(Sathish Thottassery)
പണ്ടുപണ്ട്. ഉണ്ണിയമ്മക്ക് ഞങ്ങൾ രണ്ടു മക്കളുണ്ടായിരുന്ന, രണ്ടാമൻ ദിഗംബരനായി ഓടിനടക്കുന്ന കാലത്തു് ഒരുനാൾ മൂത്തവനുമായി കലഹമുണ്ടായി. കലഹം മൂത്തു മൂത്തു ഞാനും ബ്രോയും ഹൈ വ്യോള്യൂമിൽ ഒന്നും രണ്ടും പറഞ്ഞു കൊണ്ട് അടുക്കളയിലെത്തി.
ആയുധമില്ലാതെ യുദ്ധം ജയിക്കില്ലെന്നുകണ്ട രണ്ടാമൻ ഊണുമേശക്കരികിലെ ജനല്പടിയിൽ വെച്ചിരുന്ന കൊടുവാൾ കൈക്കലാക്കുന്നു. ഭയന്നോടിയ മൂത്തവന്റെ പുറകെ ഗ്വാ ഗ്വാ വിളികളുമായി കൊടുവാളുമേന്തി ഓടുന്ന ദൃശ്യം കണ്ടിട്ടാണ് മുത്തശ്ശി അവനു ചേറൂരെ കിട്ട എന്ന് പേരിടുന്നത്. സാക്ഷാൽ ചേറൂരെ കിട്ടയെ വായനക്കാർക്കറിയില്ലല്ലോ..
ദേശത്തെ പ്രവർത്തനം നിലച്ച, മുച്ചൂടും മുടിഞ്ഞ വാട്ടർവർക്സിൽ താമസിച്ചിരുന്ന കള്ളുകുടിയനും, ദേഷ്യക്കാരനും, പരാക്രമം സ്ത്രീകളോട് മാത്രമുള്ളവനും ആയിരുന്നു കിട്ട. ഭാര്യയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നത്രെ. പലപ്പോഴും ബാല്യത്തിൽ ആ വഴി നടക്കുമ്പോൾ കിട്ടയോ ഭാര്യയോ അവരുടെ ആത്മാക്കളൊ ഒക്കെ പുറകെ വരുന്നതായി തോന്നിയിട്ട് പേടിച്ചോടാറുണ്ടായിരുന്നു. പൂമണിക്കണ്ണൻ എന്ന്മുത്തശ്ശിയും പൂഴാങ്കണ്ണൻ എന്ന് മൂത്തവനും വിളിച്ചിരുന്നവൻ അങ്ങിനെ ചേറൂരെ കിട്ടയായി. കാരണം അവന്റെ ക്ഷിപ്ര കോപവും ആക്രമണ മനോഭാവവും. തന്നെയാണെന്ന് വീണ്ടും പറയേണ്ടതില്ലല്ലോ.
പിന്നീട് വരുംനാളുകളിൽ ദേശത്തെ രസികന്മാർ മങ്കാച്ചി, കാമാച്ചി തുടങ്ങിയ പേരുകൾ നൽകാനും കാരണം കിട്ടയുടെ സ്വഭാവം തന്നെ. ദേഷ്യം വരുമ്പോൾ പിട്ട് കച്ചവടക്കാരി മങ്കാച്ചിയെപ്പോലെ നാക്ക് വെളിയിൽ വരും. അതിന്റെ അറ്റത്തു മങ്കാച്ചി കടിക്കുന്നതു പോലെ കടിക്കുകയും ആക്രോശം, അട്ടഹാസം എന്നിവ ഭംഗിയായി നിർവഹിക്കുകയും ചെയ്യും. അവസാനം തൊള്ള തുറന്നു കരഞ്ഞു അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങുകയുമാണ് പതിവ്.
കാലാന്തരത്തിൽ അയിലൂർ പുഴയിലൂടെ വെള്ളം പിന്നെയും കുറെ ഒഴുകിപ്പോയി. ഉണ്ണിയമ്മയും കുടുംബവും തൃശൂരിലേക്കു പറിച്ചുനടപ്പെടുകയും ചെയ്തു. അവിടത്തെ തെങ്ങും പറമ്പു കൂട്ടായ്മ കിട്ടക്കു എട്ടണ, ശ്വാസംമുട്ട് തുടങ്ങിയ പേരുകളും നൽകി. തലയുടെ ഇടതുവശത്തുള്ള എട്ടണ വലിപ്പത്തിലുള്ള മുടിയില്ലാ സ്ഥലത്തിന്റെ പേരാണത്. രണ്ടാമത്തെ പേരിനു കാരണം പേരിൽത്തന്നെയുണ്ട് .ശരീരം വലുതായാലും അക്കാലത്തു സ്വഭാവത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലായിരുന്നു. ദുർവ്വാസാവിസം മർക്കട മുഷ്ടി പോലെ കൈയിൽ തന്നെ ഉണ്ടായിരുന്നു.
ദേഷ്യം വരുമ്പോഴെല്ലാം മൂത്തവന "പ്പി കൊശവ" എന്ന് വിളിക്കും ദേഷ്യത്തിന്റെ ഗൗരവത്തിനു ആനുപാതികമായി "പ്പി" യുടെ കാഠിന്യം കൂടും. പിന്നെ മൂത്തവന്റെ കയ്യും കിട്ടയുടെ ഇടത്തെ കവിളിനും തമ്മിൽ എന്തോ ഇരുമ്പിന്റെയും കാന്തത്തിന്റെയും പോലെ ഒരു ആകർഷണം ഉണ്ടായിരുന്നു. കലഹം മൂക്കുമ്പോൾ ഈ കാന്ത ശക്തി കാരണം ഓരോന്ന് പൊട്ടും. അതിന്റെ വിരല്പാടുകൾ വൈകിട്ട് അച്ഛൻ ഓഫീസിൽ നിന്നും വരുന്നത് വരെ കിട്ട കവിളിൽ സൂക്ഷിക്കും. മർദ്ദനത്തിന്റെ തെളിവായി. ഒരു നാൾ കലഹാവസാനം കിട്ടക്കു കയ്യിൽ കിട്ടിയത് പപ്പടം കാച്ചുന്ന കമ്പിയാണ്. അത് നിർദ്ദാക്ഷിണ്യം മൂത്തവന്റെ തുടയിലേക്കു കുത്തി കയറ്റിയതിന്റെ പാട് ഇപ്പോഴും ഉണ്ട്. ആക്രമണ ശ്രമങ്ങളിൽ നിന്ന് മൂത്തവൻ ഓടിരക്ഷപ്പെടുമ്പോൾ അവന്റെ ഷർട്ടും മറ്റു വസ്ത്രങ്ങളും ഒക്കെ കത്രികക്കിരയാക്കുമായിരുന്നു. അത് കേട്ടറിഞ്ഞാണ് സ്ഫടകത്തിൽ ഭദ്രൻ സാറ് ആടുതോമയെ കൊണ്ടു് അപ്പന്റെ കുപ്പായക്കൈ വെട്ടിച്ചത്. എന്താല്ലേ ...
കഥ കേട്ട ശേഷം ഡ്രൈവർ ശശി പറഞ്ഞത് ചേറൂരെ കിട്ടയിൽ നിന്നും ഇന്നത്തെ വായിൽ വിരലിട്ടാൽ കടിക്കാത്ത കുട്ടനിലേക്കുള്ള ട്രാൻസ്ഫോർമേഷൻ നടന്നത് ഞങ്ങളുടെ വലിയമ്മ പറയുമ്പോലെ കിട്ടയുടെ"ചമ്മന്തം"കഴിഞ്ഞതിനു ശേഷമാണത്രെ.