മൂന്നാർ നിഗൂഢതകളുടെ കൂടി ഇടമാണ്, ഒരുപാട് കഥകൾ ഉറങ്ങുന്ന താഴ്വരകൾ ഇവിടെയുണ്ട്. വ്യത്യസ്ത സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഇടമായതിനാൽ ഇത്തരം നിഗൂഢതകളിൽ ആശ്ചര്യപ്പെടേണ്ടതില്ല. വൃക്ഷത്തെയും മനുഷ്യനെയും ചെകുത്താനെയും ആരാധിക്കുന്ന ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങൾ സംസ്കാരത്തിൽ ഇന്നും നിഴലിക്കുന്ന മൂന്നാർ...!
ലോഡ്ജ് ഹീദർ .9 2 8 എസ് .സി യുടെ മൂന്നാറിലെ വിളിപ്പേരാണ് മണ്ടവെട്ടി കോയിൽ. ഹൈറേഞ്ച് ക്ലബ്ബിനടുത്ത് വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന തികച്ചും സാധാരണ ശൈലിയിലുള്ള ഒരു കെട്ടിടം.
ആകാംക്ഷ ഒരു ദിവസം എന്നെ മണ്ടവെട്ടി കോവിലിൽ എത്തിച്ചു. തികച്ചും ശാന്തമായ അന്തരീക്ഷമാണ് ചുറ്റും. പച്ചനിറത്തിലുള്ള മേൽക്കൂരയും ഐവറി വൈറ്റ് വാൾ പെയിൻറ് ഭിത്തിയും. 99ലെ വെള്ളപ്പൊക്കത്തിൽ അവശേഷിച്ച ചുരുക്കം ചില കെട്ടിടങ്ങളിൽ ഒന്നിന്റെ മുമ്പിൽ ആണ് നിൽക്കുന്നതെന്ന് ഞാൻ മനസ്സിൽ ഓർത്തു. കെട്ടിടത്തിന്റെ ഭിത്തിയിൽ ഒരു ആനയുടെ രൂപം അടങ്ങുന്ന വലിയ അടയാളം. അതിൽ വിസ്ഡം, സ്ട്രെങ്ത്, ബ്യൂട്ടി, എന്ന് എഴുതിയിരുന്നു. ജനലുകളും വാതിലുകളും ഒരിക്കലും തുറക്കാൻ പറ്റാത്ത രീതിയിൽ ആണി അടിച്ച് അടച്ചിരിക്കുന്നു. വായു കടക്കുന്ന ഒരു ദ്വാരം പോലും ആ കെട്ടിടത്തിന് ഇല്ല എന്നത് ഞാൻ ശ്രദ്ധിച്ചു.
ഇൻറർനെറ്റിൽ ലോഡ്ജ് ഹീദറിൻറെ ചില വിവരങ്ങൾ കാണാനിടയായി. അതിൽ രണ്ട് മൊബൈൽ നമ്പറുകൾ ഞാൻ ശ്രദ്ധിച്ചു. ഒന്ന് ലോഡ്ജ് ഹിതർ സെക്രട്ടറി എന്ന പേരിലും മറ്റൊന്ന് മസോണിക് ഹാൾ എന്ന പേരിലും. ആവേശം വാനോളം എത്തിയ ആ രാത്രിയിൽ, അതിൽ ലോഡ്ജ് ഹിതർ സെക്രട്ടറി എന്ന നമ്പർ ഞാൻ ഡയൽ ചെയ്തു. പറഞ്ഞു കേട്ട കഥകൾ സമ്മാനിച്ച പരിഭ്രമം എൻറെ മനസ്സിനെ കീഴ്പ്പെടുത്താതിരിക്കാൻ ഞാൻ ശ്രമിച്ചു. പൊടുന്നനെ ഡയലർ ടോൺ നിലച്ചു. ആരോ കോൾ എടുത്തു. തലയോട്ടിയിൽ രക്തം കുടിക്കാനെടുക്കുന്ന ഒരു മനുഷ്യൻറെ ഭീകര മുഖം ഒരു നിമിഷം എൻറെ മനസ്സിൽ മിന്നി മറഞ്ഞു... പതിയെ ഒരു കടുത്ത ശബ്ദം എന്റെ കാതിൽ വന്നു പതിച്ചു. ഞാൻ എന്നെ പരിചയപ്പെടുത്തി. തികച്ചും മാന്യമായ സംസാരം എൻറെ സങ്കോചമകറ്റി.
'ലോഡ്ജ് ഹിതറിനെ പറ്റി കൂടുതൽ അറിയണം' എന്ന ആവശ്യം അറിയിച്ചപ്പോൾ ശബ്ദത്തിന്റെ ടോൺ മാറുന്നത് ഞാൻ ശ്രദ്ധിച്ചു. മലയാളത്തിൽ തുടങ്ങിയ സംസാരം പിന്നീട് ഇംഗ്ലീഷിലായി. അധികം വൈകാതെ തന്നെ കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞ് അയാൾ കോൾ കട്ട് ചെയ്തു.
വെബ്സൈറ്റിൽ കണ്ട വിവരങ്ങളിൽ മീറ്റിംഗ് ഡേറ്റ് എന്ന ഒന്ന് കണ്ടത് മനസ്സിൽ കുറിച്ചിട്ടിരുന്നു. എല്ലാ വർഷത്തെയും ഡിസംബർ മാസത്തിലെ മൂന്നാം ബുധനാഴ്ച. ഇപ്പോഴും ഡിസംബർ മാസത്തിലെ മൂന്നാമത്തെ ആഴ്ചയിൽ കൂടി വരവ് ഉണ്ടോ എന്തോ..?!
ഒരു ദിവസം സന്ധ്യയ്ക്ക് ഞാൻ ലോഡ്ജ് ഹീതറിൽ എത്തി. ഇരുട്ടിൽ മൂന്നാർ പൂർണമായും മുങ്ങിയിരുന്നു. ലോഡ്ജ് ഹീദറിന്റെ ചുറ്റുമുള്ള വിജനത തരുന്ന പരിഭ്രമത്തിന് മൂർച്ച കൂട്ടിക്കൊണ്ട്ചീവീടുകളുടെ ശബ്ദം.
കെട്ടിടത്തിലേക്ക് നോട്ടമെത്തുന്ന തരത്തിൽ ഒരിടം കണ്ടെത്തി ഞാൻ മറഞ്ഞിരുന്നു. 10 മിനിറ്റ് കഴിഞ്ഞിട്ട് ഞാൻ കെട്ടിടത്തിന് അടുത്തേക്ക് ഇറങ്ങിച്ചെന്നു. അടുത്ത് നിന്നിരുന്ന ഒരു ലൈറ്റ് പോസ്റ്റിൽ നിന്നുള്ള അരണ്ട വെളിച്ചം ഉണ്ടായിരുന്നു. ഞാൻ പരിസരം നിരീക്ഷിച്ചു. പ്രകടമായ മാറ്റങ്ങൾ ഒന്നും കാണാൻ കഴിഞ്ഞില്ല. അരികിലുള്ള വാട്ടർ പൈപ്പിന് മുമ്പിലുള്ള നനവ് ഞാൻ ശ്രദ്ധിച്ചു. കുറച്ച് സമയത്തിനിടയിൽ ആരോ അത് ഉപയോഗിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വെളിച്ചം നിലച്ചു! ലോഡ്ജ് ഹീതറിന് മുമ്പിലെ ഇരുട്ടിൽ ഞാൻ വിറച്ചു നിന്നു.
ഫ്ലാഷ് ലൈറ്റ് എടുത്ത് വഴി കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴിയിലൂടെ ദൂരെ നിന്ന് ഒരു വെളുത്ത കാർ സമീപിക്കുന്നതായി കണ്ടു. ലോഡ്ജ് ഹിതറിന്റെ ഗേറ്റിൽ നിന്നും കുറച്ചു മാറി അത് വന്നു നിന്നു. ഞാൻ മറഞ്ഞു നിന്നു. കാറിൽ ഒരു വിദേശ സ്ത്രീയെ കണ്ടതായി മാത്രം ഓർക്കുന്നു. പിന്നീട് ആരോ കാറിൽ നിന്ന് ഇറങ്ങുവാൻ ശ്രമിക്കുകയും, ശ്രമം ഉപേക്ഷിച്ച് വൈകാതെ കാർ തിരിച്ചുപോവുകയും ചെയ്തു. പ്രതീക്ഷിച്ച കാഴ്ചകൾ ഒന്നും ഉണ്ടായില്ല.
എന്തുകൊണ്ടാണ് ഈ കെട്ടിടത്തെ മണ്ടവെട്ടി കോയിൽ എന്ന് വിളിക്കുന്നത്? ആരോ പറഞ്ഞത് ഓർക്കുന്നു: വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ഒരു ബ്രിട്ടീഷ് പ്രഭുവിന്റെ കഥ. എന്തോ കാരണത്താൽ സ്വന്തം ഗാഡിൻറെ തലവെട്ടിയ പ്രഭുവിന്റെ കഥ. അയാളുടെ ശരീരം അതിനുള്ളിൽ മറവ് ചെയ്തതായി ചിലർവിശ്വസിക്കുന്നു. തികച്ചും അവിശ്വസനീയമായ ആ കഥ പക്ഷേ, അത് തെറ്റാണെന്ന് തെളിയിക്കാൻ കഴിയാത്തതിനാൽ ഞാൻ സ്വയം വിശ്വസിക്കാൻ ശ്രമിക്കുന്നു.
വർഷങ്ങൾക്കു മുമ്പ്, പതിനഞ്ചാം വയസ്സിൽ ലോഡ്ജ് ഹിതറിൽ കയറിയ ഒരാൾ! ലോഡ്ജിലെ മീറ്റിങ്ങിനു മുമ്പ് വൃത്തിയാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സ്വന്തം പിതാവിന് ഒപ്പം അന്ന് കയറാൻ അവസരം ഉണ്ടായതെന്ന് തമിഴ് കലർന്ന മലയാളത്തിൽ അദ്ദേഹം പറഞ്ഞു.
"അങ്കേ പോകാതീങ്കേ.. അന്തയിടം റൊബ മോസം..."! അയാൾ തുടർന്നു : "ലോഡ്ജ് ഹിദറിന്റെ അകക്കാഴ്ചകൾ വളരെ മനോഹരമായിരുന്നു ...അന്നത്തെ കാലത്ത് മൂന്നാറിൽ കാണാൻ കഴിയാത്തത്ര കുലീനമായ അകത്തളം.. അവിടെ ഭീമാകാരമായ ഒരു ശവപ്പെട്ടി... അതിന് അരികിലായി 25 ലേറെ തരം കത്തികൾ... ടേബിളിന്റെ മധ്യത്തിലായി ഒരു മനുഷ്യൻറെ തലയോട്ടി.."
കെട്ടുകഥകൾ എന്ന് കരുതി കേട്ടിരുന്നവയെല്ലാം സത്യമാണെന്ന് തെളിയിക്കുന്നതായിരുന്നു അതിനു സാക്ഷിയായ അയാളുടെ വാക്കുകൾ! സംസാരിക്കുന്നതിനിടയിൽ എപ്പോഴോ ഞാൻ 'മണ്ടവെട്ടി കോയിൽ' എന്ന് ഉച്ചരിച്ചു. അപ്പോൾ അയാൾ തിരുത്തി: "..മണ്ടയോട്ടികോയിൽ.."! തലയോട്ടി ഉള്ള കോവിൽ അതാണ്, മണ്ട വെട്ടിക്കോയിൽ.
അടുത്തുകൂടി ഒരു പുഴ ഒഴുകുന്നു. ഒന്ന് തീർച്ച ഇവിടെ ഒരു മനുഷ്യനും ജീവിക്കാൻ കഴിയുകയില്ല .. ചളി നിറഞ്ഞ ചതുപ്പിനടിയിൽ.. എന്തും മറച്ചുവയ്ക്കാൻ കഴിയുന്ന ഒരിടം.. ജീവനറ്റ മനുഷ്യ ശരീരങ്ങൾ പോലും ആരും അറിയാതെ എളുപ്പത്തിൽ സൂക്ഷിക്കാൻ പറ്റിയ ഇടം..!
കേട്ടറിഞ്ഞ സത്യങ്ങൾക്കൊപ്പം മരവിച്ച മനസ്സുമായി ഞാൻ..!
വഴിയോരക്കാഴ്ചകളും ശബ്ദങ്ങളും എന്നെ സ്പർശിക്കുന്നില്ല.. കേട്ടറിഞ്ഞ കഥകൾ പകർന്ന് നൽകിയ മായികലോകത്ത് കൂടി ഇന്ന് ഞാൻ നടക്കുകയാണ്..!
അനുഭവങ്ങൾ ആണെങ്കിലും ഇതിനെ കഥയെന്ന് വിളിക്കാനാണ് ഞാൻ ശ്രമിക്കുന്നത് .കാരണം, അനുഭവങ്ങളിൽ കൂടുതൽ കേട്ടറിവുകൾ ആണല്ലോ. തുറന്നെഴുതിയതും എഴുതാത്തതുമായ ഒരുപാട് സത്യങ്ങൾ ഇവിടെയുണ്ട്.. എല്ലാ സത്യങ്ങളും പറയേണ്ടതല്ലല്ലോ ;ചില സത്യങ്ങൾ മൂടിവെക്കുക തന്നെ വേണം.