക്കും തന്റെ വായിൽ നിന്നും 'വേണ' വന്നു പോയി എന്നവളെ ഓർമിപ്പിക്കുന്നത്. "വേണ്ട.. വേണ്ട .."എന്ന് മോങ്ങിക്കൊണ്ട് ആ പാവം ആര്‍ത്തു കരയും. തലയ്ക്കേൽക്കുന്ന അടിയുടെ ശക്തിയിൽ ശെൽവി പലപ്പോഴും ഒന്ന് രണ്ട് ചുവടുകൾ വേച്ച് പോയിട്ടുണ്ടാവും.
ശെൽവിയെ സത്യത്തിൽ ഞാൻ ചിരിച്ച മുഖത്തോടെ ഒരിക്കലും കണ്ടിട്ടേയില്ല. ഞങ്ങൾ തൊടിയിലെല്ലാം ചിരിച്ചാർത്ത് ഓടിക്കളിക്കുമ്പോഴും, ശെൽവി തറതുടയ്ക്കുകയോ പാത്രം കഴുകുകയോ ഒക്കെയായിരിക്കും. കളിച്ച് മദിച്ച് രാവേറെയായും ഉറങ്ങാതെ ഞങ്ങൾ കട്ടിലിലും കളി തുടരുമ്പോൾ തഴപ്പായ് നിവർത്തി ശെൽവി ചുരുളാൻ തുടങ്ങുകയായിരിക്കും... ചുവരോട് മുഖം ചേർത്ത് ഈ ലോകത്തു നിന്നും മറ്റെങ്ങോട്ടോ അവൾ ചിറകൊതുക്കിയമരും.
ഉറക്കത്തിൽ അവൾ തൻറെ അമ്മാവെ പാർക്കുന്നുണ്ടായിരിക്കാം... ഇളയത്തുങ്ങളുടെ കൈ കോർത്തുപിടിച്ച് ഓടിയാടുന്നുണ്ടാവാം... ആ ലോകത്തിലെങ്കിലും അവൾ ആർത്ത് ചിരിക്കുന്നുണ്ടാവാം ഒരു കൊച്ചു പെൺകുട്ടിയെ പോലെ..!
അമ്മയുടെ പ്രസവാനന്തര ശുശ്രൂഷകളെല്ലാം കഴിയാറായിരുന്നു. കുഞ്ഞുവാവയുടെ കഴുത്തെല്ലാം ഉറച്ച് എല്ലാവർക്കും എടുത്തോ മിനിക്കാവുന്ന പരുവത്തിലേക്കെത്തിയിരിക്കുന്നു. പോഷകാഹാരമായ 'ഫാരക്സ്' കുറുക്കിയതിൽ ഓറഞ്ചുനീരൊഴിച്ച് ഇളക്കി കുഞ്ഞിന് സ്പൂണിൽ കോരിയെടുത്ത് ഊട്ടുകയായിരുന്നു അച്ഛൻ. മുറിയിലെവിടെ നിന്നോ മൂത്രത്തിന്റെ നാറ്റം അച്ഛൻറെ മൂക്ക് മണപ്പിച്ചെടുത്തു. ഒരു പോലീസ് നായയെപ്പോലെ അതിന്റെ ഉറവിടമന്വേഷിച്ച് അച്ഛൻറെ കണ്ണുകൾ മുറിയിലാകെ പരതി നടന്നു.
ശെൽവി ഉറങ്ങിയിരുന്ന ചുരുട്ടി വെച്ച തഴപ്പായിലാണ് ആ നോട്ടം ചെന്നെത്തി നിന്നത്. മൂത്രത്തിൽ കുതിർന്ന തഴപ്പായ് ചുരുട്ടി വെച്ചിരിക്കുകയാണ്. ശെൽവി രാത്രികളിൽ കിടക്കയിൽ മൂത്രമൊഴിക്കാറുണ്ടായിരുന്നു. മുറി അവൾ തുടച്ച് വൃത്തിയാക്കിയിരുന്നെങ്കിലും കുതിർന്ന തഴപ്പായിലെ ഈർപ്പം മാറിയിട്ടുണ്ടായിരുന്നില്ല. അതിൽ നിന്നായിരുന്നു ദുർഗന്ധം.
അന്ന് അച്ഛൻ ഓംകാരനടനമാടി: "ഒനക്ക് പുത്തിയില്ലയാ കളുതെ..? ഒണ്ണുക്ക് പോണാ സൊല്ല വേണ്ടാമാ..? പായെടുത്ത് കായപ്പോട വേണ്ടാമാ..? " ഓരോ ചോദ്യത്തിനുമൊടുവിൽ അടി പൊട്ടി. തോളിലും തലയ്ക്ക് പിറകിലും മുതുകിലുമെല്ലാം... അരിശം തീരാതെ അച്ഛൻ ഒരു മുയലിനെ തൂക്കുന്നതുപോലെ രണ്ട് ചെവിയിലും പിടിച്ച് അവളെ തൂക്കിയെടുത്ത് ആട്ടി. ശെൽവി ആർത്തലച്ച് കരഞ്ഞു. ഒടുവിൽ അവളുടെ ശബ്ദമടഞ്ഞ് ഒരു ശീൽക്കാരം പോലെ പുറത്തേക്ക് വന്നത് കാറ്റ് മാത്രമായി. അന്നാദ്യമായി ശെൽവിയുടെ വേദനയിൽ എനിക്ക് സങ്കടം തോന്നി. അച്ഛന് ഇത്രയും കോപം പാടില്ല; കോപിച്ചാൽ തന്നെ ഇങ്ങനെ നോവിക്കാൻ പാടുണ്ടോ..?!
"ആ കൊച്ചിനെ അടിച്ച് കൊല്ലല്ലേ മനുഷ്യാ.." അമ്മ അച്ഛനെ ശാസിച്ചു. അപ്പോൾ മാത്രമാണ് അച്ഛൻ ഒന്നടങ്ങിയത്. ഏറിയ അപരാധ ബോധത്തോടെ ശെൽവി മുറിയുടെ ഒരു കോണിൽ ചുരുണ്ടു കൂടി നിന്നു.' ഇനി എന്നെ നോക്കാൻ ഇവിടെ ആരും വേണ്ട. എനിക്ക് കുഴപ്പമൊന്നുമില്ല. കുഞ്ഞിൻറെ കാര്യമെല്ലാം ഞാൻ തനിയെ നോക്കി കൊള്ളാം.. ആ കൊച്ചിനെ അവളുടെ വീട്ടിൽ കൊണ്ടുവിടാൻ നോക്ക്." അമ്മ പറഞ്ഞു.
ചുമരോട് മുഖം ചേർത്തുവെച്ച് ശെൽവി ഉറങ്ങാൻ കിടക്കുമ്പോൾ അവൾ മറ്റൊരു ലോകത്തും ചെന്നെത്തിയിരുന്നില്ല..! ശരീരവും മനസ്സും തളർന്ന്, സ്വന്തം മൂത്രം അരിച്ചിറങ്ങുന്നത് പോലുമറിയാതെ ഉറങ്ങുകയായിരുന്നു. ഉറങ്ങുക മാത്രമായിരുന്നു! അമ്മാവും കൂടപ്പിറപ്പുകളും പൊട്ടിച്ചിരികളുമൊന്നും അവളുടെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. സെൽവിക്ക് സ്വന്തമായി സ്വപ്നങ്ങൾ പോലും ഉണ്ടായിരുന്നില്ല.
കൊടും ചൂടിൽ ഉണങ്ങിക്കിടന്ന മണ്ണിലേക്ക് വേനൽ മഴ പൊടുന്നനെ വന്നു പതിച്ചു. വലിപ്പമേറിയ ആദ്യ മഴത്തുള്ളികൾ പൂഴിത്തെറിപ്പിച്ചുകൊണ്ട് മണ്ണിലേക്ക് പാറി വീണു. പിന്നെപ്പിന്നെ മഴയ്ക്ക് ശക്തി കൂടിക്കൂടി വന്നു. ഇപ്പോൾ എല്ലാ വൈകുന്നേരങ്ങളിലും മഴ പെയ്യുന്നുണ്ട്; മണ്ണ് കുതിരാൻ പാകത്തിന് നല്ല മഴ! തേക്കിൻ തൈകൾ നനയ്ക്കുവാൻ പോകണ്ടാത്തതുകൊണ്ട് ഞങ്ങളുടെ കളികൾ വീടിൻറെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി. കുഞ്ഞ് തൊട്ടിലിൽ ഉറങ്ങുന്നതുകൊണ്ട് ഒച്ച വയ്ക്കാതെയാണ് കളികളെല്ലാം.
ശെൽവിയെ മാമ വന്ന് കൂട്ടിക്കൊണ്ട് പോയിരുന്നു. ഞങ്ങൾ സ്കൂളിൽ പോയിരുന്ന സമയത്താണ് മാമ വന്നതും അവളെ കൊണ്ടു പോയതും. അവളിപ്പോൾ എവിടെയാണെന്നും എങ്ങനെയാണെന്നും ഞങ്ങൾക്ക് യാതൊരു നിശ്ചയവുമില്ല. പിന്നെയൊക്കെ എം.സി റോഡിലൂടെ ഏത് 'പച്ചപ്പാസ്റ്റ്' പാഞ്ഞു പോയാലും എനിക്ക് ശെൽവിയെ ഓർമ്മ വരും. എനിക്ക് ഇന്ന് തീർച്ചയുള്ള ഒരേ ഒരു കാര്യം ശെൽവിക്ക് സ്വപ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നു ഞാൻ തിരിച്ചറിഞ്ഞ ആ നിമിഷം മുതൽ എനിക്കും സ്വപ്നങ്ങൾ ഇല്ലാതെയായി എന്നതു മാത്രമാണ്.