(T V Sreedevi )
ഗ്രാമത്തിന്റെ അഴകായിരുന്നു ശാന്തേച്ചി. അതി സുന്ദരി. ശാന്തേച്ചിയുടെ അച്ഛനു വില്ലേജ് ഓഫീസിൽ ആയിരുന്നു ജോലി. സ്ഥലം മാറ്റം കിട്ടി ഞങ്ങളുടെ നാട്ടിൽ വന്നു സ്ഥലം വാങ്ങി പുതിയ വീടു വെച്ചുത് ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തായിരുന്നു.
മുല്ലപ്പൂ പോലുള്ള പല്ലുകളും തൊണ്ടിപ്പഴം പോലെ ചുവന്ന ചുണ്ടുകളും നീലോൽപ്പല നയനങ്ങളും ചുരുണ്ടു നീണ്ട മുടിയും എല്ലാം ചേർന്ന അതി മനോഹരി. നാട്ടിലുള്ള ആണുങ്ങളെല്ലാം ശാന്തേച്ചിയെ ഒരു നോക്കു കാണാൻ തക്കം പാർത്തു നടന്നിരുന്നു. അതുകൊണ്ടുതന്നെ ശാന്തേച്ചി ടൈപ്പു പഠിക്കാൻ പോകുന്ന നട്ടുച്ച സമയത്തുപോലും കവലയിൽ ആണുങ്ങളുടെ തിരക്കായിരിക്കും. ഒരു മണിക്കൂർ ടൈപ്പു പഠിച്ചു കഴിഞ്ഞ് ചേച്ചി തിരിച്ചുവരാതെ ആരും അവിടെനിന്നും പൊകുകയുമില്ല.
അന്ന് ഞാൻ ആറാം ക്ലാസ്സിലാണ്. എങ്കിലും എല്ലാവരും പറയുന്നതു കേട്ട് ഞാനും കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. ചേച്ചിയെക്കാണാൻ എന്തൊരു ഭംഗിയാണെന്ന് ഞാൻ എപ്പോഴും ചേച്ചിയോട് പറയാറുമുണ്ട്. അങ്ങനെയിരിയ്ക്കെയാണ് ആ വാർത്ത നാട്ടിൽ പരന്നത്.
"തെക്കേ വീട്ടിലെ ശാന്തയ്ക്ക് അബദ്ധം പറ്റി."
"അമ്മുവേച്ചി ആരോടും പറയണ്ടാട്ടോ."
അലക്കുകാരി ലീലച്ചേച്ചി അമ്മയോട് ആ വാർത്ത പറയുമ്പോൾ ഞാൻ അടുത്തുണ്ടായിരുന്നു.
"എന്താമ്മേ ശാന്തേച്ചിക്ക് പറ്റിയെ?"
ഞാൻ ചോദിച്ചു.
"പൊയ്ക്കോ, പോയിക്കളിച്ചോ."അമ്മ എന്നെ പറഞ്ഞുവിട്ടു. എങ്കിലും ശാന്തേച്ചിയ്ക്ക് എന്തോ പറ്റിയെന്നുതന്നെ ഞാൻ വിചാരിച്ചു
ഒരു ചെവിയിൽ നിന്നും അടുത്ത ചെവിയിലേയ്ക്ക് പകർന്ന് ആ വാർത്ത നാടു മുഴുവൻ പരന്നു. പിറ്റേന്ന് സ്കൂളിൽ പോകുന്ന വഴി പത്താം ക്ലാസ്സിൽ പഠിക്കുന്ന ചേച്ചിമാരും അതു തന്നെ പറഞ്ഞു.
"ശാന്തേച്ചിയ്ക്ക് അബദ്ധം പറ്റി."
"ചേച്ചിക്ക് എന്താ അസുഖം?"ഞാൻ ചോദിച്ചു.
അവർ ഒന്നിച്ചു പൊട്ടിച്ചിരിച്ചു.
എനിക്ക് ഒന്നും മനസ്സിലായില്ല.
"എടീ.ശാന്തേച്ചിയുടെ വയറ്റിൽ ഒരു കുഞ്ഞുവാവയുണ്ടെന്ന്."
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ശോഭച്ചേച്ചി എന്റെ ചെവിയിൽ പറഞ്ഞു. എനിക്കു സന്തോഷം തോന്നി.
"എന്നാ കുഞ്ഞുവാവ വരുന്നത്.?"
ഞാൻ ചോദിച്ചെങ്കിലും അവരൊക്കെ വേറെ ചർച്ചയിലായിരുന്നു. പിറ്റേന്ന് സ്കൂളിൽ പോകുന്ന വഴി അവർ ഇതു തന്നെയാണ് പറഞ്ഞിരുന്നത്.
"ആരാണ് ശാന്തേച്ചിയെ ചതിച്ചതെന്ന് ഇതുവരെ ചേച്ചി പറഞ്ഞില്ലത്രേ." രമണിച്ചേച്ചിയാണ് പറഞ്ഞത്.
അപ്പോഴേക്കും ഓടിക്കിത്തച്ചെത്തിയ പത്താം ക്ലാസ്സിൽ പഠിക്കുന്ന രാധേച്ചി കിതച്ചുകൊണ്ട് പറഞ്ഞു,
"ശാന്തേച്ചിയെ പറ്റിച്ചത് ടൈപ്പ് പഠിപ്പിക്കുന്ന മാഷാ."
"ബാക്കിയെല്ലാവരോടും അവധിയാണെന്നു പറഞ്ഞത് ശാന്തേച്ചി അറിഞ്ഞില്ല."
"അങ്ങനെ ശാന്തേച്ചി മാത്രമായപ്പോൾ പണി പറ്റിച്ചു."
"പേടിച്ചിട്ടു ശാന്തേച്ചി ആരോടും ഒന്നും മിണ്ടിയില്ല."
"ഇപ്പോൾ അയാൾ ഒളിവിലാണത്രേ!
അന്നു വീട്ടിൽ ചെന്നപ്പോൾ എന്റെ ഏട്ടൻ വന്നിട്ടുണ്ട്. അമ്മയുടെ വീട്ടിൽ നിന്നാണ് ഡിഗ്രിക്കു പഠിക്കുന്ന ഏട്ടൻ കോളേജിൽ പോകുന്നത്.
"ഏട്ടാ.. ",എന്നു വിളിച്ചുകൊണ്ട് ഞാൻ ഓടിച്ചെന്നെങ്കിലും എന്തോ വലിയ ചിന്തയിലായിരുന്ന ഏട്ടൻ എന്നെ ശ്രദ്ധിച്ചതേയില്ല. പിന്നെ പെട്ടെന്ന് പുറത്തേയ്ക്ക് പോയി. പിറ്റേന്ന് സ്കൂളിൽ പോകുമ്പോൾ കവലയിൽ വലിയ ആൾക്കൂട്ടം. വലിയ ഒച്ചയും ബഹളവും. ഞാനും ശോഭേച്ചിയും അവിടെ എന്താ നടക്കുന്നതെന്നറിയാൻ എത്തി നോക്കി.
അവിടെ ആൾക്കൂട്ടത്തിന്റെ നടുവിൽ ടൈപ്പു പഠിപ്പിയ്ക്കുന്ന സന്തോഷ് മാഷിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ട് എന്റെ ഏട്ടൻ അലറുന്നു,
"എടാ ചെറ്റേ,"
"നീ അവളെ ചതിച്ചിട്ടു രക്ഷപെടാമെന്നു കരുതിയോ?"
"ശാന്ത എന്റെ പെണ്ണായിരുന്നു.
ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചിരുന്നതാ."
"നീ തന്നെ ഇനി അവളെ കെട്ടണം. നീ എന്തു നമ്പൂരിയാണേലും ശരി, രാജാവാണേലും ശരി, ഇന്നു തന്നെ നീ അവളുടെ കഴുത്തിൽ താലി കെട്ടണം."
"ഇനി മുതൽ അവളെന്റെ പെങ്ങളാ. അവളുടെ ശരീരത്തിൽ ഒരു പൂഴി പറ്റിയാൽ ഞാനറിയും. നീ ഏതു പാതാളത്തിൽ പോയി ഒളിച്ചാലും ഞാനവിടെയെത്തും."
ഏട്ടന്റെ അലറൽ കേട്ട് ഞാൻ ഉറക്കെക്കരഞ്ഞു. ആളുകൾ കൂടിക്കൊണ്ടിരുന്നു. ശാന്തേച്ചിയുടെ അച്ഛനും അമ്മയും, മാഷിന്റെ ഇല്ലത്തു നിന്നും ആളുകളെത്തി. കൃഷ്ണന്റെ അമ്പലത്തിൽ വെച്ച് ശാന്തേച്ചിയുടെ കല്യാണം നടന്നു. ഒറ്റ മോളായിരുന്നതുകൊണ്ട് കുറേക്കഴിഞ്ഞപ്പോൾ മാഷും ശാന്തേച്ചിയുടെ വീട്ടിൽ താമസമാക്കി. ഏട്ടന്റെ കല്യാണവും കഴിഞ്ഞു. ഏട്ടന് രണ്ടു മക്കളുമായി. ഇപ്പോൾ ഏട്ടനും മാഷും വലിയ സുഹൃത്തുക്കളാണ്. എങ്കിലും ഞാൻ ഇപ്പോഴും ശാന്തേച്ചിയ്ക്ക് പറ്റിയ അബദ്ധത്തെപ്പറ്റി ഓർക്കാറുണ്ട്.