ഓർമപ്പുസ്തകത്തിന്റെ താളുകൾ ഓരോന്നും മറിക്കവേ, ഇടയിലായി കോറിയിട്ടിരിക്കുന്ന ഓണക്കാലത്തിന്റെ അനുഭവങ്ങൾ അയവിറക്കുമ്പോൾ പകരുന്ന മധുരാനുഭൂതികൾ മനസ്സിലിന്നും കുളിരു കോരിയിടുന്നു.
കൊയ്തൊഴിഞ്ഞ പാടവരമ്പിലൂടെ ഇളംതെന്നലേറ്റു നടന്നിരുന്ന കൊച്ചു പാവാടക്കാരിയായി വീണ്ടും നടക്കാനും ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടുകൾ മൂളി രസിക്കാനുമൊക്കെയുള്ള മോഹം മനസ്സിൽ പച്ചപിടിച്ചു കിടക്കുന്നു.
പുഞ്ചക്കൊയ്ത്തും കറ്റമെതിയുമായി വീട്ടുമുറ്റങ്ങളിൽ നിറയുന്ന പുതുമണം പരത്തുന്ന പൊലിക്കൂമ്പാരങ്ങൾ, കാരണവന്മാരുടെ ഉള്ളിൽ വിളവെടുപ്പിന്റെ ആനന്ദഹർഷാരവം മുഴക്കുന്നു. എന്നാൽ, 'കാണം വിറ്റും ഓണം ഉണ്ണണം' എന്നുള്ള പഴഞ്ചൊല്ല് അന്വർത്ഥമാകും വിധം പാവപ്പെട്ട കൃഷിക്കാർ, എല്ലുമുറിയെ പണിയെടുത്തു ഓണക്കാലത്തെ വരവേൽക്കുന്നു.
കടകളിൽ പോയി തുണികളെടുത്ത് പുത്തനുടുപ്പുകൾ തയ്പിക്കും. തുണിക്കടകളിലേയും തയ്യൽക്കടകളിലേയും തിരക്കുകൾ ഒന്നു വേറെതന്നെയാണ്. ഉല്ലാസഭരിതങ്ങളായ മനസ്സുകൾ ഉത്സവനാളുകളെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ മുന്നോടിയായിട്ടാണ് ഓണക്കോടികൾ തയ്പിക്കുന്നത്.
ഓണത്തിന് രണ്ടു ദിവസങ്ങൾ മുന്നവേ തങ്ങളുടെ യജമാനൻമാർക്ക് വെറ്റയും പാക്കും കാഴ്ചവച്ച് തൊഴുതു നിൽക്കുമ്പോൾ ഓണസദ്യയ്ക്കാവശ്യമായ അരിയും കായ്കറികളും കൂടാതെ ഓണക്കോടിയും നൽകി, തറവാട്ടു കാരണവന്മാർ തങ്ങളുടെ അടിയാളന്മാരെ സന്തോഷിപ്പിക്കുന്നു.
ഓണത്തിന് ഒരാഴ്ച മുമ്പേ തന്നെ, കാട്ടിൽ നിന്നും വെട്ടിക്കൊണ്ടുവരുന്ന കനമുളള വള്ളികളാൽ പറമ്പിലും മുറ്റത്തുമൊക്കെയുള്ള മാവിന്റെ കൊമ്പുകളിൽ വലുതും ചെറുതുമായ ഊഞ്ഞാലുകൾ കെട്ടിയുണ്ടാക്കുന്നതോടെ ഓണക്കൊഴുപ്പ് തുടങ്ങുകയായി.
തിരുവോണത്തലേന്ന്, വീട്ടമ്മമാരുടെ തിരക്കുകൾ എടുത്തു പറയേണ്ടതു തന്നെയാണ്. സദ്യയ്ക്കുള്ള ഉപ്പേരികൾ, ഇഞ്ചിക്കറി, നാരങ്ങാക്കറി, കടുമാങ്ങ, നാരങ്ങ അച്ചാർ തുടങ്ങിയവ ഉത്രാട ദിവസം തന്നെ ഉണ്ടാക്കുകയായിരുന്നു പതിവ്. കായ പൊളിച്ചരിഞ്ഞ് വറുക്കുന്നതിന്റെ മണം പരിസരമാകെ നിറയും.
ഊഞ്ഞിലിലാടാൻ കുട്ടികൾ തമ്മിൽ മത്സരമാണ്. നിലാവു പരത്തുന്ന പാലൊളിച്ചന്ദ്രനോട് കിന്നാരം പറഞ്ഞ് ഓണപ്പാട്ടുകൾ ഉറക്കെ പാടി ഊഞ്ഞാലിലിരുന്ന് എത്ര ആയത്തിലാടിയാലും മതിവരില്ല. ആഹ്ളാദം തിരതല്ലുന്ന മനസ്സുകളുമായി കുഞ്ഞുങ്ങൾ അതികാലത്തേ പൂക്കൂടയുമായി പൂപറിക്കാൻ പോകും. ഓണത്തപ്പനെ വരവേൽക്കാൻ, അത്തം മുതൽ പത്തുദിവസം വരെ മുടങ്ങാതെ പൂക്കളമൊരുക്കുന്ന അവരുടെ ആവേശവും ഉത്സാഹവുമൊക്കെ കണ്ടു തന്നെ അറിയേണ്ടതാണ്.
തിരുവോണ നാളിൽ ഒരുപാടു കൂട്ടം കറികളൊരുക്കി സദ്യ തയ്യാറാക്കുന്നതിന്റെ തിരക്കുകളിൽ അമ്മമാർ വ്യാപൃതരാകും. അടുപ്പിൽ തിളയ്ക്കുന്ന പായസത്തിന്റെയും അവിയലിന്റേയും പപ്പടം വറുക്കുന്നതിന്റെയും മറ്റും മണം, നാവിൽ കപ്പലോടിക്കും.
കുളിച്ചൊരുങ്ങി ഓണപ്പുടവയുടുത്ത് ഓണസദ്യയും കഴിച്ച് ഓണകളികൾ കാണാൻ പോകും. ഗ്രാമത്തിലെ വിശാലമായ മുറ്റം ഉള്ള ഏതെങ്കിലും വീട്ടുവളപ്പിൽ ആയിരിക്കും ഓണക്കളികൾ അരങ്ങേറുന്നത്. സ്ത്രീകളും കുട്ടികളും ഒന്നിച്ചു കൂടി പല തരം കളികളിൽ വ്യാപൃതരാവും. ആണുങ്ങൾ പല ഗ്രൂപ്പുകളിലായി കബഡിയും, കുറ്റിയും കോലും, പന്തുകളിയുമായി തിരിയും. കഴുമരകേറ്റം, ഉറിയടി, തുടങ്ങിയ മത്സരങ്ങളും ഉണ്ടാവും. പുലിക്കളിയുടെ ഭാഗമായി പുലികളായി വേഷം കെട്ടിയ പുരുഷന്മാർ ഇടയിൽ ചാടി വീഴും.
സാധാരണയായി കണ്ടുവരാറുള്ള ഓണക്കളികളിൽ ചിലതൊക്കെ ഇന്നും ഓർമയിൽ തെളിയുന്നു. തുമ്പിതുള്ളലാണ് അവയിൽ പ്രധാനപ്പെട്ടത്. സ്ത്രീകൾ മുടിയഴിച്ചിട്ട്, പാട്ടിന്റെ താളത്തിനനുസരിച്ച് തുള്ളാൻ തുടങ്ങും. തുള്ളിത്തുള്ളി മയങ്ങിവീഴുന്നവരും ഉണ്ട്.
തിരുവാതിരപ്പാട്ടിന് ഒരു പോലെ ചുവടു വയ്ക്കുന്ന ഹൃദ്യമായ കാഴ്ചയും മനസ്സിനെ കുളിരണിയിപ്പിക്കുന്നതാണ്. എട്ടോ പത്തോ പേരടങ്ങുന്ന രണ്ടു സംഘം കൈ കോർത്തുപിടിച്ച് അപ്പുറവും ഇപ്പുറവുമായി പാട്ടുപാടിക്കൊണ്ട് മുമ്പോട്ടും പിറകോട്ടുമായി നടന്നുകളിക്കുന്ന കളി...
'പൂ പറിക്കാൻ പോരുന്നോ പോരുന്നോ അതിരാവിലെ?'എന്നു ഒരു സംഘം ചോദിക്കുമ്പോൾ, 'ആരെ നിങ്ങൾക്കാവശ്യം ആവശ്യം അതി രാവിലെ' എന്ന് മറു സംഘം. ഓരോ പേരുകൾ പാട്ടിനോട് ചേർത്തുവച്ച് ആവശ്യപ്പെടുന്ന തനുസരിച്ച് കളിച്ചു കൊണ്ടിരിക്കും.
'ഒരു കൊട്ട പൊന്നും തരാം, പൊന്നിട്ട പെട്ടകം പൂട്ടിം തരാം പെണ്ണിനെ തരുമോടി നാത്തൂനേ?' എന്നു ചോദിക്കുന്ന മറ്റൊരു കളി. രണ്ടു സംഘങ്ങളായി തിരിഞ്ഞ് കല്യാണപ്പെണ്ണിന് വിലപറയുന്ന രീതിയിൽ പാട്ടുപാടിക്കളിക്കുന്നു. ഒടുവിൽ, ഒരു തണുങ്ങിന്റെ രണ്ടറ്റത്തും (അടയ്ക്ക മരത്തിന്റെ ഓലയും പാളയും) രണ്ടു കൂട്ടരും കല്യാണപ്പെണ്ണെന്ന് സങ്കൽപ്പിച്ച് ശക്തമായി പിടിച്ചുവലിക്കുന്നു. തണുങ്ങ് നേടിയെടുക്കുന്നവർ വിജയികളാവുന്നു.
പുതിയ തലമുറകൾക്ക് അന്യമായ വിവിധ തരം ഓണക്കളികൾ പോയ കാലത്തിൽ നിലവിലുണ്ടായിരുന്നു. പഴമയുടെ സുഗന്ധവും പേറി മനസ്സിന്റെ തട്ടിലെവിടെയോ മയങ്ങിക്കിടക്കുന്ന ആർദ്ര സമൃതികളെ തൊട്ടുണർത്തുന്ന നന്മ നിറഞ്ഞൊരു പൊന്നോണത്തിനു വേണ്ടി ഇനിയും കാത്തിരിക്കുന്നു.